Skip to main content

പൊട്ടന്‍ തെയ്യം

ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം

പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍‌ നിര്‍‌മ്മിതം. പൊട്ടന്‍ തെയ്യത്തിന്റെ സാന്നിദ്ധ്യം ആദ്യമുണ്ടായത് തായിക്കരയിലും കോണത്തുമാണ്. എന്നാല്‍ തളിപ്പറമ്പ് ശ്രീ പുതിയടത്തു കാവ് ആണു പൊട്ടന്‍ ദൈവത്തിന്റെ ആരൂഡ സ്ഥാനമായി കണക്കാക്കിയിരിക്കുന്നത്. പിന്നീട് എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍‍ക്കെന്നപോലെ മലയര്‍‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്. വീട്ടുവളപ്പില്‍ കന്നിരാശിയില്‍‍ അറപണിത്, പൊട്ടന്‍തെയ്യത്തെ കുടിയിരുത്തി, അവിടെ കോലം കെട്ടിയാടിവരുന്ന പതിവും ഉണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വയലുകളിലും താല്‍കാലിക പള്ളിയറ (ഓലകൊണ്ട്‍) ഉണ്ടാക്കി പൊട്ടന്‍‍തെയ്യത്തെ സങ്കല്പം ചെയ്‍ത് ആടിച്ചുവരുന്നുണ്ട്.

പുളിമരം, ചെമ്പകം തുടങ്ങിയ മരങ്ങളാല്‍ ‘മേലേരി’ (തീക്കനല്‍ കൂമ്പാരം ) ഉണ്ടാക്കി, ആ തീക്കനലിലൂടെയുള്ള നടത്തവും കിടത്തവുമൊക്കെയാണ് ഈ തെയ്യത്തിന്റെ പ്രത്യേകത. കൈയി ഒന്നോ രണ്ടോ ചൂട്ടുകറ്റയുമുണ്ടാവും. ആ തീച്ചൂട്ടും വീശിയാണ് പൊട്ടന്‍‌തെയ്യത്തിന്റെ നടപ്പ്. തെയ്യം നടത്തുന്ന സ്ഥലത്ത് വൈകിട്ട് എട്ടുമണിയോടെയാണു മേലേരി (‘നിരിപ്പ്’ എന്നും പറയും) ഉണ്ടാക്കുക. പുലര്‍‍ച്ചെയ്ക്കു 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീര്‍ന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യത്തിന്റെ പുറപ്പാട്. ഇതിനിടെ കനല്‍ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മരകഷണങ്ങള്‍ മറ്റൊരിടത്തുമായി കൂട്ടിയിട്ടിരിക്കും. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയെ പ്രതിരോധിക്കുവാന്‍ കുരുത്തോലകൊണ്ടുള്ള് ഉടയാടയുണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കുവാന്‍ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരുന്നു, കുളിരുന്നു, വല്ലതെ കുളിരുന്നു“ എന്നാണ് പൊട്ടന്‍ തെയ്യം പറയാറ്. കാണികളായെത്തുന്നവരില്‍ ഭക്തിയും ഭീതിയും ഉണര്‍ത്തുന്ന രംഗമാണിത്. തീയില്‍ വീഴുന്ന പൊട്ടനും, തീയ്യില്‍ വീഴാത്ത പൊട്ടനും ഉണ്ട്. സാധാരണ തെയ്യങ്ങള്‍ക്കു കണ്ടു വരാറുള്ള മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല, പകരം നേരത്തെ തന്നെ തയ്യാറക്കിയ കവുങ്ങിന്‍പാള കൊണ്ടുള്ള ഒരു മുഖാവരണം അണിയുകയാണ് പതിവ്. ആ പാളയിലാവട്ടെ മനോഹരമായിത്തന്നെ ചിത്രവേല ചെയ്തിരിക്കും.

കഷ്‍ടത തീര്‍ത്തീടുന്ന പൊട്ടന്‍തെയ്യത്തോടുള്ള തോറ്റംപാട്ടുകാരന്റെ പ്രാര്‍‍ത്ഥന നോക്കുക.
“മാരണം മാറ്റുമോരോ
ദ്വേഷങ്ങള്‍ വരുന്ന കാലം
മങ്ങാതെ തടഞ്ഞു നിര്‍‍ത്തി
മംഗളമരുളീടേണം

മതിച്ചു വന്നെതിര്‍‍ത്തീടുന്ന‌
കുസൃതികളായവര്‍‍ക്ക്
മതിക്കു നാശം വരുത്തി
മുടിക്കേണം വംശമെല്ലാം”‍ തോറ്റംപാട്ടിലേക്കു നമുക്കിനി പിന്നീടു വരാം. അതിനുമുമ്പു പൊട്ടന്‍‍തെയ്യത്തിന്റെ പുരാവൃത്തത്തിലേക്കൊന്നു പോകാം. എല്ലാവര്‍‍ക്കുമറിയുന്നതാണ് ഈ ഇതിവൃത്തമെങ്കിലും നാടകീയമായ ആ രംഗങ്ങളെങ്ങെക്കുറിച്ചു പറയാതെ വയ്യ.!

ശ്രീ പരമേശ്വരന്‍ ഒരാഗ്രഹം തോന്നി. സര്‍വ്വജ്ഞനായിരിക്കുന്ന ശങ്കരാചാര്യരുടെ ജ്ഞാനത്തെ ഒന്നു പരിശോദിക്കണം. ദിഗ്വിജയവും സര്‍‍വ്വജ്ഞപീഠവും ശങ്കരനു സ്വന്തമാവണം. അഹങ്കാരത്തിന്റെ കണികയെങ്കിലും ആ മനസ്സിലുണ്ടെങ്കിലതു പിഴുതെറിയണം. അങ്ങനെവേണം സര്‍‍വ്വജ്ഞനെന്നു ശങ്കരന്‍ അറിയപ്പെടാന്‍. ശ്രീ പാര്‍‍വതിയോടു പരമേശ്വരന്‍‍ അഭിപ്രായമാരാഞ്ഞു… ഒന്നു പരീക്ഷിക്കുക തന്നെയാണ് അഭികാമ്യമെന്ന്‍ ദേവിയും പറഞ്ഞു.

കാട്ടില്‍, മലനാട്ടില്‍, പരമേശ്വരന്‍ പുലയവേഷധാരിയായി അവതരിച്ചു. ദേവി പുലയന്റെ പത്നിയായി. മഹാദേവന്റെ കൂടെ മായാരൂപിയായി നന്ദികേശനും പുലയക്കിടാങ്ങളായി അഷ്‍ടഭൂതങ്ങളും പിന്തുടര്‍‍ന്നു. ഇതൊന്നും ശങ്കരാചാര്യരറിയുന്നു. സര്‍‍‍വ്വജ്ഞപീഠം കയറാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. യാത്ര തുടരുകയാണ്. ഒടുവില്‍ അദ്ദേഹം മലനാട്ടിലുമെത്തി.

അങ്ങകലെ, ഇരുണ്ടവെളിച്ചത്തില്‍‍ ശങ്കരാചാര്യര്‍‍ ഒരു പുലയകുടില്‍(ചാള) കണ്ടു. കുടിലിനു മുറ്റത്ത്‍ പുലയകിടാങ്ങള്‍ അമ്മയെ വിളിച്ചു കരയുന്നു. അകത്ത്‍, അടുപ്പില്‍ വെച്ചിരിക്കുന്ന കഞ്ഞി തിളച്ചുപൊങ്ങുന്നതും കാത്തിരിക്കുകയാണ് ആ പുലയ ദമ്പതികള്‍‍. പതിഞ്ഞ സ്വരത്തിലവര്‍‍ മക്കളെ സമാധാനിപ്പിക്കുന്നുമുണ്ട്.

സന്ധ്യ മയങ്ങാന്‍ അധികസമയമില്ല. എല്ലാവരും ചാളയ്‍ക്കകത്താണ്. ശങ്കരാചാര്യര്‍‍ ആ തക്കം നോക്കി പുലയക്കുടിലിനടുത്തുകൂടിയുള്ള ഇടവഴിയിലൂടെ വേഗം നടന്നു. പുലയന്‍‍മാര്‍‍ പുറത്തില്ലാത്ത സമയം! ശുദ്ധം മാറാതെ വേഗം കുടിലിനപ്പുറമെത്തണം. ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടു നടന്ന ശങ്കരാചാര്യര്‍‍ക്കുമുമ്പില്‍‍ പെട്ടന്നൊരാള്‍ വന്നു നിന്നു.

ആരാണിവന്‍?
ഇരുട്ടു പരന്നു കഴിഞ്ഞതിനാല്‍‍ വ്യക്തമായി കാണാനും കഴിയുന്നില്ല. എങ്കിലും സ്വാമികള്‍‍ അല്പം പുറകോട്ടുമാറി. അശുദ്ധമാകാതെ നോക്കണം.
അവന്‍‍ എതിരെതന്നെയാണു‍ വരുന്നത്‍? താന്‍‍ ആരെന്ന്‍ അറിയാതെയാവുമെന്ന്‍ സ്വാമികള്‍ നിനച്ചു. സാരമില്ല, ഒച്ചവെച്ച് മൂപ്പരെ അറിയിച്ചേക്കാം. ശങ്കരാചാര്യര്‍‍ ഹാ‍‍‍…ഹൂ..ഹാ…ഹൂ…എന്ന്‍ ഒച്ചവെച്ച്‍ ‘കുറുത്തം’ കൊടുത്തു‍. ഫലമില്ല‍. ധിക്കാരിയായ അവന്‍ അതൊന്നും ഗൗനിക്കുന്നേയില്ല‍. സ്വാമികള്‍‍‍ പിന്നിലേക്കു പിന്നേയും മാറി. കുരുത്തംകെട്ടവന്‍‍ അഹമ്മതി തന്നെയാണ് തീര്‍‍ച്ച.
“പറഞ്ഞതുകേട്ടാല്‍‍പ്പോലും
കുറവൊന്നുമറിയാ വംശം
വശം വഴി പറഞ്ഞാലൊട്ടും
തിരിയാത്ത നീചവൃന്ദം”. സ്വാമികള്‍ അവനെ ആക്ഷേപിച്ചു.

അപ്പോഴേക്കും ചണ്ഡാലന്‍‍ തൊട്ടുമുമ്പില്‍‍ വന്നു നില്പുറപ്പിച്ചു കഴിഞ്ഞിരുന്നു. ഒക്കത്തൊരുകുഞ്ഞുമുണ്ട്. തലയിലാവട്ടെ കള്ളിന്‍കുടവുമുണ്ട്. മദ്യത്തിന്റെ ലഹരിയിലാണവന്‍‍. കള്ളിന്റെ നാറ്റം സര്‍‍വത്ര പരന്നു. സ്വാമികളുടെ മനസ്സില്‍‍ കോപം ഇരച്ചുകയറി. തൊട്ടുതീണ്ടായ്‍‍മയെ അവഗണിച്ചുകൊണ്ട് ഇന്നേവരെ ആരും തന്റെ മുമ്പില്‍ ഇങ്ങനെ നിന്നിട്ടില്ല‍. അനുസരിക്കില്ല എന്നുറപ്പുണ്ടായിട്ടും സ്വാമികള്‍ ഒന്നുകൂടി വിളിച്ചു പറഞ്ഞു, ”

“തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……”

പുലയന് ഒരു ഭാവവ്യത്യാസവുമില്ല. അവന്‍‍ അല്പംകൂടി മുമ്പോട്ടു നീങ്ങിനിന്നു. അവര്‍‍ തമ്മില്‍‍ തര്‍‍ക്കം മൂത്തു. പരസ്പരം മൊഴിയും മറുമൊഴിയും ചൊരിഞ്ഞു.

“തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…

ഉക്കത്ത്‍ കുഞ്ഞൂണ്ട്, തലയിലും കള്ള്,
എങ്ങനടിയന്‍‍ വഴി തിരിയേണ്ട്?
അങ്ങെല്ലാം കാടെങ്കില്‍‍ ഇങ്ങെല്ലാം മുള്ളൂം
ഏറെപ്പറഞ്ഞാല് വഴിയൊട്ടും തിരിയാ..”

ചണ്ഡാളന്റെ വാക്കുകേട്ട് ശങ്കരാചാര്യര്‍‍‍ കോപംകൊണ്ടു വറച്ചു. അവനെ ഭസ്മമാക്കാനുള്ള പക സ്വാമിയുടെ മനസ്സിലുണര്‍‌ന്നു. പക്ഷേ അതൊന്നും പുലയനു പ്രശ്‍നമല്ല. സ്വാമിയുടെ ചലനങ്ങളും ഉല്‍‍ക്കണ്ട്ഠയും ഭാവവുമൊക്കെ അവനെ ചിരിയിലാഴ്‍ത്തി. അവന്‍‍ ഒന്നുകൂടി മുന്നോട്ടുകയറിനിന്ന് വഴി തടഞ്ഞ് പൊട്ടിച്ചിരിച്ചു.

ഇവന്‍ പൊട്ടന്‍ തന്നെ. ഇത്രയും പറഞ്ഞിട്ടും ഇവന്‍‍ വഴിമാറാന്‍‍ കൂട്ടാക്കാത്തതെന്ത്?

“ഹേയ്, പൊട്ടപ്പുലയാ…! മാറിപ്പോ ദൂരേക്ക്..” സ്വാമികള്‍ ഉറക്കെ ഗര്‍‍ജിച്ചു. അപ്പോളവന്‍‍‍ അതിനേക്കാള്‍‍ ഉച്ചത്തില്‍‍ ചിരിച്ചു. ആ കളിയാക്കല്‍‍ ശങ്കരാചാര്യര്‍‍‍ക്കു തീരെ രസിച്ചില്ല‍.

“നിന്റെ ഉദ്ദേശ്യമെന്താ? തുറന്നു പറ.. എന്നോടേറ്റുമുട്ടാന്‍‍ തന്നെയാണോ ഭാവം? ഞാന്‍‍ ആരെന്നു നിനക്കറിയാമോ? എല്ലാം കാട്ടുമൂപ്പനോടു പറയുന്നുണ്ട്…”

“പറഞ്ഞോളൂ, എല്ലാവരുമറിയട്ടേ വൈഭവങ്ങള്…
അന്തണരെന്നും പിന്നെ അന്തരജാതിയെന്നും
എന്തൊരുഭേദമുള്ളൂ ചിന്തിച്ചാലീശ്വരന്..”

പുലയന്റെ ചോദ്യംകേട്ട് ശങ്കരാചാര്യര്‍‍ തരിച്ചിരുന്നുപോയി. ഞാനെന്നും നിയെന്നുമുള്ള, ജീവാത്മാവെന്നും പരമാത്മാവെന്നുമുള്ള വ്യത്യാസം വെറും മായയാണെന്നും എല്ലാവരിലും ഉള്ള ശക്തിവിശേഷം ഒന്നണെന്നുമുള്ള തന്റെ അദ്വൈത തത്ത്വം തന്നെയല്ലേ ഈ പുലയപ്പൊട്ടനും പറയുന്നത്? താനെന്തുകൊണ്ടിതു മനസ്സിലാക്കിയില്ല..!

അവന്‍‍ തുടര്‍‍ന്നു:
“നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ
നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ..”

ആ ചേദ്യം സ്വാമികളെ ആലോചനയിലാഴ്‍ത്തി. ബ്രാഹ്മണനെന്നും ചണ്ഡാളനെന്നുമുള്ള ഭേദബുദ്ധിക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നു തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങളവന്‍‍ സ്വാമികള്‍ക്കു മുമ്പില്‍ നിരത്തി.
അവന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍‍ ശങ്കരാചാര്യര്‍‍ പതറിനിന്നു. ശാസ്‍ത്രത്തിന്റെ വെളിച്ചത്തില്‍‍ ശുദ്ധാശുദ്ധഭേദമില്ലെന്ന് പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടില്‍‍ ആവര്‍‍ത്തിച്ചാവര്‍‍ത്തിച്ചു വ്യക്തമാക്കുന്നു. പുലയന്‍ പ്രാപഞ്ചികതത്ത്വങ്ങളുടെ ഭാണ്ഡക്കെട്ട് സ്വാമികള്‍ക്കു മുമ്പില്‍ തുറന്നപ്പോള്‍ അദ്ദേഹം തരിച്ചുനിന്നുപോയി.

ഇനി തര്‍‌ക്കിക്കുന്നതില്‍ അര്‍‌ത്ഥമില്ലാന്നു മനസ്സിലായി. തര്‍ക്കിച്ചാല്‍‍ എന്തായാലും പുലയന്റെ മുമ്പില്‍‍ അടിയറവു പറയേണ്ടിവരുമെന്നു മനസ്സു മന്ത്രിച്ചു. നാലു വേദങ്ങളും പതിനെട്ടുപുരാണങ്ങളും സകലശാസ്ത്രങ്ങളും പഠിച്ചിട്ടും, കേവലമൊരു പുലയന്റെ ചോദ്യശരങ്ങള്‍ക്കുമുമ്പില്‍‍‍ തളര്‍‍ന്നുപോയ അവസ്ഥ സ്വാമികളെ ദു:ഖിപ്പിച്ചു. പൊട്ടന്‍ പുലയനെ സ്വാമികള്‍ മനസ്സുകൊണ്ടാദരിച്ചു. സ്വാമികളുടെ മനസ്സുകണ്ടറിഞ്ഞ പുലയന്റെ മുമ്പില്‍ അദ്ദേഹം തലകുനിച്ചു നിന്നു. ആരാണെന്നറിയിക്കണമെന്ന് അഭ്യര്‍‍ത്ഥിച്ചു.

കള്ളുംകുടവും കുഞ്ഞും അപ്രത്യക്ഷമായി. ചണ്ഡാലാന്‍‍ പാര്‍‍വതീപതിയായ് ദര്‍‍ശനം നല്‍‍കി. സ്വാമികളുടെ മനസ്സില്‍‍ അഹ്ളാദം അലതല്ലി. പുലയപ്പൊട്ടന്‍‍ സാക്ഷാല്‍‍ കൈലാസനാഥന്‍‍ തന്നെയാണെന്നറിഞ്ഞപ്പോള്‍, സ്വാമികള്‍‍ ആ പാദാരവിന്ദങ്ങളില്‍‍ സാഷ്‍ടാംഗനമസ്‍കാരം ചെയ്‍തു, കുറ്റങ്ങള്‍‍ പൊറുത്തു മാപ്പു നല്‍‍കാനപേക്ഷിച്ചു.

ശ്രീ പരമേശ്വരന്‍‍ സ്വാമികളെ അനുഗ്രഹിച്ചു മറഞ്ഞു.

സ്വാമികള്‍ക്കു മുമ്പിലവതരിച്ച ആ പുലയപ്പൊട്ടനെയാണ്, ഭക്തര്‍ പൊട്ടന്‍‍ തെയ്യത്തിലൂടെ കൊണ്ടാടുന്നത്.

പൊട്ടൻ തെയ്യം, pottan theyyam

ഇനി പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടിലെ ഏതാനും വരികളിലൂടെ കടന്നുപോകാം. ആത്മബോധത്തിന്റെ അന്ത:സത്ത വെളിവാക്കുന്ന ആ വരികള്‍ നോക്കു:

പൊലിക പൊലിക പൊലിക ജനമേ…
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തല്‍ പൊലിക പതിനാറഴകിയ
കാപ്പന്തല്‍ പൊലികാ…….
മുപ്പത്ത് മൂന്ന് മരം നട്ട കാലം….
അമ്മരം പൂത്തൊരു പൂവുണ്ടെന്‍ കൈമേല്‍
പൂവും പുറിച്ചവര്‍ നാര്‍ തേടിപ്പോമ്പോ
പൂവൊടുടന്‍ ആരൊടുടന്‍ ചെന്നുകൊള്ളാം
…………………………………………
……………………………………….
തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……
……………………………………..
തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
…………………………………..
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയന്‍ വഴിതിരിയേണ്ടൂ?
ഒക്കത്ത് കുഞുണ്ട് തലയിലെ കള്ള്
എങ്ങനാ അടിയന്‍ വഴിതിരിയേണ്ടൂ?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…
…………………………………….
അക്കരയുണ്ടൊരു തോണികടപ്പാന്‍
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാല്‍
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാല്‍
ആനന്ദമുള്ളോനെ കാണാന്‍ പോലന്നേ….
നാന്‍ തന്ന തോണി കടന്നില്ലേ ചൊവ്വറ്?
തോണിക്കകത്ത് നീര്‍ കണ്ടില്ലെ ചൊവ്വറ്?
നാന്‍ തന്ന തേങ്ങയുടച്ചില്ലേ ചൊവ്വറ്?
തേങ്ങ്കകത്ത് നീര്‍ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയില്‍ നട്ടൊരു തൃത്താ-
പ്പൂവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോ നൂങ്കള്
പൊല്‍കൊണ്ട് മാല്‍ തൊടുക്ക്വല്ലോ നാങ്കള്‍
ചന്ദനം ചാര്‍ത്തി നടക്ക്വല്ലോ നൂങ്കള്
ചേറുമണിഞ്ഞ് നടക്കുമീ നാങ്കള്‍
വീരളിചുറ്റി നടക്ക്വല്ലോ നൂങ്കള്‍
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കള്‍
വാളും പരിശയും എടുക്ക്വല്ലേ നൂങ്കള്‍
മാടിയും കത്തിയും എടുക്കുമേ നാങ്കള്‍
പൂക്കുട ചൂടി നടക്ക്വല്ലെ നൂങ്കള്‍
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കള്‍
ആനപ്പുറനിങ്കേറി നീങ്കള്‍ വരുമ്പോ
പോത്തിന്‍ പുറങ്കേറി നാങ്കള്‍ വരുമേ!!
നിങ്കള്‍ പലര്‍കൂടി നാട് പഴുക്കും
നാങ്കല്‍ പലര്‍കൂടി തോട് പഴുക്കും
നിങ്കല്‍ പലര്‍കൂടി മോലോത്ത് പോമ്പോ
നാങ്കള്‍ പലര്‍കൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!” :
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ക്‍ന്ന്
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ക്‍‍ന്ന്!
എല്ലെല്ലക്കൊയില്‍ കുല പിശകൂലം
മാപ്പിളക്കൊയില്‍ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാല്‍
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!
……………………………………………..
……………………………………………..

3.5 2 votes
Article Rating
Subscribe
Notify of
guest

8 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
nishath
15 years ago

Valare nannayirikkunnu.Gaveshanam nadathiyittundallo?history okke evidunnu kitii..thottam paattu evidunnu kitii..nallonam vaayikkunna aalanu alle.. good ..keep it up.
iniyum ithu polulla nalla subjects expect cheyyunnu…
good language skill…oru sahithyakarante bhasha undu…
chila pottan theyyangal kuttikkattilum mullilum okke thullikkalikarundallo.. athu mention cheythu kandilla!

Rajesh
15 years ago

Hi Nishath,
നി പറഞ്ഞ കാര്യം എനിക്കു വ്യക്തമായറിയില്ല കേട്ടോ.
അതു കുളിയന്‍ (ഗുളികന്‍) തെയ്യത്തിന്റെ കാര്യമാണോ? അതില്‍ ‌ കാരക്കുളിയന്‍‌ എന്നൊക്കെ പറഞ്ഞിട്ടു ചില വിഭാഗങ്ങളുണ്ട്. കുളിയനെക്കുറിച്ചെഴുതിയതില്‍‌ അതു ഞാന്‍‌ വ്യക്തമാക്കിയിട്ടുണ്ട്. (post ചെയ്‌തിട്ടില്ല – type ചെയ്യാന്‍ ടൈം എടുക്കുന്നു 🙂 ). എന്തായാലും ഞാനതിനെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്.
പലരോടും ചോദിച്ചറിഞ്ഞതും, എന്റെ എം. എ. മലയാളത്തിന്റെ നോട്ടുകളും, internet – ഉം, ചില ബുക്കുകളുമൊക്കെ refer ചെയ്തിട്ടാണ് ഇതൊക്കെ എഴുതിയിരിക്കുന്നത്. വയനാട്ടുകുലവനെക്കുറിച്ച് അന്വേഷിക്കാന്‍ പോയപ്പോള്‍‌ ഒരു വണ്ണാന്‍‌ പൈസയും ‘കുപ്പി’യും ചോദിക്കുകയുണ്ടായി.
“നിനക്കിതുകൊണ്ടു കാര്യമുണ്ടാവും അതില്‍‌ പകുതി എനിക്കു തന്നൂടേ…” എന്നാണയാള്‍ ചോദിച്ചത്…!

എന്തായാലും അഭിപ്രായമറിയച്ചതില്‍‌ സന്തോഷമുണ്ട്..

kunhuttan
13 years ago

..photos ellam kuliyan aan…..

Rajesh K Odayanchal
13 years ago

കുഞ്ഞൂട്ടാ, ഇപ്പോ എനിക്കും സംശയമായിത്തുടങ്ങി ഇതു പൊട്ടനാണോ കുളിയാനാണോ എന്ന്!! എന്തായാലും ഞങ്ങളവിടെ ഉള്ള കുളിയൻ മാസ്‌ക്കിടാതെയാണു വരാറുള്ളത്… അതാ ഡൗട്ട്!

kunhuttan
13 years ago

..enik dout ila ath kuliyan aan…
,, pottan theyyathinte mask alla ath..
.ath kannur bhaghath ulla kuliyan aan,,,

Rajesh K Odayanchal
13 years ago

കുഞ്ഞൂട്ടാ കണ്ണൂരും കാസർഗോഡും തമ്മിലുള്ള വ്യത്യാസം മാത്രമായി കണ്ടാൽ മതി. ഇതു കാസർഗോഡ് (വിടെ തന്നെ എല്ലായിടത്തും ഉണ്ടോ എന്നറിയില്ല!) ജില്ലയിലെ പൊട്ടൻ തെയ്യം തന്നെയാണ് 🙂

Anonymous
Anonymous
12 years ago

could u pls post the english version of the myth of ‘pottan teyyam and kuttichathan teyyam

sunil kumar
sunil kumar
11 years ago

ഗുളികൻ തന്നെ പലതുണ്ട് ,എല്ലാം ശിവാംശം ആണെങ്കിലും ,കാര ഗുളികൻ ,പൊട്ടൻ ഗുളികൻ ,ഉമ്മട്ട ഗുളികൻ ,ലോഗനാർ ഗുളികൻ എന്നിവ എന്റെ തറവാട്ടിൽ കെട്ടി ആടുന്നു ,അതിൽ പൊട്ടൻ ഗുളികൻ മാത്രം ആണ് തീയിൽ കുളിക്കുന്നത് ,ബാക്കി മൂന്ന് ഗുളികനും തീ വേണ്ട ,എന്നാൽ എല്ലാ ഗുളികനും ഓല ചൂട്ടു കാണും ,പിന്നെ ജില്ലകൾ തമ്മിലും ചെറിയ വെത്തിയാസം ഉണ്ട് ,കാസറഗോഡ് ഉള്ള പല ഗുളികനും കണ്ണൂര് സൈഡ് ഇല്ല നേരെ തിരിച്ചും


8
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights