ഇന്നലെ(ഡിസംബർ 5, 2023) മുബൈയിൽ നിന്നും പാർസൽ ഓപ്പറേറ്റർ എന്നും പറഞ്ഞ് എനിക്കൊരു കോൾ വന്നിരുന്നു. കൺഫർമേഷനു വേണ്ടിയാണവർ വിളിച്ചത്. ഞാൻ പാർസൽസ് ഒന്നും അയച്ചിട്ടില്ലെന്നു തർക്കിച്ചപ്പോൾ, എങ്കിൽ ഇത് ആരോ തട്ടിപ്പ് ചെയ്ത് നിങ്ങളുടെ പേരിൽ അയച്ചതാവും എന്നയാൾ പറഞ്ഞു. കമ്പ്യൂട്ടർ ജനറേറ്റഡ് കോളായിരുന്നു അത്. മൊബൈലിൽ ട്രൂകോളർ ഉള്ളതിനാൽ പലപ്പോഴും ലോണിനും ക്രഡിറ്റ് കാർഡിനും സംഭാവന ചെയ്യാനും മറ്റുമായി വിളിക്കുന്നവരോട് ഞാൻ മലയാളത്തിൽ മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഇതുപക്ഷേ, കമ്പ്യൂട്ടർ ജനറേറ്റഡ് കോളായതിനാൽ ശ്രദ്ധിച്ചു കേട്ടു. താങ്കൾ അയച്ച പാർസൽ പ്രോസസുകളെല്ലാം കഴിഞ്ഞ് റെഡിയായിട്ടുണ്ട്, ഇതയക്കാൻ വേണ്ടി 1 പ്രസ്സ് ചെയ്യുക, അതല്ല ഞങ്ങളുടെ കസ്റ്റമർ കെയറുമായി സംസാരിക്കാൻ 2 അമർത്തുക എന്നായിരുന്നു പറഞ്ഞത്. അങ്ങനെ ഞാൻ 2 പ്രസ് ചെയ്തു കസ്റ്റമർ കെയറുമായി സംസാരിച്ചു.
മൂപ്പരുടെ പേര് Rohit Kurale എന്നാണ്, Dept Sedex Mumbai Andheri Branch ഇൽ വർക്ക് ചെയ്യുന്നു. നവംബർ 28, 2023, മുബൈയിൽ നിന്നും തായ്വനിലേക്കാണത്രേ പാർസൽ അയച്ചത്. പാർസൽ അയച്ചത് Ifang എന്നു പേരുള്ള തായ് വാനിക്കായിരുന്നു, അയാളുടെ നമ്പർ +8862737998, പാർസൽ നമ്പരും ഇയാൾ എനിക്കു തന്നു. തുടർന്ന് പാർസലിൽ ഉള്ള ചില ഐറ്റംസ് എന്തൊക്കെയാണെന്ന് അറിയിച്ചു:
വ്യാജ പാസ്പോർട്ടുകൾ 10 എണ്ണം,
5 കിലോ തുണിത്തരങ്ങൾ,
ICICI ക്രഡിറ്റ്കാർഡുകൾ,
950 ഗ്രാം MDMA.
കൂടാതെ rajesh365@okicici എന്ന UPI സംവിധാനത്തിലൂടെ 8450 രൂപ പാർസൽ ചെലവായി ഞാൻ അടച്ചിട്ടുണ്ടത്രേ (എൻ്റെ അകൗണ്ടിൽ നിന്നും കാശൊന്നും പോയിട്ടില്ല – ഈ ICICI UPI സംഗതി എൻ്റേതുമല്ല)
പാർസലിനുള്ളിലുള്ള കാര്യങ്ങൾ സർവ്വീസ് പ്രൊവൈഡറായ നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിഞ്ഞു എന്നു ചോദിച്ചപ്പോൾ അത് എഴുതിയിട്ടുണ്ട് എന്നായിരുന്നു മറുപടി. അക്കാര്യത്തിൽ ഒരു അസ്വാഭാവികത എനിക്കു തോന്നി. (പാസ്പോർട്ട് വ്യാജമാണെന്ന് അയാൾക്കെങ്ങനെ അറിയുമെന്ന് ചോദിച്ചില്ല. വ്യാജ പാസ്പോർട്ടായിരിക്കും എന്നയാൾ ഊഹിച്ചതാവും എന്നു കരുതി). അയാൾ പറഞ്ഞു, നിങ്ങൾ ഉടനേ ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ഒരു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് സ്വന്തമാക്കുകയും വേണം. കാരണം ഇത്തരം ദുരന്തങ്ങൾ പെരുകുകയാണിന്ന്, ഭാവിയിൽ ഏതുവിധത്തിലാ പണിവരികയെന്ന് പറയാൻ വയ്യ.
കേസു കൊടുത്തോളാമെന്നു ഞാൻ പറഞ്ഞപ്പോൾ, അയാൾ തന്നെ സഹായിക്കാമെന്നും പറഞ്ഞ്, മുബൈയിലെ സൈബർ സെല്ലിലേക്കെന്നും പറഞ്ഞ് മറ്റൊരാൾക്ക് കോൾ കണക്റ്റ് ചെയ്തു കൊടുത്തു.
അദ്ദേഹവും ഒരുപാടുകാര്യങ്ങൾ എന്നോടു ചോദിച്ചു. ബാങ്ക് ഏതാ, കാശ് പോയോ, എത്ര കാശുണ്ട്, ഡീറ്റൈൽസ് എന്താണ് എന്നൊക്കെ. ഞാൻ പറഞ്ഞു ഇതേവരെ എൻ്റെ കയ്യിൽ നിന്നും 5 പൈസ പോയിട്ടില്ല; ബാങ്ക് ICICI അല്ല HDFC ആണ്. കേസ് അയാൾ രജിസ്റ്റർ ചെയ്യുന്നു എന്നറിയിച്ചു. പക്ഷേ അയാളുടെ സംസാരത്തിലും അത്രമാത്രം സ്വാഭാവികത എനിക്ക് തോന്നിയില്ല. എങ്കിലും MX/1085/1123 എന്നൊരു FIR No അദ്ദേഹം തന്നു. എൻ്റെ ബാങ്ക് ഡിറ്റൈൽസ് ആയിരുന്നു പ്രധാനമായി ചോദിച്ചത്. ഞാനതു പറഞ്ഞില്ല.
ഇക്കാര്യങ്ങൾ അറിയിക്കാനായി Rohit Kurale നാലു പ്രാവശ്യം എന്നെ വിളിച്ചിരുന്നു. അയാളോടും അയാൾ മുഖാന്തിരം ബന്ധപ്പെട്ട സൈബർ പൊലീസിനോടും ഞാൻ പറഞ്ഞത് ഞാൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തോളാം. സൈബർ സെല്ലൊക്കെ ഇവിടെയും ഉണ്ട്, ഓൺലൈനിൽ നിങ്ങൾ തന്നെ കൊടുത്തല്ലോ അതുമതി. അതുകൊണ്ടാണോ എന്നറിയില്ല, പിന്നീട് അവരിൽ നിന്നും കോളുകൾ ഒന്നും വന്നിരുന്നില്ല.
ഞാനിന്നു രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ പോയിട്ട് കേസ് രജിസ്റ്റർ ചെയ്തു. അവർക്ക് പറയാൻ ഇതേ തരത്തിലുള്ള നിരവധികഥകൾ വേറെയും ഉണ്ട്. ഒരു പൊലീസുകാരൻ പറഞ്ഞു, ഇപ്പോൾ അടിപിടിയും മറ്റുമൊന്നുമല്ല നടക്കുന്നത് ഇത്തരം ഓൺലൈൻ തട്ടിപ്പുകളാണു കൂടുതലും, ഇനി നമുക്ക് പണി ഇതായിരിക്കും. ശരിക്കും അലച്ചിൽ തന്നെയാണ്, അവസാനം പലപ്പോഴും പിടികൂടുന്നത് ഒരു വസ്തുവിനു കൊള്ളാത്ത ചിലരെ ആണെന്നും അവർ പറഞ്ഞു.
ഈ പ്രശ്നത്തിൽ ഞാൻ കരുതുന്നത് ഇതാണ്, ഇത്രയും മാരകമായ MDMA യൊക്കെ അയച്ചാലുണ്ടാവുന്ന കേസ് എത്ര ഭീകരമായിരിക്കും, അവർ പറഞ്ഞ ഓൺലൈൻ പൊലീസ് തീർച്ചയായും ഈ പിടികൂടൽ സേവനത്തിന് മതിയായ ഫീസും കാശും ചോദിക്കുമായിരിക്കണം. ഞാൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തോളാം എന്നു പറഞ്ഞതാവണം അവരെ പിന്നെ എന്നെ വിളിക്കാതാക്കിയത്. എന്തായാലും മതിയായ രേഖങ്ങൾ ഞാൻ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇനി അഥവാ 950 ഗ്രാം MDMA ഒക്കെ എൻ്റെ പേരിൽ അയച്ചിട്ടുണ്ടെങ്കിൽ എന്നേലും പൊലീസ് തപ്പി വന്നാൽ രജിസ്റ്റർ ചെയ്ത കേസ് നമ്പർ കാണിക്കാമല്ലോ!!