ഐതിഹ്യപ്പെരുമ ഏറിയ പുരാണപ്രസിദ്ധമായ മനയാണ് തേക്കിൽ തീർത്ത നാലുകെട്ടോടുകൂടിയ സൂര്യകാലടി മന. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചു പോന്നിരുന്നു. ഇളംകുളം കുഞ്ഞൻപിള്ള പറഞ്ഞപ്രകാരത്തിൽ ചേര-പാണ്ഡ്യയുദ്ധങ്ങൾ നടന്നിരുന്ന കാലത്ത് ആണുങ്ങളൊക്കെ യുദ്ധത്തിനായി പോവുമ്പോൾ ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവാതിരിക്കാനായി അന്യദേശത്തുനിന്നും ആളുകളെ വരുത്തി ക്ഷേത്രപരിപാലനം അവരെ ഏൽപ്പിക്കുകയായിരുന്നു. ആ ബ്രാഹ്മണരില്‍, മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന’. മലപ്പുറത്തെ പൊന്നാനി താലൂക്കിലായിരുന്നു ആദ്യകാലത്ത് കാലടിമന. പിന്നീടിവർ സകുടുംബം മീനച്ചിലാറ്റിന്റെ തീരത്തേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോഴത്തെ മന പണികഴിപ്പിച്ചത് പിന്നീട് സ്വാതി തിരുനാള്‍ മഹാരാജാവാണ്.
ഒരിക്കൽ കാലടി ഇല്ലത്തെ ഭട്ടതിരിയും കൂട്ടുകാരൻ നമ്പൂതിരിയും കൂടി തൃശ്ശൂർപൂരം കാണാനായി പുറപ്പെടുകയുണ്ടായി. ഉഗ്രയക്ഷികൾ വാസമുള്ള യക്ഷിപ്പറമ്പു താണ്ടിവേണം അവർക്ക് പോകാൻ. നടന്നങ്ങനെ പോവുമ്പോൾ, ഏകദേശം നേരമിരുട്ടിയ സമയം, അവർ യക്ഷിപ്പറമ്പിനടുത്തായി എത്തിച്ചേർന്നു. ആ സമയം അതി സുന്ദരികളായ രണ്ട് യവ്വനയുക്തകൾ അവരുടെ വഴിതടഞ്ഞ് ആ വഴി ഈ നേരത്ത് പോവരുതെന്നും അവിടെ ഉഗ്രയെക്ഷികൾ കുടിയിരിക്കുന്ന വൻ കരിമ്പനകൾ ഉണെന്നും പറഞ്ഞു, പകരം ഞങ്ങളുടെ മനകളിലേക്ക് വന്ന് നേരം വെളുത്തിട്ടാവാം തുടർന്നുള്ള യാത്ര എന്നവർ അറിയിച്ചു. സുന്ദരികളായ യുവതികളെ കണ്ട ഭട്ടതിരിക്കും നമ്പൂരിക്കും ഉള്ളിൽ ലെഡു പൊട്ടി; മറ്റൊന്നും ചിന്തിക്കാതെ ലേഡീസിന്റെ കൂടെ വിട്ടു.
അത്യന്തം മനോഹരമായ മണിമാളികയിൽ വിവിധ മുറികളിലായി അവർക്ക് ഉറങ്ങാനുള്ള സൗകര്യമൊരുക്കി ആ യുവസുന്ദരികൾ; നമ്പൂരിക്ക് ദേവിമാഹാത്മ്യം നിത്യപാരായണം ചെയ്യുന്ന ശീലമുണ്ടായിരുന്നു. പാരായണം ചെയ്തശേഷം പുസ്തകം തലക്കോത്ത് വെച്ച്, മധുരവികാരങ്ങളെ താലോലിച്ച് അയാൾ സുന്ദരിയെ കാത്തു കിടന്നു. മദാലസഭാവത്തിലെ പാലപ്പൂവിൻ ഗന്ധം ചുരത്തി അവളെത്തി, നമ്പൂരിയുടെ നെഞ്ചിലേക്ക് മെല്ലെ ചാഞ്ഞു; തീപ്പൊള്ളലേറ്റപോലെ അവൾ ഞെട്ടിമാറി!! അപ്പോൾ ആണവൾ ശ്രദ്ധിച്ചത് നമ്പൂരിച്ചൻ തലവെച്ചിരിക്കുന്നത് ദേവീമാഹത്മ്യം താളിയോലപ്പുറത്താണെന്ന്. ‘വായിച്ചു കഴിഞ്ഞില്ലേ ഇനിയതങ്ങോട്ട് മാറ്റി വെയ്ക്കരുതോ’ എന്നവൾ പറഞ്ഞതിൽ നമ്പൂതിരിക്ക് എന്തോ അസ്വഭാവികത തോന്നി. ഇതേ സമയം അപ്പുറത്തെ മുറിയിൽ നിന്നും ചുടുരക്തം ഊറ്റിവലിച്ചു കുടിക്കുന്നതിന്റേയും എല്ലുകൾ കടിച്ചുപൊട്ടിക്കുന്നതിന്റേയും ശീൽക്കാരങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു!!
കോട്ടയം – സൂര്യകാലടി മനപാലപ്പൂഗന്ധം അസഹ്യമായി ഒഴുകിത്തുടങ്ങി!! ഭട്ടതിരിയെ പേരെടുത്തു വിളിച്ചുനോക്കി നമ്പൂതിരി. മറുപടി വന്നതേയില്ല; പകരം ചുടുരക്തം കുടിക്കുന്ന ഗ്ള്ഗളനാദം മാത്രം ഉയർന്നുകേട്ടു! ഭയവിഹ്വലനായി യുവതിയെ നോക്കിയ നമ്പൂരിപ്പാട് അവളുടെ മുഖത്തും തന്നെ ആർത്തിയോടെ നോക്കുന്ന സൗമ്യക്രൗര്യത കണ്ടു ഞെട്ടി; അവൾ ചുണ്ടുകൾ കൂടെക്കൂടെ നനയ്ക്കുന്നുണ്ടായിരുന്നു. നമ്പൂതിരി ഗ്രന്ഥം നെഞ്ചോടു ചേർത്തു പിടിച്ചു. തിരിഞ്ഞും മറിഞ്ഞു കിടന്ന് നേരം വെളുപ്പിച്ചു. നേരം വെളുത്ത് നോക്കിയപ്പോൾ നമ്പൂതിരി ഒരു കരിമ്പനമുകളിൽ ഇരിക്കുകയായിരുന്നു, ഇന്നലെ കണ്ടത് യക്ഷികൾ കാണിച്ച മായക്കാഴ്ചകളാണെന്നു നമ്പൂതിരിക്ക് മനസ്സിലായി. കഷ്ടപ്പെട്ട് നിലവിളിച്ച് നമ്പൂരി പനയിൽ നിന്നും താഴത്തിറങ്ങി; ദേവിമാഹാത്മ്യം നെഞ്ചോടു ചേർത്തുപിടിച്ചു. അടുത്തുതന്നെ മറ്റൊരു പനച്ചുവട്ടിൽ അല്പം മുടിയും കുറച്ച് എല്ലിൻ കഷ്ണങ്ങളും മാത്രം ബാക്കി വെച്ചിരിക്കുന്നതുകണ്ട് നമ്പൂരി ഞെട്ടിവിറച്ചു.- പിന്നെ ഓടുകയായിരുന്നു!
നമ്പൂതിരി തിരിച്ച് ഇല്ലത്ത് വന്ന് ഭട്ടതിരിയുടെ അന്തർജനത്തെ കാര്യം ബോധിപ്പിച്ചു; അന്തർജനം അന്ന് ഗർഭിണിയായിരുന്നു. വൈകാതെ അവർക്കൊരു ഉണ്ണി ജനിച്ചു. ആ ഉണ്ണിയുടെ ഉപനയനദിവസം, അവൻ അമ്മയോട് അച്ഛനെ പറ്റി ചോദിക്കുകയുണ്ടായി. ഒന്നും മറച്ചു വെയ്ക്കാതെ അച്ഛൻ യക്ഷിക്ക് ഭക്ഷണമായ കഥ അന്തർജനം വിശദീകരിച്ചു. ആ കുഞ്ഞുമനസ്സിൽ വൈരാഗ്യബുദ്ധി വളർന്നു. അവൻ യക്ഷിയെ തളക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി. ഉഗ്രതപസ്സിൽ സൂര്യനെ പ്രത്യക്ഷനാക്കി. സൂര്യനിൽ നിന്നും ഉഗ്രവിധികൾ കൈക്കലാക്കി. കാലടിമന പിന്നീട് സൂര്യകാലടിയായി അറിയപ്പെട്ടു. ഉണ്ണി ഭട്ടതിരി സൂര്യഭട്ടതിരിയായും ലോക പ്രസിദ്ധനായി.
മന്ത്രതന്ത്രങ്ങളിൽ അഗ്രജനായപ്പോൾ തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു; മനയ്ക്കുമുന്നിൽ ഹോമകുണ്ഡമൊരുക്കി പൂജാവിധികൾ കൃത്യമായി ചെയ്തു തുടങ്ങി. ലോകത്തിലെ സകല യെക്ഷികളേയും അദ്ദേഹം തന്റെ മുന്നിലെത്തിച്ചു. തന്റെ അച്ഛനെ കൊന്നതാരാണെന്ന് അവരോടു ചോദിച്ചു. താനല്ല തിരുമേനി എന്ന് കരഞ്ഞുപറഞ്ഞവരെ സത്യം ചെയ്യിപ്പിച്ചു വിട്ടയച്ചു. അവസാനം അവളും എത്തി!! ഭയന്നു വിറച്ച ആ യക്ഷിക്ക് സത്യം ചെയ്യാൻ പറ്റിയില്ല; തന്നെ നശിപ്പിക്കാനൊരുങ്ങുന്ന സൂര്യഭട്ടതിരിയെ യക്ഷി ശപിച്ചു, ഇന്നേക്ക് നാൽപ്പത്തൊന്നാം ദിനം നിങ്ങൾ ചക്രശ്വാസം വലിച്ചുമരിക്കും എന്നവൾ പറഞ്ഞു; എങ്കിലും അതിനുള്ള പ്രതിവിധി ആരാഞ്ഞശേഷം ഭട്ടതിരി അവളെ ഹോമകുണ്ഡത്തിൽ ഹോമിച്ചു. മനയ്ക്ക് വെളിയിൽ ദൂരെ മാറി ആ യക്ഷിയെ ദേവതാഭാവത്തിൽ കുടിയിരുത്തി.
സൂര്യൻ ഭട്ടതിരിപ്പാട് പിന്നീട് ആ യക്ഷിയുടെ നേർപാതിയായ ഗന്ധർവ്വനിൽ നിന്നും ശാപം വാങ്ങിക്കൂട്ടുകയുണ്ടായി; മൂത്രം മുട്ടി മരിക്കാനിടവരട്ടെ എന്നായിരുന്നുവത്. അതു മറ്റൊരുകഥ. മേല്പറഞ്ഞ യക്ഷിയുടെ പ്രിയതമൻ മറ്റൊരു സ്ത്രീയിൽ അനുരക്തനായ ആ കഥയിലും വില്ലൻ നമ്മുടെ സൂര്യൻ നമ്പൂതിരി തന്നെ. ശാപമോക്ഷത്തിനു തിരുവല്ലൂർ ക്ഷേത്രത്തിൽ എത്തിയ ഭട്ടതിരി അവിടെക്കിടന്ന് മൂത്രം മുട്ടി ചക്രശ്വാസം വലിച്ച് മരിക്കുകയായിരുന്നു. ചക്രശ്വാസം വലിച്ചും മൂത്രം മുട്ടിയും ഒരുദിവസം അർദ്ധരാത്രിയോടെ ആരോരും കാണാതെ കുളക്കടവിൽ കിടന്നു. മൂത്രം പോവാതെ നിലത്തുനിന്നു മേല്പോട്ടു ചാടിയും മറിഞ്ഞും മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാലൂർ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്. തിരുവാലൂർ ക്ഷേത്രം എറണാകുളം ജില്ലയിലെ ആലങ്ങാട്ടു ദേശത്താണ്. സൂര്യകാലടി മനയുടെ ഐതീഹ്യം കാലടിയിൽ ഭട്ടതിരി എന്ന പേരിൽ ഐതിഹ്യമാലയിൽ വിവരിക്കുന്നുണ്ട്.
രസകരമായ ഈ മിത്തിലെ സ്ഥലങ്ങൾ കണ്ടുനടക്കുമ്പോൾ മനസ്സിൽ അന്നത്തെ കാലം പുനർജ്ജനി തേടുകയാണ്. ഇത്രകാലം വരേയ്ക്കും എത്രയെത്ര ആളുകളെ ഈ കഥകൾ ത്രസിപ്പിച്ചിരിക്കും! സുന്ദരികളായ എത്രയെത്ര യക്ഷികൾ പാലപ്പൂമണം ചുരത്തി നമ്പൂതിരിമാരെ വശീകരിച്ച് ഒടുവിൽ ദേവതകളായി മാറിയിരിക്കണം! ആളൊഴിഞ്ഞ വീഥികളും കരിമ്പനക്കാടുകളും അന്യം നിൽക്കുന്ന ഇന്ന് പഴങ്കഥകളുടെ കനൽവഴികളിലൂടെ പോവുക എന്നതുതന്നെ ഏറെ രസകരമാണ്. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ്, അല്ലെങ്കിൽ ബോധപൂർവ്വം കൂട്ടിക്കുഴച്ച് ക്ഷേത്രപരിപാലനത്തിനെത്തിയവർ, ഒരു സംസ്കാരത്തെ തന്നെ ഉടച്ചുവാർത്ത കഥയാണു നമ്മുടെ സംസ്കാരത്തിനു പറയാനുള്ളത്! അവയെ നല്ലതോ ചീത്തയോ എന്നു വേർതിരിക്കുന്നതിൽ അർത്ഥമില്ല. ഒക്കെ അറിഞ്ഞിരിക്കുക എന്നതുതന്നെ അത് നാടിനെ അറിയുക എന്നതിനു തുല്യമാണ്.
വിക്കിപീഡിയ പഠനശിബിരത്തിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ ഞങ്ങൾ സൂര്യകാലടി മനയിലേക്കും സൂര്യൻഭട്ടതിരി യക്ഷിയെ തളച്ചാവാഹിച്ചടക്കിയ സ്ഥലവും അവസാനം യക്ഷിയെ പ്രതിഷ്ഠിച്ച സ്ഥലത്തും പോയി വരികയായിരുന്നു. മീനച്ചിലാറ്റിന്റെ തീരത്ത് സൂര്യകാലടിമന പുതുമയെ തഴുകാൻ വെമ്പൽ പൂണ്ട് ഇരിക്കുകയാണിന്ന്. മനയുടെ പുറകിൽ ഒരുകാലത്ത് യക്ഷികൾ അലറീത്തിമിർത്ത പാലമരം വാർദ്ധക്യസഹജമായ വിഹ്വലതകളാൽ മൃതപ്രായമായി ഭൂമിയെ തൊടാൻ ഒരുങ്ങുന്നു;
ഉഗ്രന്‍ എഴുത്ത്
ഫിലിപ്പ്