Skip to main content

കുറത്തി

കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നൽകി കവ്യാസ്വാദകരെ ഒന്നടങ്കം നടുക്കിയുണർത്തിയ ശ്രീ. കടമ്മനിട്ട രാമകൃഷ്ണന്റെ കുറത്തിയെന്ന കവിത.
കടമനിട്ടയുടെ കുറത്തി എന്ന കവിത

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/kuraththi.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മലഞ്ചൂരല്‍ മടയില്‍നിന്നും കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറപ്പൊളിയില്‍നിന്നും കുറത്തിയെത്തുന്നു

ഈറ ചീന്തിയെറിഞ്ഞ കരിപോല്‍ കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും വിണ്ടുകീറിയ നെഞ്ചുമായി കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍ കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍ മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു

വെന്തമണ്ണിന്‍ വീറുപോലെ കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍ കണ്ണില്‍നിന്നും കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍ കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി കുറത്തി തുള്ളുന്നു.

കരിങ്കണ്ണിന്‍ കട ചുകന്ന് കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച് കുറത്തിയുറയുന്നു.

അരങ്ങത്തു മുന്നിരയില്‍ മുറുക്കിത്തുപ്പിയും ചുമ്മാ
ചിരിച്ചും കൊണ്ടിടം കണ്ണാല്‍ കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ വിരല്‍ ചൂണ്ടിപ്പറയുന്നു:
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.

കാട്ടുവള്ളിക്കിഴങ്ങുമാന്തി ചുട്ടുതന്നില്ലേ ഞങ്ങള്‍
കാട്ടുചോലത്തെളിനീർ പകര്‍ന്നു തന്നില്ലേ പിന്നെ
പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍ കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍ കാവല്‍ നിന്നില്ലേ,
കാട്ടുപോത്ത്,കരടി,കടുവ നേര്‍ക്കുവന്നപ്പോള്‍ ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ കാത്തുകൊണ്ടില്ലേ
പുലിയുടെ കൂര്‍ത്തപല്ലില്‍ ഞങ്ങളന്ന് കോര്‍ത്തുപോയില്ലേ വീണ്ടും
പല്ലടര്‍ത്തി വില്ലുമായി കുതിച്ചുവന്നില്ലേ, നിങ്ങളോര്‍ക്കുന്നോ?

നദിയരിച്ച് ,കാടെരിച്ച്, കടലരിച്ച്, കനകമെന്നും കാഴ്ചതന്നില്ലേ; ഞങ്ങള്‍
മരമരിച്ച് ,പൂവരിച്ച് ,തേനരിച്ച് കാഴ്ചവെച്ചില്ലേ; നിങ്ങള്‍
മധുകുടിച്ച് മത്തരായി കൂത്തടിച്ചില്ലേ; ഞങ്ങള്‍
മദിച്ച കൊമ്പനെ മെരുക്കി നായ്‌ക്കളെ മെരുക്കി, പൈക്കളെ
കറന്നുപാലു നിറച്ചു തന്നില്ലേ; ഞങ്ങള്‍ മരം മുറിച്ച്, പുല്ല് മേഞ്ഞ്,
തട്ടൊരുക്കി,തളമൊരുക്കി, കൂര തന്നില്ലേ; പിന്നെ
മലയൊരുക്കി ച്ചെളി കലക്കി മുള വിതച്ച് പതമൊരുക്കി
മൂട നിറയെപ്പൊലിച്ചു തന്നില്ലേ; കതിരിന്‍
കാളകെട്ടി കാട്ടു ദൈവക്കൂത്തരങ്ങില്‍ തിറയെടുത്തില്ലേ

അന്നു നമ്മളടുത്തുനിന്നവരൊന്നു നമ്മളെന്നോര്‍ത്തു രാപ്പകല്‍
ഉഴവുചാലുകള്‍ കീറി ഞങ്ങള്‍ ‍കൊഴുമുനയ്‌ക്കലുറങ്ങി ഞങ്ങള്‍
തളര്‍ന്ന ഞങ്ങളെ വലയിലാക്കി അടിമയാക്കി മുതുകുപൊളിച്ചു
ഞങ്ങടെ ബുദ്ധി മന്ദിച്ചു; നിങ്ങള്‍ ഭരണമായ് പണ്ടാരമായ് പല
ജനപദങ്ങള്‍, പുരിപുരങ്ങള്‍, പുതിയ നീതികള്‍, നീതി പാലകര്‍
കഴുമരങ്ങള്‍, ചാട്ടവാറുകള്‍, കല്‍ത്തുറുങ്കുകള്‍ കോട്ടകൊത്തള-
മാനതേരുകളാലവട്ടം അശ്വമേധ ജയങ്ങളോരോ-
ദിഗ്‌ജയങ്ങള്‍-മുടിഞ്ഞ ഞങ്ങള്‍ അടിയിലെന്നും
ഒന്നുമറിയാതുടമ നിങ്ങള്‍ക്കായി ജീവന്‍ ബലികൊടുത്തില്ലേ…
പ്രാണന്‍ പതിരു പോലെ പറന്നു പാറിച്ചിതറി വീണില്ലേ…

കല്ലുവെട്ടിപ്പുതിയ പുരികള്‍, കല്ലുടച്ച് പുതിയ വഴികൾ
മല തുരന്നു പാഞ്ഞുപോകും പുതിയ തേരുകള്‍
മലകടന്നു പറന്നുപോകും പുതിയ തേരുകള്‍
കടല്‍കടന്നുപോകും പുതിയ വാര്‍ത്തകള്‍
പുതിയ പുതുമകള്‍, പുതിയ പുലരികള്‍
പുതിയ വാനം, പുതിയ അമ്പിളി
അതിലണഞ്ഞു കുനിഞ്ഞു നോക്കി
ക്കുഴിയെടുക്കും കൊച്ചുമനുഷ്യന്മാര്‍.
വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍
വയറുകാഞ്ഞു പതം പറയാനറിഞ്ഞുകൂടാ
തന്തിചായാന്‍ കാത്തുകൊണ്ടു വരണ്ടു
വേലയിലാണ്ടു നീങ്ങുമ്പോള്‍ വഴിയരികില്‍ ആര്യവേപ്പിന്‍
ചാഞ്ഞകൊമ്പില്‍ ചാക്കുതുണിയില്‍ ചെളിപുരണ്ട വിരല്‍കുടിച്ചു
വരണ്ടുറങ്ങുന്നു ഞങ്ങടെ പുതിയ തലമുറ;
മുറയിതിങ്ങനെ തലയതെങ്ങനെ നേരെയാകുന്നു.

പണ്ടുഞങ്ങള്‍ മരങ്ങളായി വളര്‍ന്നു മാനം മുട്ടിനിന്നു, തകര്‍ന്നു പിന്നെ
യടിഞ്ഞു മണ്ണില്‍ തരിശുഭൂമിയുടെല്ലുപോലെ
കല്ലുപോല്‍ കരിയായി കല്‍ക്കരി ഖനികളായി വിളയുമെങ്ങളെ
പുതിയ ശക്തി ഭ്രമണശക്തി പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍
നിങ്ങള്‍ മൊഴിയുന്നു: ‘ഖനി തുരക്കൂ
ഖനി തുരക്കൂ, തുരന്നുപോയിപ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്കു കത്തിക്കൂ ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ; നിങ്ങള്‍ വേഗമാകട്ടെ.
നിങ്ങള്‍ പണിയെടുക്കിന്‍; നാവടക്കിന്‍;
ഞങ്ങളാകട്ടെ, യെല്ലാം ഞങ്ങള്‍ക്കാകട്ടെ…

കല്ലു വീണുമുറിഞ്ഞ മുറിവില്‍ മൂത്രമിറ്റിച്ചു, മുറിപ്പാടിന്നു
മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്നു കുഴിയായ് തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍നിന്നു
വിളിച്ചുചോദിച്ചു:
ഞങ്ങള്‍ക്കന്നമെവിടെ? എവിടെ
ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍ ?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തികൂടാന്‍ ചേക്കയെവിടെ?
അന്തിവെട്ടത്തിരികൊളുത്താന്‍ എണ്ണയെവിടെ?

അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍ ഖനിയിടിഞ്ഞു!!
ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയിലായിയമര്‍ന്നു ചോദ്യം
കല്‍ക്കരിക്കറയായി ചോദ്യം അതില്‍ മുടിഞ്ഞവരെത്രയാണെന്നോ?

ഇല്ലില്ലറിവുപാടില്ല, വീണ്ടും ഖനിതുരന്നല്ലോ!
ആവിവണ്ടികള്‍, ലോഹദണ്ഡുകള്‍, ലോഹനീതികള്‍, വാതകക്കുഴല്‍
വാരിയെല്ലുകള്‍, പഞ്ഞിനൂലുകള്‍, എണ്ണയാറുകള്‍, ആണികള്‍
നിലമിളക്കും കാളകള്‍, കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായകള്‍, നിലയുറയ്ക്കാ
തൊടുവിലെച്ചിക്കുഴിയിലൊന്നായ്
ച്ചെള്ളരിക്കുമ്പോള്‍നിങ്ങള്‍ വീണ്ടും
ഭരണമായ് പണ്ടാരമായ് പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍ , പഴയ നീതികള്‍ ,നീതിപാലകര്‍
കഴുമരങ്ങള്‍ ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞുതന്നൂ ബഹുമതി
“ഹരിജനങ്ങള്‍ ” ഞങ്ങളാഹാ: അവമതി
യ്ക്കപലബ്ധിപോലെ ദരിദ്രദൈവങ്ങള്‍ ! അടിമ ഞങ്ങള്‍!!

അടിമ ഞങ്ങള്‍ ,ഹരിയുമല്ല,ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല, അടിമ ഞങ്ങള്‍ …

നടുവു കൂനിക്കൂനിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടു കാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും…
നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും…
ഇടനെഞ്ചിലിവകള്‍ പേറാനിടം പോരാ
കുനിയാനുമിടം പോരാ പിടയാനായ്
തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കും അടിമ ഞങ്ങള്‍!!

നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്
വേറെയില്ല വഴിയെന്ന്…

എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും!
കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും!
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍!!

വെന്തമണ്ണിന്‍ വീറില്‍നിന്നുറഞ്ഞെണീറ്റ കുറത്തി ഞാന്‍!
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞു പൊരിഞ്ഞുയര്‍ന്ന കുറത്തി ഞാന്‍.!

എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍ അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍!!
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍!!

കരിനാഗക്കളമഴിച്ച് കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടുപോലെ കാട്ടുവെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പുപോലെ കുറത്തി നില്‍ക്കുന്നു…

0 0 votes
Article Rating
Subscribe
Notify of
guest

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Balasankar C
10 years ago

“കല്ലുടച്ച് പുതിയ വഴികൾ” എന്നാണ്.. പുതിയ പാതകൾ എന്നല്ല..

Rajesh Odayanchal
Admin
7 years ago
Reply to  Balasankar C

മാറ്റിയിട്ടുണ്ട്…


2
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights