Skip to main content

കൊച്ചി – മുസിരിസ് ബിനാലെ – 2016

kochi muziris biennale 2016
kochi muziris biennale 2016 pass

കൊച്ചിയിൽ നടക്കുന്ന ബിനാലെ കാണണം എന്നത് അല്പകാലം മുമ്പുതൊട്ടേ ഉള്ള ആഗ്രഹമായിരുന്നു. വിദേശിയരുടെ വിവിധ കലാസൃഷ്ടികൾ കണ്ടു രസിക്കുക എന്നതേ ലക്ഷ്യമുണ്ടായിരുന്നുള്ളൂവെങ്കിലും എന്തൊക്കെയോ അത്ഭുതങ്ങൾ ആല്പമായി പ്രതീക്ഷിച്ചിരുന്നു. ബിനാലേയുടെ മൂന്നാം ഭാഗമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബർ 12-നോ മറ്റോ ആരംഭിച്ച ബിനാലേയ്ക്കു വേണ്ടിയുള്ള യാത്രാടിക്കറ്റുകൾ നേരത്തെ തന്നെ അതുകൊണ്ടു ബുക്ക് ചെയ്തിരുന്നു. മാർച്ച് 31, 2017 വരെ സംഗതി നടക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലൊക്കെ ആയിട്ടാണ് ബിനാലെ വേദികൾ സജ്ജീകരിച്ചിരുന്നത്.  അനുബന്ധപരിപാടികൾ ഒട്ടേറെയെന്ന് എവിടെയൊക്കെയോ വായിച്ചറിഞ്ഞിരുന്നു. ഇനി ഞങ്ങളുടെ കാര്യം പറയാം; ഞങ്ങൾക്കാർക്കും തീരെ രസിച്ചിട്ടില്ല.  മൂന്നു ഭാഷകൾ കൂട്ടികലർത്തിയാണ് പാസ് ടിക്കറ്റുതന്നെ ഉണ്ടാക്കിയത്!! ഇങ്ങനെയൊക്കെ എഴുതുന്നത് നല്ലതാവുമോ എന്തോ!! കുറച്ച് പ്രദർശനങ്ങൾ ഒക്കെ കണ്ടിട്ട് ഞങ്ങൾ മെല്ലെ പി‌ൻവലിഞ്ഞു എന്നു ചുരുക്കി പറയുകയുകയാവാം നല്ലത്.

ഡിസംബർ 26, 27, 28 തീയ്യതികളിൽ വിക്കിപീഡിയ സംഗമോത്സവം ആയിരുന്നു. അതിന്റെ ഭാഗമായി കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയിലെ അച്ചനെ പരിചയപ്പെടാൻ സാധിച്ചു എന്നതുതന്നെ വലിയ കാര്യമായി കാണുന്നു. ചില നല്ല ബന്ധങ്ങളൊക്കെ അവിചാരിതമായി കടന്നുവരുന്നതാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു അത്. അതു കഴിഞ്ഞായിരുന്നു എറണാകുളത്തേക്ക് പോയത്.. ഈ എഴുത്തിൽ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചിലപ്പോൾ കണ്ടേക്കാം. ഒന്നും തീവ്രമായി കാണേണ്ടതില്ല. 29 നു വൈകുന്നേരം കാഞ്ഞങ്ങാട് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും യാത്ര തുടർരുകയായിരുന്നു ഞങ്ങൾ. വൈകുന്നേരം 7:40 ന് എത്തുന്ന മലബാർ എക്സ്പ്രസ്സിനായിരുന്നു (16630) അത്. കോട്ടയത്തുള്ള ടോണിമാഷ് വീട്ടിലേക്ക് പോകാൻ മുമ്പേ ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് പോകാൻ പറ്റിയ സാഹചര്യം ഉണ്ടായിരുന്നില്ല എന്നിക്ക്. അതും ഈ പോക്കിൽ സാധിക്കാം എന്നു കരുതി നേരെ അങ്ങോട്ടാണു പോയത്.

കോട്ടയം യാത്ര

ഡിസംബർ 30 ന് രാവിലെ അഞ്ചുമണിയോടെ കോട്ടയത്ത് എത്തി. റെയിൽവേ സ്റ്റേഷനു വെളിയിൽ തന്നെ ടോണിമാഷ് കാറുമായി നിൽപ്പുണ്ടായിരുന്നു. ആമിയും മഞ്ജുവും ഞാനും കാറിൽ കയറി നേരെ മാഷിന്റെ വീട്ടിലേക്ക് പോയി. മഞ്ജുവിനേറെ സന്തോഷം പകർന്നത് അവിടെ ടീച്ചർ ഉണ്ടാക്കി വെച്ചിരുന്ന നോൺവെജ്ജായിരുന്നു എന്നുവേണം പറയാൻ. ആമിയുടെ ഇഷ്ടം ടോണിമാഷിന്റെ ഇളയമകൾ അൽഫോൻസയെ ആയിരുന്നു. രണ്ടുപേരും പ്രായത്തിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ഏറെനേരം ഓടിയും ഒളിച്ചും ബഹളം വെച്ചുമൊക്കെ കളിച്ചു നടന്നു. അൽഫോൻസ ആമീസിന്റെ കുറേ ഫോട്ടോസ് എടുത്തിരുന്നു.. ടോണിമാഷും ഞാനും നിൽക്കുന്ന ഫോട്ടോയും അവളാണെടുത്തത്. ഒക്കെ ടോണിമാഷിനോട് ഒന്നു ചോദിച്ചു വാങ്ങിക്കണം. അവരുടെ ഓടിയും സ്റ്റെപ്പിൽ ഒളിച്ചിരുന്നുള്ള കളികളുമൊക്കെ കാണാൻ നല്ല രസമായിരുന്നു. ടോണിമാഷിന്റെ അച്ഛനോടുള്ള സംസാരമായിരുന്നു പിന്നീട് എന്നെ ഏറെ ആകർഷിച്ചത്. കുറച്ച് സമയം കൊണ്ട് കുറച്ചേറെ ചരിത്രം പറഞ്ഞു അദ്ദേഹം. ചുറ്റുവട്ടമൊക്കെ കറങ്ങിക്കാണാനൊന്നും തരപ്പെട്ടില്ല. ടീച്ചറും മഞ്ജുവും നോൺവെജ്ജ് സാധനം വറുത്തെടുക്കാൻ വൈകിയതു കാരണം കോട്ടയം വിട്ട് എറണാകുളത്തേക്ക് വരാനും വൈകി. കെ. എസ്. ആർ. ടി. സി. നോൺ സ്റ്റോപ്പിനാ കയറിയത്. വളരെ പതുക്കെയും പല സ്ഥലത്തും തടസ്സങ്ങളുമായി 2 മണിയോടെ എറണാകുളത്ത് എത്തി.

കൂടെ വരാൻ, അഗ്നിപുത്രൻ എന്നു ഫെയ്സ്ബുക്കിലും ഗൂഗിൾപ്ലസ്സിലും അറിയപ്പെടുന്ന ജസ്റ്റ്യൻ ഉണ്ടായിരുന്നു. അവൻ പാലാരിവട്ടത്തുള്ള കലണ്ടൈന്നിൽ ഒരു ദിവസം മുന്നേ തന്നെ റൂം ബുക്ക് ചെയ്തു കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ എത്തിച്ചേരാൻ 2 മണിയോടടുത്ത് ആയിരുന്നതിനാൽ തന്നെ ജസ്റ്റിൻ ഗൂഗിൾ പ്ലസ് കൂട്ടുകാരോടൊപ്പം കറങ്ങാനായി പോയിരുന്നു. വൈകുന്നേരം എടപ്പള്ളിയിലെ ലുല്ലുമാളിലേക്ക് പോയി. കഴിക്കാനുള്ള ഭക്ഷണപദാർത്ഥങ്ങളൊക്കെ അവിടുന്നു വാങ്ങിച്ചു. ആമീസിനു കളിക്കാൻ പറ്റിയ വിവിധങ്ങളായ റൈഡ്സിലും മറ്റും കേറി നിരങ്ങി എന്നും പറയാം. അവൾ ഏറെ ആസ്വദിച്ച ഒരു യാത്രയായിരുന്നു അത്. ജസ്റ്റിനും മഞ്ജുവും ഒക്കെ അല്പം വിറയലോടെ ഇരുന്നെങ്കിലും തൊട്ടറുത്ത് ജസ്റ്റ്യൻ ഇരിക്കുന്ന സംരക്ഷണബോധം ഉള്ളിൽ ഉള്ളതുകൊണ്ടായിരിക്കണം ആമീസിന് പേടി തോന്നിയതേയില്ല. ചിരിച്ചുകൊണ്ട് ചുറ്റും നോക്കി നന്നായി ആസ്വദിക്കന്നത് ഒരു വശത്ത് നിന്നിരുന്ന എനിക്കു കാണാമായിരുന്നു.

Manjusha Aathira Aatmika
മഞ്ജുഷ, ആത്മിക, ആതിര

പിറ്റേന്നായിരുന്നു ബിനാലേ മാഹാമഹമെന്ന പേരിൽ അറിയപ്പെട്ട സംഗതി കാണാൻ തീരുമാനിച്ചത്. കോട്ടയത്തു വർക്ക് ചെയ്യുന്ന ഇട്ടിമാളു അഗ്നിമിത്ര രാവിലെ തന്നെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽപ്പുണ്ടായിരുന്നു. രാവിലെ ആമീസ് എണീക്കാൻ വൈകിയതും അല്പം ഭക്ഷണം കഴിഞ്ഞാൻ വൈകിയതുമായ കാരണങ്ങൾ കൊണ്ട് ഇട്ടിമാളുവിന് ഒരുമണിക്കൂറോളം ഞങ്ങളെ കാത്തിരിക്കേണ്ടി വന്നു. നല്ല സുഹൃത്തായിരുന്നെങ്കിലും ഇട്ടിമാളുവിനെ ഞാനതുവരെ കണ്ടിരുന്നില്ല. ആദ്യമായി കാണുന്ന ഒരു ആകാംഷ എന്നിലും ഉണ്ടായിരുന്നു. തുടർന്ന് സൗത്ത് റെയിൽ‌വേ സ്റ്റേഷനു പരിസരത്തുള്ള ഉമ്മീസ് റെസ്റ്റോറന്റിൽ വെച്ച് എല്ലാവരും ചായ കഴിച്ചു. മഞ്ജുവിന്റെ കസിൻസായ ആതിരയും , രസ്നയും അപ്പോഴേക്കും അവിടെ കാത്തിരിപ്പുണ്ടായിരുന്നു. വീട്ടിലേക്കുള്ള യാത്ര ആയതിനാൽ അവരല്പം തെരക്കിലായിരുന്നു. ഒക്കെ കഴിഞ്ഞ് ഇട്ടിമാളുവിനേയും കയറ്റിവിട്ട് ഞങ്ങൾ ബിനാലെ ലക്ഷമാക്കി വണ്ടി വിട്ടു.

മുസിരിസ് ബിനാലെ

Aatmika Rajesh
ബിനാലെ ആസ്വദിക്കുന്ന ആത്മിക

ബിനാലെയെ കുറിച്ച് എന്തുപറയാൻ! കാണാൻ രസമുള്ളത് എന്തെങ്കിലും ആയിരിക്കും എന്നൊരു ധാരണയുണ്ടായിരുന്നു. പലപ്രാവശ്യമായി കേട്ടിരുന്ന കഥകളിൽ നിന്നും ഉരിത്തിരിഞ്ഞു വന്നതാവണം ഇത്. കലാബോധമൊക്കെ അല്പാല്പം ഉണ്ടെങ്കിൽ അത്യന്താധുനികമോ ആധുനികോത്തരമോ വലിയ ആനത്തലയോ ഒക്കെയായി ചിന്തിക്കാനൊന്നും എനിക്കറിയില്ല. കാണുമ്പോഴോ ചിന്തിക്കുമ്പോഴോ ഭംഗിയുള്ള എന്തിനെയും നന്നായി പ്രണയിക്കാനറിയുന്ന ആളാണു ഞാൻ എന്നും പറയാം. രണ്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ചിത്രരചനയോ കാവ്യരീതിയോ സംസാരം വരെയോ ഏറെ ഹൃദ്യമായി ആസ്വദിക്കാൻ മാത്രം ലളിതമാണെന്റെ കൗതുകങ്ങൾ. പക്ഷേ, അനന്തമായ ചാതുര്യഭംഗിയൊന്നും ആസ്വദിക്കാൻ എനിക്കാവാറില്ല എന്നതിന്റെ ഫലമായിരിക്കണം ബിനാലെ എന്ന മഹാമഹം നിരാശപ്പെടുത്താൻ ഇടയാക്കിയത്. കുറച്ചേറെ സംഗതികൾ കണ്ടു നടന്നു. ഒരു ചെറുകുറിപ്പ് പുറത്ത് തൂക്കിയിട്ടിട്ടുണ്ട് എന്നതല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ചിലതിന്റെയൊക്കെ ഫോട്ടോ എടുത്തുവെച്ചു. ലൈറ്റിങ് ഒക്കെ വെച്ചുള്ള പരിപാടികളിൽ ആമീസ് ആസ്വാദനം കണ്ടെത്താൻ ശ്രമിച്ചിരുന്നു എന്നത് മാത്രമാണെനിക്കു തോന്നിയ ഒരു രസം. പിന്നെ രസമായി തോന്നിയത് ബോട്ടിങായിരുന്നു. ഒത്തുചേർന്നുള്ള എല്ലാ യാത്രകൾക്കും ഒരു സൗന്ദര്യമുണ്ട്. അതൊക്കെ ആസ്വാദ്യവുമാണ്. ബിനാലെയെ കുറ്റം പറയുകയല്ല; കാണുന്നവരുടെ അഭിരുചി പോലെയിരിക്കും അത്. എന്റെ അഭിരുചി ഇങ്ങനെയൊക്കെ ആയിപ്പോയി. ബിനാലെയ്ക്കു മുന്നിൽ ഇരുന്ന് ഒരു സെൽഫി എടുത്തിരുന്നെങ്കിൽ “ഇതാ ബുദ്ധിജീവി“ എന്ന തലക്കെട്ടോടെ ഒരു ഫെയ്സ്ബുക്ക് സ്റ്റാറ്റസൊക്കെ ഇടാമായിരുന്നു എന്ന് പിന്നീട് തോന്നിയിരുന്നു. ഇതൊരു പൊതുവായ വിലയിരുത്തലല്ല; എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞുവെന്നേ ഉള്ളൂ.

RS 500 New Notesബിനാലെയ്ക്ക് രണ്ടുപ്രാവശ്യം ടിക്കറ്റ് എടുക്കേണ്ടി വന്നിരുന്നു. ഒരു ദിവസത്തെ പാസിന്, ഒരാൾക്ക് 100 രൂപയാണ്. പല കെട്ടിടങ്ങളിലായി നിരന്ന് നിൽക്കുകയാണ് ബിനാലെ. അതിനാവശ്യമായ ഒരു കുറിപ്പ് അവർ തരുന്നുണ്ട്. ഓരോ സ്ഥലത്തും കയറുമ്പോൾ പിന്നീട് അന്നേ ദിവസം അവിടേക്ക് കയറാതിരിക്കാൻ ടിക്കറ്റിൽ ആവശ്യമായ സ്ഥലത്ത് ഒരു ദ്വാരമിടാനും അവർ മറക്കുന്നില്ല. ഒരു സുഹൃത്ത് പാസൊക്കെ റെഡിയാക്കി തരമാന്ന് പറഞ്ഞിരിന്നെങ്കിലും വിളിച്ച് ശല്യം ചെയ്യേണ്ടതില്ല എന്ന് കരുതി ചോദിച്ചതേ ഇല്ലായിരുന്നു. ബിനാലെയ്ക്ക് പോയി വന്നശേഷം തോന്നിയിരുന്നു, അവന്റെ സഹായം കൊണ്ടുമാത്രം കണ്ടാൽ മതിയായിരുന്നു ഈ കലാപരിപാടിയെന്ന്. കാരണം മറ്റൊന്നുമല്ല, ടിക്കറ്റിനായി ഇത്രയും തുക ചെലവാക്കേണ്ടി വന്നില്ലല്ലോ എന്നെങ്കിലും സമാധാനിക്കാമായിരുന്നല്ലോ. ബിനാലെ കണ്ടു മടുത്തപ്പോൾ, സുഹൃത്തായ റോജി പാലയുടെ തൊട്ടടുത്തുള്ള ഡ്യൂ ഡ്രോപ്പ് കടയിലേക്കുപോവുകയായിരുന്നു. ആമീസിനും മഞ്ജുവിനുമായി അല്പം ഡ്രസ്സ് വാങ്ങിച്ച്, അവിടെ എം ജി റോഡിനടുത്തുള്ള പത്മാജങ്ഷനിൽ ഉള്ള ഹോട്ടൽ Seylon നിന്നും ഭക്ഷണവും കഴിച്ച് മടങ്ങുകയായിരുന്നു. ഭക്ഷണമൊക്കെ ചെമ്മീൻ ബിരിയാണിയായിരുന്നു. സംഗതി കിടിലൻ. ഹോട്ടലിൽ കയറും മുമ്പ് അവിടെ കണ്ടൊരു ATM ഇൽ കയറുകയുണ്ടായി. 500 ന്റെ നോട്ടുകളാണ് കിട്ടിയതൊക്കെയും. കേരളത്തിൽ പോയപ്പോഴൊന്നും ATM നും മുമ്പിൽ ക്യൂവുകകൾ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ATM എന്ന് എഴുതികാണുമ്പോൾ ശ്രദ്ധിക്കാൻ ഒരു തൃഷ്ണയുണ്ടായിരിന്നു. ക്യൂ കണ്ടത് എല്ലാം തന്നെ ബിവ്രേജുകൾക്ക് മുന്നിലായിരുന്നു എന്നതും പറയാതെ വയ്യ. പിറ്റേദിവസം ഒന്നാം തീയതിയായതുകൊണ്ടാവണം ഈ വലിയ ക്യൂ ഒക്കെയും കാണാൻ സാധിച്ചത്.

ഉബർ ടാക്സികൾ

Uber Taxi Ernakulam

യാത്ര മുഴുവനും ഉബർ ടാക്സികളിൽ ആയിരുന്നു എന്നത് ഏറെ നന്നായി തോന്നി. ഓട്ടോക്കാരോട് എനിക്ക് പണ്ടേ അല്പം ദേഷ്യം തന്നെയാണ്. സ്വയം വഞ്ചിക്കപ്പെടുന്നു എന്നുള്ള അറിവ് ഏറെ വേദനാജനകമാണ്. മീറ്റർ ഇട്ട് അവർ ഓടിക്കുകയാണെങ്കിൽ ആ തുകയെക്കാൾ അല്പം കൂടിയ ചാർജ് തന്നെ കൊടുക്കാൻ ഞാൻ സന്നദ്ധനാണ്, പക്ഷേ, എല്ലായിടത്തും ഉള്ള ഓട്ടോക്കാർക്ക് ഒരേ വികാരമാണ്; ഒരേ വിചാരമാണ് – ഇവരെ നന്നായി പറ്റിക്കണം എന്ന് മാത്രമാണത്. രണ്ടു കിലോമീറ്റർ ദൂരത്തേക്ക് ഇന്നലെ വരെയും 100 രൂപ കൊടുക്കേണ്ടി വന്നു എന്നതാണിവിടുത്തെ ഒരു വിന. മീറ്റർ ഇട്ടോടിക്കുന്ന ആരേയും കണ്ടിട്ടില്ല. ഉബർ വന്നത് നന്നായി എന്നു തന്നെ തോന്നാൻ കാരണം ഇതാണ്. വെറുതേ പണം കൊടുത്ത് കലഹിക്കാൻ മാത്രം മോഹമില്ലാത്തവനാണു ഞാൻ. ബാംഗ്ലൂരിൽ ഒല മാത്രമാണ് ഉപയോഗിക്കാറുള്ളത്. അടുത്ത സ്ഥലമെന്ന് തോന്നിയാൽ, മീറ്റർ ഉണ്ടെന്ന് പറയുകയും ചെയ്താൽ ഓട്ടോയിൽ കയറിപോകും. ഇന്നലെ സുഹൃത്ത് സുജിത്തിന്റെ വീട്ടിൽ പോയപ്പോൾ ഇതുമാതിരി പറഞ്ഞു പറ്റിച്ചാണ് ഒരാൾ ഞങ്ങളെ ഓട്ടോയിൽ കയറ്റിയതും… വർക്കുചെയ്യുന്ന കരിയർനെറ്റ് എന്ന കമ്പനിയുടെ ഒരു ക്ലൈന്റായി ഉബർ ഏറെ കാലം ഉണ്ടായപ്പോൾ അവർക്കുവേണ്ടി വർക്ക് ചെയ്തതൊക്കെ ഞാനായിരുന്നു എന്നൊരു നല്ലബോധവും ഈ സ്നേഹത്തിനു പിന്നിലുണ്ട്.

KRTC SCANIA MULTI AXLE BUS

എറണാകുളത്തു നിന്നും തിരിച്ച് ബാംഗ്ലൂർക്കുള്ള യാത്ര രാത്രി 8 മണിക്കായിരുന്നു. കെ. എസ്. ആർ. ടി. സി. വോൾവോ ബസ്സിൽ കയറിയപ്പോൾ തന്നെ ആമീസ് ഉറങ്ങിയിരുന്നു. ബൊമ്മനഹളിയിൽ പിറ്റേദിവസം ജനുവരി ഒന്നിന് രാവിലെ 7 മണിക്ക് ബസ്സിറങ്ങുമ്പോളാണ് അവൾ ഉണർന്നത്. ബസ്സ് യാത്ര നല്ലൊരു അനുഭവം തന്നെയായിരുന്നു. എറണാകുളത്ത് പോയി പലപ്പോഴും ബാംഗ്ലൂരേക്ക് ബസ്സുകളിൽ വന്നിട്ടുണ്ട്. ഒക്കെയും പ്രൈവറ്റ് ബസ്സുകളിൽ ആയിരുന്നു. സമയവും സന്ദർഭവും നോക്കി ചാർജിൽ മാറ്റം വരുത്തുന്നവാരണവർ. രണ്ടുകൊല്ലം മുമ്പ് കോട്ടയത്തു നിന്നും ബാംഗ്ലൂരിന് ബസ്സിൽ വന്നപ്പോൾ ഒരാൾക്ക് 1900 രൂപ അയിരുന്നു. ബസ്സ് എ.സി. ഒക്കെയാണെങ്കിലും ഇരിപ്പ് കഠിനമായിരുന്നു. കെ. എസ്. ആർ. ടി. സിയുടെ നല്ലൊരു ദൂരയാത്രയ്ക്ക് ഏറെത്തവണ വിധേയനായവൻ തന്നെയാണു ഞാൻ.  അഞ്ചാറു വർഷങ്ങൾക്ക് മുമ്പായിരുന്നു. നാലഞ്ചുമാസം അമ്മാവൻ ഹരികുമാർ ബാംഗ്ലൂരിൽ എന്നോടൊപ്പം താമസിച്ചിരുന്നു, നവരാത്രിക്കോ മറ്റോ ഒത്തിരി ലീവ് കിട്ടിയപ്പോൾ ഒരിക്കൽ നാട്ടിലേക്ക് വിട്ടു ഞങ്ങൾ.  കെ. എസ്. ആർ. ടി.-യിൽ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. അന്ന് കാസർഗോഡേക്കുള്ള ബസ്സുകൾ മൈസൂർ ബസ് സ്റ്റാന്റ് എന്നറിയപ്പെടുന്ന സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. രാത്രി 8:30 മണിക്കായിരുന്നു യാത്ര തുടങ്ങുക. ഞങ്ങൾ മഡിവാളയിൽ നിന്നും 5 മണിക്ക് തന്നെ യാത്രപുറപ്പെട്ടു. നല്ല മഴയും ഉണ്ടായിരുന്നു അപ്പോൾ. മജസ്റ്റിക്കിലേക്ക് 20 മിനിറ്റ് യാത്രയൊക്കെയേ ഉള്ളൂ; നവരാത്രി ആയതിനാൽ തിരക്ക് കൂടുമല്ലോ- അതുകൊണ്ടാണ് മുമ്പേ പുറപ്പെട്ടതായിരുന്നു. പക്ഷേ, മുടിഞ്ഞ തെരക്കായിപ്പോയി. 8 മണിയായി മജസ്റ്റിക്കിൽ തന്നെ എത്താൻ. അവിടുന്ന് ഞാൻ കെ. എസ്. ആർ. ടി. സി യെ വിളിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തോളാം എന്നു പറഞ്ഞു. അവർ കാരണം ചോദിച്ചപ്പോൾ ഞാൻ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവർ അപ്പോൾ തന്ന സൊലൂഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞങ്ങളെ കൂട്ടുവാനായി ആയി സാറ്റലൈറ്റ് ബസ്റ്റാൻഡിൽ നിന്നും മജസ്റ്റിക്കിലേക്ക് വന്നോളാം എന്നും അവിടെ സൈഡിൽ ഒരു അമ്പലത്തോട് ചേർന്ന് നിന്നാൽ മതിയെന്നും പറഞ്ഞു. അരമണിക്കൂർ ദൂരമേയുള്ളൂവെങ്കിലും ഒരുമണിക്കൂറിലേറെ സമയം അവർ എടുത്തിരുന്നു എത്തിച്ചേരാൻ. മഴയും, ഉത്സവത്തിന്റെ തിരക്കും, വെള്ളിയാഴ്ചയും ഒക്കെ ഒന്നുചേർന്നതാണു കാരണം. ബസ്സിൽ കേറിയപ്പോൾ ഒരു യാത്രക്കാരൻ ഡ്രൈവറെ ചീത്തവിളിക്കുന്നത് കേൾക്കാനിടവന്നു. റോഡറിയാത്ത ഡ്രൈവറിനെയൊക്കെ ബസ്സോടിക്കാനേല്പിച്ചാൽ ഇങ്ങെനെ വഴിതെറ്റി കറങ്ങും എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. അതുകേൾക്കാനിടവന്ന കണ്ടക്ടറുടെ സൗമ്യമായ പുഞ്ചിരി ഇന്നും മറക്കാനായിട്ടില്ല.

ഇതിന്റെ ഒരു തുടർച്ചയായി സുന്ദരമായി ഉറങ്ങിയ യാത്രയായിരുന്നു ഇതും. നല്ല സിനിമാഗാനങ്ങൾ ഏറെ രസിപ്പിച്ചിരുന്നു എന്നതും പറയാതെ വയ്യ. എല്ലാ പാട്ടുകളും മഞ്ജുവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇത്രമേൽ രസിപ്പിക്കുന്ന കളക്ഷൻ ഉണ്ടാവൻ തരമില്ല എന്നു തന്നെ കരുതുന്നു. ആ പാട്ടിൽ ലയിച്ചായിരിക്കണം ഉറങ്ങിയതുതന്നെ… അതുപോട്ടെ, ഇപ്പോൾ അധികം തെരക്കൊന്നും റോഡിൽ കണ്ടില്ല. മോഡിയുടെ നോട്ടുനിരോധനമാവുമോ പുതുവർഷാരംഭത്തിലും ഇങ്ങനെ മെയിൻ റോഡിനെ വിജനമാക്കാൻ പ്രേരിപ്പിച്ചതെന്നറിയില്ല. ഏഴെട്ടുകൊല്ലം മുമ്പ് ഇതുപോലെ ഇതേ ഡേറ്റിന് വയനാടേക്ക് ഒരു യാത്രപോയത് ഓർക്കുന്നു. എന്തൊക്കെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണന്ന് ഞങ്ങളെ വഴിനീളെ എതിരേറ്റത്! ഇതുമായി ബന്ധപ്പെട്ടു പറയാൻ പറ്റുന്ന കാര്യം വിക്കിപീഡിയ സംഗമോത്സവ വിവരങ്ങളാണ്. അതിനെ കുറിച്ച് വിശദമായി ഇവിടെ ഇതേ സൈറ്റിലും, കുറച്ചുകൂടെ വ്യക്തമായി മലയാളം വിക്കിപീഡിയയിലും കൊടുത്തിട്ടുണ്ട്. അതൊകൊണ്ടുതന്നെ ഇവിടെ കൂട്ടിച്ചേർക്കൽ വരുത്തുന്നില്ല. മൊത്തത്തിൽ സന്തോഷം പകരുന്ന യാത്രയായിരുന്നു ഒരാഴ്ചയിൽ നടന്നത് എന്നതായിരുന്നു പൊതുവായ കാര്യം.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights