ഭാഷാ സംഗമഭൂമിയാണു കാസർഗോഡ്. മലയാളത്തിനു പുറമേ ആറോളം ഭാഷകൾ വേറെയുണ്ട്, കൊങ്ങിണി, മറാട്ടി, കന്നട, തുളു, ബ്യാരി, ഉറുദു ഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ ഇവിടെ കാണാം. വൈവിധ്യവും വൈരുദ്ധ്യവും കലർന്ന സംസ്കാരങ്ങളുടെ കൂടിച്ചേരലാണിത്. സംസ്കാരം, സമന്വയം എന്നൊക്കെ പറഞ്ഞു പുളകം കൊള്ളാൻ വരട്ടെ, മറ്റു ജില്ലകളെ വെച്ചു നോക്കുമ്പോൾ വികസനകാര്യങ്ങളിൽ ഏറെ പിന്നിലാണ് കാസർഗോഡ് ജില്ല. തിരുവനന്തപുരത്തു നിന്നും നേതാക്കൾ വാഹനപ്രചരണ ജാഥയ്ക്ക് ഉദ്ഘാടനം നടത്താൻ വേണ്ടി എത്തുന്ന തലപ്പാടി മുതൽ ഇങ്ങോട്ട് യാത്ര ചെയ്താലറിയാം ആ ശോചനീയത. എല്ലാ ജില്ലകളിലെന്ന പോലെ എം. പിമാരെയും എം എൽ. എ മാരെയും ഞങ്ങളും ജയിപ്പിച്ചു വിടുന്നുണ്ട്. ഇവരൊക്കെ ഇത്രയും നാൾ എന്തു ചെയ്തു? വീണ്ടും ഒരു തെരഞ്ഞെടൂപ്പുവരികയണ്. 20 മണ്ഡലങ്ങളിൽ കാസർഗോഡ് അടക്കമുള്ള ഏഴോളം മണ്ഡലങ്ങളിൽ ഇക്കുറി പോരാട്ടം ശക്തമാവുകയാണ്. മൂന്നാം തവണയും മത്സരത്തിനിറങ്ങുന്ന പി. കരുണാകരൻ തന്നെയാണ് എൽ. ഡി. എഫിന്റെ സ്ഥാനാർത്ഥി. 2004 ഇൽ 108284 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കരുണാകരൻ ജയിച്ചുവന്നത്. എന്നാൽ 2009 ഇൽ ആ ഭൂരിപക്ഷം 64427 ആയി കുറഞ്ഞു. ഇപ്രാവശ്യം 10000 ത്തിൽ താഴേക്ക് അതു കുറഞ്ഞിറങ്ങും എന്നതിൽ യാതൊരു സംശയവും വേണ്ടതന്നെ. മത്സരം മുറുകും; LDF നോട് ഉടക്കി നിൽക്കുന്ന INL -ന്റെ സാന്നിദ്ധ്യം ഇവിടെ പ്രധാനമാണ്. INL കൂട്ടത്തോടെ മുസ്ലീം സ്ഥാനാർത്ഥിയായ കോൺഗ്രസ്സ് സ്ഥാനാർത്ഥി സിദ്ധിക്കിനായിരിക്കും ഇപ്രാവശ്യം വോട്ടു ചെയ്യുക. ജില്ലയിൽ അടുത്തകാലത്ത് ഏറിവരുന്ന മതധ്രുവീകരണം INL, BJP, IUML തുടങ്ങിയ പാർട്ടികളെ ശക്തിപെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി നേതാവായ ശ്രീ. അമ്പലത്തറ കുഞ്ഞികൃഷ്ണൻ AAP യുടെ സ്ഥാനാർത്ഥിയായി രംഗത്തുള്ളതും സ്വതന്ത്രന്മാർ ഏറെ ഉള്ളതും നോട്ട വന്നതും മത്സരത്തെ പിടിച്ചുലയ്ക്കും; പക്ഷേ അതിലുമപ്പുറം ചിലതൊക്കെ പറയേണ്ടതുണ്ട്. ഹൃദയപക്ഷമായ ഇടതുപക്ഷത്തെ പതുക്കെ പറിച്ചുമാറ്റുകയാണിവിടെ; ആ പറിച്ചു മാറ്റലിന്റെ ഫലമാവും ഈ തെരഞ്ഞെടുപ്പ് ഫലം.
കാസർഗോഡിന്റെ ഇന്നത്തെ അവസ്ഥ മറ്റു ജില്ലകളിൽ നിന്നും ഏറെ വ്യത്യസ്ഥമാണ്. വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത നിരവധി മേഖലകൾ, മലയോരങ്ങൾ കാസർഗോഡിനു സ്വന്തമായുണ്ട്. ഒട്ടേറെ കോളനികൾ ഉള്ള കാസർഗോഡിന്റെ മണ്ണിലൂടെ നടന്നു നോക്കിയാൽ കാണാവുന്നത് നരകതുല്യമായ ജീവിത ചക്രമാണ്. തുണികൊണ്ടു മറച്ച കൂരകളിലാണ് മിക്കവരും ഇവിടങ്ങളിൽ അന്തിയുറങ്ങുന്നത്. മാറാരോഗങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ കാസർഗോഡിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. ഇത്തരം രോഗികളെ വെച്ച് വിലപേശി ജയിച്ചുപോയ ജനപ്രതിനിധികൾ ഏറെയാണ്. എൻഡോസൾഫാൻ കീടനാശിനി പ്രയോഗം കൊണ്ട് വിചിത്രങ്ങളായ രോഗങ്ങൾ ബാധിച്ചവർ നിരവധിയാണിവിടെ എന്നകാര്യം ഏവർക്കുമറിയാം. ഇവർക്ക് വേണ്ടിയെന്നോണം പല പദ്ധതികളും ജില്ലയിൽ നടപ്പാക്കിയിട്ടുണ്ട്, എന്നാൽ അതൊക്കെ ചില മധ്യവർത്തികളും അനർഹരും കൈക്കലാക്കുന്ന സുന്ദരകാഴ്ചയാണു പിന്നീട് കാണാനാവുക. കൃത്യമായി ഫോളോആപ്പില്ലാതെ ലക്ഷക്കണക്കിനു രൂപയാണ് ഇങ്ങനെ അർഹതയില്ലാത്ത കൈകളിൽ എത്തിച്ചേർന്നത്. കൃത്യമായ ഒരു രാഷ്ട്രീയം ഇതിന്റെ പിന്നിൽ ഉണ്ടെന്നു കാണാനാവും.
മാണിസാറെങ്ങാനും ഇങ്ങ് വടക്ക് കാസർഗോഡ് ജനിച്ചിരുന്നെങ്കിലെന്ന് ഞങ്ങൾ വെറുതേ ആഗ്രഹിച്ചു പോവാറുണ്ട്; കണക്കു പറഞ്ഞു കാര്യം നേടുന്ന തെക്കൻ കമ്മ്യൂണിസ്റ്റിലേതെങ്കിലും ഒരുവൻ ഇവിടെ വന്നു പിറന്നിരുന്നെങ്കിലെന്ന് ഞങ്ങൾ ആഗ്രഹിക്കാറുണ്ട്!! അങ്ങനെയെങ്കിൽ, ഒരിക്കലും പൊട്ടാത്ത മുല്ലപ്പെരിയാറിന് മാണിസാർ ഒരിക്കലും കോടികൾ വകയിരുത്തില്ലായിരുന്നു!! പേരിനുപോലും ഗതാഗത സൗകര്യമില്ലാത്ത ആദിവാസി കോളനികളിലേക്ക് ഞങ്ങൾക്കൊരു ചെമ്മണ്ണുപാതയെങ്കിലും ലഭിച്ചേനെ!!
കമ്മ്യൂണിസ്റ്റ് ഭരിച്ചാൽലും കോൺഗ്രസ്സുഭരിച്ചാലും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരേയും തങ്ങൾക്കിഷ്ടപ്പെടാത്തവരേയും പണിഷ്മെന്റ് ട്രാൻസ്ഫർ ചെയ്യിക്കാനായി ഒരുക്കിവെച്ചിരിക്കുന്ന ഒരു ജയിലറയാണെന്നും കാസർഗോഡ്! അവിടെ വികസനങ്ങൾ പാടില്ല! നരഗതുല്യമായ അനുഭവങ്ങൾ ഈ ഉദ്യോഗസ്ഥർക്ക് ഇവിടെ നിന്നും കിട്ടേണ്ടിയിരിക്കുന്നു!! പണ്ടൊക്കെ അന്തമാനിലേക്കോ മറ്റോ ബ്രിട്ടീഷുകാർ നാടുകടത്തുമായിരുന്നു! അതുപോലെയാണു ഭരണതന്ത്രം കാസർഗോഡിനെ പരിഗണിക്കുന്നത്.
എൻഡോസൾഫാന്റെ ഇരകൾ ഇപ്പോഴും ഇവിടെ നരകയാതന അനുഭവിക്കുന്നു! കണ്ടുതന്നെയറിയണം ആ കഷ്ടപ്പാടുകൾ! വികസനത്തിന്റെ ആദ്യാക്ഷരങ്ങൾ കൂടി കാണാത്ത നിരവധി കോളനികൾ! നട്ടല്ലുതകർന്നുപോയ കർഷകർ! നിരാശയുടെ ദൈന്യത പേറിയ കടലോരങ്ങൾ! ഇഷ്ടം പോലെ ഭൂമിയിവിടെ ലഭ്യമാണ്. എങ്കിലും ഒരു വ്യവസായവും ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ പോലും തുടങ്ങിയിട്ടില്ല; ആകെയൊന്നു തുടങ്ങിയത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ്. പെട്രോ കെമിക്കൽസ്, ഐ.ടി. പാർക്ക്, താപ വൈദ്യുതനിലയം എന്നൊക്കെ പറഞ്ഞ് നിരവധി പ്രോജക്റ്റുകൾ പേപ്പറിലും തറക്കല്ലിലുമായി കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കേവലം ഒരു പാർട്ടിയുടെ വെറും കുത്തകമണ്ഡലമായി മാറുന്നതിനാലാവാം വികസനം ഞങ്ങൾ പറയുന്നതൊക്കെ മതിയെന്ന ഭാവമാണ് വേണ്ടപ്പെട്ടവർക്ക്! പാർട്ടിസ്നേഹം കൊണ്ട് കണ്ണുമൂടിക്കെട്ടിയ ഗ്രാമങ്ങൾ കാസർഗോഡിനും സ്വന്തമായുണ്ട്. വിധേയത്വഭാവം വെടിഞ്ഞ ചിന്താശേഷിയുടെ ചെറുധാരകൾ പ്രത്യാശയുടെ വെള്ളിവെളിച്ചം നൽകുന്നുണ്ട്- ഒരിക്കൽ അവർ തിരിച്ചറിയുകതന്നെ ചെയ്യും. പ്രതികരണം പ്രതികാരമായി ആഞ്ഞടിക്കുക തന്നെ ചെയ്യും.
എം. പി. ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ച കേരളത്തിലെ എം. പി. മാരിൽ പ്രഥമസ്ഥാനക്കാരിലൊരാളാണ് പി. കരുണാകരൻ! പക്ഷേ, ആ ചെലവഴിക്കൽ ഉദ്ദേശിച്ച ഫലം ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. കരുണാകരൻ എം. പി. ആയി കേറിയ വർഷമോ മറ്റോ പണി തുടങ്ങിയ രണ്ട് മേൽപ്പാലങ്ങൾ മണ്ഡലത്തിൽ കഴിഞ്ഞ വർഷം പൂർത്തിയാക്കിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഒന്നും രണ്ടുമല്ല 200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞത്രേ!! എതൊക്കെ ഏതൊക്കെ രീതിയിലാണ് ചെലവായി പോയതെന്ന് കണ്ടറിയണം! ദുരിതബാധിതർ ഏതോ പൂർവ്വജന്മശാപം പോലെ അതും പേറി നടക്കുന്നു! അവർ പട്ടിണി കിടന്ന് സമരം ചെയ്യുന്നു!. 128 കോടി രൂപയുടെ റോഡു വികസനമാണത്രേ ജില്ലയിൽ എം.പി. ഫണ്ടുപയോഗിച്ച് ചെയ്തത്!! കാസർഗോഡ് ജില്ലയിൽ ദേശീയപാത 4 വരിയാക്കലിന്റെ സ്ഥലമെടുപ്പു പോലും നടന്നിട്ടില്ല എന്നത് വേറെ കാര്യം! ഇനിയും ഗതാഗതസൗകര്യമില്ലാത്ത നിരവധി മലമേഖലകളും അവിടെയൊക്കെ നിരവധി കോളനികളും ഉണ്ട്! ജില്ലയിൽ വേണ്ടത്ര കോളേജുകളില്ല; സ്കൂളുകൾ ഇല്ല; എഞ്ചിനിയറീങ് സ്ഥാപനങ്ങളില്ല; ആശുപത്രികൾ ഇല്ല… പാണത്തൂരുള്ള ഒരു പെണ്ണിനു പ്രസവിക്കണമെങ്കിൽ 50 കിലോമീറ്റർ ബസ്സിൽ സഞ്ചരിച്ച് കാഞ്ഞങ്ങാട് ഗവണ്മെന്റാശുപത്രിയിൽ വരണം!!
കേന്ദ്രസർവ്വകലാശാല ഈയടുത്ത് ജില്ലയിൽ വന്നു – എന്നാൽ അതിനെ എൻഡോസൾഫാന്റെ പേരും പറഞ്ഞ് തെക്കൻ ജില്ലകളിലേക്ക് മാറ്റാനായി നടത്തിയ ശ്രമങ്ങൾ ചില്ലറയൊന്നുമല്ല! അതിലെ പല ഡിപ്പാർട്ടുമെന്റുകളും കൊല്ലം കോട്ടയം പത്തനം തിട്ട ജില്ലകളിലേക്ക് അടര്‍ത്തി മാറ്റി കൊണ്ടിരിക്കുകയാണിപ്പോൾ. അവസാനം ശേഷിക്കുന്നത് എന്തെന്ന് കണ്ടറിയണം! ഇങ്ങനെ ഒരു സാധനം കാസര്‍ക്കോട്ട് വന്നത് തന്നെ അറിയാത്ത മട്ടിലാണ് അവിടെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ എല്ലാം തന്നെ! മെഡിക്കല്‍ കോളേജ് (അതിന്റെ അവസ്ഥ എന്തായി എന്ന് മന്ത്രി മുഖ്യന് മാത്രമേ അറിയൂ) എഞ്ചിനീയറിംങ് കോളേജ്, തുടങ്ങി കൊണ്ടുപോകാൻ ഇനിയും ഏറെ സംഗതികൾ ബാക്കിയുണ്ട്! ഇതിനെതിരെ ശക്തമായി ഒന്നു പ്രതികരിക്കാൻ പോലും കാസർഗോഡുള്ള നിലവിലെ എം. എൽ. എ മാരോ എം. പി.യായ ശ്രീ. പി. കരുണാകരനോ തയ്യാറായതായി അറിവില്ല!!
എല്ലാ തെരഞ്ഞെടൂപ്പിലും ഉയർന്നു കേൾക്കുന്ന നിലവിളികൾ എൻഡോസൾഫാൻ ബാധിതരുടേതാണ്. ഇപ്രാവശ്യം അവരുടെ നിലവിളികൾക്ക് ശക്തിയേറുന്നു! എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി നേതാവായ ശ്രീ. കുഞ്ഞികൃഷ്ണേട്ടൻ മത്സരരംഗത്തുണ്ട്. തകർത്തെറിയപ്പെട്ട ഒരു സമൂഹത്തിന്റെ വേദനയിൽ പിറന്ന സംഘടനയാണിത്. പലവഴിവന്ന് ചൂഷണം ചെയ്ത നിരവധി രാഷ്ട്രീയ മുഖങ്ങൾ ഈ പീഢിതർക്കു മുന്നിൽ ഉണ്ട്. അവർക്കെതിയെ ശക്തമായ താക്കീതായി മാറാൻ അമ്പലത്തറ കുഞ്ഞികൃഷ്ണേട്ടനു പറ്റണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരാളാണു ഞാൻ. ഈ ഇരകളുടെ വേദന എത്രമാത്രം പരിഗണന അർഹിക്കുന്നുവെന്നെങ്കിലും മനസ്സിലാക്കാൻ ഈ തെരഞ്ഞെടുപ്പ് ഉപകരിക്കണം! അവരുടെ അവകാശങ്ങൾ അവർക്കു കിട്ടേണ്ട ധനസഹായം തട്ടിയെടുത്തതിനെ പറ്റി, അവരെ വെച്ച് വിലപേശി വാങ്ങിച്ച നഷ്ടപരിഹാര തുകയ്ക്ക് വേണ്ടി അവർ ഒന്നു ചേരുമെന്നു കരുതുന്നു! ദുരിതബാധിതർക്കിടയിലെ ശക്തിസാന്നിദ്ധ്യമായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്ന സാമൂഹ്യപ്രവർത്തകൻ ഉയർത്തുന്ന രാഷ്ട്രീയം ഇവിടെ ചർച്ചയാവണം. കേവലം 5000 വോട്ടുപോലും തികയ്ക്കാൻ AAP ന്റെ ഈ സ്ഥാനാർത്ഥിക്ക് ആവില്ല എന്നറിയാം, എങ്കിൽ കൂടി കുഞ്ഞികൃഷ്ണേട്ടനു ലഭിക്കുന്ന ഓരോ വോട്ടും ഒത്തിരി ജീവിതം ഉരുകിവാർന്ന വേദനയുടേതാവും!!
നമുക്കോരോരുത്തർക്കും ചിന്തിക്കാം! നമ്മുടെ നാടിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം നമ്മൾ തന്നെയല്ലേ! രാഷ്ട്രീയക്കാരന്റെ കുബുദ്ധിക്കുമുന്നിൽ വിശ്വാസമർപ്പിച്ച് നമുക്കിതുവരെ കിട്ടിയതെന്താണ്? മോഹന വാഗ്ദാനങ്ങളിൽ ഇപ്രാവശ്യമെങ്കിലും വശംവദരാകാതിരിക്കാം! നമ്മൾ ഓരോരുത്തരും ചൂലെടുത്തിറങ്ങേണ്ടിയിരിക്കുന്നു.