Skip to main content

കടാങ്കോട്ട് മാക്കവും മക്കളും

കടാങ്കോട്ട് മാക്കവും മക്കളും - Makkavum makkalum
കടാങ്കോട്ട് മാക്കവും മക്കളും – ഫോട്ടോ ജിതിൻ കൃഷ്ണ

മാക്കവും മക്കളും കവിത

കോലത്തുനാട്ടിലേ തമ്പുരാൻമാർ
ചേലോടെ നാടുവാണിടും കാലം,

ശ്രീ കുഞ്ഞിമംഗലമെന്ന നാട്ടിൽ
കടാങ്കോടെന്നൊരു നായർവീട്ടിൽ

ഏറിയവർഷങ്ങൾക്കപ്പുറത്ത്
ഉണ്ടായൊരു പെണ്ണുണിച്ചെറിയ,

ഒമ്പതാമത്തെ വയസ്സവൾക്ക്,
മുക്കൻകുറ്റിവീട്ടിൽ കുഞ്ഞിക്കോമൻ,

ഏഴണപ്പുടവ കൊടുത്തവൾക്ക്
വല്ലഭനായി കഴിഞ്ഞീടുമ്പോൾ,

ആടലില്ലാതെ വസിക്കും കാലം
പെറ്റുതുടങ്ങിയിയുണിച്ചെറിയ,

പന്ത്രണ്ട് പെറ്റവൾ, പെറ്റതെല്ലാം
ആണ്‍മക്കളായി പിറന്നതിനാൽ

പെണ്‍മകളൊന്നു ജനിക്കുവാനായ്
പാരംകൊതിച്ചന്നുണിച്ചെറിയ,

തിങ്കൾക്കലാധരപ്രീതിക്കായി,
തിങ്കളാഴ്ചവ്രതം നോറ്റുപോലും,

ഏകാദശിയും ദുവാദശിയും,
ഏകാഗ്രതയോടെ നോറ്റതിനാൽ,

ശ്രീമഹാദേവൻ കരുണകാട്ടി,
ശ്രീമതി ഗർഭം ധരിച്ചു വീണ്ടും,

ചേർച്ചകൾ നേർച്ചകൾ നോറ്റവള്,
ഓർച്ചയിലിങ്ങനെ ചിന്തചെയ്തു,

ഈ ജനിച്ചീടുന്ന സന്തതിയാൾ
ഒരു കൊച്ചുപെണ്ണായ് ഭവിച്ചുവെന്നാൽ,

വീരചാമുണ്ഡി തിരുനടയിൽ,
വെള്ളിവിളക്കൊന്നാരുക്കി വെക്കാം,

പറശിനി മുത്തപ്പനീശ്വരന്,
ഊട്ടും വെള്ളാട്ടും കഴിപ്പിച്ചീടാം,

തൃച്ചംമ്പരത്തൊരു നെയ്പായസം,
തൃപ്രയാറപ്പനു പാൽപായസം,

ചെറുകുന്നിൽ അന്നപൂർണേശ്വരിക്ക്,
ചെന്നു നിവേദ്യം കഴിപ്പിച്ചോളാം,

മാടായിക്കാവിലെൻ പൊന്നമ്മയ്ക്ക്,
കോഴിയെ വെട്ടി കലശം വെക്കാം,

കടലായിവാഴുന്നൊരുണ്ണികൃഷ്ണ-
ന്നരയിലരഞ്ഞാണം ചാർത്തിച്ചീടാം,

തളിപ്പറമ്പത്തൊരു നെയ്യമൃതും,
കാഞ്ഞിരങ്ങാട്ടൊരു നെയ് വിളക്കും,

പൂമാലക്കാവിൽ ഭഗവതിക്ക്,
പൊന്നിൻ പൂമാലയണിയിച്ചോളാം,

ഇത്തരം നേർച്ചകൾ നേർന്നവള്,
അത്തലില്ലാതെ കഴിയും കാലം,

മാസങ്ങൾ നീങ്ങിക്കഴിഞ്ഞവൾക്ക്,
ഒമ്പതുമാസം കഴിഞ്ഞു പോയീ,

പത്തും കഴിഞ്ഞു, പത്താം ദിവസം,
പത്തുവിനാഴിക ചെല്ലും നേരം,

ഒത്തൊരു നല്ല മുഹൂർത്തം തന്നിൽ,
പെറ്റവൾ നല്ലൊരു ബാലികയേ…

പത്തനം തന്നിൽ പരലസിച്ചു,
തത്തിക്കളിച്ചവൾ പൊന്നുമോള്,

പെണ്‍കുഞ്ഞാണെന്നുള്ള വാർത്തകേട്ടു,
പാരിച്ചോരാമോദാൽ കുഞ്ഞിക്കോരൻ,

ദാനധർമ്മാദികൾ വേണ്ടുമ്പോലേ,
സമ്മാനദാനവും നിർവ്വഹിച്ചു,

അന്നവസ്ത്രാദികളാഭരണം,
ആദരവോടെ കഴിച്ചുവേഗം,

താലോലിച്ചേറ്റം വളർത്തിയമ്മ,
ഓമനിച്ചാങ്ങളമാരും നോക്കി,

ജ്യോത്സ്യരെ വേഗം വരുത്ത്യവര്,
ജാതകം നന്നായെഴുതിപ്പിച്ചു,

കുഞ്ഞിമാക്കമെന്നോമനപ്പേർ
കുഞ്ഞിന്നായെന്നു വിളിച്ചവര്,

ഒരു കുന്നിലന്നൊരു പന്നിപോലെ
അരുമയിലന്നു വളർന്നു മാക്കം,

ആനന്ദമോടെ കഴിയും കാലം,
ആണ്‍മക്കൾ തന്നുടെ കല്യാണങ്ങൾ,

ആമോദമോടെ കഴിപ്പിച്ചച്ഛൻ,
സാമോദം ഭാര്യമാർ നാമമോതാം,

മൂത്തവനാം കുഞ്ഞിക്കോമനുടെ,
ഭാര്യക്കു കുഞ്ഞാതിയെന്നു നാമം,

രണ്ടാമനാകുമാ കുഞ്ഞമ്പുന്റെ,
പെണ്ണിന്റെ പേരല്ലോ കുംഭയെന്ന് ,

രയരപ്പവനവൻ മൂന്നാമൻറെ,
ഭാര്യ കുഞ്ചാറയെന്നു നാമം,

നാലാമൻ കണ്ടന്ന് പാട്ടിപ്പെണ്ണ്,
ചീരുപ്പെണ്ണഞ്ചാമനപ്പണ്ണക്കല്ലോ,

ആറാമൻ കണ്ണന്നൊരുമ്മാച്ചയും,
ഏഴാമൻ ചാത്തൂന് കുഞ്ഞാണിയും,

എട്ടാമൻ പാപ്പന്ന് കുഞ്ഞിക്കുങ്കി,
ഏതിലും ചൊവ്വുള്ള പെണ്ണാകുന്നു,

ഒമ്പതാമൻ കുഞ്ഞിക്കോരനുടെ,
പെണ്ണല്ലേ കുഞ്ഞമ്മയെന്നവര്,

പത്താമനാകുമാ കുഞ്ഞപ്പക്ക്,
ഉത്തലയെന്നൊരു പെണ്ണാകുന്നു,

പതിനൊന്നാമനാകുമപ്പൂട്ടി തൻ
പത്നിതൻ പേരു വാടിയെന്നും,

പന്ത്രണ്ടാമനാകും കുട്ടിരാമൻ,
ചിന്നാണിപ്പെണ്ണിനും താലികെട്ടി,

ഇങ്ങനെ പന്ത്രണ്ട് ആങ്ങളാരും,
പത്നിമാരോടും കടാങ്കോട്ടുള്ള,

ഉത്തമപുത്രിയാം മാക്കത്തോടും,
ഒത്തുരസിച്ചു വസിക്കും കാലം,

മാക്കത്തിനഞ്ചു വയസ്സായപ്പോൾ,
വെക്കമെഴുത്തിനിരുത്തിയവര്,

ആങ്ങളമാരവരൊത്തു ചേർന്നു,
അങ്കക്കളരിയിൽ ചെന്നവര്,

കളരിപ്പയറ്റും പഠിച്ചു നന്നായ്,
കേളിയേറും പടനായകരായ്,

കുട്ടിമാക്കവും പഠിച്ചുയർന്നു,
കൂട്ടുകാരൊത്തു കളിക്കും കാലം,

അന്നൊരു പൂരക്കാലത്തിൽ മന്ദം,
അമ്മയോടായിപ്പറഞ്ഞു പെണ്ണ്,

ഇക്കാലം വന്നൊരീ പൂരം നോമ്പ്,
നോക്കുവാനാശയെനിക്കെൻറെമ്മേ,

ആശയുണ്ടെങ്കില് നോറ്റോ മോളേ,

ഈശ്വരപ്രാർഥന ചെയ്തോ മോളേ,

പൂരവും നന്നായ് നോക്കി മാക്കം,
പൂക്കളു നന്നായ് വരച്ചു മാക്കം,

കാമനെ നന്നായ് കുറിച്ചുവച്ഛൻ,
കേമത്തിൽ സദ്യയൊരുക്കിയമ്മ,

പൂരട ചുട്ടുവിളമ്പിയവര്,
പൂമ്പാണന്തന്നെ നമസ്കരിച്ചു,

കാമനെ നന്നായയച്ചു പെണ്ണ്,
കൂട്ടുകാരൊത്ത് കളിച്ചു പെണ്ണ്,

അന്നൊരു നാളിൽ കളിച്ചീടുമ്പോൾ,
അച്ഛൻറെ നേരെ മരുമകനാം,

കുട്ടിനമ്പറെന്ന കുട്ടിയോട്,
പുന്നാരത്തോടെ പറഞ്ഞു മാക്കം,

ചുക്കും ചൊറിയും പിടിച്ച നീയും,
എന്നോടൊപ്പമൊന്നും കളിച്ചിടേണ്ട,

എന്നും പറഞ്ഞവൾ കുഞ്ഞിമാക്കം,
നന്നായ് പരിഹാസം ചെന്നതിനാൽ,

വേദനയോടെ നടന്നു നമ്പർ,
സാദരം അമ്മായി തൻ അരികിൽ,

ചെന്നുകരഞ്ഞു പറയും നേരം,
വേഗത്തിൽ ചോറ് കൊടുത്തമ്മായി,

ഒന്നുണ്ട് കേൾക്കണം കുട്ടിനമ്പ്രേ,
എന്നും കളിച്ചു നടന്നാൽ പോരാ,

കേളിപൊരുത്തൊരു നായർവീട്ടിൽ,
വന്നുപിറന്നൊരാണ്‍മക്കളെല്ലാം,

അങ്കക്കളരിയിൽ ചേർന്നിടേണം,
അങ്കപ്പയറ്റും പഠിച്ചിടേണം,

ആ വാക്കു കേട്ടൊരു കുട്ടിനമ്പർ,
അങ്കക്കളരിയിൽ ചേർന്നു വേഗം,

ആയുധവിദ്യ പഠിച്ചുയർന്നു,
ആയോധനത്തിൽ മിടുക്കനായി,

കുഞ്ഞുമാക്കം വളർന്നുവേഗം,
കുഞ്ഞിക്കളിവിട്ടു യവ്വനമായ്,

മാനവും വന്നു മിഴിയിണയിൽ,
നാണവും വന്നു കഴിഞ്ഞവൾക്ക്,

നീണ്ടുചുരുണ്ട് മുടിവളർന്നു,
കാണുന്നോർക്കേറ്റം ഭ്രമം വളർന്നു,

പഞ്ചമിച്ചന്ദ്രനും തോറ്റോടുന്ന,
പുഞ്ചിരിക്കൊള്ളും മുഖാംബുജത്തിൽ,

മുല്ലപ്പൂമൊട്ടുകളെന്നപോലെ,
പല്ലുകൾ നന്നായ് നിരന്നു നിന്നു,

താമരക്കണ്ണിണക്കോണുകൊണ്ട്,
തൂമകലർന്നൊരു നാണത്തോടെ,

നോക്കും മിഴിയൊന്നു തട്ടുവാനായ്,
ലാക്കുകൾ നോക്കും പുരുഷവർഗം,

അങ്ങനെയുള്ളൊരു കാലത്തിങ്കൽ,
പൊങ്ങിന മോദാലുണ്ണിചെറിയ,

മക്കളെയൊക്കെ വിളിച്ചരികിൽ,
മുമ്പിലിരുത്തി പറഞ്ഞുവമ്മ,

കടാങ്കോട്ടോമന പൊൻമക്കളേ,
കേളിയും കീർത്തിയും കൊണ്ടവരേ,

നിങ്ങളെ നേർപെങ്ങൾ മാക്കത്തിനു,
പ്രായമിതൊമ്പതും തേഞ്ഞവൾക്ക്,

പൊടമുറി വേഗം കഴിപ്പിക്കേണം,
കല്യാണത്താലിയണിയിക്കേണം,

അതിനൊന്നും തന്നെ മുടക്കമില്ല,
ബന്ധുവീടൊന്നമ്മ കണ്ടിടേണം,

മുക്കം കുറ്റി വീട്ടിൽ കുട്ടിനമ്പർ,
നിങ്ങടെ മച്ചുനൻ കുട്ടിനമ്പർ,

നമ്പറെ കൊണ്ടു കഴിപ്പിക്കണം,
മാക്കത്തിനൊത്ത വരനവനും,

ആ വാക്ക് കേട്ടോരു മക്കളെല്ലാം,
ആ, യെന്നനുവാദം മൂള്യവര്,

ജാതകം നന്നായ് നോക്യവര്,
നാളും കുറിച്ചവർ നിശ്ചയിച്ചു,

മാലോകർക്കാകെയെഴുത്തയച്ചു,
കല്യാണപന്തലൊരുക്കി വേഗം,

പന്തൽ വിതാനം പൊടിപൊടുത്തു,
ചന്തത്തിൽ മണ്ഡപം തീർത്തുടനെ,

മെല്ലെയാ നല്ല സുദിനം തന്നിൽ,
മാലോകരൊക്കെയും വന്നുചേർന്നു,

പന്തൽ മംഗലത്തിൻ വട്ടം കൂട്ടി,
ചന്തത്തിൽ ദീപം കൊളുത്തി വച്ചു,

കർപ്പൂരം കത്തിയെരിഞ്ഞു നന്നായ്,
താമ്രാണിധൂപം പറന്നു വാനിൽ,

പഞ്ചവാദ്യങ്ങളുയർന്നു വിണ്ണിൽ,
തഞ്ചത്തിൽ ഭാരതം ചൊല്യവര്,

മംഗളമേകുമാ നൻമുഹൂർത്തേ,
മംഗല്യഹാരമണിഞ്ഞവര്,

മംഗല്യപന്തലിൽ വെച്ചു നമ്പർ,
കല്യാണഗാത്രിക്കു താലികെട്ടി,

സദ്യകഴിഞ്ഞു പിരിഞ്ഞെല്ലാരും,
അന്നന്തിയൊപ്പം കഴിച്ചവര്,

പിറ്റേന്നു നേരം പുലർന്നനേരം,
പുന്നാരസൂര്യനുദിച്ച നേരം,

താമേളങ്ങളാലൊത്തു ചേർത്തു,
കാന്തന്റെ വീട്ടിലേക്കായിറങ്ങി,

അപ്പോഴേ പൊട്ടിക്കരഞ്ഞു മാക്കം,
കൂടെകരയുന്നുണ്ടാങ്ങളാരും,

അതുതാനെ കണ്ടൊരാ പെററൊരമ്മ,
ഒന്നുണ്ട് കേൾക്കണം പൊൻമകളേ,

പെണ്ണായ് ജനിച്ചാലൊരാണു വേണം,
കൂട്ടിന്നൊരാണായാൽ പെണ്ണുവേണം,

ദൈവത്തിൻ നിശ്ചയമങ്ങിനെയെ-
നോതികൊടുത്തുവാ പെറ്റൊരമ്മ,

അതുപോലെ കേട്ടോരു മാക്കത്തിൻ,
ഉൾതാപമൊട്ടു ശമിച്ചു വന്നു,

ആങ്ങളമാരുടെ പാദം തന്നിൽ,
ആദരവോടെ നമസ്കരിച്ചു,

പെറ്റമ്മയേയും വണങ്ങി മാക്കം,
അച്ഛൻറെ തൃപ്പാദം തന്നിൽ വീണു,

നാത്ത്വൻമാരേവും ചമഞ്ഞൊരുങ്ങി,
കാന്തൻറെ വീട്ടിലായെത്തും നേരം,

ദീപം നന്നായ് കത്തിച്ചമ്മ,
മക്കളെ വേണ്ടപോലാധരിച്ചു,

പുഞ്ചനെല്ലരി ചോറിനാലും,
മുഞ്ചുള്ളോരഞ്ചു കറികളാലും,

മൂന്നുവിധത്തിൽ പ്രഥമനോടും,
മൂന്നാലുകൂട്ടം വറുത്തുപ്പേരീ,

,പാലടയുണ്ട്, പഴംനുറുക്കും,
പാകത്തിൽ വാർത്തുള്ള നെയ്യപ്പവും,

മൃഷ്ടാന്നമായിട്ടോരുക്കി വച്ചു,
സദ്യകളെല്ലാം പൊടിപൊടുത്തു,

വെറ്റിലക്കെട്ടും കഴിച്ചവര്,
വാത്സല്യത്തോടെ തിരിച്ചവര്,

എത്തീ കടാങ്കോട് വീട്ടിൽ വന്നു,
ഭർത്താക്കളോടും സുഖിച്ചു മേവി,

അമ്മയോരു നാൾ വിരുന്നു പോയീ,
അമ്മാവൻ വീട്ടിലായ് താമസിച്ചു,

അന്നൊരു നാളിലാ കുഞ്ഞിമാക്കം,
ആദ്യമായ് ചോറും കറിയു വച്ചു,

ഭർത്താവിനാദ്യം കൊടുത്തു മാക്കം,
നമ്പറന്നൂണും കഴിച്ചെണീറ്റു,

പാത്രമെടുത്തൂ കഴുകുന്നേരം,
ഗാത്രം വിറച്ചു പറഞ്ഞു മാക്കം,

ഭാര്യായായിന്നു ഞാനുള്ളനേരം,
പാത്രം കഴുകാൻ തുനിഞ്ഞതത്രേ!,

അരുതാനേ കേട്ടോരു കുട്ടിനമ്പർ,
പുതുതായിട്ടോൻ ചിരിച്ചുകൊണ്ട്,

”ചുക്കും ചൊറിയു പിടിച്ചൊരെൻറെ,
എച്ചിലിന്നെങ്ങനെ നീയെടുക്കും,

ആ വാക്കു കേട്ടൊരാ കുഞ്ഞിമാക്കം,
ചെറുതായിട്ടോതി കരഞ്ഞും കൊണ്ട്,

”പണ്ടുചെറുപ്പത്തിൽ നമ്മൊത്ത്,
പൂഴിച്ചോറാടിക്കളിക്കുംനേരം,

അന്നുതമാശയായ് പറഞ്ഞതെല്ലാം,
ഇന്നെൻറെ കാന്തൻ പൊറുത്തിടേണം,

എല്ലാം ഞാൻ പണ്ടേ പൊറുത്തതാണ്,
എന്നാലും നീയൊന്നറിയാനായീ,

ഉല്ലാസത്തിനു പറഞ്ഞതാണ്,
തെല്ലുമേ നീയതിൽ ഖേദിക്കേണ്ട,

ഇങ്ങനെ നേരമ്പോക്കാതിക്കൊണ്ടും,
പൊങ്ങിനമോദാൽ വസിക്കും കാലം,

നാളുകളേറെ കടന്നു പോയീ,
പലവേനൽവർഷം കടന്നുപോയീ,

മാസക്കുളിയും മുടങ്ങി മന്ദം,
മാക്കത്തിൻ ഭാവം പകർന്നും പോയീ,

ഒന്നും കഴിഞ്ഞവൾ രണ്ടിലെത്തി,
രണ്ടും കഴിഞ്ഞവൾ മൂന്നിലെത്തി,

മൂന്നും കഴിഞ്ഞവൾ നാലിലെത്തീ,
നാലും പിന്നിട്ടവൾ അഞ്ചിലെത്തി,

അഞ്ചെന്നമാസം നടക്കും കാലം,
അഞ്ചാതെ തൊവ്വൽ കഴിച്ചവര്,

അഞ്ചും കഴിഞ്ഞവൾ ആറിലെത്തി,
ആറിനുശേഷം പിന്നേഴിലെത്തി,

ഏഴെന്ന മാസം പിറന്നകാലം,
ഏണാക്ഷിയാകുമുണിച്ചെറിയ,

പുങ്ങനും നല്ല പുളികുടിയും,
ഭംഗിയിൽ തന്നെ കഴിച്ചോളുന്നു,

മാക്കത്തെയന്നു കടാങ്കോട്ടേക്ക്,
അമ്മതന്നൊപ്പമയച്ചു നമ്പർ,

പെറ്റമ്മക്കൊപ്പമാ കുഞ്ഞുമാക്കം,
തെറ്റെന്നു മെല്ലെ നടന്നും കൊണ്ട്,

നേരമോരഞ്ച് മണിക്ക് മുമ്പേ,
നേരെ കടാങ്കോട് വീട്ടിലെത്തി,

ആങ്ങളമാരവരൊത്തു ചേർന്നു,
ആർത്തിയിൽ മാക്കത്തെ സംരക്ഷിച്ചു,

നാത്തൂൻമാർക്കൊട്ടും സഹിച്ചിടാതെ,
മുക്കിയും മൂളിയുമൊപ്പിക്കുന്നു,

ആശിച്ചതെല്ലാം കൊടുത്തുവമ്മ,
ഈശ്വരസേവയിൽ വാഴും കാലം,

പത്തും തികഞ്ഞവൾ കുഞ്ഞുമാക്കം,
ഒത്തൊരു ഭാവം പകർന്നു പെണ്ണ്,

അതുതാനെ കണ്ടൊരു ആങ്ങളാര്,
ഈറ്റുപുരയൊരുക്കി വേഗം,

പെങ്ങള നന്നായ് നോക്കുവാനായ്,
പേറ്റച്ചിയേയും വരുത്യവര്,

പേറ്റുനോവലത് സഹിക്കാഞ്ഞിട്ട്,
ഏറ്റം കരയുന്നു കുഞ്ഞുമാക്കം,

ഏതും കരയല്ല പൊന്നുമോളേ,
എല്ലാം സഹിക്കണം പൊന്നുമോളേ,

പെണ്ണായ് ജനിച്ചെന്നാലേതൊരാളും,
മണ്ണിലറിയേണം പേറ്റുനോവ്,

അങ്ങനെയൊട്ടുകഴിയും നേരം,
പെറ്റവൾ കുട്ടികൾ രണ്ടുപേരെ,

വാർത്തയറിഞ്ഞവരാങ്ങളമാർ,
ചീർത്തവരുല്ലാസത്താൽ തുള്ളിച്ചാടി,

അച്ഛൻറെ വീട്ടിലയച്ചു വാർത്ത,
ഇച്ചയോടച്ഛനും വന്നുചേർന്നു,

മക്കളെക്കൊണ്ടവർ സന്തോഷിച്ചു,
ചിക്കെന്നു പേരും വിളിച്ചോതുന്നു,

ആണ്‍കുഞ്ഞയതിനാൽ ചാത്തുവെന്നും,
പെണ്‍കുഞ്ഞിന്നായിട്ട് ചീരുവെന്നും,

ജാതകാലൊത്തൊരു നാമം നൽകി,
ഭൂതലം തന്നിൽ വളർന്നിടുമ്പോൾ,

നാത്തൂൻമാർക്കേതും സഹിച്ചീടാതെ,
മുക്കിയും മൂളിയുമൊപ്പിച്ചോണ്ട്,

ഇങ്ങനെ മാക്കൊരു നാലഞ്ചോട്ടം,
ഈരണ്ടുമക്കളെ പെറ്റുവെന്നാൽ,

ഭാവിയിൽ രക്ഷയില്ലാതെ നമ്മൾ,
ഊർച്ചിയിൽ കഷ്ടത്തിലായിത്തീരും,

അയ്യോ ഭഗവാനേയിത്തരത്തിൽ,
കുറേന്നും വെച്ചുപുലർത്തിപ്പോന്ന,

ആങ്ങളമാരേയും പെങ്ങളേയും,
ഞങ്ങളെവിടേയും കണ്ടതില്ല,

എന്നതിനാലവരൊത്തൊരുങ്ങി,
മാക്കത്തേക്കോല്ലിക്കാൻ തക്കം നോക്കി,

അങ്ങനെയുള്ളൊരാക്കാലം തന്നിൽ,
ഉണിച്ചെറിയങ്ങു മരിച്ചും പോയീ,

ഉറ്റവരില്ലാതെ കുഞ്ഞിമാക്കം,
പെറ്റൊരു വേദന തന്നിൽ മേവി,

ആ മഴക്കാലം കഴിഞ്ഞു മന്ദം,
വേനലുദിച്ചുയർന്ന കാലം,

കാളരാത്രികളകന്നീടുമ്പോൾ,
കടാങ്കോട് മന നമ്പ്യാൻമാർക്ക്,

കോലത്ത് നാട്ടിലെ തമ്പുരാനും,
ഓലയെഴുതിയയച്ചല്ലോ,

മേര്യോട്ട് വാഴുന്ന സ്വരൂപത്തോട്,
മാനമായങ്കം പിടിക്കുവാനായ്,

വന്നൊരു വാർത്തയറിഞ്ഞു മാക്കം,
ഖിന്നതയോടെ പറഞ്ഞവള്,

നിങ്ങളിന്നങ്കം പിടിക്കുവാനായ്,
എങ്ങാനും പോകുന്നുണ്ടെങ്കിലിപ്പോൾ,

എന്നേയും കുട്ടികളേയുമൊപ്പം,
കൂട്ടുവാൻ സൻമനസുണ്ടാകേണം,

എന്നേയും മക്കളിരുവരേയും,
നാത്തൂൻമാർക്കൊന്നുമെ കണ്ടുകൂടാ,

ഏതും പറയൊല്ല കുഞ്ഞിമാക്കേ,
തെറ്റിദ്ധരിക്കൊല്ല കുഞ്ഞിമാക്കേ,

എന്നുപറഞ്ഞവർ ദൈവങ്ങളേ,
വന്ദിച്ചു യാത്രയിറങ്ങീടുമ്പോൾ,

ഉറ്റ മരുമക്കളോടി വന്നു,
അമ്മാമൻമാരുടെ മുമ്പിൽ നിന്നു,

വെള്ളത്തിൽ മീനുകളെന്നപോലെ,
തുള്ളിക്കളിക്കുന്നുണ്ടാമോദത്താൽ,

അമ്മാമൻമാരുമെടുത്തവരേ,
ചുംബിച്ചു സാന്ത്വനമാക്കീടുമ്പോൾ,

ഊക്കേറും സങ്കടത്തോടെ പാരം,
കുഞ്ഞിമാക്കവും പറഞ്ഞോളുന്നു,

വീരചാമുണ്ഡിക്കുലദൈവത്തി-
ന്നന്തിവിളക്കിന്നും എണ്ണയില്ല,

അപ്പോൾ പറയുന്നുണ്ടാങ്ങളാരും,
ഒന്നുണ്ട് കേൾക്ക നീ കുഞ്ഞുമാക്കേ,

ദീപത്തിനെണ്ണ കുറവാണെങ്കിൽ,
താപം നിനക്കേതും വേണ്ട മാക്കേ,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എമ്മനെത്തന്നെ വരുത്തിയിട്ട്,

ഒരു പൊതിയെള്ള് കൊടുത്തുവെന്നാൽ,
രണ്ടുനാൾക്കുള്ളിലെണ്ണ കിട്ടും,

എന്നും പറഞ്ഞവർ ദൈവങ്ങളേ,
വന്ദിച്ചു യാത്രയിറങ്ങിപ്പോയീ,

അന്നും കഴിഞ്ഞു പിറ്റേ ദിവസം,
ഖിന്നതയോടെയാ കുഞ്ഞിമാക്കം,

എമ്മനെത്തന്നെ വരുത്തി മാക്കം,
എള്ളുപൊതിയും കൊടുത്തു മാക്കം,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എള്ളുമെടുത്തങ്ങു പൊയ്ക്കൊള്ളുന്നു,

അതുതാനെ കണ്ടൊരു നാത്തൂൻമാര്,
തമ്മിൽ പറഞ്ഞും ചിരിച്ചും കൊണ്ട്,

മാക്കത്തിൻ പേരിലപവാദം ചൊല്ലാൻ,
തക്കവും പാർത്തിട്ടിരുന്നവര്,

ഏഴുനാളങ്ങനെ നീങ്ങീടുമ്പോൾ,
എണ്ണയും കൊണ്ടെമ്മൻ വന്നീടുമ്പോൾ,

എമ്മൻ വരുന്നത് ദൂരത്തൂന്നേ,
കണ്ടൊരു നനാത്തൂൻമാരൊത്തു ചേർന്നു,

കടാങ്കോട്ടോമന വീട്ടിൽ നിന്നും,
ഇടവഴി തന്നിൽ മറഞ്ഞിരുന്നു,

എമ്മനും വന്നു കടാങ്കോട്ടേക്ക്,
അമ്മമാർ തന്നെ വിളിച്ചോളുന്നു,

നാത്തൂൻമാരേയും കാണുന്നില്ല,
ഒന്നിച്ചെവിടേക്ക് പോയവര്,

തീണ്ടാരിയായ് കഴിയും മാക്കം,
ഈറ്റുപുരയിൽ കഴിയും മാക്കം,

ഏറിയ സങ്കടത്തോടെ മാക്കം,
എമ്മനോടായി പറഞ്ഞു മാക്കം,

നാത്തൂൻമാരേയും കാണുന്നില്ല,
എത്തിയകത്തേക്ക് വച്ചോ നീയും,

പെറ്റുവിളിച്ചു പറഞ്ഞു മാക്കം,
ഒറ്റച്ചെവിടാലേ കേട്ടോരെമ്മൻ,

എണ്ണ ഭരണിയെടുത്തു മെല്ലെ,
എത്തിയകത്തേക്കു വച്ചുടനേ,

യാത്രയും ചൊല്ലിത്തിരിച്ചുടനേ,
എത്രയും വേഗത്തിൽ പോയ്ക്കൊള്ളുന്നു,

അതുതാനെ കണ്ടൊരു നാത്തൂൻമാര്,
ഒരു കൊടുങ്കാറ്റിൻറെ വേഗതയിൽ,

കുഞ്ഞിമാക്കത്തെ മുഖത്ത് നോക്കി,
ഹാസ്യഭാവത്തിൽ പറഞ്ഞോളുന്നു,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എമ്മനെക്കൂടെ കിടത്തീടുവാൻ,

എങ്ങനെ തോന്നീ നിനക്കു മാക്കേ?
എന്തെടീ തേവടിയാട്ടമാണോ??

നമ്പർക്ക് രോഗം പിടിച്ചതിനാൽ,
നമ്പ്രേ നിനക്കേതും പോരാഞ്ഞിട്ടോ?

ആങ്ങളമാർ പന്ത്രണ്ടാളും,
അന്തം പിടിച്ചു മരിക്കുമെന്നും,

ഇങ്ങു മടങ്ങി വരില്ലെന്നും നീ,
ഓർത്തു മനസിൽ കൊതച്ചതാണോ,

ദുഷ്ടതയിത്തം പറഞ്ഞും കോണ്ട്,
കൊട്ടിച്ചിരിച്ചു പരിഹസിച്ചു,

ഇടിവെട്ടടിച്ചൊരു മാമരം പോൽ,
കിടുകിടായെന്നു വിറച്ചു മാക്കം,

ഒരു ഭൂകമ്പത്തിൻ പ്രതിധ്വനി പോൽ,
ഒരുവേള നിന്നു തരിച്ചു മാക്കം,

കൊട്ടിച്ചിരിക്കുന്നു നാത്തൂൻമാരും,
പൊട്ടിക്കരയുന്നു കുഞ്ഞുമാക്കം,

ഇങ്ങനെയില്ലായ്മ നിങ്ങൾ ചൊന്നാൽ,
എങ്ങനെ ജീവിച്ചിരിക്കും ഞാനും,

ജീവിച്ചിരിക്കാൻ മോഹം നിനക്കുണ്ടെങ്കിൽ,
എമ്മനു തന്നെ നീ വാണൊ മാക്കേ,

ആങ്ങളമാരു മടങ്ങി വന്നാൽ,
ഒത്തമുഹൂർത്തം കുറിച്ചും കൊണ്ട്,

ആർഭാടമായിക്കഴിപ്പിച്ചോളാം,
എമ്മൻറെ കൂടെയയപ്പിച്ചോളാം,

ഇച്ചതി വഞ്ചനകേട്ടമാക്കം,
ചിത്തഭ്രമം പിടിപെട്ടപോലെ,

മക്കളെ മാറോടണച്ചുചേർത്ത്,
കെട്ടിപ്പിടിച്ച് കരഞ്ഞൊളുന്നു,

വീരചാമുണ്ഡി കുലദൈവമേ,
ഞാനൊരപരാധം ചെയ്തില്ലല്ലോ,

നാത്തൂൻമാരൊത്തെന്നെ വഞ്ചിക്ക്വോന്ന്,
ചിത്തത്തിലൊന്നും നിനച്ചില്ലല്ലോ,

മൂകമായന്നു കടാങ്കോട്ടേറ്റം,
ശോകമായ് തന്നെ കഴിഞ്ഞീടുമ്പോൾ,

അങ്കം ജയിച്ചവരാങ്ങളമാർ,
ആനന്ദാവേശപുളകിതരായ്,

കോലത്ത് നാട്ടിലെ തമ്പുരാൻറെ,
ചേലൊത്ത സമ്മാനം വാങ്ങിക്കൊണ്ട്,

പാരമായന്നൊരു മോദത്തോടെ,
വീരചാമുണ്ഡി നടയിൽ ചെന്നു,

ആയോധനത്തിൽ ജയിച്ചവര്,
ആയുധം താഴ്ത്തി നമിച്ചവിടേ,

മന്ദം തിരിഞ്ഞങ്ങു നോക്കും നേരം,
ഒന്നിച്ചു വന്നവർ ഭാര്യമാരും,

ഖിന്നതപൂണ്ടു പാഞ്ഞവര്,
സുന്ദരമായൊരു വ്യാജവാർത്ത,

ഭർത്തക്കൻമാർ നിങ്ങൾ പോയേപ്പിന്നേ,
ചീർത്തൊരു മോദത്താൽ കുഞ്ഞിമാക്കം,

എണ്ണയും കൊണ്ടെമ്മൻ വന്നനേരം,

ചുമ്മാ രസങ്ങൾ പറഞ്ഞു കൊണ്ട്,
എമ്മനുമായി കിടന്നു മാക്കം,

ദൂരേന്നു സംഗതി കണ്ടു ഞങ്ങൾ,
ഓടിയടുക്കും സമയം തന്നിൽ,

മാക്കം പിടഞ്ഞെഴുന്നേൽക്കുന്നതും,
എമ്മൻ പുറത്തേക്ക് ചൂളുന്നതും,

ഞങ്ങടെ കണ്ണോണ്ട് കണ്ടതാണ്,
എങ്ങിനിവിടെ കഴിയും ഞങ്ങൾ,

പാച്ചലേ പാഞ്ഞു മറഞ്ഞുവെമ്മൻ,
പിച്ചയും പേയും പറഞ്ഞു മാക്കം,

ആങ്ങളമാർ നിങ്ങൾ വന്നാൽ പിന്നെ,
എമ്മൻറെ കൂടെയയപ്പിക്കാനായ്,

സമ്മതമുണ്ടാകണമെന്നും ചൊല്ലി,
സാന്ത്വനമാക്കിക്കഴിഞ്ഞു ഞങ്ങൾ,

മാനം തകർത്ത് കടാങ്കോട്ട്ന്നും,
മാനമോടെ ഞങ്ങൾ പോവതിനായ്,

നിങ്ങളെ കണ്ടിട്ട് യാത്ര ചൊല്ലാൻ,
ഞങ്ങളിവിടെ ക്ഷമിച്ചതാണ്,

ആ വാക്കു കേട്ടോരു നമ്പ്യാൻമാര്,
അരിശം വിറയ്ക്കുന്ന നമ്പ്യാൻമാര്,

ഒന്നു നടന്നു രണ്ട് ചാടിക്കൊണ്ട്,
വേഗം കടാങ്കോട് വീട്ടിലെത്തി,

ഏട്ടൻമാർ വന്നതും കണ്ടു മാക്കം,
ഏറിയ മോദേന കുഞ്ഞിമാക്കം,

പെട്ടെന്നു വെള്ളിക്കുടം നിറയേ,
വെള്ളമെടുത്തവർ മുമ്പിൽ വച്ചു,

അങ്കം പിടിച്ചു തളർന്നൊരെൻറെ,
ആങ്ങളമാർക്കേറേ ക്ഷീണമുണ്ട്,

ചോറും കറീം ഞാനൊരുക്കീട്ടുണ്ട്,
വേഗത്തിലൂണ് കഴിച്ചീടണം,

അതുതാനെ കേട്ടോരു നമ്പ്യാൻമാര്,
കടകടാപല്ലുകടിച്ചും കൊണ്ട്,

നീ തൊട്ട വെള്ളവും വേണ്ട പെണ്ണേ,
നീ വെച്ച കറീം ചോറും വേണ്ട,

കേളി പെരുത്ത കടാങ്കോടിൻറെ,
കേളിയും കീർത്തിയും നീ കളഞ്ഞു,

മാനോം മര്യാദേം തകർന്ന ദിക്കിൽ,
മാനിയാം ഞങ്ങളും ജീവിക്കില്ല,

കോട്ടയം വേല വിളക്കു കാണാ,
നീ പണ്ടേ മോഹം പറഞ്ഞതിനാൽ,

ആ പൂരവേലക്കു നിന്നെ,
കാട്ടുവാനായ് പെരുത്തതിനാൽ,

ഞങ്ങളിവിടെക്ക് വന്നതാണ്,
വേഗമിറങ്ങണം കുഞ്ഞിമാക്കേ,

മാറത്തടിച്ചും നിലവിളിച്ചും,
പെട്ടെന്നവിടത്തിൽ വീണുമാക്കം,

വീരചാമുണ്ഡിയാം ദൈവത്താണേ,
ഞാനൊരപരാധം ചെയ്തിട്ടില്ല,

ഏട്ടത്തിമാരെന്നെ കൊല്ലിക്കാനായ്,
ഏട്ടൻമാർ മുന്നിൽ പൊളി പറഞ്ഞു,

അതുകേട്ടിട്ടെന്നെ ചതിക്കരുതേ,
മതി തന്നിൽ പാതകം ചെയ്യരുതേ,

സത്യം പറഞ്ഞവൾ കേണെന്നാലും,
മൊത്തത്തിലേതും ചെവിക്കൊള്ളുവാൻ,

അന്നവർക്കേതും കഴിഞ്ഞതില്ല,
മുൻകോപം പിൻദുഃഖമായ് ഭവിക്കും,

ഇളയാങ്ങളയാകും കുട്ടിരാമൻ,
അവനുടെ ഭാര്യയാം ചിന്നാണിയേ,

ഒറ്റക്കുതന്നെ വിളിച്ചും കൊണ്ട്,
കാര്യങ്ങളെല്ലാം തിരക്കിയപ്പോൾ,

കൃത്യമായ് ഭർത്താവിൻ മുമ്പിലന്നു,
സത്യം പറഞ്ഞവളത്തരുണി,

ഏട്ടത്തിമാരവർ ചൊന്നതൊന്നും,
ഞാനെൻറെ കണ്ണോണ്ടു കണ്ടിട്ടില്ല,

മാക്കവും തീണ്ടാരിയായതിനാൽ,
ഞങ്ങളിവിടെയില്ലാത്തതിനാൽ,

എണ്ണയകത്തേക്കങ്ങെത്തി വച്ചു,
എമ്മനവിടുന്നു പോകും നേരം,

ഏട്ടത്തിമാരവരൊത്തു ചേർന്നു,
കൊട്ടിച്ചിരിച്ചു നിലവിളിച്ചു,

പാരമപരാധം ചൊല്ലിചൊല്ലി,
പാരിച്ചമോദത്താൽ പുഞ്ചിരിച്ചു,

സത്യമായും നിങ്ങൾ പാദത്തിനെ,
സത്യമാണെൻറെ പ്രാണനാഥാ,

കാര്യങ്ങളെല്ലാം കുട്ടിരാമൻ,
ഏട്ടൻമാർ മുമ്പിൽ പറഞ്ഞെന്നാലും,

കൂറ്റൻ നരിക്കൂട്ടമെന്ന പോലെ,
അരിശം വിറയ്ക്കുന്ന നമ്പ്യാൻമാര്,

മൊത്തത്തിലൊന്നും ചെവിക്കൊള്ളാതെ,
മാക്കത്തേക്കൊല്ലാൻ നിശ്ചയിച്ചു,

കോട്ടയം വേലവിളക്കുനിന്നേ,
കാട്ടിത്തന്നീടാമിറങ്ങു പെണ്ണേ,

നേർപെങ്ങൾ പണ്ടേ കൊതിച്ചതല്ലേ,
നേരമിതിന്നിപ്പോൾ വന്നും കൂടി,

അതുതാനെ കേട്ടോരു കുഞ്ഞിമാക്കം,
മക്കളേ നന്നായ് ചമയിച്ചല്ലോ,

പണ്ടങ്ങളെല്ലാമെടുത്തണിഞ്ഞു,
പരിതാപമോടെയിറങ്ങും നേരം,

വീട്ടുപാത്രങ്ങൾ തല്ലിത്തകർത്ത്,
എണ്ണഭരണിയുടച്ചെറിഞ്ഞു,

വസ്ത്രങ്ങളൊക്കെ ചുരുട്ടിക്കെട്ടി,
തീയതിലിട്ടവൾ ചാരമാക്കി,

വീരചാമുണ്ഡികുലദൈവത്തിൻ,
നേരെ കിഴക്കേ നടയിൽ ചെന്നു,

മക്കളെക്കൊണ്ടു തൊഴുവിപ്പിച്ചു,
മാക്കവും തൃപ്പാദം തന്നിൽ വീണു,

വീരചാമുണ്ഡികുലദൈവമേ,
ഞാനൊരപരാധം ചെയ്തില്ലമ്മേ,

എല്ലാമറിയുന്നൊരെൻറെ,
അല്ലലിന്നാകെയകറ്റീടേണം,

തെല്ലു പിഴക്കാത്തോരെൻറെ പേരിൽ,
ഇല്ലാത്തപരാധം ചൊല്ലിയേതും,

ജ്യേഷ്ഠത്തിമാരും കുടുംബങ്ങളും,
വിഷ്ടപം തന്നിൽ നശിച്ചീടട്ടേ,

സത്യം ജയിച്ചു പ്രകാശിക്കട്ടേ,
കൃത്യമായ് ലോകരറിഞ്ഞീടട്ടേ,

അമ്മതൻ പാദത്തിൽ വീണുമാക്കം,
ചെമ്മേ ധരണിയിൽ വീണും കൊണ്ട്,

ഇത്രയും പ്രാർഥിച്ചു കൊണ്ടുടനെ,
എത്രയും കോപിതരായ തൻറെ,

ഏട്ടൻമാരൊന്നിച്ച് പോയീടുന്നു,
ആടലോടേവം നടന്നീടുന്നു,

മാടായിക്കാവിൽ ജനനി തൻറെ,
ഈടാർന്ന മേനി തൊഴുതവള്,

കണ്ണുമടച്ചു പ്രാർഥിച്ചു മാക്കം,
ദണ്ഡമകറ്റാൻ സ്തുതിച്ചു മാക്കം,

അങ്ങു ചെറുകുന്നിലമ്മയുടെ,
തൃപ്പാദം തന്നിൽ നമിച്ചശേഷം,

കാര്യമവിടേയും ചൊല്ലി മാക്കം,
കാമിതം നൽകാനപേക്ഷിച്ചു,

പാപ്പിനിശ്ശേരിയും പിന്നിട്ടവർ,
വളപട്ടണവും കടന്നു ചെന്നു,

കടലായി വാഴുന്നൊരുണ്ണികൃഷ്ണൻ,
കരുണക്കായ് തന്നെയും പ്രാർഥിച്ചിട്ട്,

പൊള്ളും വെയിലിൽ നടന്നവര്,
പള്ളിക്കുന്നെന്നൊരു നാടും വിട്ട്,

താണയിൽ കൂടി നടന്നവര്,
ചൊവ്വയും നേരേ നടന്നവര്,

ചേലെഴും ചാലയിലെത്തും നേരം,
തീരേ തളർന്ന പൊന്മക്കൾ രണ്ടും,

അമ്മയോടായി പറഞ്ഞോളുന്നു,
അമ്മേ നടക്കാൻ പറ്റുന്നില്ല,

പാരം വിശക്കുന്നു, ദാഹിക്കുന്നു,
വെള്ളം കുടിക്കണം ഞങ്ങൾക്കമ്മേ,

കുട്ടികൾ ദീനതകണ്ടനേരം,
ഞെട്ടിഞെരിച്ചാടനിന്നു മാക്കം,

പൊട്ടിത്തെറിച്ചു കരയും കാഴ്ച,
ആരും സഹതപിച്ചീടും കാഴ്ച,

കുട്ടിരാമനെന്നിളയാങ്ങള,
പെട്ടെന്നു കണ്ടു പരിതപിച്ചു,

ഒരു കാര്യം കേൾക്ക നീ കുഞ്ഞി മാക്കേ,
ഒരുതുള്ളി വെള്ളം കൊടുക്ക് മാക്കേ,

അക്കാണും വീടൊരു നമ്പ്യാർ വീട്,
ചാലയിൽ നല്ല പുതിയ വീട്,

കുട്ടികളെക്കൂട്ടി പോകനീയും,
വെള്ളം കൊടുത്തു വരിക നീയും,

അതുതാനെ കേട്ടോരു കുഞ്ഞുമാക്കം,
അതുവഴി ചെന്നു പുതിയ വീട്ടിൽ,

ചാലയിൽ നല്ല പുതിയ വീട്ടിൽ,
ചേലിൽ വിളങ്ങുന്ന പെറ്റൊരമ്മ,

മാക്കത്തോടായിട്ടു ചോദിക്കുന്നു
വെക്കം പകച്ചോണ്ടു ചോദിക്കുന്നു

എവിടുന്നു കുഞ്ഞീ വരുന്നതെന്നു
എവിടുത്തേക്കായിട്ടു പോകുന്നെന്നും

എല്ലാം വഴിയേ പറയാമമ്മേ
ദാഹിച്ചവെള്ളം തരികെനിക്ക്

മാക്കത്തിൻ ദീനത കണ്ടോരമ്മ
ചിക്കെന്നകത്തു കടന്നു ചെന്ന്

നേരത്തേ കാച്ചിത്തണുത്തപാൽ
വെള്ളോട്ട് കിണ്ടി നറയെടുത്തു

കുട്ടികൾ കയ്യിൽ കൊടുത്തുവമ്മ
ആർത്തിയോടേറ്റം കുടിച്ചവര്

ശേഷിച്ച പാലു കുടിച്ചു മാക്കം
ഖേദമൊഴിച്ചു പറഞ്ഞു വാർത്ത

കുഞ്ഞിമംഗലമെന്നുള്ള നാട്ടിൽ
കേളിയേറും കടാങ്കോട്ടുവീട്ടിൽ

കുഞ്ഞിമാക്കമെന്നണെന്റെ പേര്
കുട്ടികൾ ചാത്തുവും കുഞ്ഞിച്ചീരൂം

ആങ്ങളമാരവർ പന്ത്രണ്ടാള്
ആണുങ്ങളുണ്ടവരൊപ്പം തന്നെ

കോട്ടയം വേലവിളക്കുകാണാൻ
കൂടെ പുറപ്പെട്ടു പോന്നു ങങ്ങൾ

എന്നും പറഞ്ഞവൾ കുഞ്ഞിമാക്കം
തന്റെ കഴുത്തിലുള്ളാഭരണം

പെട്ടെന്നതെല്ലാമഴിച്ചെടുത്തു
വെള്ളോട്ട് കിണ്ടിയിൽ നിക്ഷേപിച്ചു

അതുതാനെ കണ്ടോരു പെറ്റോരമ്മ
പുതുമയിലൊന്നു തരിച്ചു കൊണ്ട്

എന്തോന്ന് ഞാനിന്നീ കാണുന്നത്
ഹന്ത! നീ ഭ്രാന്തിയോ കുഞ്ഞിമാക്കേ?

ഭ്രാന്തിയല്ലമ്മേ ഞാനെങ്കിൽ പോലും
ചിന്ത തകർന്നൊരു പെണ്ണാവുന്നു!

കോട്ടയത്തുത്സവം കണ്ടു ഞങ്ങൾ
ഈ വഴി തന്നിൽ മടങ്ങുന്നേരം

അപ്പോൾ ഞാൻ വന്നിട്ട് വാങ്ങിക്കോളാം
ഇപ്പോൾ ഇവിടെയിരിക്കട്ടമ്മേ

എന്നുള്ളോരൊസ്യത്തും ചൊല്ലിമാക്കം
ഖിന്നതയോടെ നടന്നു മാക്കം

ആങ്ങളമാരും പിരിഞ്ഞിടാതെ
കാവൽഭടന്മാരെന്നപോൽ നടന്നു

ആ നാടും ദേശങ്ങൾ പിന്നിട്ടപ്പോൾ
ശ്രീ പെരളശ്ശേരീലെത്ത്യവര്

ആ നാടിനോടും വിടപറഞ്ഞ്
മമ്പറം നോക്കി നടന്നകന്നു

മമ്പറം പുഴയും കടന്നക്കരെ
എത്തിയ ശേഷം പറഞ്ഞവര്

ചാരെമുറിയേ വിഴിയുണ്ടൊന്ന്
ആ വഴി തന്നിലേ പോക നമ്മൾ

എന്നും പറഞ്ഞിട്ടൊരൂടു വഴി
തന്നിലേയേറെ നടന്നകന്നു

അച്ചങ്കരപ്പള്ളിയെന്ന പേരാൽ
പേർ പുകഴ്ന്നുള്ള പറമ്പിലൂടെ

അല്പം നടക്കേ വഴിയരികിൽ
പൊട്ടക്കിണറൊന്ന് കണ്ടവര്

ആങ്ങളമാരും കിണറ്റിൽ നോക്കി
ആശ്ചര്യത്തോടെ പറങ്ങോളുന്നു:

കവിത ഇങ്ങനെ തുടരുകയാണ്. സംഗതി പൂർണ്ണമല്ല ഇവിടെ, സമീപഭാവിയിൽ ബാക്കി കൂടെ കൂട്ടിച്ചേർക്കാനാവും…


വേണ്ടപ്പെട്ടവർ പേര്
1 അമ്മ ഉണിച്ചെറിയ
2 അച്ഛൻ മുക്കൻകുറ്റിവീട്ടിൽ കുഞ്ഞിക്കോമൻ
3 ഭർത്താവ് കുട്ടിനമ്പർ
(അച്ഛന്റെ മരുമകൻ)
4 ഇരട്ട കുട്ടികൾ ചാത്തുവും ചീരുവും
സഹോദരങ്ങളും നാത്തൂന്മാരും
സഹോദരൻമാർ നാത്തൂന്മാർ
1 കുഞ്ഞിക്കോമൻ കുഞ്ഞതി
2 കുഞ്ഞമ്പു കുംഭ
3 രയരപ്പൻ കുഞ്ഞാറ
4 കണ്ടൻ പാട്ടിപ്പെണ്ണ്
5 അപ്പക്കണ്ണൻ ചീരുപ്പെണ്ണ്
6 കണ്ണൻ ഉമ്മാച്ച
7 ചാത്തു കുഞ്ഞാണി
8 പാപ്പൻ കുഞ്ഞിക്കുങ്കി
9 കുഞ്ഞിക്കോരൻ കുഞ്ഞമ്മ
10 കുഞ്ഞപ്പ ഉത്തല
11 അപ്പൂട്ടി വാടി
12 കുട്ടിരാമൻ ചിന്നാണിപ്പെണ്ണ്
അവിഹിതബന്ധം ആരോപിക്കപ്പെട്ടയാൾ എമ്മൻ (വാണിയൻ)
കൂടെ കൊലചെയ്യപ്പെട്ട ദളിതൻ ഒരു മാവിലൻ

ആര്യാധിപത്യം രൂഢമൂലമായപ്പോൾ അതുവരെ ദ്രാവിഡരായിരുന്നതും തങ്ങളുടെ തൃപ്തിക്കു പാത്രീഭവിക്കുന്നവരുമായ ആൾക്കാരെ മാത്രം പടയാളികളാക്കിയിരുന്നൊരു സവർണ കാലഘട്ടമുണ്ടായിരുന്നു. പിന്നീട് നായർ സമുദായമെന്ന് അറിയപ്പെട്ട പടനായകരായി അവർ മാറി. ഇന്നൊരു ജാതിവ്യവസ്ഥയായി നമുക്കതു കണ്ടെത്താവുന്നതുമാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് പേരുകേട്ടൊരു നായർ തറവാട്ടിൽ ജന്മംകൊണ്ടൊരു പുണ്യശാലിനിയാണ് കടാങ്കോട്ട് മാക്കം. ഇന്നൊരു തെയ്യമായി അറിയപ്പെടുന്ന മാക്കവും മക്കളും ആ കഥയുടെ ശേഷിക്കുന്ന ഭാഗമാണ്. നിറഞ്ഞഭക്തിയിൽ തെളിഞ്ഞുയുരന്ന വിശ്വാസസങ്കല്പങ്ങൾ തന്നെയാണു മാക്കവും മക്കളും. ചാരിത്രസംശുദ്ധിയാൽ ചതിക്കപ്പെടുകയും മരണത്തിനു മൗനാനുവാദത്താൽ നിറകണ്ണുകളോടെ വഴങ്ങേണ്ടിവന്നൊരു മാതൃഹൃദയമാണ് കടാങ്കോട്ടുമാക്കം. മക്കളോടൊപ്പം കൊലചെയ്യപ്പെട്ട ആ മാതൃഹൃദയത്തിന്റെ വിങ്ങലുകൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച ആ തെയ്യക്കോലത്തിലൂടെ ദർശിക്കാം. മാക്കത്തിന്റെ കഥ ചുരുക്കി പറയാം…

പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ കടാങ്കോട് എന്ന നായർ തറവാട്ടിലെ പതിമൂന്നാമത്തെ കുഞ്ഞായിരുന്നു മാക്കം. ആദ്യം ഉണ്ടായിരുന്ന പന്ത്രണ്ടുപേരും ആണുങ്ങളായിരുന്നു. അമ്മയായ ഉണിച്ചെറിയയുടേയും ആങ്ങളമാരുടേയും നിത്യപ്രാർത്ഥനയുടെ ഫലമായി ഈ പെൺജന്മത്തെ അവർ കണ്ടു വന്നിരുന്നു. അച്ഛൻ കുഞ്ഞിക്കോമനായിരുന്നു. കോലത്തിരിയുടെ വീരപടനായകരായിരുന്നു പന്ത്രണ്ടുപേരും. കുഞ്ഞുപെങ്ങളെ ലാളിച്ചും കൊഞ്ചിച്ചും അവർ കണ്ണിലെ കൃഷ്ണ്മണിക്കുതുല്യമായി വളർത്തി. കൃത്യമായി അവളെ പഠിപ്പിക്കാനും അവൾക്കിഷ്ടപ്പെട്ട കാര്യങ്ങൾ നിർവ്വഹിച്ചു കൊടുക്കാനുമായി ആ പന്ത്രണ്ടുപേരും മത്സരിച്ചുപോന്നു. മാക്കം കളരിപഠിക്കുന്നതിൽ നായികയായി നിറഞ്ഞുനിന്നു. ആയിടയ്ക്ക് അവരോരുത്തരുടേയും കല്യാണം കഴിഞ്ഞു തുടങ്ങി. ഭാര്യമാരായി എത്തിയവർക്കും ആദ്യസമയങ്ങളിൽ മാക്കത്തെ ഇഷ്ടമായിരുന്നെങ്കിലും ഭർത്താക്കന്മാരുടെ അമിതമായ വാത്സല്യം അവർക്കത്ര രുചിച്ചിരുന്നില്ല. ശക്തമായ തലയിണമന്ത്രത്തിന്റെ ഇരയായി പിന്നീട് മാക്കം തീർന്നതിനുപിന്നിലെ കഥ ഈ നാത്തൂൻപോരുതന്നെയായിരുന്നു. മാക്കത്തിനു ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായതിനു ശേഷമാണിതു മൂർച്ഛിച്ചത്.

ഭാര്യമാർ പല കള്ളക്കഥകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ചെവിയിൽ ഓതിക്കൊണ്ടിരുന്നെങ്കിലും സ്നേഹനിധിയായ കുഞ്ഞുപെങ്ങളുടെ പെരുമാറ്റത്തിൽ അവർക്ക് യാതൊന്നും ചെവിക്കൊള്ളാനായിരുന്നില്ല. മാക്കത്തിന്റെ മൂത്ത ആങ്ങളയായ കുഞ്ഞിക്കോമനെ മുതൽ പന്ത്രണ്ടാമത്തെ ആങ്ങള കുട്ടിരാമനെ വരെ ഭാര്യമാർ ഇല്ലാത്ത പൊളിവചനങ്ങളാൽ വശീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പന്ത്രണ്ടാമൻ കുട്ടിരാമന്റെ ഭാര്യ അത്ര തീവ്രതയോടെ ആയിരുന്നില്ല പറഞ്ഞത്. അവൾക്ക് മാക്കത്ത് ഇടയ്ക്കൊക്കെ ഒരു അനുകമ്പ തോന്നുമായിരുന്നു. ഇതൊന്നും തീരെ ദഹിക്കാത്തവരായിരുന്നു പന്ത്രണ്ട് നാത്തൂന്മാരിൽ പതിനൊന്നുപേരും. കാരണം അന്നുണ്ടായിരുന്ന നായന്മാരുടെ പ്രധാന ആചാരമായിരുന്നു മരുമക്കത്തായം.അസൂയാലുക്കളായ നാത്തൂന്മാര്‍ ഇല്ലാത്ത വ്യഭിചാരകഥകൾ മെനയുന്നതിനു ഏറെമുമ്പായി മാക്കത്തിന്റെ കല്യാണം കഴിച്ചുവിടാൻ ആങ്ങളമാർ തയ്യാറായി. മാക്കത്തിന്റെ വിവാഹ പ്രായമായപ്പോൾ ബന്ധത്തിൽ തന്നെയുള്ള ഒരു വരനെ കണ്ടു പിടിച്ച് അവർ വിവാഹവും നടത്തി. വരൻ മച്ചുനിയനായ കുട്ടിനമ്പർ ആയിരുന്നു. ഗംഭീരമായി കല്യാണം നടന്നു. അന്നുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായപ്രകാരം മാക്കം കടങ്കോട്ടു വീട്ടിൽ തന്നെ താമസമായി. മാക്കത്തിനു കുഞ്ഞുങ്ങൾ രണ്ടുപേരുണ്ടായി – ഇരട്ടകളായിരുന്നു. ചാത്തുവും ചീരുവും. പരമ്പരാഗതമായി സ്വത്തവകാശം മക്കൾക്കുപകരം മരുമക്കൾക്ക്, ഇവിടെ മാക്കത്തിന്റെ മക്കളായ ചാത്തുവിനും ചീരുവിനും പോകുമായിരുന്നു. എന്തായാലും കടങ്കോട്ട് തറവാടിന്റേയും സ്വത്തിന്റേയും ഉടമസ്ഥാവകാശം ചാത്തുവിനും ചീരുവിനും കിട്ടുമെന്നുറപ്പായി; നാത്തൂന്മാരുടെ ഉറക്കവും പോയി എന്നു ചുരുക്കിപ്പറയാം. ഈ പ്രശ്നം ആ അവസ്ഥയെ കൂടുതൽ വഷളാക്കി. മാക്കം ഇങ്ങനെ ഇരട്ടകളെ പെറ്റുകൂട്ടിയാൽ നാളെ നമ്മളുടെ സ്ഥിതിയെന്താവും എന്നതായിരുന്നു അവരുടെ പ്രധാന വൈമുഖ്യം.

ഇടയ്ക്ക് അന്യദേശങ്ങളുമായി ഒരു യുദ്ധം വരികയുണ്ടായി. നേരിയോട്ട് സ്വരൂപവും കോലത്തിരിയും ആയിരുന്നു യുദ്ധം ചെയ്തിരുന്നത്. പടയാളികളായ പന്ത്രണ്ടുപേർക്കും യുദ്ധത്തിൽ പങ്കെടുത്ത് കോലത്തിരിയെ സഹായിക്കേണ്ടി വന്നു. യുദ്ധത്തിൽ വിജയമായിരുന്നു നേടിയെടുക്കാൻ പറ്റിയത്. തിരിച്ചു വരാൻ നാൽപ്പത്തിയൊന്നു ദിവസങ്ങളെടുത്തു. ആങ്ങളമാർ വീട്ടിലില്ലാത്ത അവസരം നാത്തൂന്മാർ മുതലാക്കാൻ തീരുമാനിച്ചു. എന്നാൽ പന്ത്രണ്ടാമൻ കുട്ടിരാമന്റെ ഭാര്യമാത്രം ഇതിൽ പങ്കാളിയാവാതെ എതിരുനിന്നു; പക്ഷേ, ഇവളുടെ വാദം ചെവിക്കൊള്ളാൻ ബാക്കി പതിനൊന്നുപേരും തയ്യാറായിരുന്നില്ല… യുദ്ധം ജയിച്ചു ആഹ്ലാദഭരിതരായി തിരിച്ചെത്തിയ സഹോദരന്മാരോട് അവർ മാക്കത്തിൻറെ പേരിൽ ഇല്ലാക്കഥകൾ പറഞ്ഞു വിശ്വസ്സിപ്പിക്കാനായി അവരുടെ ധാരണ. അടുത്തുള്ള വീട്ടിലെ അന്ന്യ ജാതിയിൽ പെട്ടവനുമായി മാക്കത്തിന് അവിഹിത ബന്ധമുണ്ടെന്നും അതു കാരണം കുടുംബത്തിനു മാനക്കേടായിയെന്നും നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും പറഞ്ഞു വിശ്വസ്സിപ്പിക്കാനായിരുന്നു ലക്ഷ്യം. സമീപവാസിയായാ വാണിയൻ എമ്മനായിരുന്നു ആയിരുന്നു കടാങ്കോട്ടേക്ക് എണ്ണ കൊണ്ടുവന്നു കൊടുത്തിരുന്നത്. യുദ്ധത്തിനു പോകുമ്പോൾ ആങ്ങളമാർ മാത്തത്തോട് പറഞ്ഞേൽപ്പിച്ചതായിരുന്നു അത്. അല്പം എള്ള് എമ്മനു കൊടുത്താൽ മതി പകരമായി അവൻ എണ്ണതന്നോളും എന്നായിരുന്നു അത്. നാത്തൂന്മാർ പതിനൊന്നു പേരും അയാളെത്തന്നെ ഇരയാക്കാൻ തീരുമാനിച്ചു. (എണ്ണ ആട്ട് കുലത്തൊഴിലാക്കിയ വടക്കൻ മലബാറിലെ പഴയകാല നായർ ഉപജാതിയിൽ പെട്ടിരുന്ന ഒരു സമൂഹമാണ് വാണിയൻ/വാണിയർ. ഇവരുടെ കുലദൈവം മുച്ചിലോട്ടു ഭഗവതിയാണ്. ചക്ക് ഉപയോഗിച്ചാണ് എള്ള്, കൊപ്ര എന്നിവ ആട്ടിയിരുന്നത്. ചക്കാലൻ, വട്ടേക്കാടൻ എന്നും ഈ സമുദായത്തിനു പേരുണ്ട്. ചക്കളത്തിപ്പോരാട്ടം എന്ന ശൈലി ഇവരുമായി ബന്ധപ്പെട്ടുണ്ടായതാണ്).

ഒരിക്കൽ മാക്കം പുറത്തായി (ഋതുമതി – മെൻസസ്സ്) ഇരിക്കുന്ന സമയത്ത് വാണിയൻ എണ്ണകൊണ്ടുവന്നപ്പോൾ നാത്തുന്മാരൊക്കെ മാറി നിന്നു. പന്ത്രണ്ടാമത്തവൾക്കും ഭയഭീതിയാൽ പതിനൊന്നുപേരെ അനുസരിക്കേണ്ടി വന്നു. ആചാരപ്രകാരം പുറത്തായൊരുപെണ്ണിന് മറ്റുള്ളവരോട് ഇടപെടാൻ പാടില്ലായിരുന്നു. എണ്ണ തൊട്ടശുദ്ധമാക്കാനും പാടില്ല; ആയതിനാൽ, ഒരു കാലെടുത്തുവെച്ച്, എണ്ണ പടിഞ്ഞാറ്റയിൽ വെച്ചോളൂ എന്ന് ജനലിലൂടെ മാക്കം വാണിയനോടു പറയുകയായിരുന്നു. വാണിയൻ പടിഞ്ഞാറ്റയിൽ കയറി എണവെച്ചു പുറുത്തിറങ്ങുന്ന സമയത്ത് നത്തൂന്മാർ ചുറ്റും കൂടി പരിഹസിച്ചു. പടിഞ്ഞാറ്റയിൽ വാണിയൻ കയറിയതു തന്നെ അവർക്ക് ഏറെ അനുകൂലമായി. പിന്നീടുവന്നഭർത്താക്കന്മാരെ നോക്കി അർത്ഥം വെച്ചുകൊണ്ട് അവർ ചിരിച്ചു. മാക്കത്തിന്റെ അവിഹിതബന്ധം തങ്ങൾ കണ്ടതായി അവർ വെളിപ്പെടുത്തി. നാത്തുന്മാരുടെ ശേഷക്രിയകളിൽ ആങ്ങളമാർക്ക് അവളുടെ ചാരിത്രശുദ്ധിയിൽ സംശയം ഉടലെടുത്തു. എന്നാൽ പന്ത്രണ്ടാമത്തെ നാത്തു സ്വന്തം ഭർത്തവിനോട് കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചതിൽ നിന്നും അക്കാര്യം വിശ്വസിക്കാനാണ് കുട്ടിരാമൻ തയ്യാറായതും മറ്റുള്ളവരോട് കാര്യങ്ങൾ പറയാൻ തയ്യാറായി വന്നതും. പക്ഷേ പതിനൊന്നുപേർ അതു കേൾക്കാൻ നിന്നില്ല; ഭാര്യമാരുടെ ഉപദേശപ്രകാരം മാക്കത്തെയും മക്കളേയും വധിക്കാൻ തന്നെ അവർ തീരുമാനിച്ചു.

യുദ്ധം ജയിച്ചുവന്ന ആങ്ങളമാർക്കു മാക്കം ഭക്ഷണം ഒരുക്കിവെച്ചിരുന്നെങ്കിലും അവരതു കഴിക്കാൻ കൂട്ടാക്കിയില്ല. കോട്ടയം കാവിൽ വിളക്കു കാണാനായി പോകാമെന്ന് അവർ മാക്കത്തോടു പറഞ്ഞു, അതിനു ക്ഷണിക്കാനാണിങ്ങുവന്നതെന്നും പെട്ടന്നു തയ്യാറായിക്കോളൂ എന്നുമവർ പറഞ്ഞു. നേർപെങ്ങളുടെ പണ്ടേയുള്ള ആഗ്രഹമല്ലേ കോട്ടയം വിളക്ക്, ഇപ്രാവശ്യം അതുകാണിക്കാം എന്നായിരുന്നു ആങ്ങളമാരുടെ നിർദ്ദേശം. ഇളയ നാത്തു ഏറെ കരഞ്ഞുകൊണ്ട് നീയൊന്നിനും സമ്മതിച്ചേക്കരുത് എന്നു പറഞ്ഞിരുന്നെങ്കിലും മാക്കത്തിനു സഹോദര സ്നേഹത്താൽ പോകാൻ സമ്മതിക്കേണ്ടി വന്നു. മാക്കത്തിനു മനസ്സിലായി നല്ല കാര്യത്തിനല്ല ഈ പടനായകർ തന്നെ കൊണ്ടുപോകുന്നതെന്ന്… കുലദേവതയായ വീരചാമുണ്ഡിയുടെ വിളക്കിനുമുമ്പിൽ വെച്ചവൾ ദയനീയമായി തന്റെ നിരപരാധിത്വം തെളിയിക്കണേ എന്നു പ്രാർത്ഥിച്ചു. യാത്രാ വേളയിൽ കടലായി കൃഷ്ണനേയും മാടായിക്കാവിലമ്മയേയും കളരിവാതിക്കൽ ഭഗവതിയേയും മാക്കം മനമുരുകി പ്രാർത്ഥിച്ച് രക്ഷിക്കണേയെന്നപേക്ഷിച്ചു. തന്റേതായ വസ്ത്രങ്ങളും ജീവിതം തന്നെ സംശയനിവാരണത്തിലാക്കിയ എണ്ണയും ഒക്കെ അവൾ അഗ്നിക്കിരയാക്കി.

കോട്ടയം വിളക്കുകാണാനുള്ള യാത്ര ഏറെ നടക്കേണ്ടി വന്നത് കുട്ടികളായ ചാത്തുവിനേയും ചീരുവിനേയും ഏറെ ക്ഷീണിപ്പിച്ചു. മക്കൾക്കല്പം വെള്ളം കൊടുക്കണമെന്നവൾ ആങ്ങളമാരോട് കണ്ണീരോടെ പറയുകയുണ്ടായി. ചാലയിലെ പുതിയെ വീടെന്ന ഒരു നമ്പ്യാർഭവനത്തിലേക്ക് മാക്കം പന്ത്രണ്ടാമത്തെ ആങ്ങളയുടെ അനുവാദപ്രകാരം മക്കളേയും കൊണ്ടു നടന്നു കയറി. പുതിയവീട്ടിലെ അമ്മ മക്കൾക്ക് കിണ്ടി നിറയെ പാലു നൽകി. മക്കൾ രണ്ടുപേരും മതിയാവോളം ദാഹം തീർക്കുന്നത് മക്കത്തിലെ അമ്മ മതിവരാതെ കണ്ടുനിന്നു. സ്നേഹസൂചകമായി തന്റെ മേലിൽ കിടക്കുന്ന ആഭരണങ്ങളായ മാലയും വളയും ഒക്കെ ഊരി ആ കിണ്ടിയിലിട്ട് മാക്കം അമ്മയെ ഏൽപ്പിച്ചു. തിരിച്ചു പോരുമ്പോൾ ഇതുവഴി വന്ന് ഒക്കെ വാങ്ങിച്ചോളാം അതിവരെ സൂക്ഷിക്കണം എന്നും പറഞ്ഞാണ് ആ അമ്മയെ അതേൽപ്പിച്ചത്.

യാത്ര വീണ്ടും തുടർന്നു, ചാത്തുവിനും ചീരുവിനും ദാഹവും വിശപ്പും പിന്നേയും സഹിക്കാൻ വയ്യാതായപ്പോൾ കരയുകമാത്രമേ സാദ്യമായിരുന്നുള്ളൂ. ഇനി അല്പമേ നടക്കാനുള്ളൂ എന്ന് ആങ്ങളമാർ മാക്കത്തോടു പറഞ്ഞുകൊണ്ടിരുന്നു. മക്കളെ ഹൃദയപൂർവ്വം ചേർത്തുപിടിച്ച് കണ്ണീരൊപ്പാൻ മാത്രമായിരുന്നു ആ മാതാവിനു വിധി. ഏറെ സഞ്ചരിച്ച് മമ്പറക്കടവും കടന്ന് തച്ചങ്കരപ്പള്ളിയിലെ ഒരു പൊട്ടക്കിണറിനടുത്തെത്തിയപ്പോൾ ആങ്ങളമാർ നിന്നു. നട്ടുച്ചയായ ഈ സമയത്ത് നീ നക്ഷത്രത്തെ കണ്ടിട്ടുണ്ടോ എന്നവർ ജിജ്ഞാസയോടെ മാക്കത്തോടു ചോദിച്ചു. ഇല്ലെന്നവൾ തലയാട്ടി. ആഴമുള്ള ഈ കിണറിലെ വെള്ളത്തിൽ നോക്കിയാൽ നിനക്കത് കാണാനാവും എന്നവർ മാക്കത്തോടു പറഞ്ഞു.

സങ്കടകരമായിരുന്നെങ്കിലും മാക്കം കാണാനുള്ളപൂതിയോടെ കിണറിലേക്ക് നോക്കി. ഈ അവസരം മുതലക്കി ആ പടയാളികൾ അവളുടെ തലവെട്ടി കിണറിലേക്ക് തള്ളി. ആർത്തു കരഞ്ഞ കുഞ്ഞുങ്ങളെ അമ്മാവന്മാർ വലിഞ്ഞുപിടിച്ച് ഓരോരുത്തരെയായി തലവെട്ടി കിണറ്റിലേക്കു തന്നെ തള്ളി. ഭാര്യമാരുടെ തലയിണമന്ത്രത്തിന്റെ ശക്തിയാൽ മാക്കവും മക്കളും പരലോകത്തെ പൂകി. ഇതുകണ്ടുകൊണ്ട് സമീപത്ത് മുള കൊത്തിക്കൊണ്ടിരുന്ന മാവിലൻ കിണറിന്റരികിലേക്ക് ഓടിവന്നു ബഹളം വെച്ചു. പടനായകരായ ആ യോദ്ധാക്കൾ മാവിലനേയും തലയരിഞ്ഞ് കിണറ്റിൽ തള്ളി അവസാനത്തെ തെളിവും നശിപ്പിച്ചു. മാവിലൻ എന്നത് ഇന്നത്തെ ദളിതുവംശജനാണ് – അന്ന് ഭൂമിയുടെ യഥാർത്ഥ അവകാശികളും.

അന്നുരാത്രിയിൽ വീരചാമുണ്ഡിയുടെ കോവിലിൽ ഒരു ജ്വാലയുണർന്നു. തച്ചക്കരപ്പള്ളിയിലെ പൊട്ടക്കിണറിൽ നിന്നും മറ്റൊരു ജ്വാലയും പറന്നുയർന്നു. രണ്ടും ഒന്നായി ജ്വലിച്ച് മാക്കം ജ്വാലാമുഖമായി മാറി; വീരചാമുണ്ഡിയിൽ ലയിച്ച മാക്കം കടാങ്കോട്ട് തറവാട്ടിലേക്ക് പറന്നുയർന്നു. ആങ്ങളമാരെ ഉണർത്തി പതിനൊന്നുപേരെയും വരിയായി നിർത്തി ചുട്ടെരിച്ചു. ആർത്തുകരഞ്ഞ അവരുടെ ഭാര്യമാരുടെ ഗതിയും ഇതുതന്നെയായിരുന്നു. പതിനുന്നുപേരും ഭാര്യമാരും പുകഞ്ഞു തൂരുന്ന തീകുണ്ഡങ്ങളായി നിലമ്പുൽകി. അവസാനം കടാങ്കോട്ടു തറവാടുതന്നെ അഗ്നിക്കിരയാക്കി. വീരചാമുണ്ഡിയിരിക്കുന്ന താനം മാത്രം അഗിനിക്കിരയായില്ല. ഗാഡനിദ്രയിലായിരുന്ന ചാലയിലെ പുതിയ വീട്ടിൽ അമ്മയ്ക്ക് മാക്കത്തിന്റെ സ്വപ്നദർശനമുണ്ടായി. പുതിയ വീടിനോട് ചേർന്നിരിക്കുന്ന ചമ്പകമരത്തിനടുത്തായുള്ള കോവിലകത്തിൽ മാക്കം ഭഗവതി ഇരിക്കുന്നതായി ആ അമ്മ കണ്ടു. ചാല പുതിയ വീട്ടുകാർ എല്ലാ വർഷവും മാക്കവും മക്കളും തെയ്യം നടത്തുവാൻ തീരുമാനിക്കുന്നത് അതുമൂലമാണ്; അതിന്നും നടന്നുമരുന്നു.ഇത് കുംഭമാസമാണ് – ഈ മാസത്തിലാണു മാക്കത്തിന്റെയും മക്കളുടേയും തിരുവിളയാട്ടം.

കഥയിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും തറവാടുകളും ഇന്നും ഉള്ളതാണ്. മാക്കത്തെ കൊന്നു തള്ളുന്നത് കണ്ടത് മാവിലനല്ല വാണിയനാണെന്നും തീയ്യനാണെന്നും വിവിധാഭിപ്രായങ്ങൾ നിലവിലുണ്ട്. പഴമ്പാട്ടുകളിൽ അതൊരു മാവിലൻ തന്നെയായി തുടരുന്നു. ഈ കഥയ്ക്ക് അവലംബം പറശ്ശിനിക്കടവിൽ നിന്നും പണ്ട് ലഭ്യമായിരുന്നു നാടൻപാട്ടിന്റെ ഒരു പുസ്തകമാണ്. ലേഖനത്തിൽ ആദ്യം കൊടുത്തതുകാണുക. ലളിതസുഭഗമായി കഥകൾ മനസ്സിലാക്കാൻ അതിലും ഭംഗിയായൊരു പാട്ടുപുസ്തകം ലഭ്യമല്ല. തെയ്യമായി ഉയിർത്തെഴുന്നേറ്റപ്പോൾ തോറ്റമ്പാട്ടുകളും മറ്റുമായി നിരവധിയുണ്ടെങ്കിലും ഈ കൃതി ഏറെ സുന്ദരമാവുന്നു.

ഇങ്ങനെ പലതും ഇന്നലകളുടെ സാക്ഷ്യങ്ങളാവുന്നുണ്ട് തെയ്യങ്ങളിൽ. മാക്കത്തിന്റെ കഥ അങ്ങനെയൊരു ഓർമ്മപ്പെടുത്തലാണ്. പുറന്തള്ളപ്പെട്ടവരുടെ ആത്മരോധനങ്ങൾക്കു താളം പകർന്നവ കൂടിയാണു തെയ്യങ്ങൾ. പുരുഷാധിപത്യ കാലത്തും സ്ത്രീസഹനവും അവരുടെ നിസ്സഹായതയും താളത്തിമിർപ്പിലൂടെ ഓർമ്മിച്ചെടുക്കുന്നുണ്ട് തെയ്യങ്ങൾ. പാതിവ്രത്യ ആരോപണങ്ങളും ദുരഭിമാനവും മൂലം ചിതറിത്തെറിച്ച ജീവിതങ്ങൾ വേറെയുമുണ്ട് തെയ്യപ്രപഞ്ചത്തിൽ. അത്തരമൊരു തെയ്യമാണ് മുച്ചിലോട്ടു ഭഗവതി.
പെരിഞ്ചല്ലൂർ ദേശത്തെ പണ്ഡിത ശ്രേഷ്ഠന്മാരെ മുട്ടുകുത്തിച്ച ഒരു ബ്രാഹ്മണകന്യകയോട് ആ ദേശത്തെ പണ്ഡിതന്മാർക്ക് തീർത്താൽ തീരാത്ത പകയും അസൂയയും പ്രകടമായി. വെറുമൊരു പെണ്ണായ ഇവൾ തങ്ങൾക്കു മുകളിലേക്ക് വളരുന്നത് പുരുഷ പണ്ഡിതർക്ക് സഹിച്ചിരുന്നില്ല. അതിനാൽ ആ പെൺകുട്ടിയെ ഒരു കെണിയിലകപ്പെടുത്താൻ ഒരുക്കങ്ങൾ കൂട്ടിയവർ. അങ്ങനെ ഒരിക്കൽ പെരിഞ്ചല്ലൂർ പണ്ഡിത സദസ്സിൽ വച്ച് ഏറ്റവും വലിയ രസമേതെന്ന ചോദ്യത്തിന് കാമരസമെന്നും ഏറ്റവും വലിയ വേദനയേതെന്ന ചോദ്യത്തിന് പ്രസവവേദനയെന്നും ആ പെൺകുട്ടി ഉത്തരം നൽകി. തക്കം പാർത്തു കഴിഞ്ഞിരുന്ന പണ്ഡിതർ ആ ഉത്തരങ്ങളുടെ മേൽ ചാടി വീണു. ഇവ രണ്ടും അനുഭവിക്കാത്ത ഒരു കന്യകയായ ഇവൾക്ക് ഇതെങ്ങനെ കൃത്യമായി പറയുവാൻ കഴിയുമെന്നും അതിനാൽ ഇവൾ കന്യകയല്ലെന്നും ഇവളുടെ പാതിവ്രത്യം നശിച്ചുവെന്നും അവർ വിധിയെഴുതി. അതോടെ ഒറ്റപ്പെട്ടുപോയ അവളെ ഇല്ലത്തു നിന്ന് പടിയടച്ച് പിണ്ഡം വച്ചു. അപമാന ഭാരത്താൽ നടന്നു നീങ്ങിയ ആ പെൺകുട്ടി ഒരു തീക്കുണ്ഡം ജ്വലിപ്പിച്ച് ആത്മഹുതി ചെയ്തു..

സ്ത്രീയുടെ പാതിവ്രത്യ ഭംഗവും കുലത്തിന്റെ ദുരഭിമാനവുമാണ് വിഷയമായി വരുന്നത്. മാനത്തിന് കളങ്കമേറ്റെന്ന വെറും ആരോപണം പോലും ഒരു ജീവിതത്തെ എത്രമാത്രം തകർച്ചയിലെത്തിക്കുന്നു. ഒരു സ്ത്രീയെ അടിച്ചമർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായി അവളുടെ മാനം തന്നെ തിരഞ്ഞെടുക്കുന്നത് വർത്തമാനകാലത്തും ഒരു തുടർക്കാഴ്ചയാകുന്നു. അതിൽ നിന്നും പുതുരക്തസാക്ഷികൾ വീണ്ടും പിറവിയെടുക്കുന്നു. .അതുപോലെ തന്നെ ദുരഭിമാനത്തോടൊപ്പം ജാതി വ്യവസ്ഥയുടെ വികൃത മുഖം വ്യക്തമാക്കുന്ന പെൺ ജീവിതങ്ങളാണ് ശംഭുഞ്ഞ്യാർ തെയ്യവും കോപ്പാളത്തി തെയ്യവും. ഒരു മാവില യുവാവിന്റെ കൈയ്യിൽ നിന്ന് മാങ്ങ വാങ്ങിയതിന് കണ്ണു കുത്തി പൊട്ടിച്ച് കൊടുംകാട്ടിൽ തള്ളിയ ബ്രാഹ്മണയുവതിയാണ് ശംഭുഞ്ഞ്യാറെങ്കിൽ കീഴ് ജാതിക്കാരനെ പ്രണയിച്ചതിന് ആങ്ങളമാർ തുണ്ടം തുണ്ടമാക്കിയ കഥയാണ് കോപ്പാളത്തി തെയ്യത്തിന് പറയാനുള്ളത്.

പതിനാലു മക്കളും മരിച്ച ഒരു തീയ്യ സ്ത്രീ സന്ധ്യാനേരം രാമായണം വായിക്കുന്നത് കണ്ട നാടുവാഴിക്ക് വന്ന അരിശമാണ് തോട്ടുംകര ഭഗവതിയുടെ പിറവിക്ക് പിന്നിൽ. അവളുടെ അഹങ്കാരം ശമിപ്പിക്കാൻ തലയിൽ തീവെച്ച് ഓടിച്ചു. ഒടുവിൽ പൊള്ളലേറ്റ് മരിച്ചു വീണ ആ തീയ്യസ്ത്രീ പിന്നീടു ദൈവമായി പരിണമിച്ചു…

ഇവിടെ കഥകൾ പൂർണ്ണമല്ല. സ്ത്രീ ജീവിതങ്ങളുടെ കഥകൾ വേറയെമുണ്ടാകാം തെയ്യം ഭൂമികയിൽ. അവ രേഖപ്പെടുത്തുവാൻ ജാതിയോ പദവിയോ ഒരു വിഷയമായിരുന്നില്ല. അധികാര കരങ്ങളുടെ കെണിയിലെ ജീവിതങ്ങൾ എന്നു മാത്രമായിരുന്നു അടിസ്ഥാനം. .എല്ലാ കഥകളും ചേർത്തു വച്ച് വായിക്കുമ്പോൾ ആണധികാരങ്ങളുടെ ഹുങ്കും ജാതിവ്യവസ്ഥകളും സദാചാര ബോധങ്ങളും തന്നെയാണ് എന്നും പെൺജീവിതങ്ങളെ ദുസ്സഹമാക്കിയിരുന്നത് എന്നു കാണാം. സമൂഹത്തിലെ അലിഖിത നിയമങ്ങളിലെ വ്യവസ്ഥകളാൽ തകർന്നു പോയ ഒട്ടേറെ ജീവിതങ്ങൾ ഇങ്ങനെയുണ്ടെന്ന ഓർമ്മപ്പെടുത്തലാവുന്നു തെയ്യങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights