ഭീകരപ്രവര്‍ത്തനത്തെയും മറ്റും നേരിടാനെന്ന ന്യായത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു നൽകിയിരിക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് പിൻവലിക്കണം എന്ന ആവശ്യവുമായി ഇറോം ശര്‍മിള നടത്തുന്ന നിരാഹരസമരം പതിനൊന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യൻ സൈനികർ അതിർത്തിപ്രദേശങ്ങളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്, സിക്കിമിൽ പ്രായപൂർത്തി പോലും ആകാത്ത കുഞ്ഞിനെ സ്ഥിരമായി തന്റെ കാമവെറിക്ക് ഉപയോഗിക്കുന്ന സഹപ്രവർത്തനെ പറ്റി പണ്ടൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ നിരവധിയാണ്, ചോദിക്കാൻ ചെല്ലുന്നവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലാൻ അവർ നിയമത്തെ കൂട്ടുപിടിക്കുന്നു. നിയമപാലകർ നിയമത്തെ വ്യഭിചരിക്കുന്ന വാർത്തയൊക്കെ പരസ്യമായ രഹസ്യമാണ്. എന്തൊക്കെയായാലും അതിർത്തികളിൽ ഇവരുടെ ജീവിതക്രമവും അത്ര നല്ല രീതിയിൽ ഒന്നുമല്ലതാനും.
മണിപ്പൂരിലും ഈ നിയമം ഇന്നു നിലനിൽക്കുന്നു. പണ്ട്, ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്നതാണ് ഈ നിയമം. എന്നാൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ നിയമം എടുത്തു കളയുകയുണ്ടായി. പക്ഷേ 1958 – ല്‍ മണിപ്പുരില്‍ വീണ്ടും ഈ നിയമം കൊണ്ടുവന്നു. ജനാധിപത്യം, ജനാധിപത്യം എന്നു കരഞ്ഞു നിലവിളിക്കുന്നവരാരും തന്നെ ഈ മനുഷ്യത്തരഹിതമായ ക്രൂരതകൾ കണ്ടില്ലെന്നു നടിച്ചു. രാജ്യത്തിനുവേണ്ടി ജീവൻവരെ ബലിനൽകാൻ തയ്യാറാവുന്ന ധീരജവാനോടുള്ള അമിതമായ താല്പര്യത്തിലും രാജ്യസ്‌നേത്തിലും നമ്മളീ ക്രൂരതകൾക്ക് നേരെ കണ്ണടച്ചു. അതെന്തോ ആവട്ട്. വ്യക്തമായ തെളിവുകളാണല്ലോ മുഖ്യം.
ഈ പറയപ്പെട്ടുന്ന ക്രൂരതയിലേക്ക് ശ്രദ്ധകിട്ടിയത് മണിപ്പൂരിലെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഈറോം ശർമ്മിള നിരാഹാരം ഇരിക്കാൻ തുടങ്ങിയപ്പോൾ മുതലാണ്. ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് എന്ന നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് 2000 നവംബര്‍ തൊട്ടാണവർ നിരാഹാര സമരം തുടങ്ങിയത്. മേലുദ്യോഗസ്ഥന്റെ അനുവാദം ഇല്ലാതെ തന്നെ ശത്രുവിനെ വെടി വയ്ക്കാനുള്ള അഫ്സ പിൻവലിക്കാൻ വേണ്ടിയായിരുന്നു ശർമ്മിളയുടെ നിരാഹാരം തുടങ്ങിയത്. ഇന്നിത് പതിനൊന്നാം വർഷത്തിലേക്ക് നീണ്ടിരിക്കുന്നു!! നീണ്ട പതിനൊന്നുവർഷങ്ങൾ!! പത്രമാധ്യമങ്ങളെല്ലാം അവരെ തഴഞ്ഞു; ചാനലുകളായ ചാനലുകളൊക്കെ കണ്ണടച്ചു… പ്രതിരോധവകുപ്പിന്റെ തലവനായ ശ്രീ. എ.കെ. ആന്റണിവരെ ഇതൊന്നും തിരിഞ്ഞു നോക്കാൻ പോയില്ല… എന്തായിരിക്കാം കാരണം? സായുധരായ ഭീകരവാദികളുടെയും വിഘടനവാദികളുടെയും കേളീരംഗമാണ് മണിപ്പൂർ. വെടി വയ്ക്കാനുള്ള അധികാരം എടുത്തുകളഞ്ഞാൽ പട്ടാളത്തെ എളുപ്പത്തിൽ കീഴടക്കാൻ തീവ്രവാദികൾക്ക് കഴിയുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെ കേന്ദ്രം ഭരിക്കുന്ന സർക്കാരുകൾ മണിപ്പൂരിൽ അഫ്സ പിൻവലിക്കാനുള്ള സാഹചര്യം നിലവിലില്ല എന്നാണു പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോഴും ആ നിയമം പിൻവലിച്ചിട്ടില്ല. അതിനി പിൻവലിക്കും എന്നു തോന്നുന്നുമില്ല.
അവിടുത്തെ തീവ്രവാദി ഗ്രൂപ്പിന്റെ ആളായ ഒരു പെണ്ണിനെ സൈന്യം വെടി വെച്ചുകൊന്നു എന്ന് പറഞ്ഞാണു സമരം ശർമ്മിള തുടങ്ങിയത്. സംഗതി സത്യം തന്നെ, ആ പെണ്ണ് നാട്ടുമ്പുറത്തുകാരിയാണോ തീവ്രവാദിയാണോ എന്നൊക്കെ ഇനി എങ്ങനെയറിയാനാണ്? എന്തൊക്കെയായാലും നിരാഹാരസമരം എന്ന സമരമുറയുടെ പേരു കളഞ്ഞുകുളിച്ച ഒരു സമരമായിപ്പോയി ഇത്. വെള്ളം വായില്‍ കൊള്ളുന്നതിലൂടെ തന്റെ നിരാഹാരത്തിന് ഭംഗം വരുമെന്നു കരുതി കഴിഞ്ഞ പത്തു വര്‍ഷമായി ഇറോം ശര്‍മിള പഞ്ഞി ഉപയോഗിച്ചാണത്രെ പല്ലു വൃത്തിയാക്കിയത്!! അപ്പോൾ പച്ചവെള്ളം പോലും കുടിക്കാതെ ഇവർ എങ്ങനെ കഴിഞ്ഞ പത്തുവർഷം കഴിച്ചുകൂട്ടി എന്നു ചോദിക്കരുത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഇറോം ശര്‍മിള ഇപ്പോള്‍ മണിപ്പൂരിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലെ സുരക്ഷാവാര്‍ഡിലാണ് സമരം തുടരുന്നത്. ഇവർക്ക് മൂക്കിലൂടെ കുഴലിട്ട് ദ്രാവകരൂപത്തില്‍ ഭക്ഷണം നൽകിവരുന്നുണ്ട്. അവർക്കാ സമരത്തിന്റെ പേരൊന്നു മാറ്റിയെടുക്കാമായിരുന്നു. ഇതൊരുവക നാണംകെട്ട സമരമായിപ്പോയി…
സമരമാർഗം എന്തുതന്നെയാവട്ടെ, ഇതുപോലെ നാണംകെട്ട രീതിയിൽ നിരാഹാരം കിടക്കുകയൊന്നും വേണ്ട, അവരുടെ ലക്ഷ്യം വിജയിക്കുക തന്നെ ചെയ്യട്ടെ. രാജ്യസ്നേഹത്തിന്റെ മറവിൽ നിരപരാധികൾ കൊലചെയ്യപ്പെടാനൊന്നും പാടില്ല. സ്ത്രീകളും കുട്ടികളും അടക്കം ആരും പീഡിപ്പിക്കപ്പെടരുത്. എന്തായാലും ഇങ്ങനെ വയസ്സായി മരിക്കും വരെ നിരാഹാരം ഇരുന്നാലും ഇവരെ ആരു ശ്രദ്ധിക്കുമെന്ന് കരുതാൻ വയ്യ! നാളെയൊരുപക്ഷേ, മണിപ്പൂരിനു വേണ്ടി വാദിക്കുന്ന തീവ്രവാദികളെ പോലെ തന്നെ വേഷം മാറി രാഷ്ട്രീയക്കാരിയുടെ മുഖപടമണിഞ്ഞും ഇവരെത്തിയേക്കാം… ഇവരുടെ സംഗതികൾ സത്യമാണെന്ന് നമ്മളെക്കാൾ അറിയാവുന്ന ആ നാട്ടുകാർ അതിനുള്ള പ്രത്യുപകാരവും ചെയ്യും… അല്ലാതെ ഈ നാണംകെട്ട നിരാഹാരം നീട്ടിക്കൊണ്ടുപോകേണ്ടായിരുന്നു!!