തെലുങ്കാനയിൽ ഹൈദ്രാബാദ് നഗരത്തിൽ ഉള്ളൊരു കോട്ടയാണ് ഗൊൽക്കൊണ്ട ഫോർട്ട്. 12 ആം നൂറ്റാണ്ടിൽ ഉയർന്നുവന്നൊരു കോട്ടാണിത്; നാശോന്മുഖമായിരിക്കുന്നു ഇന്ന്. അതി വിശാലമായ ഏര്യയിൽ മലമുകളിൽ ആണിതുള്ളത്. ഭാഗമതി ദേവിയെന്നും കോഹിനൂർ രത്നം എന്നും ഒക്കെ ഏവർക്കും പരിചിതമായിരിക്കുമല്ലോ. പതിയെ പറയാം അതേപ്പറ്റി.
മികച്ച എഞ്ചിനിയറിങിന്റേയും വാസ്തുവിദ്യാ മാന്ത്രികതയുടേയും മികച്ചൊരു ഉദാഹരണമാണ് ഈ കോട്ട. ആട്ടിടയൻ എന്ന അർത്ഥമുള്ള ഗൊല്ല എന്നും വലിയ മല എന്നർത്ഥമുള്ള കോണ്ട എന്നും ഉള്ള രണ്ട് തെലുങ്കുവാക്കിൽ നിന്നുമാണ് ഗൊൽക്കോണ്ട എന്ന പേരു വന്നത്. ആട്ടിടയന്റെ മല എന്നു പറയാം. ഈ പേരുവരാൻ കാരണമുണ്ട്. ഒരു ആട്ടിടയൻ മലമുകളിൽ വിഗ്രഹം കണ്ടത്രേ. ആ വാർത്ത പടർന്ന്, അന്നത്തെ രാജാവിന്റെ ചെവിയിലുമെത്തി. അങ്ങനെ അവിടെ മലമുകളിൽ ഒരു കോട്ട പണിയാൻ രാജാവു തീരുമാനിക്കുന്നു. ചെറുതായിരുന്നു അന്നത്തെ കോട്ട. എന്നിരുന്നാലും, 12 ആം നൂറ്റാണ്ടിൽ കാകാത്തിയ രാജവംശം പണികഴിപ്പിച്ചതാണ് ഈ കോട്ട. എ.ഡി. 1083 മുതൽ 1323 വരെയായിരുന്നു കാകാത്തിയരുടെ ഭരണകാലം. മങ്കൽ എന്നായിരുന്നു അന്നിത് അറിയപ്പെട്ടത്
8 കവാടങ്ങളും 87 കൊത്തളങ്ങളും നാലോ അഞ്ചോ കുളങ്ങളും ഒക്കെയുള്ള ഏക്കറുകൾ വ്യാപ്തിയുള്ള കോട്ടസമുച്ചയമായിത് മാറിയത് പിന്നീടാണ്. ഏകദേശം 200 വർഷത്തിനുശേഷം, പതിനാലാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ കോട്ട ബഹാമണി ഭരണാധികാരികളുടെ കീഴിലായി. പിന്നീട് ഖുതുബ് ഷാഹി രാജാക്കന്മാർ കോട്ടയെ തങ്ങളുടെ നിയന്ത്രണത്തിലാക്കി കൂടുതൽ വിപുലമാക്കിയതു മാറ്റി. ബഹാമണി ഭരണാധികാരികളുടെയും ഖുതുബ് ഷാഹി രാജവംശത്തിന്റെയും കാലത്താണ് ഈ കോട്ട ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തത്.
ഖുലി ഖുത്ബ് ഷാ സുൽത്താനേറ്റുകൾ
1496 ൽ ഖുതുബ് ഷാഹി രാജവംശം ഏറ്റെടുത്തപ്പോൾ ഗൊൽക്കൊണ്ടയെ അവരുടെ തലസ്ഥാനമാക്കുകയും ചെയ്തു. അതുവരെ ബഹമാനിക്ക് കീഴിലുള്ള രാജ്യത്ത് സുബീർ സുൽത്താൻ ഖുലി ഖുത്ബ് ഷാ തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ശേഷം, ഈ രാജവംശത്തിലെ ഏഴ് സുൽത്താന്മാർ തെലങ്കു ദേശത്തെ മാത്രമല്ല, ഇന്നത്തെ മഹാരാഷ്ട്രയുടെയും കർണാടകയുടെയും ഭാഗങ്ങൾ ഉൾപ്പെടെ തെലുങ്ക് സംസാരിക്കുന്ന മുഴുവൻ നാടിനേയും ഭരിച്ചുവന്നു. ഗൊൽക്കൊണ്ട കോട്ടയുടെ ഇപ്പോഴത്തെ മഹത്വത്തിന്റെ ഭൂരിഭാഗവും മുഹമ്മദ് ഖുലി ഖുതുബ് ഷായോട് സുൽതാനേറ്റുകളോടു കടപ്പെട്ടിരിക്കുന്നു.
ഹൈദ്രാബാദെന്ന പേര്
ഖുലി ഖുത്ബ് ഷാ രാജവംശത്തിൽ പെട്ട മുഹമ്മദ് ഖുലി ഖുതുബ് ഷാ തന്നെയാണു ചാർമിനാർ സ്ഥാപിച്ചതും സമീപത്തായി മെക്കയിൽ നിന്നും കല്ലുകൾ കൊണ്ടുവന്ന് മക്കാ മസ്ജിദ് പണിതതുമൊക്കെ. പ്രിയ സഖിയായിരുന്ന ബാഗമതിയോടുള്ള സ്നേഹസൂചകമായി തലസ്ഥാന നഗരിക്ക് ഭാഗ്യനഗരിയെന്ന പേരുമിട്ടിരുന്നു അദ്ദേഹം. പൂന്തോട്ടങ്ങളുടെ നാടെന്നാണർത്ഥം. ഈ പേരാണു പിന്നീട് ഹൈദ്രാബാദായി മാറിയത്. കാരണം, പിന്നീട് ബാഗ്മതി ഇസ്ലാം മതം സ്വീകരിച്ച് ഹൈദർ മഹൽ (Hyder Mahal) എന്ന പദവി സ്വീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യയായി മാറി. അവളോടുള്ള ബഹുമാനാർത്ഥം നഗരത്തെ ഹൈദരാബാദ് എന്ന് പുനർനാമകരണം ചെയ്കയായിരുന്നു. 17 ആം നൂറ്റാണ്ടിൽ തന്നെ European travelers ആയിരുന്ന Von Poser ഉം Thévenot ഉം ചേർന്ന് പട്ടണത്തിനു ഭാഗ്യനഗരിയെന്നും ഹൈദ്രാബാദെന്നും പേരുള്ളതായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പിന്നീട് 1687 ൽ ഈ കോട്ട മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണത്തിൻ കീഴിലായി. അതേത്തുടർന്നാണ് ഈ കോട്ട മതിയായ ശ്രദ്ധ കിട്ടാതെ നാശത്തിലേക്ക് പോയത്.
ചിത്രങ്ങൾ കുറച്ചെണ്ണം വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. കാണുക.
ഏകദേശം 11 കിലോമീറ്റർ ചുറ്റളവുള്ള ഈ കോട്ടയ്ക്ക് 15 മുതൽ 18 അടി വരെ ഉയരമുള്ള മതിലുകളുണ്ട്. അഞ്ചു കിലോമീറ്ററോളം നീളമുണ്ട് കോട്ടയ്ക്ക്. നിലവിൽ, ഗോൽക്കൊണ്ട കോട്ട കൊട്ടാരങ്ങൾ, പള്ളികൾ, പവലിയൻ എന്നിവയുടെ സങ്കീർണ്ണമായ ഒരു വിന്യാസമാണ്, നിർഭാഗ്യവശാൽ ഇപ്പോൾ ഒക്കെയും അവശിഷ്ടം മാത്രമേ ഉള്ളൂ. എങ്കിലും ഏറെ വിസ്മയജനകമാണിന്നത്തെ കാഴ്ച്ച!
പതിനേഴാം നൂറ്റാണ്ടോടെ ഗൊൽക്കൊണ്ട ഒരു വജ്ര വിപണിയായി പ്രസിദ്ധമായിരുന്നു. ‘കൊഹിനൂർ’ ഉൾപ്പെടെ ഏറ്റവും അറിയപ്പെടുന്ന ചില വജ്രങ്ങൾ ഇത് ലോകത്തിന് നൽകി. ലോകമെമ്പാടുമുള്ള വ്യാപാരികളെ ആകർഷിക്കുന്ന പ്രശസ്തമായ ഒരു വജ്ര വിപണിയായിരുന്നു ഗൊൽക്കൊണ്ട എന്ന് പറയപ്പെടുന്നു. ഗൊൽക്കൊണ്ടയിലാണ് പ്രശസ്തമായ കോഹിനൂർ, വജ്രങ്ങൾ, ദി റീജന്റ് ഡയമണ്ട്, ദാരിയ-ഇ നൂർ, നൂർ-ഉൽ-ഐൻ ഡയമണ്ട് എന്നിവ സൂക്ഷിച്ചു വെച്ചിരുന്നത്.
കോഹിനൂര്‍ രത്നം
ലോകത്തിലെ ഏറ്റവും വലിയ വജ്രക്കല്ലാണ് കോഹിനൂര്‍ രത്നം. പ്രകാശത്തിന്റെ മല എന്നാണിത് അറിയപ്പെടുന്നതു തന്നെ. ഇന്നത്തെ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനു സമീപത്തുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്നുമാണ് ഈ കോഹിനൂര്‍ രത്നം ഖനനം ചെയ്തെടുത്തത്. അക്കാലത്ത് കാകാത്യ രാജവംശത്തിന്റെ അധീനതയിൽ ആയിരുന്നു ഈ പ്രദേശം. പിന്നീട് ബാഹമണീ രാജവംശം, ഖുതുബ് ഷാഹി രാജവംശം, തുഗ്ലക് രാജവംശം, മുഗള്‍ രാജവംശം ഉള്‍പ്പെടെ ഒട്ടേറെ രാജപരമ്പരയിലൂടെ കടന്നുവന്ന ഈ രത്നം ഇപ്പോള്‍ ബ്രിട്ടനിലാണ് ഉള്ളത്. കോഹിനൂര്‍ രത്നം ഉള്‍പ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ പത്ത് രത്നങ്ങളില്‍ ഏഴെണ്ണവും സംഭാവന ചെയ്ത സ്ഥലമാണ് ആന്ധ്രാപ്രദേശ്. ഗുണ്ടൂര്‍, കൃഷ്ണ എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇവയൊക്കെയും ലഭിച്ചത്. സ്വര്‍ണ്ണനിധി എന്ന പേരിലാണ് കൃഷ്ണ നദി അറിയപ്പെടുന്നത് തന്നെ.
ഹിന്ദു, മുസ്ലിം, മുഗൾ, പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും തുടർന്ന് സിഖുകാരുടേയും കൈയ്യിലെത്തിയ രത്നം അവസാനം ബ്രിട്ടീഷുകാരുടെ കൈകളിൽ എത്തി. 37.21 ഗ്രാം തൂക്കമുണ്ടായിരുന്ന ഈ രത്നം, വിക്റ്റോറിയ രാജ്ഞി ഇന്ത്യയിലെ ചക്രവർത്തിനി ആയിരുന്നപ്പോൾ അവരുടെ കിരീടത്തിൽ അണിയാനായിട്ട് 21.61 ഗ്രാമാക്കി ചെത്തി മിനുക്കിയിരുന്നു.
കോട്ടയിലെ വാസ്തുവിദ്യാ ചാതുരി
വാസ്തുവിദ്യയുടെ മഹനീയതയെ പറ്റി മുകളിൽ പറഞ്ഞിരുന്നല്ലോ. കോട്ടയുടെ പ്രധാന കവാടത്തിന് ഫത്തേഷ് ദർവാസ എന്നാണ് പേര്, ഇംഗ്ലീഷിൽ വിക്ടറി ഗേറ്റ് എന്നുപറയും. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം താജ്‌മഹൽ, ചെങ്കോട്ട ഒക്കെയും പണി കഴിപ്പിച്ച 5 ആം മുഗൾ ചക്രവർത്തി ആയിരുന്ന ഷാജഹാന്റെ മകൻ ഔറംഗസേബിന്റെ സൈന്യം ഈ കവാടത്തിലൂടെ കോട്ടയിൽ പ്രവേശിച്ചതിനാലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. പ്രവേശന കവാടത്തിൽ കയ്യടിക്കുന്ന ശബ്ദം ഏറ്റവും ഉയരമുള്ളതും ഏതാണ്ട് ഒരു കിലോമീറ്റർ അകലെയുള്ളതുമായ ‘ബാലഹിസ്സറിൽ’ കേൾക്കാം. ഇത്രദൂരം ഒരു കൈയ്യടി ശബ്ദം എങ്ങനെ കൃത്യതയോടെ സഞ്ചരിക്കുന്നു എന്നതാണത്ഭുതം. ആശയവിനിമയ ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് ആക്രമണമുണ്ടായാൽ രാജപ്രമുഖരെ അലേർട്ട് ചെയ്യുന്നതിന് ഈ സിസ്റ്റം അന്ന് ഉപയോഗിച്ചിരുന്നു.
കോട്ടയ്ക്കുള്ളിലെ പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് രാംദാസ് ജയിൽ. ഐതിഹ്യം അനുസരിച്ച്, അബ്ദുൾ ഹസൻ ഷായുടെ കോടതിയിൽ റവന്യൂ കളക്ടറായിരുന്ന രാംദാസിനെ ജയിലിലടച്ച സ്ഥലമാണിത്. ജയിലിൽ കിടന്നപ്പോൾ അദ്ദേഹം തന്റെ സെല്ലിന്റെ ചുമരിൽ ഹിന്ദു ദേവതകളെ കൊത്തി. ഭിത്തിയിൽ ഹനുമാന്റെ നിരവധി കൊത്തുപണികൾ കാണാം. പഴയ തോക്കുകളുടേയും പീരങ്കിലളുടേയും നിരവധി അവശിഷ്ടങ്ങൾ, എത്തിച്ചേരുന്നവർക്ക് കാണാനായിട്ട് അവിടെ നിരത്തിയിട്ടുണ്ട്. ഇന്ത്യയിലെ വാസ്തുവിദ്യാ വിസ്മയങ്ങളിലും പൈതൃക ഘടനയിലും ശ്രദ്ധേയമായ ഒരു സ്ഥാനം ഈ കോട്ടയ്ക്കുണ്ട് എന്നു പറയാം, ഇത് ഹൈദരാബാദിന്റെ മഹത്തായ ഭൂതകാലത്തിന്റെ സാക്ഷ്യം കൂടിയാണ്.
ചാർമിനാർ പണികഴിപ്പിച്ച മുഹമ്മദ് ഖുലി ഖുതുബ് ഷായുടെ കാമുകി ബാഗമതിയോടുള്ള ബഹുമാന സൂചകമായണ് പൂന്തോപ്പുകളുടെ പട്ടണമായ ഭാഗ്യനഗരിയെ ഹൈദ്രാബാദായി നാമകരണം ചെയ്തത് എന്നു പറഞ്ഞുവല്ലോ.. ചർമിനാറിലെ ദേവിയെ അവലംബിച്ചും ബാഗമതി എന്ന ഡാൻസറാൽ മുഖരിതമായ ഹൈദ്രാബാദെന്ന പേര് റിനെയിം ചെയ്യണമെന്നുള്ള ബഹളം ബിജെപ്പിക്കാർ തുടങ്ങിയിട്ടുണ്ട്. മുഹമ്മദ് ഖുലി ഖുതുബ് ഷായുടെ ശവകുടീരം കോട്ടയുടെ തൊട്ടടുത്തു തന്നെയുണ്ട്. ഗോൽക്കൊണ്ടയിലെ ഖുത്ബ് ഷാഹി രാജവംശത്തിന്റെ അഞ്ചാമത്തെ സുൽത്താനായിരുന്നു മുഹമ്മദ് ഖുലി ഖുത്ബ് ഷാ, ഭാഗ്യനഗർ എന്ന ഹൈദ്രാബാദ് നഗരം സ്ഥാപിക്കുകയും ഇന്നത്തെ ശ്രദ്ധാകേന്ദ്രമായ ചാർമിനാർ, മക്ക മസ്ജിദ് എന്നിവ നിർമ്മിക്കുകയും ചെയ്തതും ഇദ്ദേഹം തന്നെയാണ്; ഹൈദ്രാബാദിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണിന്നിവ.