ആൾക്കാരെ പറ്റിക്കാൻ ഉള്ള മിടുക്ക് പലർക്കും പലരീതിയിൽ ഉണ്ട്. ഇവരുടെയൊക്കെ നാക്കിന്റെ ശക്തിയാണിത്. പറഞ്ഞു വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ചാതുര്യം മോൻസന്റെ പല വീഡിയോകളിലൂടെ നമ്മൾ കണ്ടില്ലേ. എത്ര നോർമ്മലായാണവൻ കാര്യങ്ങൾ പറയുന്നത്!! വ്യാസനും എഴുത്തച്ഛനും ഗണപതിയും ഒക്കെ അവന്റെ അടുത്തിരുന്നെഴുതിയതെന്നു തോന്നും കേട്ടാൽ. പണ്ട് ഈഫൽ ടവർ ഇരുമ്പ് വിലയ്ക്ക് ഒരു വിക്റ്റർ വിറ്റിരുന്നത്രേ!!
ആളുകളെ വാക്കുകൾ കൊണ്ടു മയക്കിക്കിടത്തി വശത്താക്കൽ പരിപാടി. എം ജി ശ്രീകുമാറിനൊക്കെ വെറുതേ കൊടുത്തതാവും ആ കല്ല്. കാരണം മാർക്കറ്റിൽ എന്നും ഉയർന്നു നിൽക്കുവാൻ പരസ്യവും വേണമല്ലോ. സെലിബ്രിറ്റികളെ കൊണ്ടു പറയിപ്പിച്ചാൽ ഗുണമേറെ കിട്ടും. ഇതുപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൈഢൂര്യങ്ങളും ചുക്കും ചുണ്ണാമ്പും ഒക്കെ വാങ്ങിക്കൂട്ടിയവർ തങ്ങൾക്കു വന്ന നഷ്ടം നികത്താനായി വരും നാളിൽ മറ്റൊരു മോൻസണായി അലയേണ്ടി വരും!! മുടക്കിയതെങ്കിലും അവർക്കും തിരികെ കിട്ടണമല്ലോ!! കുറച്ചെങ്കിലും നഷ്ടം നികത്തണമല്ലോ…
യേശുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് കൈക്കലാക്കിയ വെള്ളിക്കാശും ശ്രീ കൃഷ്ണൻ ഉടച്ച വെണ്ണക്കലത്തിന്റെ കഷ്ണവും നബി കത്തിച്ച മൺ വിളക്കും, വെള്ളം വീഞ്ഞാക്കിയ കൽഭരണിയും ഗണപതി ഒറ്റയിരിപ്പിനു ഒന്നു മൂത്രമൊഴിക്കാൻ പോലും എണീക്കാതെ എഴുതിയ മഹാഭാരതവും അങ്ങനെ സകല പണ്ടാരങ്ങളും സത്യമെന്നു പറഞ്ഞു നമ്മൾ പിള്ളേരെ ജനിച്ചപ്പം മുതൽ പീസ് പീസായി കുത്തിവെച്ച് മാനസിക രോഗികളായി വളർത്തിയെടുത്തിട്ട്, ശേഷം ഒരാൾ അതിന്റെയൊക്കെ ഒറിജിനൽ കാണിക്കുമ്പോൾ നമ്മളെന്തിനാ അയാളെ കുറ്റപ്പടുത്തുന്നത്?? അയാളെങ്ങനാ കുറ്റക്കാരൻ ആവുന്നത്? അതു സത്യമെന്നു വിശ്വസിക്കാൻ എന്താ നമ്മുടെ മനസ്സ് തയ്യാറാവാത്തത്??
കേരളത്തിലെ പൊലീസ് മേധാവിക്കും മഹാനടനായ മോഹൻലാലിനും ശ്രീനിവാസനും, പാട്ടുകാരനായ എംജി ശ്രീകുമാറിനും പരിവാരങ്ങൾക്കും ലോകം മുഴുവൻ ആരാധകവൃന്ദമുള്ള അമൃതാനന്ദമയി എന്ന പേരിലറിയപ്പെടുന്ന സുധാമണിയ്ക്കും സേവപാടി പൊലിപ്പെച്ചെടുത്ത അച്ചന്മാർക്കും ഒക്കെയിത് സത്യമെന്നു വിശ്വസിക്കാനും അയാളെ പാടിപ്പുകഴ്ത്തി കാഴ്ച്ചക്കാരുടെ അളവ് കൂട്ടിക്കൊടുക്കാനും പറ്റുമെങ്കിൽ നമ്മൾക്കെന്തേ ഇതു ദഹിക്കാതെ വന്നു?
കഥകൾ പഠിപ്പിക്കുമ്പോൾ പിള്ളോരോടു പറയണം മക്കളേ ഇതൊക്കെ വെറും ഉഡായിപ്പ് സംഗതികൾ മാത്രമാണെന്ന്. കേമന്മാരായ നമ്മുടെ പൂർവ്വികരുടെ രചനാകൗതുകം ഭംഗിയായി അന്നത്തെ സംസ്കാരത്തോടു ചേർത്ത് എഴുതി വെച്ചവ മാത്രമാണിത് – ആ സത്യം അറിഞ്ഞു വേണം ഇതു വായിക്കാൻ; വായിക്കുമ്പോൾ അന്നത്തെ കാലം നമ്മുടെ മനസ്സിൽ തെളിയണം. ഇത്രയും വലിയൊരു കൃതി അന്നത്തെ കാലത്ത് അവർ എഴുതി വെച്ചതും, ഇന്നും കാലാതിവർത്തിയായി അതു നിലനിൽക്കുന്നതും അന്നത്തെ സമൂഹത്തെ അതിൽ ഉൾച്ചേർത്തു വെച്ചതു കൊണ്ടാണെന്നു മനസ്സിലാക്കണം. ചില മന്ദബുദ്ധികൾ ഇതെന്തോ ദൈവീകമാണെന്നും പറഞ്ഞ് തുള്ളിക്കളിച്ച് കാശുണ്ടാക്കി ജീവിക്കുന്നുണ്ട്. അവരെ മാറ്റി നിർത്തുക. നമ്മുടെ ജീവിതവും ജീവനവും വളരെ കുറച്ചുകാലം മാത്രം ഉള്ള മനോഹരമായിരു കാവ്യം മാത്രമാണ്; നമുക്കതു മാത്രമാണു മഹാകാവ്യം. ഭംഗിയാക്കാൻ നമുക്കീ കറിക്കൂട്ടിൽ നിന്നും ഇഷ്ടമുള്ളതു സ്വീകരിക്കാം എന്നു മാത്രം. ഒറ്റയ്ക്ക് നിൽക്കാനും പൊരുതി മുന്നേറാനും ഉള്ള ത്രാണി നമുക്കുണ്ടാവണം. ഇത്തരം ഉഡായിപ്പുകളെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തി ഒരു പച്ച മനുഷ്യനായി തന്നെ വളരണം.
യേശുവിന്റെ വള്ളിട്രൗസറിന്റെ വള്ളീടെ തുമ്പും കൃഷ്ണന്റെ കോണകത്തിന്റെ വാലിന്റെ കഷ്ണവും ഗണപതീടെ ഒടിഞ്ഞ കൊമ്പിന്റെ കഷ്ണവും, പണ്ട് മാജിക്ക് കാണിച്ച് ആൾക്കാരെ പറ്റിച്ചു നടന്ന ഏതേലും മാപ്ലേടെ തൊപ്പീടെ കഷ്ണവും ഒക്കെ ഏതേലും വിരുതന്റെ കൈയ്യിൽ കണ്ട് കോരിത്തരിച്ചിരിക്കുകയല്ല വേണ്ടത്. വിട്ടേക്കണം അവയൊക്കെയും…
സമാനമായി ഫിജികാർട്ടിനെ ഓർമ്മ വരുന്നു… 20000 രൂപ കൊടുത്ത് 5000 രൂപയുടെ സാധനങ്ങൾ വാങ്ങിച്ച്, തങ്ങൾക്കു പറ്റിയ അമളിക്കു കൂട്ടിനായി അവർ മറ്റുള്ളവരെ തേടി നടക്കുന്നു; വലയിലാക്കുന്നു; ഗ്രൂപ്പിൽ ചേർക്കുന്നു; അതിൽ നിന്നും അല്പമാത്രമായി ചേർത്തയാൾക്കും ലഭിക്കുന്നു – അയാൾ പിന്നെയും നടക്കുന്നു! ഒന്നിനു പത്ത്; പത്തിനു നൂറ് എന്ന രീതിയിൽ അതു വളർന്നു വ്യാപിക്കുന്നു!! കരണം സാധനങ്ങൾ വാങ്ങിക്കുമ്പോൾ നമുക്ക് ഒരു പോയിന്റ് കിട്ടുന്നുണ്ട്, അവരുടെ സൈറ്റിൽ പി.വി. എന്നു പറയും. അതു നൂറു പോയിന്റായാൽ മാത്രമേ നമുക്ക് അംഗത്വം ലഭിക്കുകയുള്ളൂ. അതിനെന്താ സൈറ്റിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ നമുക്ക് വാങ്ങാലോ എന്നു പറഞ്ഞു പോയാൽ നമുക്കാവശ്യമുള്ള സാധനങ്ങൾക്ക് ഒക്കെയും പി.വി എന്നത് 0.004, 0.005 ഒക്കെയാണ്. ഇതേത് കാലത്താണു നൂറാവുക!! അവർ തന്നെ ഇറക്കിയ മറ്റു കുറേ സാധങ്ങ: ഉണ്ടതിൽ. അതിനു നല്ല പി.വി. കിട്ടും. 22, 25, 30 ഒക്കെ വെച്ചു കിട്ടുന്നു. ചുരുക്കി പറഞ്ഞാൽ 20,000 രൂപയുടെ ആ സാധനങ്ങൾ വാങ്ങിച്ചാൽ നമുക്ക് 100 പി.വി. ആയെന്നർത്ഥം… ശരിക്കും ഒരു 5000 രൂപ മുടക്കിയാൽ കിട്ടുന്ന സാധനങ്ങൾ ആണിവർ 20000 രൂപയ്ക്ക് വിൽക്കുന്നത്. ബാക്കി 15000 രൂപ, ഇവരുടെ ബിസിനസ്സിൽ പങ്കാളികളാവുന്നവർക്ക് വിതിച്ചു നൽകുന്നു. 20000 കൊടുത്ത് 5000 രൂപയുടെ സാധനങ്ങൾ വാങ്ങിക്കാൻ മനോബലം ഉള്ളവർക്ക് ഇതുകൊണ്ടു കുഴപ്പമൊന്നുമില്ല. ആ പാതയിലേക്ക് അയാൾ ആളെ ചേർത്താൽ അതിന്റെ വിഹിതവും ഇയാൾക്കു കിട്ടും.