കുമാരനാശാൻ

ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുകയും, മഹാകാവ്യം എഴുതാതെ തന്നെ മഹാകവി ആവുകയും ചെയ്ത വ്യക്തിയാണ് കുമാരനാശാൻ (1873-1924). 1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരം ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. മാതാവ്‌ കാളിയമ്മ. കമാരനാശാൻ ഒൻപത് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് – മലയാള ഭാഷകളിൽ വിശാരദനായിരുന്നു. കൂടാതെ കഥകളിയിലും ശാസ്ത്രീയസംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ ആശാനും പാരമ്പര്യമായി കിട്ടിയിരുന്നു.

കുമാരനാശാൻ എസ്. എന്‍. ഡി. പി. യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു വന്നിരുന്നു. ‘പ്രതിഭ‘ എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു. ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കണം. ഇതിൽ ആദ്യശ്ലോകത്തില്‍ തന്നെ കാവ്യം വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്ത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ അക്കാലത്ത് ശക്തമായി സ്വാധീനിച്ചിരുന്നു.

മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ. കുമാരനാശാന് മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സർവ്വകലാശാലയാണ്. അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആയിരുന്നു ആ ആദരവും പട്ടും വളയും സമ്മാനിച്ചത്. 1922-ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേര് സമൂഹം നൽകിയതാണ്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണഗുരുവിന്റെ ശിഷ്യനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അതിഭൗതികതയിൽ ഭ്രമിച്ച് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്ക് നയിച്ചയാളാണ് കുമാരനാശാൻ എന്നു പറയാം. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനുപകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്ത് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്.

Kumaran Asan with guru, കുമാരനാശാനും നാരാണ ഗുരുവും
കുമാരനാശാനും നാരാണഗുരുവും
കുമാരനാശാന്റെ താൽപ്പര്യം പരിഗണിച്ച് സംസ്കൃതത്തിലും ഗണിതത്തിലും പരിശീലനം നൽകി. അച്ഛന്റെ ശ്രമഫലമായി അദ്ധ്യാപകനായിട്ടും കണക്കെഴുത്തുകാരനായിട്ടും മറ്റും ചെറുപ്രായത്തിൽ തന്നെ ജോലി നേടിയെങ്കിലും, രണ്ടു കൊല്ലങ്ങൾക്കു ശേഷം, സംസ്കൃതത്തിലെ ഉപരി പഠനത്തിനായി ജോലി ഉപേക്ഷിച്ച് മണമ്പൂർ ഗോവിന്ദനാശാന്റെ കീഴിൽ കാവ്യം പഠിക്കാൻ ശിഷ്യത്വം സ്വീകരിച്ചു. അതോടൊപ്പം യോഗ-തന്ത്ര വിദ്യകൾ ശീലിക്കാൻ വക്കം മുരുകക്ഷേത്രത്തിൽ അപ്രന്റീസായിട്ടും ചേർന്നു. ഈ കാലത്താണ് കുമാരനാശാൻ ആദ്യമായി കവിതാരചനയിൽ താൽപ്പര്യം കാട്ടിത്തുടങ്ങിയത്. ഏതാനും സ്നോത്രങ്ങൾ ഇക്കാലത്ത് ക്ഷേത്രത്തിൽ വന്നിരുന്ന ആരാധകരുടെ താൽപ്പര്യപ്രകാരം എഴുതുകയുണ്ടായി. 1917-ൽ തച്ചക്കുടി കുമാരന്റെ മകളായ ഭാനുമതി അമ്മയെ ആശാൻ വിവാഹം കഴിച്ചു. സജീവ സാമൂഹ്യപ്രവർത്തകയായിരുന്നു അന്ന് ഭാനുമതി അമ്മ. 1924-ൽ സംഭവിച്ച ആശാന്റെ അപകടമരണത്തിനു ശേഷം പുനർവിവാഹം ചെയ്യുകയുണ്ടായി. 1975-ലാണ് ഭാനുമതി അമ്മ മരണമടഞ്ഞത്.

കുമാരന്റെ ആദ്യകാലജീവിതത്തിൽ ശാരീരികാസ്വാസ്ഥ്യങ്ങളുടെ വേലിയേറ്റമായിരുന്നു. കുമാരന്റെ പതിനെട്ടാം വയസ്സിൽ നാരായണഗുരു ഒരിക്കൽ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചപ്പോൾ, കുമാരനാശാൻ അസുഖം മൂലം ശയ്യാവലംബിയായി കിടപ്പിലായിരുന്നു. അതുകണ്ട ഗുരു, കുമാരൻ തന്നോടൊപ്പം കഴിയട്ടെ എന്ന് നിർദ്ദേശിച്ചു. അങ്ങനെയാണ് ആശാൻ ഗുരുവിനോടൊപ്പം കൂടുകയും ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

Kumaranasan handwriting from notebooks kept at Thonnakkal museum
ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ; തിരിയാ ലോകരഹസ്യമാർക്കുമേ

തിരിയും രസബിന്ദുപോലെയും, പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ! ഗുരുവായും ലഘുവായുമാർത്തിയാൽ ,
– ചിന്താവിഷ്ടയായ സീത – ചിത്രം: വിനയരാജ്, വിക്കിപീഡിയ

ഗുരുവിന്റെ ഒരു പ്രധാനശിഷ്യനായി തുടരവേതന്നെ കാവ്യ-സാഹിതീയ സപര്യകളിലും സാമൂഹ്യനവോത്ഥാന പ്രവർത്തനങ്ങളിലും അതേ തീക്ഷ്മതയോടെ ഏർപ്പെടുകയായിരുന്നു.
ഗുരുവിന്റെ നിർദ്ദേശാനുസരണം. 1895-ൽ സംസ്കൃതത്തിൽ ഉപരി പഠനത്തിനായി ആശാനെ ബാംഗ്ലർക്ക് വിട്ടു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി – “ചിന്നസ്വാമി“ എന്ന്. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു. ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് – ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം എടുത്ത് പഠിച്ചത്. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്. എങ്കിലും അവസാന പരീക്ഷയെഴുതുവാൻ കഴിയാതെ മദിരാശിക്കു മടങ്ങി. ഒരു ചെറു ഇടവേളക്കു ശേഷം കൽക്കട്ടയിൽ വീണ്ടും സംസ്കൃതത്തിൽ ഉപരിപഠനത്തി പോവുകയുണ്ടായി. ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898 -ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.

കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും. 1909-ൽ ആശാന്റെ ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്. എൻ. ഡി. പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.

ആശാന്റെ ആദ്യകാല കവിതകളായ “സുബ്രഹ്മണ്യശതകം”, “ശങ്കരശതകം“ തുടങ്ങിയവ ഭക്തിരസപ്രധാനങ്ങളായിരുന്നു. പക്ഷേ, കാവ്യസരണിയിൽ പുതിയ പാത വെട്ടിത്തെളിച്ചത് “വീണപൂവ്” എന്ന ചെറു കാവ്യമായിരുന്നു. പാലക്കാട്ടിലെ ജയിൻമേട് എന്ന സ്ഥലത്ത് തങ്ങവെ 1907-ൽ രചിച്ച അത്യന്തം ദാർശനികമായ ഒരു കവിതയാണ് വീണപൂവ്. നൈരന്തര്യസ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാർത്ഥങ്ങളടങ്ങിയ ഒന്നാണിത്. പൂത്തുലഞ്ഞു നിന്നപ്പോൾ പൂവിന് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തിൽ വിവരിക്കവെ തന്നെ, ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തപ്പെടുന്നു. ഈ സിംബലിസം അന്നു വരെ മലയാള കവിത കണ്ടിട്ടില്ലാത്തതാണ്.

അടുത്തതായിറങ്ങിയ “പ്രരോദനം“ സമകാലീനനും സുഹൃത്തുമായ ഏ. ആർ. രാജരാജ വർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ വിലാപകാവ്യമായിരുന്നു. പിന്നീട് പുറത്തുവന്ന ഖണ്ഡകാവ്യങ്ങളായ ‘നളിനി’, ‘ലീല’, ‘കരുണ’, ‘ചണ്ഡാലഭിക്ഷുകി’, എന്നിവ നിരൂപകരുടെ മുക്തകണ്ഠം പ്രശംസയ്ക്കും അതുമൂലം അസാധാരണ പ്രസിദ്ധിക്കും കാരണമായി. “ചിന്താവിഷ്ടയായ സീത“യിലാണ് ആശാന്റെ രചനാനൈപുണ്യവും ഭാവാത്മകതയും അതിന്റെ പാരമ്യതയിലെത്തുന്നത്. “ദുരവസ്ഥ”യിൽ അദ്ദേഹം ഫ്യൂഡലിസത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളെ കീറിമുറിച്ചു കളയുന്നു. ‘ബുദ്ധചരിതം’ ആണ് ആശാൻ രചിച്ച ഏറ്റവും നീളം കൂടിയ കാവ്യം. എഡ്വിൻ അർനോൾഡ് എന്ന ഇംഗ്ലീഷ് കവി രചിച്ച “ലൈറ്റ് ഓഫ് ഏഷ്യ“ എന്ന കാവ്യത്തെ ഉപജീവിച്ച് എഴുതിയ ഒന്നാണിത്.

പിൽക്കാലങ്ങളിൽ ആശാന് ബുദ്ധമതത്തോട് ഒരു ചായ്‌വുണ്ടായിരുന്നു. കുമാരനാശാന്റെ അന്ത്യം ദാരുണമായിരുന്നു. 1924-ൽ കൊല്ലത്ത് നിന്നും ആലപ്പുഴയ്ക്ക് ബോട്ടിൽ (റിഡീമർ -rideemer- ബോട്ട്) യാത്ര ചെയ്യവെ പല്ലനയാറ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ ഒരു വൈദികനൊഴികെ ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മുങ്ങി മരിക്കുകയുണ്ടായി. കുമാരനാശാൻ വിടപറഞ്ഞത് അങ്ങനെയായിരുന്നു.

കുട്ടിയും തള്ളയും

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/KutiyumThallayum.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മറ്റു കവിതകൾ കാണുക

ഈ വല്ലിയിൽ നിന്നു ചെമ്മേ — പൂക്കൾ
പോവുന്നിതാ പറന്നമ്മേ!

തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ –
മ്പാറ്റകളല്ലേയിതെല്ലാം.

മേൽക്കുമേലിങ്ങിവ പൊങ്ങീ — വിണ്ണിൽ
നോക്കമ്മേ, എന്തൊരു ഭംഗി!

അയ്യോ! പോയ്ക്കൂടി കളിപ്പാൻ — അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!

ആകാത്തതിങ്ങനെ എണ്ണീ — ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണീ!

പിച്ചനടന്നു കളിപ്പൂ — നീ ഈ –
പിച്ചകമുണ്ടോ നടപ്പൂ?

അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാം അമ്മ ചൊന്നാൽ…

നാമിങ്ങറിയുവതല്പം — എല്ലാ –
മോമനേ, ദേവസങ്കല്പം…

രചന:കുമാരനാശാൻ
പുഷ്പവാടി എന്ന കവിതാ സമാഹാരത്തിൽ നിന്നും
ഏപ്രിൽ 1931 – ഇൽ എഴുതിയത്

മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 – ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ. കുമാരനാശാന്റെ കൃതികൾ വിക്കി ഗ്രന്ഥശാലയിൽ വായിക്കുക

 

അല്പം അപ്ഡേഷൻസ്

കാലം എത്രയെത്ര പുരോഗമിച്ചാലും കുഞ്ഞായിരിക്കുമ്പോൾ ഇവർ എന്നും ഒരേ പോലെ തന്നെ നിഷ്കളങ്കരാണ്. ആത്മികയുടെ ടീച്ചറുടെ വീട്ടിൽ ഇന്നലെ രാത്രി അവളേയും കൂട്ടി ഞങ്ങൾ ചുമ്മാ പോയിരുന്നു. ആമീയെ പറ്റി അവർ ഏറെ പറഞ്ഞിരുന്നെങ്കിലും അതൊക്കെ ചുമ്മാ ഞങ്ങളെ സന്തോഷിപ്പിക്കാനുള്ള ശ്രമം എന്നേ കരുതിയുരുന്നുള്ളൂ. പക്ഷേ, ഇത്ര ചെറുപ്പത്തിൽ തന്നെ അവൾ മറ്റുഭാഷകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെ പറ്റി സൂചിപ്പിച്ചപ്പോൾ ഒന്നത്ഭുതം തോന്നിയിരുന്നു. തമിഴും കന്നഡയും ഹിന്ദിയും അവൾ ശ്രമിക്കാറും തമിഴത്തി ഫ്രണ്ടായ കുഞ്ഞിനോടു മാത്രമായി ആമീസ് തമിഴിൽ സംസാരിക്കുന്നതും ശ്രദ്ധിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും അവളുടെ നിഷ്കളങ്കമായ പലചോദ്യങ്ങളും കുമാരനാശന്റെ ഈ കവിതയ്ക്കു തുല്യം തന്നെയാണ്. ജീവിത സാഹചര്യങ്ങൾ എത്രയൊക്കെ മാറിയാലും കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളല്ലാതാവുന്നില്ല!! വളരെ നിഷ്കളങ്കമയ ഇത്തരം ചോദ്യങ്ങൾക്ക് അവളെ സന്തോഷിപ്പിക്കാനുതകുന്ന ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കാറും ഉണ്ട്. (ജനുവരി 3, 2017)

വീണപൂവ്‌

1
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

2
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

3
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

4
ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

5
ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

6
ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍

7
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം

8
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും

9
ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം

10
“കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

11
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍

12
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം

13
എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

14
ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

15
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?

16
ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.

17
ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

18
ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

19
പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?

20
പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

21
ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?

22
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

23
ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

24
അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍

25
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും

26
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

27
താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

28
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

29
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

30
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.

31
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?

32
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം

33
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

34
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

35
ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍

36
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

37
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

38
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

39
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍

40
ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

41
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

രചന:കുമാരനാശാൻ