പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ ( ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ വർഗ്ഗീസ് കാക്കനാടന്റെ മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിൽ. 1955-ൽ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി.
കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽവേയിലും റെയിൽവേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്. രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവർഷം സതേൺ റെയിൽവേയിലും ആറ് വർഷം റെയിൽവേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ ‘ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ‘ എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ൽ വിവാഹിതനായി. ഭാര്യ : അമ്മിണി, മക്കൾ: രാധ, രാജൻ, ഋഷി. 2011 ഒക്‌ടോബർ 19 നു ബുധനാഴ്‌ച രാവിലെ കരൾസംബന്ധിയായ രോഗത്തെ തുടർന്ന് കാക്കനാടൻ അന്തരിച്ചു.
മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശ്വരയ്യ. മോക്ഷഗുണ്ടം വിശ്വേശ്വരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്. കർണ്ണാടകയിലെ കോലാർ ജില്ലയിലെ മുദ്ധേനഹള്ളി ഗ്രാമത്തിൽ 1860 സെപ്റ്റംബർ 15-നാണ് വിശ്വേശ്വരയ്യ ജനിച്ചത്. ഇദ്ദേഹത്തിന്റെ ജന്മദിനം എഞ്ചിനിയേർസ് ദിനമായി (Engineers day) ഇന്ത്യയിൽ ആചരിക്കുന്നു. ചിക്കബാൽപുരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ അച്ചൻ മരിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം. 1861 സെപ്തംബര്‍ 15ന് സംസ്കൃത പണ്ഡിതനും ഹിന്ദു ധര്‍മ്മ പാരംഗതനും ആയുര്‍ വേദ ഡോകറുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംമ്പ്രദായം അദ്ദേഹം ആവിഷ്കരിച്ചു.
കോളാറിലെ ചിക്കാബെല്ലാപൂർ ടൗണിലാണ് സ്കൂൾ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠനത്തിൽ അതിസമർത്ഥനായിരുന്നു. മദ്രാസ് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട ബാംഗ്ലൂർ സെൻട്രൽ കോളജിൽ നിന്നും ഉന്നതനിലയിൽ ബി.എ. ബിരുദം നേടിയ ശേഷം പൂനെ കോളേജ് ഓഫ് സയൻസിൽ നിന്നും ഒന്നാം റാങ്കോടെ സിവിൽ എൻജിനീയറിൽ ബിരുദം കരസ്ഥമാക്കി. എൻജിനീയറിംഗ് പഠന കാലയളവിൽ പ്രശസ്തമായ ജെയിംസ് ബർക്കിലി മെഡൽ നേടുകയും ചെയ്തു. ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് 1959ൽ സുവർണജൂബിലി ആഘോഷിച്ച വേളയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനും, പ്രശസ്ത ശാസ്ത്രജ്ഞൻ സി. വി രാമനും ഒപ്പം വിശ്വേശ്വരയ്യക്കും ഹോണററി ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയും ചെയ്തു. കൽക്കത്ത സർവകലാശാലയടക്കം ഒട്ടറെ സർവകലാശാലകൾ ബഹുമതി ഡോക്ടറേറ്റും നൽകി ആദരിച്ചിട്ടുണ്ട്. 1904ൽ ലണ്ടനിലെ സിവിൽ എഞ്ചിനീയർമാരുടെ സൊസൈറ്റിയിൽ അംഗമായി. തുടർന്ന് 1912ൽ മൈസൂർ ദിവാനായിരിക്കെ അദ്ദേഹത്തിന് സർ പദവി ലഭിച്ചു.
അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്. മൈസൂര്‍ ദിവാനും ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയറും ഭാരത രത്ന നേതാവുമായ വിശ്വേശ്വരയ്യയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. സിവിൽ എഞ്ചിനീയർ, ഡാം നിർമ്മാതാവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ, രാഷ്ട്ര നിർമ്മാണം എന്നീ മേഖലകളിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. എം. വിശ്വേശ്വരയ്യയുടെ ഓർമ്മയ്ക്കായാണ് സെപ്റ്റംബർ 15ന് എഞ്ചനീയേഴ്സ് ദിനം ആചരിച്ചു പോരുന്നത്. ലളിതമായ വിദ്യകളിലൂടെ ദുഷ്കരമായ പല എഞ്ചിനീയറിംഗ് വിരുതുകളും അദ്ദേഹം പ്രയോഗിച്ചുകാണിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. 1955 ല്‍ രാഷ്ട്രം അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു.
1912ൽ മൈസൂരിലെ ദിവാനായി എം.വിശ്വേശ്വരയ്യ നിയമിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്. സാൻഡൽ ഓയിൽ ഫാക്ടറി, സോപ് ഫാക്ടറി, മെറ്റൽസ് ഫാക്ടറി, ക്രോം ടാന്നിംഗ് ഫാക്ടറി, ഭദ്രാവതി അയൺ ആന്റ് സ്റ്റീൽ വർക്ക്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. അന്നത്തെ ബോംബെ സർക്കാർ അദ്ദേഹത്തെ നാസിക്കിലെ അസിസ്ററൻറ് എൻജിനീയറായി നിയമിച്ചു. തൊഴിലിൽ അദ്ദേഹം അസാധാരണമായ മികവ് കാട്ടിയിരുന്നു. മെരുക്കിയെടുക്കാവുന്ന നദികളും ശരിയായ ജലസേചനസംവിധാനങ്ങളും തുടക്കം മുതൽ തന്നെ വിശ്വേശ്വരയ്യുടെ സവിശേഷ ശ്രദ്ധ പതിഞ്ഞമേഖലകളായിരുന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന എൻജിനീയറുടെ പക്വതയാർന്ന രൂപകല്പന ഇദ്ദേഹത്തിന് കുറഞ്ഞകാലയളവിൽ തന്നെ സിന്ധ് പ്രവിശ്യയിലെ (ഇപ്പോൾ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന) സുക്കൂർ നഗരത്തിലെ ജലസേചനസൗകര്യങ്ങൾ നിർമ്മിക്കുന്നതിനുളള സ്വതന്ത്രചുമതല ലഭിക്കുന്നതിന് അവസരമൊരുക്കി. വരണ്ടതും തരിശായതുമായ സിന്ധ് പ്രവിശ്യയിലെ ദൗത്യം ഏറെ കുറെ ദുഷ്കരമായിരുന്നുവെങ്കിലും ഇതിന്റെ വിജയകരമായ രൂപകല്പനയ്ക്കുശേഷം സൂറത്തിലെ ജലസേചനസൗകര്യങ്ങൾ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ഇദ്ദേഹത്തെ നിയോഗിച്ചു. ഇതോടുകൂടി വിശ്വേശ്വരയ്യ എന്ന മിടുക്കനായ എൻജിനീയറുടെ പ്രൊഫഷണൽ വൈഭവം ഉറപ്പിക്കപ്പെട്ടു. തുടർന്ന് സമീപപ്രദേശത്തെ നഗരങ്ങളായ കൊലാപൂർ, ബൽഗാം, ധർവാർ, ബീജാപൂർ, അഹമ്മദാബാദ്, പൂനെ എന്നിവടങ്ങളിലെ അണക്കെട്ടുകൾ ജലസേചന സൗകര്യങ്ങൾ എന്നിവ ഡിസൈൻ ചെയ്യുന്നതിൽ വിശ്വേശ്വരയ്യയുടെ വൈദഗ്ദ്ധ്യം സർക്കാർ ഉപയോഗപ്പെടുത്തി. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്പന, നിർമ്മാണം, തുടർന്നുള്ള പരിപാലനം എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു. ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികൾ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസർവോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയർത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈൻ ഏറെ പ്രശംസ പിടിച്ചു പറ്റി. 1903 ൽ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഗേറ്റ് രൂപകല്ന വിശ്വേശ്വരയ്യയുടെ നിസ്തുല സംഭാവനകളിലൊന്നാണ്. പൂനെയിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്വസ്ല (Khadakvasla) അണക്കെട്ടിലാണ് ഗേറ്റ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. എട്ട് അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത് താനെ പ്രവർത്തിക്കും. വെള്ളം കുറയുന്ന മുറയ്ക്ക് ഗേറ്റ് താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്ക്കാലത്ത് ഈ രൂപകല്പനയ്ക്ക് പേറ്റന്റ് ലഭിക്കുകയും ചെയ്തു. കാവേരി നദിയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളിൽ നൂതനമായ ഗേറ്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ജലസേചനം, അണക്കെട്ട്, ശുചീകരണം, ഭൂഗർഭജലശേഖരണം, റോഡുകൾ എന്നിവയുടെ രൂപസംവിധാനത്തിൽ ഇടപെടുന്നതിൽ വിശ്വേശ്വരയ്യ ഉൽസാഹ പൂർവ്വം താല്പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്മെന്റിനായി തയ്യാറാക്കിയ ബ്ലോക്ക് സിസ്റ്റം ഓഫ് ഇറിഗേഷൻ (BSI) കനാൽ വഴിയുള്ള ജലവിതരണം ശാസ്ത്രീയ ജല വിതരണത്തിന്റെ നേട്ടം കർഷകരിലെത്തിച്ചു.എൻജിനീയറിംഗ് രംഗത്തെ അക്ഷീണ പ്രയത്നങ്ങളെല്ലാം ബ്രട്ടീഷ് കോളനി വാഴ്ചക്കാലത്താണ് നടത്തിയതെന്നോർക്കണം. അക്കാലത്ത് ഉന്നത പദവികളെല്ലാം ബ്രിട്ടീഷ് എൻജിനീയർമാർക്ക് മാത്രമായി നീക്കിവെച്ചിരുന്നു.
ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 1912-ൽ മൈസൂരിന്റെ ദിവാനായി നിയമിക്കപ്പെട്ടു.1916 ൽ മൈസൂറിൽ സർവ്വകലാശാല സ്ഥാപിച്ചു.ഇന്ത്യയിൽ ഒരു നാട്ടു രാജ്യത്തിൽ സ്ഥാപിതമായ ആദ്യ സർവ്വകലാശാലയായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. ചന്ദനതൈലം, സോപ്പുൽപ്പനങ്ങൾ, ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ വ്യവസായശാലകൾ ഇദ്ദേഹം സ്ഥാപിച്ചു. കൃഷ്ണരാജസാഗർ അണക്കെട്ട്, വൃന്ദാവൻ ഉദ്യാനം എന്നിവയും ഇദ്ദേഹത്തിന്റെ ഭാവനയാണ്. വിദ്യാഭ്യാസരംഗത്തും ഇദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1952-ൽ പട്‌നയിൽ ഗംഗനദിയുടെ കുറുകെ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥലം വിശ്വേശ്വരയ്യ സന്ദർശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുർഘടമായ പാതയും യാത്രതടസപ്പെടുത്തി. ചില ഭാഗങ്ങളിൽ കാറിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ഒരു കസേരയിൽ പല്ലക്ക് മാതൃകയിൽ ഇദ്ദേഹത്തെകൊണ്ടുപോകാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. എന്നാൽ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച് കാൽനടയായി പദ്ധതി പ്രദേശം സന്ദർശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത് ഓർക്കണം.
കൃഷ്‌ണരാജ സാഗർ അണക്കെട്ടിന്റെയും വൃന്ദാവൻ ഗാർഡൻന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്പിയായി പില്ക്കാലത്ത് വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത് മൈസൂരിലെ ദിവാൻ പദവിയായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രിയുടെ പദവിക്ക് തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാൻ പദവി. റിപ്പോർട്ട് ചെയ്യേണ്ടത് മഹാരാജാവിനോട് മാത്രമെന്നത് നവംനവങ്ങളായ പദ്ധതികൾ നടപ്പിൽവരുത്തുന്നതിന് ഇദ്ദേഹത്തിന് കരുത്തുപകർന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവ്വകലാശാല എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തു.മഹാരാജാവിന്റെ സെക്രട്ടറി ഇദ്ദേഹത്തിന്റെ ശമ്പളം വർദ്ധിപ്പാകാനുളള ഒരു നിർദ്ദേശം മുന്നോട്ട് വച്ചത് അറിഞ്ഞ ഉടൻതന്നെ നിരസിക്കുകയും ശമ്പളവർദ്ധവേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ബാഗ്ലൂരിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിട്യൂട് ഒഫ് സയൻസ്ന്റെ പ്രമുഖ ചുമതലകളും വഹിച്ചിരുന്നു. അടിസ്ഥാനശാസ്ത്രത്തിലും പ്രയുക്ത ശാസ്ത്രത്തിലും ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയാകാൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഈ കാലയളവിൽ സാധിച്ചു. ഒരു വലിയ സ്റ്റീൽ ഫാക്ടറി ഇദ്ദേഹം സ്ഥാപിച്ചു. ഇവിടെ നിന്നും വളരെ കുറഞ്ഞ ചിലവിൽ സ്റ്റീൽ ഉല്പ്പാദനം നടത്തിയിരുന്നെന്ന് മാത്രമല്ല അമേരിക്കയിലേക്ക് പിഗ് അയൺ കയറ്റുമതി ചെയ്യുകയും ചെയ്തു. വ്യോമയാനരംഗത്തും ഒരു ഫാക്ടറി ആരംഭിച്ചു പിൽക്കാലത്ത് ഇത് ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സ് ലിമിറ്റഡിന്റെ ഭാഗമായി. രാജ്യത്ത് ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരിൽ ഒരു പോളിടെക്നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന് ലോകപ്രസിദ്ധമായ മൈസൂർ സോപ്പ് ഫാക്‌ടറിയും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തിൽ വിശ്വേശ്വരയ്യ എന്ന എൻജിനീയർ ഉയർത്തിപിടിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു.
ദീർഘവീക്ഷണവും, രാജ്യതന്ത്രജ്ഞതയും ഉളള വ്യക്തിയായിരുന്നു അദ്ദേഹം. ഡോക്ടറേറ്റ് ഉൾപ്പെടെ അനേകം അംഗീകാരങ്ങളും ബഹുമതികളും ഇദ്ദേഹം നേടിയിട്ടുണ്ട്. 1955-ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു. പണ്ഡിറ്റ് ജവഹർലാൽനെഹ്റുവിനും ഇദ്ദേഹത്തോടൊപ്പമാണ് ഭാരതരത്ന പുരസ്കാരം ലഭിച്ചത്. 1904 – ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിൽ അംഗത്വം, 1915 – ബ്രിട്ടീഷ് സർക്കാരിന്റെ സർ പദവി, 1953 – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്സിൽ നിന്നും ഫെല്ലോഷിപ്പ്, 1955 – ഭാരതരത്നപുരസ്കാരം, 1959 – ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഫെല്ലോഷിപ്പ് തുടങ്ങിയവ കൂടാതെ ഇന്ത്യയിലെ എട്ടു സർവ്വകലാശലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
101 വർഷവും 6 മാസവും നീണ്ട ജീവിതകാലം 1962 ഏപ്രിൽ 14ന് അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബാംഗ്ലൂരിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിച്ചിരുന്നു.
പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ് തോലൻ . തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാൻ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂർ എന്ന സ്ഥലത്ത് ‘കൊണ്ടൊഴിഞ്ഞാറ്’ എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ് അദ്ദേഹം ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠൻ എന്നായിരുന്നു പേര്. തോലൻ എന്ന പേര് നാട്ടുകാർ നൽകിയതാണ്. കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ആളായ ഭാസ്കരരവിവർമയുടെ സദസ്യനായിരുന്നു തോലൻ എന്ന് കരുതപ്പെടുന്നു. കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകൾ, വേഷം, കൈമുദ്രകൾ, അഭിനയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ചിട്ടപ്പെടുത്തി ‘ആട്ടപ്രകാരം’ , ‘ക്രമദീപിക’ എന്നീ രണ്ട് ഗ്രന്ഥങ്ങൾ തോലൻ രചിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കിയ രീതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. ‘മഹോദയപുരേശചരിതം’ എന്നൊരു മഹാകാവ്യവും തോലൻ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു.
വീട്ടുവേലക്കാരിയായ ചക്കിയെ പ്രകീർത്തിച്ച് തോലൻ എഴുതിയ മണിപ്രവാളശ്ലോകം ഇതാണ്.
അന്നൊത്ത പോക്കീ കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ തിലപുഷ്പ മൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയന ദ്വയത്തീ…
(അരയന്ന നടയുള്ളവളേ, കുയിലിനെ പോലെ പാടുന്നവളേ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളേ, എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളേ, ദരിദ്രവീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളേ…)
കവിതയിലെ കഥാനായിക ചക്കിക്ക് പക്ഷേ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ തുടങ്ങിയ വിളികൾ ഇഷ്ടപ്പെട്ടില്ലാത്രേ!! തോലൻ അതു കേട്ടപാടെ സംസ്കൃതശ്ലോകം ഉണ്ടാക്കിക്കൊടുത്തു. പാഠഭേദങ്ങൾ നിരവധിയുണ്ട്. എഴുതപ്പെട്ട അവലംബങ്ങൾ ഒന്നുമില്ലല്ലോ. ഇത് ചക്കിയെ അല്ല രാജ്ഞിയെ ആണ് വര്‍ണ്ണിച്ചത് എന്നും രാജ്ഞി തന്നെ ആഢ്യത്വം കാണിക്കാനായി മലയാളം പോരാ സംസ്കൃതം തന്നെ വേണം എന്നു പറഞ്ഞുവെന്നും കഥയുണ്ട്. രാജ്ഞി പിന്നീട് സംസ്കൃതസ്ലോകത്തിന്റെ ശ്ലോകത്തിന്റെ അര്‍ത്ഥം ഏഷണിക്കാര്‍ പറഞ്ഞുകൊടുത്താണത്രേ അറിഞ്ഞത്, അതോടെ രാജ്ഞി തോലന്റെ ശത്രുവായി എന്നും ഒരു പാഠഭേദം കേട്ടിട്ടുണ്ട്.
മറ്റൊരു മറുപക്ഷം പറയാം. ബ്രാഹ്മണർക്ക് ചെറുപ്പത്തിൽ ഉപനയനം (പൂണുൽ ഇടുക) കഴിഞ്ഞ് അതോടൊപ്പം ഇട്ട മൃഗത്തോൽ മാറ്റുക, ബ്രഹ്മചര്യത്തോടെ കഴിഞ്ഞതിനു ശേഷമാണ്. നീലകണ്‌ഠന്റെ കാര്യത്തിൽ അതിന് അവസരം ഉണ്ടായില്ല. കാരണം മേൽപ്പറഞ്ഞ വീട്ടുവേലക്കാരിയായ ചക്കി തന്റെ മോഷണങ്ങൾക്ക് സാക്ഷിയും തടസ്സവും ആയ നമ്മുടെ കുമാരനായ കഥാനായകനെ വശത്താക്കിയെന്നും ചക്കി കുമാരന്റെ കുതിരശക്തിയിൽ സംതൃപ്തയായെന്നും ഒരു പക്ഷമുണ്ട്. അതിനു ശേഷമാണ് മേൽപ്പറഞ്ഞ ശ്ലോകം ഉണ്ടാക്കിയതും. പക്ഷെ, നിരക്ഷരകുക്ഷിയായ ചക്കിയ്ക്ക് പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്ന സരസപ്രയോഗങ്ങൾ ഇഷ്ടപ്പെട്ടില്ലത്രേ! ഉടൻ തോലൻ ഒരു സംസ്കൃതശ്ലോകം ചമച്ചു. അതാണു ശേഷമുണ്ടായ സംസ്കൃതശ്ലോകം എന്നും പറഞ്ഞു വരുന്നു. ശ്ലോകമിതാണ്.
അതിസുന്ദരിയായി ചക്കിയെ ശുദ്ധ സംസ്കൃതത്തിൽ തോലൻ വർണിച്ചത് അവൾക്ക് അത്യധികം ഇഷ്ടപ്പെട്ടുവത്രേ! നമുക്കിവിടെ ചക്കിയെയെ രാജ്ഞിയായും എടുക്കാവുന്നതാണ്. വെയിലേറ്റു വാടിത്തളന്ന മുലകൾ ഉള്ളവളേ എന്നൊക്കൊ അർത്ഥം പറയേണ്ടി വരും ഇതിന് 🙂
തോലൻ ധാരാളം തമാശ കവിതകൾ എഴുതിയിട്ടുണ്ട്. പരമ ശിവനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഒരു കവിതാശകലം തോലനെ ഏറെ പ്രശസ്തനാക്കി.
പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയാ
കോണച്ചേട്ടാഭിധനസ്യ
അർദ്ധാർദ്ധം പ്രണതോസ്മ്യഹം
വരി 1) ദന്തി എന്നാൽ ആന. ദന്തം ഉള്ളതുകൊണ്ടാണല്ലോ ദന്തി എന്ന പേര് വന്നത്. അതിനാൽ പല്ലി എന്നാലും ആന തന്നെ.
വരി 2) പന്ത്രണ്ടര എന്നാൽ പന്ത്രണ്ട് അരകൾ ചേർന്നത്. അതായത് ആറ്. ഇവിടെ ആറ് എന്നാൽ ഗംഗയാർ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
വരി 3) കോണ് എന്ന വാക്കിന് മുക്ക് എന്നൊരു അർഥം കൽപ്പിക്കാം. ചേട്ടനെ അണ്ണൻ എന്നും പറയാം. അപ്പോൾ കോണച്ചേട്ടൻ എന്നു പറഞ്ഞാൽ മുക്ക് + അണ്ണൻ = മുക്കണ്ണൻ. ഇത് ശിവന്റെ ഒരു പര്യായമാണ്.
വരി 4) അർദ്ധം എന്നാൽ പകുതി. അർദ്ധാർദ്ധം എന്നാൽ പകുതിയുടെ പകുതി. അതായത് കാൽ . ഇവിടെ കാൽപാദം എന്നു അർദ്ധം കല്പിക്കാം.
എല്ലാം ചേർത്തു വായിക്കുകയാണെങ്കിൽ ആനയുടെ തോൽ ഉടുത്തവനും ഗംഗയോടു പ്രിയമുള്ളവനും മുക്കണ്ണൻ എന്നു പേരോട് കൂടിയവനും ആയവന്റെ കാൽ പാദത്തെ ഞാൻ വന്ദിക്കുന്നു എന്ന് അർത്ഥം വരും.
തോലനെ കേന്ദ്രീകരിച്ച് പല കഥകളും വാമൊഴികളായി കേരളത്തിൽ പ്രചാരം നേടിയിട്ടുണ്ട്. ഹാസ്യവും ആക്ഷേപവും കൊണ്ട് രസകരങ്ങളായ ഇത്തരം കഥകൾ പലപ്പോഴും തെറ്റായ സാമൂഹികവ്യവസ്ഥിതികൾക്കെതിരെയുള്ള നിശിതമായ വിമർശനമായിരുന്നു. അത്തരം കഥകളിൽ ചിലത് ചുവടെ.
1) തോലനെ കേന്ദ്രീകരിച്ചുള്ള കഥകളിൽ ഏറ്റവും പ്രസിദ്ധമായ കഥയാണിത്. തോലൻ ചെറിയകുട്ടിയായിരിക്കെ നടന്നു എന്നു പറയപ്പെടുന്ന ഈ കഥക്കാധാരം, ഭക്ഷണസമയത്തെ സംസാരം സംസ്കൃതഭാഷയിലായിരിക്കണം എന്ന നിയമമായിരുന്നു. ഒരിക്കൽ തോലൻ ഭക്ഷണം കഴിച്ചുകോണ്ടിരിക്കെ ചക്കി എന്നു പേരായ സ്ത്രീ പത്തായത്തിൽ നിന്ന് നെല്ല് മോഷ്ടിക്കാൻ തുനിയുകയും ഇത് മനസ്സിലാക്കിയ തോലൻ “പനസി ദശായാം പാശി” എന്നു പറഞ്ഞത്രേ.. (പനസം = ചക്ക ; പനസി = ചക്കി , ദശം = പത്ത് ; ദശായാം=പത്തായത്തിൽ , പാശം= കയർ; പാശി=കയറി) , ചെറുപ്പത്തിൽ തന്നെ തോലനിലുണ്ടായിരുന്ന നർമചിന്തക്ക് ഉദാഹരണമായി ഈ കഥ പറയപ്പെടുന്നു.
2) കേരളത്തിൽ കുറ്റം തെളിയിക്കാൻ വിചിത്രമായ പല മാർഗങ്ങളും മുൻപു സ്വീകരിച്ചിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിക്കുക , മുതലയുള്ള കടവിൽ നീന്തിക്കുക , വിഷപ്പാമ്പിനെ അടച്ചിട്ടുള്ള കുടത്തിൽ കൈയിടുവിക്കുക തുടങ്ങിയവ ഇവയിൽ ചിലതാണ്.കുറ്റക്കാരനല്ലെങ്കിൽ തിളച്ച എണ്ണയിൽ കൈ പൊള്ളുകയില്ല,മുതല പിടിക്കുകയില്ല,പാമ്പ് കടിക്കുകയില്ല എന്നൊക്കെയായിരുന്നു വിശ്വാസം. ഒരിക്കൽ രാജാവിന്റെ മോതിരം കാണാതായി, കുളക്കടവിൽ മറന്നുവെച്ച മോതിരം തോലൻ എടുത്ത് രാജാവിന്റെ വാളുറയിൽ ഇട്ടിരുന്നു. തോലൻ മോതിരം കട്ടു എന്ന ഒരു വാദത്തിനെതിരെ തിളച്ച എണ്ണയിൽ കൈ മുക്കി നിരപരാധിത്വം തെളിയിക്കുവാൻ രാജാവ് പറഞ്ഞുവത്രേ. ഇതിനു സമ്മതിച്ച തോലൻ നിറഞ്ഞ സദസിൽ തിളച്ച എണ്ണയുടെ പാത്രം പച്ചയില കൊണ്ട് വക്ക് മൂടിയ ശേഷം എടുത്ത്കൊണ്ടുവന്ന വൈദികനെ ചൂണ്ടിക്കാണിച്ച് “ഇയാളാണ് മോതിരം മോഷ്ടിച്ചത് , കണ്ടില്ലേ കൈ പൊള്ളാതിരിക്കാനായി ഇലകൂട്ടി പാത്രം എടുത്തുകൊണ്ടുവരുന്നു അതിനാൽ ഇതാ കുറ്റം തെളിഞ്ഞിരിക്കുന്നു ഇനി ഞാൻ കൈ മുക്കേണ്ടതില്ല ” എന്നു പറഞ്ഞു. ആ അനാചാരത്തിന്റെ അർത്ഥമില്ലായ്‌മ തുറന്നു കാട്ടിയ തോലനെ രാജാവ് കുറ്റവിമുക്തനാക്കി.
ചക്കി കാരണമാണ് തോലനു ഭ്രഷ്ട് വന്നതെന്നു പിന്നീട് ചക്കിയെ തോലൻ ജീവിതപങ്കാളി ആക്കുകയുമായിരുന്നു എന്നും കഥകളുണ്ട്. പുരുഷാർത്ഥക്കൂത്തിൽ പലയിടത്തും ചക്കിയെ “ചെറുമി” എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും കാണാം. നാം അറിയുന്ന ജാതി വ്യവസ്ഥയിൽ നമ്പൂതിരിമാരോ ചാക്യാന്മാരോ ചെറുമ സ്ത്രീകളെ വിവാഹം കഴിക്കാറില്ല. ഇന്നത്തെ രൂപത്തിലുള്ള ജാതി വ്യവസ്ഥ രൂപപ്പെടുന്നതിനു മുൻപ് ഇങ്ങനെയൊക്കെയായിരുന്നു എന്നൂഹിക്കാം. നായർ, നമ്പൂതിരി, ചാക്യാർ എന്നീ ജാതിപ്പേരുകൾ പുരുഷാർത്ഥക്കൂത്തിൽ ഒരിടത്തും കാണുന്നില്ല. എന്നാൽ പൊതുവാൾ, വാര്യർ എന്നിവരെക്കുറിച്ച് പറയുന്നുണ്ടുതാനും. ഐതിഹ്യങ്ങളിൽ രാജാവ് ബൗദ്ധനായിരുന്നു എന്നും സൂചനയുണ്ട്. (പള്ളിബാണപ്പെരുമാൾ തന്നെ ആണ് ഇത് എന്നും).
കേരളത്തിൽ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗൻ മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യന്മാരുടെ വരവിനു മുന്ന് ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ് സംഘകാലത്തേത്. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല എന്നു കാണാം. ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ട്) മുതൽ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങളായി മാറ്റി നിർത്തിയിരുന്നു. 12 ആം നൂറ്റാണ്ടോടു കൂടി ഇത് ശക്തമായി. തോലൻ 10 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന പറയുമ്പോൾ ഇവയ്ക്കിടയിൽ പോലും ശക്തമായ ബുദ്ധമതസ്വാധീനത്താലോ മറ്റോ ജാതിയത അത്രമേൽ ശക്തമല്ലെന്നു കാണാം. ഉഡു രാജ മുഖി മൃഗ രാജ കടി; ഗജ രാജ വിലാസിത മന്ദ ഗതി; യതി സാ യുവതി ഹൃദയേ വസതി; ക്വ ജപ ക്വ തപ ക്വ സമാധി വിധി
ഒരു നാട്ടിലൊരു വീട്ടി-
ലൊരു കുട്ടി പിറന്നു
ആ കുട്ടിക്കൊരു നല്ല
പേരു വേണമെന്നായ്
പേരു തെണ്ടിയച്ഛനുടെ
കാലൊക്കെ കുഴഞ്ഞു
പേര് തപ്പിയമ്മയുടെ
കയ്യൊക്കെ കുഴഞ്ഞു…‘കുഞ്ഞേ’യെന്ന് വിളിച്ചുകൊ-
ണ്ടച്ഛനടുത്തെത്തി…‘ഉണ്ണി’യെന്ന് വിളിച്ചുകൊ-
ണ്ടമ്മയടുത്തെത്തി…
“കുഞ്ഞുണ്ണിയെന്നവരാ
കുഞ്ഞിന് പേരിട്ടു.” 🙂
ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ചിന്താശേഷി ജനിപ്പിക്കുന്ന ചെറുവരികളെഴുതി മലയാളികളെ പിടിച്ചിരുത്തിയ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ പ്രസിദ്ധമാണ്, അതുകൊണ്ടുതന്നെ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ അടിയുറച്ചുപോയിരുന്നു.
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്. 1953ൽകോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.
ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. മലയാള കവിതയില്‍ തീര്‍ത്തും വ്യത്യസ്തമായ ശൈലി അവതരിപ്പിക്കുന്നതില്‍ കുഞ്ഞുണ്ണിമാഷ് വിജയിച്ചു. കാവ്യാലങ്കാരങ്ങള്‍ നിറഞ്ഞ കവിതാ രീതികളില്‍ നിന്ന് വ്യത്യസ്തമായി ചെറുതും കാര്യമാത്രാ പ്രസക്തവുമായിരുന്നു അദ്ദേഹത്തിന്റെ രചനാ രീതി. തനിമയാര്‍ന്ന ശൈലിയിലൂടെ തനിക്ക് പറയാനുള്ളതെല്ലാം നന്നായി പറയുകായായിരുന്നു കഞ്ഞുണ്ണിമാഷ് ചെയ്തത്.
ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയുംഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്. കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.
കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി . കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി. 1998 ജനുവരി വരെ ആ പംക്തി തുടർന്നു. നീണ്ട 17 വർഷം . ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു. മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ്. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി.
ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർടി സ്വാധീനിച്ചിരുന്നു. എന്നാൽ കക്ഷി രാഷ്ട്രീയത്തിനോ രാഷ്ട്രീയ പ്രസംഗത്തിനോ പോയിട്ടില്ല. ഇദ്ദേഹം അഭിപ്രായപ്പെടുന്നത് നേതാവ് എന്നാൽ “നീ താഴ് നീ താഴ്” എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്. ഒരുകാലത്ത് നക്സലൈറ്റുകളോട് ആഭിമുഖ്യം തോന്നിയിരുന്നു. എന്നാൽ “നക്സലൈറ്റുപോലുമിക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു” എന്നദ്ദേഹം ചൊല്ലിയിരിക്കുന്നു. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങളുമയും അദ്ദേഹം ബന്ധപെട്ടിരുന്നു. വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. “രാക്ഷസനിൽനിന്നു – രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു-റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം”. “പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി” വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നു ഇദ്ദേഹം എഴുതിയിട്ടുണ്ട്.
തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം. കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു; 1927 മേയ് 10 നായിരുന്നു ജനനം. അവിവാഹിതനായിരുന്നു അദ്ദേഹം.
ചില കവിതകൾ
കുഞ്ഞുണ്ണിക്കൊരു മോഹം, എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു, കവിയായിട്ടു മരിക്കാൻ…