Skip to main content

Hampi, Karnataka | ഹംപിയിലേക്കൊരു യാത്ര!!

ചരിത്രത്തിന്റെ കല്ലറകൾ തേടി നമുക്കു ഹംപിയിലേക്കൊന്നു പോയി വരാം! ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹമ്പെ). കൃഷ്ണ-തുംഗഭദ്ര നദീതടത്തിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനകേന്ദ്രമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിജയനഗരത്തിന്റെ കാലത്തിനു ശേഷവും വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടർന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹം‌പി ഏവരും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്‌; ഒരു അത്ഭുതമാണ്‌! ഇരുപത്തിയാറ് ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്ന്‍ ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം!! ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്‌വര! അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്‌ണ – തുംഗഭദ്രാ നദിക്കരയിൽ പടുത്തുയർത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകൾപെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ ഗർലപതി തെനാലി രാമകൃഷ്ണൻ എന്ന തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. അവസാനം, കാലനിയോഗമെന്നപോലെ മുസ്ലീം ഭരണാധികാരികളായ ഡെക്കാൻ സുൽത്താനൈറ്റുകളുടെ ആക്രമണത്തിൽ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്! അവശിഷ്ടങ്ങളുടെ മഹാനഗരം. കാണേണ്ടതാണ്; ഒരു ജന്മത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ടതാണാ കാഴ്ചകൾ!

ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും അമ്പേ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ടുകളും കണ്ട് കണ്ട്… ദേവി ലക്ഷിമിയെ മടിത്തട്ടിലിരുത്തിയ ഒറ്റക്കല്ലിൽ തീർത്ത ഉഗ്രനരസിംഹമൂർത്തിയെ കണ്ടാൽ ഒട്ടുന്നുമല്ല നമ്മൾ വിസ്മയം കൊള്ളുക. കട്‌ലേക്കല്ലു ഗണേശന്റെ വയറിൽ ചേർന്ന് നിന്നും ഫോട്ടോയ്ക്ക് പോസുചെയ്യുമ്പോൾ ദൈവവും മനുഷ്യനും ഒന്നായുണരുന്ന അലൗകികത തോന്നിയേക്കാം!! ഒരുകാലത്ത് സകല പ്രൗഢിയോടും കൂടി ഭക്തജനങ്ങൾക്ക് അഭൗമസായൂജ്യമരുളിയ ദൈവത്തെ നമുക്ക് തൊട്ടുരുമാനാവുമവിടെ.

രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി തോന്നും ഏതൊരുവനും. കൃഷ്ണദേവരായരുടെ വരവും പ്രതീക്ഷിച്ച് ആകുലചിത്തരായി നടന്ന സുരസുന്ദരിമാരായ രാജ്ഞിമാരെ നമ്മൾ അറിയാതെ തേടിയലഞ്ഞുപോവും!

ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:

ദേവദാസികൾ അവരുടെ മാദാലസയാമങ്ങളെ പുളകം വിരിയിച്ച വഴിയോരവാണിഭശാലകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതു കാണാം ആ ക്ഷേത്രനഗരിയിൽ. പൊന്നും വൈരക്കല്ലുകളും പറകണക്കിന് അളന്നു നൽകിയ വഴിയോരവാണിഭകേന്ദ്രങ്ങൾ കരിങ്കൽതൂണുകളായ് അവശേഷിച്ച് ഏതോ കഥനകഥ നിശബ്ദം പറയുന്നതായി തോന്നി! കൃഷ്ണദേവരായർ തന്റെ തൂക്കത്തിന് സ്വർണം ക്ഷേത്രങ്ങൾക്ക് സംഭാവനനൽകാനായി പണിത ഭീമൻ തുലാസ് അനാഥമായി അമ്പലപരിസരത്ത് കാണാം! ഹനുമാൻ ജനിച്ച പർവ്വതം ഇന്നും തലയുയർത്തി ഏതോ അസുലഭ അഹങ്കാരത്താൽ വിലസുന്നു. ബാലികേറാമല എന്നറിയപ്പെടുന്ന ഋശ്യമൂകചലം സുഗ്രീവസ്മൃതിയിൽ തിളങ്ങുന്നു. സീതാന്വേഷണത്തിനു പോയ ഹനുമാൻ തിരിച്ചുവന്ന് മറ്റു വാനരന്മാരോടൊപ്പം ആനന്ദനൃത്തമാടിയ ആ കദളിവാഴത്തോട്ടത്തിനു സമമായ വാഴത്തോട്ടങ്ങൾ ഹമ്പിക്കുചുറ്റും ഭംഗി വിതയ്ക്കുന്നു. അങ്ങനെ ഒരു വാഴത്തോപ്പിലാണ്, ഏതോ ഒരു വയസ്സായ സ്ത്രീ തന്റെ ദാരിദ്ര്യമകറ്റാനായി ശിവപൂജയ്ക്കുവേണ്ടി തീർത്ത ഒറ്റക്കൽ ശിവലിംഗമിരിക്കുന്നത്!

നിരവധി ക്ഷേത്രങ്ങളുണ്ട് ഹമ്പിയിൽ; അതുപോലെ കൽമണ്ഡപങ്ങളും, കൊട്ടാരങ്ങളും. വിശദീകരണത്തിൽ ഒതുങ്ങുന്നവയല്ല അവയൊന്നും തന്നെ. കണ്ടുതന്നെ അറിയേണ്ട പുണ്യമാണു ഹംപി. ഏതൊരു യാത്രികനേയും ആശ്ചര്യത്തിന്റെ നെറുകയിലെത്തിക്കുന്ന ദൃശ്യവിസ്മയമാണത്. എങ്കിലും പറയാം. ഹമ്പിയിലെത്തിയാൽ നിങ്ങൾ പ്രധാനമായും കാണേണ്ടതിവയൊക്കെയാണ് :
വീരുപാക്ഷാ ക്ഷേത്രം, ആയിരം കാല്‍ മണ്ഡപം, മന്മദ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്ര നരസിംഹമൂർത്തി, ബാദവ ലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, വീരഭദ്ര പ്രതിമ, ഭൂഗർഭ ശിവക്ഷേത്രം, ഹസാര രാമക്ഷേത്രം, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹാൽ, എലിഫന്റ് സ്റ്റേബിൾ, തുംഗഭദ്ര നദീതടം, വിട്ടലക്ഷേത്രം, ഗരുഡ രഥം, തുലഭാരം നടത്തിയ ത്രാസ്, നവമി മണ്ഡപവും പരിസരവും അവിടുത്തെ കുളവും, രഹസ്യയോഗം ചേരാനുള്ള ഭൂഗർഭാറകൾ, രാജ്ഞിമാർ കുളിക്കുന്ന കുളിമുറി, വിവിധ മാർക്കറ്റുകൾ, പിന്നെ അവിടവിടങ്ങളിലായ് തകർന്നു കാണുന്ന മറ്റു ക്ഷേത്രങ്ങളും കൽമണ്ഡപങ്ങളും കൽപ്രതിമകളും. രണ്ടു ദിവസം മെനക്കെട്ടിരുന്നു കാണാനുള്ള കാഴ്ചകൾ ഉണ്ട് ഹമ്പിയിൽ; അടുത്തുള്ള തുംഗഭദ്രാ അനക്കെട്ടും കണ്ട് പ്രൗഢഗംഭീരമായ നമ്മുടെ ചരിത്രവിസ്മയത്തെ മനസാ ആവാഹിച്ച് നിങ്ങൾക്കു തിരിച്ചുവരാം!
ചിത്രങ്ങൾ കാണാൻ മുകളിലുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുമല്ലോ!
ഹംപിയിലെ ശിലാ‌സ്മാരകങ്ങളെ ഇവിടെ കാണാം..
വിക്കിപീഡിയയിൽ കൂടുതൽ വായിക്കുക.

ഒരു ചരിത്രവിദ്യാർത്ഥിയുടെ ത്വര!!

Travel to hampi-the mythical place of karnataka

ഒരു യാത്രയായിരുന്നു; ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും കല്ലിന്മേൽ കല്ലുവെയ്ക്കാതെ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ട്ഉകളും കണ്ട് കണ്ട്…

നമുക്കിന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം ഉജ്ജ്വലമായ ഭൂതകാലത്തിന്റെ ഗിരി ശൃംഗങ്ങളില്‍ നിന്ന്‌ തുംഗഭദ്രയുടെ മടിത്തട്ടിലേക്കു നിലംപൊത്തിയ ഒരു മഹത്‌ സാമ്രാജ്യത്തിന്റെശേഷിപ്പുകളിലൂടെയുള്ള യാത്ര…

ഭാരതത്തിന്റെ മധ്യകാലഘട്ടത്തിൽ ഡക്കാൻ കേന്ദ്രീകരിച്ച് സൗത്ത് ഇന്ത്യ മുഴുവൻ ഭരിച്ച കൃഷ്ണദേവരയാരുടെ രഥമുരുണ്ട വീഥികളും, തെന്നാലിരാമൻ കഥകൾ കേട്ട് പുളകം കൊണ്ട പുൽച്ചെടികളുടെ പിന്മുറക്കാർ നിശബ്ദം പറഞ്ഞുതരുന്ന കൊടിയ വേദനയുടെ കഥകൾ കേട്ടുകേട്ട് ഒരു യാത്ര… പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ സുൽത്താന്മാർ വന്ന് നാമവശേഷമാക്കിയ ഒരു ഉജ്ജ്വലസംസ്‌ക്കാരത്തിന്റെ ശവപ്പറമ്പായി തോന്നി ഹംപി എന്ന വിജയനഗരസാംരാജ്യത്തിന്റെ തലസ്ഥാന നഗരി.

അന്ന് രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി!! 🙂 ഇവിടെ ഒരു ചരിത്രവിദ്യാർത്ഥിയുടെ ഒടുങ്ങാത്ത ത്വരയുമായി ഗൈഡ് പറഞ്ഞുതരുന്ന വിവരങ്ങൾ രേഖപ്പെടുത്തുകയാണു ഞാൻ. വിശദമായ വിവരണം ഉടനേ പ്രതീക്ഷിക്കാം.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights