കര്‍ണാടകയുടെ തലസ്ഥാനമായ ബാഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നന്ദിഹില്‍സ്. ടിപ്പുസുൽത്താൻ തന്റെ വേനൽകാലവസതിയായി നന്ദിഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നുവത്രേ. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദിഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എന്‍ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പില്‍നിന്ന് 1479 അടി ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്തുതന്നെ സ്ഥിതിചെയ്യുന്നു. മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം യാത്രചെയ്താൽ പ്രധാനപ്രവേശനകവാടത്തിൽ എത്തിച്ചേരാം. കാൽനടയായും ഇതു കയറാവുന്നതാണ്.
ഗതാഗത സൗകര്യം
ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ ആറുമണിമുതൽ തന്നെ ഇടവിട്ട് ബസ് സൗകര്യം ഉണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് യാത്രാസൗകര്യമൊരുക്കിയിരിക്കുന്നത്. നന്ദിഹിൽസിലെ പ്രധാനകവാടം വരെയും വാഹനത്തിൽ പോകാവുന്നതാണ്. ബസ്സ് യാത്രയാണു തെരഞ്ഞെടുക്കുന്നതെങ്കിൽ, ഇവിടെ എത്തിച്ചേരാൻ മറ്റൊരു മാർഗം കൂടിയുണ്ട്. ബാംഗ്ലൂർ സിറ്റിക്കുപുറത്തു സ്ഥിതിചെയ്യുന്ന ദൊഡ്ഡബെല്ലാപ്പൂർ എന്ന സിറ്റിയിൽ ചെന്നും നന്ദിഹിൽസിലേക്ക് എത്താവുന്നതാണ്. മജസ്റ്റിക്കിൽ നിന്നുള്ള ബസ് ഇപ്പോൾ ഉച്ചയ്‌ക്ക് 12:30 നു ശേഷം നിർത്തിവെച്ചിരിക്കുകയാണ്. പകരം ദൊഡ്ഡബെല്ലാപ്പൂർ വഴിമാത്രമേ ഉച്ചകഴിഞ്ഞുള്ള യാത്ര നടക്കുകയുള്ളൂ. പ്രൈവറ്റ് വാഹനങ്ങളിലാണ് യാത്രയെങ്കിൽ നന്ദിഹിൽസിൽ അവ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആകർഷണകേന്ദ്രങ്ങൾ
നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദിഹിൽസ്. കബ്ബന്‍ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകര്‍ഷണങ്ങളാണ്. കിഴക്കാതൂക്കായി കിടക്കുന്ന വൻപാറകെട്ടുകളും അവയ്‌ക്കിടയിലായി വലിയൊരു നന്ദിപ്രതിഷ്ഠയും ഉണ്ട്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദിഹിൽസിൽ പെയ്‌തിറങ്ങുന്ന കോടമഞ്ഞുതന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദിഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടുകാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതല്‍ 10 ഡിഗ്രി വരെയുമാണ് ഇവിടെ താപനില.
ഇന്നലെ ഇവിടെ അടുത്തുള്ള രണ്ട് സ്ഥലങ്ങൾ കാണാൻ പോയി.
ബാംഗ്ലൂരിൽ വന്നിട്ട് 4 വർഷമായി.. ഇത്രനാളും ഞാനിവിടെയൊന്നും പോയിട്ടില്ല എന്ന കാര്യം തന്നെ പുറത്തു പറയാനൊക്കില്ല. അത്രയ്‌ക്കു സുന്ദരവും സാഹസവും ആയിരുന്നു ഈ യാത്ര. അന്നു ശിവനസമുദ്രയിൽ പോയി വന്നപ്പോൾ, എന്തോ സമയം തികയാത്തതുപോലെ തോന്നി! ഇവിടെ ആ പ്രശ്നം ഉണ്ടായില്ല. രണ്ടു സ്ഥലങ്ങളും ആവോളം ആസ്വദിച്ചിട്ടു തന്നെയായിരുന്നു തിരിച്ചു വന്നത്. ഇടയ്‌ക്കിടയ്ക്ക് പെയ്ത മഴ നല്ലൊരു റിഫ്രഷ്‌മെന്റ് ട്രീറ്റായിരുന്നു. നടന്ന ക്ഷീണം ക്ഷണം കൊണ്ട് അപ്രത്യക്ഷമാക്കാൻ ആ മഴയ്‌ക്കു കഴിഞ്ഞു. ബാംഗ്ലൂരിന്റെ 50 കി.മി. ചുറ്റളവിൽ ഇങ്ങനെ ചിലതൊക്കെ ഉണ്ടെന്ന് കേട്ടിരുന്നുവെങ്കിലും ഇത്രകണ്ട് മനോഹരങ്ങളാവും ഇവയെന്നു നിനച്ചതല്ല. ഒരാഴ്ചയെങ്കിലും ബാംഗ്ലൂരിൽ ചെലവഴിക്കാൻ വരുന്ന ഏവരും (നിർബന്ധമായും) കണ്ടിരിക്കേണ്ട രണ്ടു സ്ഥലങ്ങളാണിവ.
1) നന്ദി ഹിൽസ് | Nandi Hills
പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണു നന്ദി ഹിൽസ്. ഒരൊറ്റമലയുടെ മുകൾത്തട്ടിൽ മേഘക്കൂട്ടങ്ങളോട് കിന്നാരം പറഞ്ഞുകളിക്കുന്ന നയനമനോഹരമായ മരങ്ങളും ചെടികളും കുന്നിഞ്ചെരുവുകളും. നന്നായി നോക്കിനടത്തുന്ന ഒരു പാർക്കുപോലെ തോന്നിച്ചു നന്ദിഹിൽസിലെ മരങ്ങൾ. മഴയായി പെയ്‌തിറങ്ങുന്ന മഞ്ഞിൻ തുള്ളികൾ പോലും നമ്മെ അധികമായി അലോസരപ്പെടുത്തുന്നില്ല അവിടെ. ചുറ്റിനും ഭീകരമായ പാറയിടുക്കുകളും കൊക്കകളും കാവൽ നിൽക്കുന്ന നന്ദിഹിൽസിൽ രാവിലെ 7 മണിയോടടുത്ത് ഞങ്ങൾ എത്തി. 11 മണിക്ക് ഞങ്ങൾ മലയിറങ്ങും വരെ അവിടെനിന്നും മഞ്ഞിൻപാളികൾ ലവലേശം പോലും മാറിയിരുന്നില്ല. നന്ദി ഹിൽസിൽ നിന്നും കാണുന്ന സൂര്യോദയം വിസ്‌മയാവഹമാണ്. സൂര്യപ്രകാശത്തിനും പോലും ആ പ്രദേശത്തേക്ക് കടന്നുവന്ന് ആ മനോഹാരിതയെ വേദനിപ്പിക്കാൻ മടിയാണെന്നു തോന്നിക്കും. നന്ദി ഹിൽസ് വിവരണാതീതമാണ്. പോയി കണ്ട് അനുഭവിച്ചുമാത്രം തീർക്കാവുന്ന സുഭഗസുന്ദരമധുപാത്രം!ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെയാണു നന്ദി ഹിൽസ്. NH – 7 ന്റെരികിലായിട്ടാണിതെന്നു പറയാം. ശരിയായ രീതിയിലുള്ള സൈൻബോർഡുകളൊന്നും വഴിയോരത്ത് കാണാലില്ല. NH – 7 ലൂടെ തന്നെ പോയാൽ ദേവനഹള്ളി എയർപോർട്ടും കഴിഞ്ഞ് NH – 207 നെ ക്രോസ് ചെയ്താൽ ഉടനെ കാണന്ന ഒരു ചെറിയ റൈറ്റ്സൈഡ് റോഡ് പിടിച്ചാൽ നന്ദി ഹിൽസിലെത്താം. ഈ ടേർണിങിനെ നന്ദി ക്രോസ് എന്നാണു വിളിക്കുക. അങ്ങനെ പേരിട്ട് പറയാൻ മാത്രം വലിയ ക്രോസൊന്നും അല്ലത്. അതി രാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരണം. മടക്കം എപ്പോൾ വേണമെങ്കിലും ആവാം.
2) ശിവഗംഗ | Sivaganga
നേരെ വിട്ടത് ശിവഗംഗയിലേക്കാണ്. പോകുന്ന വഴി നിറയെ മുന്തിരിത്തോപ്പുകൾ. പഴുത്തുപ്രായമായ മുന്തിരിപ്പാടത്തിലൂടെ ഞങ്ങൾ ഇറങ്ങി നടന്നു. കുറേ മുന്തിരികൾ പറിച്ചെടുത്തു. ശിവനസമുദ്രയിലെന്നപോലെ ശിവഗംഗയിലും ലോക്കൽപാർട്ടീസ് കാറിനും കരം പിരിക്കാനായി എത്തി. ശിവനസമുദ്രയിൽ പ്രയോഗിച്ച് അതേ അടവു പറഞ്ഞ് അവരെ വിരട്ടി ഞങ്ങൾ മലയ്‌ക്കു താഴെ ഒരു മരത്തണലിൽ കാർ പാർക്ക് ചെയ്ത് ഉച്ചയ്ക്ക് 12 മണിയോടെ മല കയറ്റം ആരംഭിച്ചു. ശിവനും ശിവന്റെ കുടുംബവും താമസിക്കുന്ന മലയാണു ശിവംഗംഗ എന്നു തോന്നിപ്പിക്കും ആ മല. വലിയൊരു പാറക്കൂട്ടമാണ്. പാറകൾക്കൊക്കെ ഏകദേശം ഒരേ ആകൃതി ശിവവാഹനമായ നന്ദിയുടേതു പോലെ. പല പാറകളിലും അവിടെ നന്ദികേശനെ കൊത്തിവെച്ചിട്ടുണ്ട്. പടുകൂറ്റൻ പാറകളിൽ പടകൾ കൊത്തി കമ്പിവേലികളാൽ കൈപ്പിടിയൊരുക്കി മലമുകളിലേക്കുള്ള കയറ്റം ഒരു കയറ്റം തന്നെയാണ്. മൂന്നുമണിയോടടുത്താണ് ഞങ്ങൾ മുകളിൽ എത്തിയത്. മലയുടെ നെറുകയിൽ നിന്നും ചുറ്റിലേക്കും വായുവിൽ തള്ളിനിൽക്കുന്ന വലിയ ഭീമൻ പാറക്കൂറ്റൻമാർ!! പല മിഥുനങ്ങളും അതിന്റെ മുകളിലേറി ടൈറ്റാനിക്കിലെ ടെക്കിൽ കേറിനിന്നു നായികാനായകൻമാർ കൈവിരിച്ചു നിൽക്കുന്നതു പോലെ നിൽക്കുന്നതു കണ്ടു. വളരെ സാഹസികമായി മാത്രം കേറിച്ചെല്ലാവുന്ന ഒരിടമാണു ശിവഗംഗ. ബാംഗ്ലൂരിൽ നല്ല മഴക്കാലം എന്നൊന്നുണ്ടെങ്കിൽ തീർച്ചയായും അവിടേക്ക് എത്തിപ്പെടാൻ ആർക്കുമാവില്ല…ശിവഗംഗയിലേക്ക് നന്ദിഹിൽസിൽ നിന്നും 60 കിലോമീറ്റർ ആയിരുന്നു. മലയിറങ്ങിയ ഉടനേ കാണുന്ന റൈറ്റ്സൈഡ് റോഡിലൂടെ അല്പം പോയാൽ രാജഘട്ട് റോഡുവഴി NH – 207 ഇൽ എത്തിച്ചേരും. അതുവഴി NH 4 (NH – 207 ന്റെ അവസാനമാണെന്നു തോന്നുന്നു) വരെ യാത്രചെയ്ത് NH 4 മുറിച്ച് കടന്ന് ഉള്ളിലേക്ക് കയറിയാൽ ശിവഗംഗയായി. ബാംഗ്ലൂരിൽ നിന്നും ഡയറക്റ്റ് പോകുന്നവർക്ക് യശ്വന്തപുര വഴി NH 4 ലൂടെ തന്നെ പോയാൽ മതി 41 കിലോമീറ്റർ ഉണ്ടാവും ആ ദൂരം. നെലമംഗല കഴിഞ്ഞ് ശിവഗംഗയിലേക്ക് പല വഴികൾ ഉണ്ട്.