ആഗസ്റ്റ് 15 നു ആമിക്കുട്ടിക്ക് ഒരു വയസ്സു തികയുകയാണ്! ഒരച്ഛനായതിന്റെ ഒരു വർഷം! മഞ്ജു ഒരമ്മയാതിന്റെ ഒരു വർഷം! ഒരു കുഞ്ഞു കളിക്കുടുക്കയായി അവൾ ഇപ്പോൾ പിച്ചവെച്ചു നടക്കാൻ തുടങ്ങിയിരിക്കുന്നു; പിഞ്ചിളം കാലടികളാൽ ചുവടുകൾ വെച്ച് അവൾ ഓടുകയാണെന്നു പറയണം! പതിയെ നടക്കുമ്പോൾ ബാലൻസുതെറ്റി വീണുപോവും. പിന്നെ ചെയ്യാനാവുന്നത് എണീറ്റു നിന്ന് ഒറ്റ ഓട്ടം വെച്ചുകൊടുക്കുക എന്നതാണ്. പ്രതിബന്ധങ്ങൾ അവൾക്ക് പ്രശ്നമല്ല; ഭിത്തിയോ കസേരയോ മേശയോ എന്തുമാവട്ടെ മുന്നിലുള്ളതിൽ തട്ടി വീണാൽ അല്പസമയം നിലത്ത് മലർന്നു കിടക്കും; അവളെ നോക്കി നിൽക്കുന്ന ആരുമാവട്ടെ അവരെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും എഴുനേൽക്കും! ഇത്തരം കളികളിൽ രസം കയറിയാൽ പിന്നെ അവളതുതന്നെ തുടർന്നുകൊണ്ടിരിക്കും! അവളുടെ കളികൾ അങ്ങനെ കണ്ടിരിക്കാൻ നല്ല രസമാണ്. ആമിയുടെ കൂടുതൽ ഫോട്ടോസ് ഇവിടെ കൊടുത്തിരിക്കുന്നു!
നമുക്കും ഒരു ബാല്യകാലം ഉണ്ടായിരുന്നു എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ നിഷ്കളങ്ക പൂപ്പുഞ്ചിരിയും! ഓർമ്മയിൽ പോലും ഇല്ലാത്ത, അല്ലെങ്കിൽ അവ്യക്തമായ ആ കുട്ടിക്കാലം തിരികെ വരുന്നത് ഒരുപക്ഷേ മക്കളിലൂടെയാവും! അന്നിതുപോലെ എന്തൊക്കെ കുസൃതികൾ കാണിച്ചിരിക്കും? എത്ര സുന്ദരമായിരിക്കും അത്?! അറിയില്ല – ഇന്നറിയാൻ വഴിയുമേതുമില്ല! മറ്റുള്ളവരുടെ വാക്കുകളിൽ അതിശയോക്തിയോ അവ്യക്തതകളോ കാണുന്നു! ജനിച്ചു വരുന്ന ഓരോ കുഞ്ഞിലൂടെയും അതു തിരിച്ചുപിടിക്കാനേ കഴിയൂ എന്നു തോന്നുന്നു!
അപ്ഡേഡഷൻസ്
ആഗസ്റ്റ് 15 നു ആമിക്കുട്ടിക്ക് ഒരു വയസ്സു തികഞ്ഞു! ജന്മദിനം പ്രമാണിച്ചിട്ടെന്ന പോലെ രാവിലെ മുതൽ അവൾ ചോദിക്കുന്നവർക്കൊക്കെ ഉമ്മ കൊടുത്തു തുടങ്ങിയിരിക്കുന്നു! ഒരാഴ്ച മുന്നേ, പനിയും ജലദോഷവും വന്ന് വല്ലാതെ വലഞ്ഞിരുന്നു ആമി! നാലു ദിവസത്തോളം ചൂടുവെള്ളമല്ലാതെ മറ്റൊന്നും കഴിച്ചതേയില്ല. ജന്മദിനത്തിനു രണ്ടു ദിവസം മുമ്പുതന്നെ എല്ലാം വിട്ടുമാറി അവൾ റെഡിയായി നിന്നു. അല്പം ക്ഷീണിച്ചു പോയെങ്കിലും അവളുടെ കുസൃതികൾ പൂർവ്വാധികം രസകരമായി തന്നെ തിരിച്ചെത്തി. ആമിക്കുട്ടിക്കു വേണ്ടി മനോരഹമായൊരു വെബ്സൈറ്റ് ദോഹയിൽ വർക്ക് ചെയ്യുന്ന രസ്‌മ പ്രതാപ് ഉണ്ടാക്കിത്തന്നിരുന്നു (http://aatmika.chayilyam.com). അവൾ അത് ആഗസ്റ്റ് 15 നുതന്നെ അപ്ലോഡ് ചെയ്തിരുന്നു.ജന്മദിനം അതിഗംഭീരമെന്നൊന്നും പറയാനില്ല. മഞ്ജുവിന്റേയും എന്റേയും വീട്ടുകാർ മാത്രം – അടുത്ത കൂടുകാരെ പോലും ക്ഷണിച്ചിരുന്നില്ല. ജന്മദിനം ഗംഭീരമായി നടത്തണമെന്നു പലരും പറഞ്ഞിരുന്നെങ്കിലും ഞാൻ ആ പരിപാടിക്ക് വേണ്ടി വരുന്ന തുക കണക്കാക്കി രാജപുരത്തെ സെന്റ്. പയസ് ടെൻത് കോളേജിലെ കുട്ടികൾ ഏറ്റെടുത്തു നടത്തുന്ന ഒരു പ്രോജക്റ്റിന്റെ ഫണ്ടിലേക്ക് സംഭാവന നൽകുകയായിരുന്നു. എൻഡോസൾഫാൻ ബാധിതരെ സഹായിക്കാൻ ഏറെ സംഘടനകൾ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽലതിൽ പലരും സ്വയം സാമ്പത്തികമായി തടിച്ചു വീർക്കുന്നതല്ലാതെ അർഹരായ രോഗികൾക്കോ കുടുംബങ്ങൾക്കോ വലുതായി ഒന്നും കിട്ടാതെ തന്നെ കടന്നു പോകുന്ന സാഹചര്യമാണുള്ളത്. നല്ല സംഘടനകൾ ഇല്ലെന്നല്ല! ഗവണ്മെന്റിന്റെ പല ആനുകൂല്യങ്ങളും അനർഹർ വലിയതോതിൽ തട്ടിയെടുക്കുന്നു. അപ്പോഴാണ് കോളേജിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു പദ്ധതി തുടങ്ങിയത്. അർഹരായ 5 കുടുംബങ്ങൾക്ക് വീട് വെച്ചുകൊടുക്കാനുള്ള പരിപാടിയാണ് കുട്ടികൾ ഏറ്റെടുത്തിരിക്കുന്നത്. മാർഗദർശികളായി നല്ല അദ്ധ്യാപകരും കൂട്ടിനുണ്ട്. ഇവർ കഴിഞ്ഞ വർഷം ഒരു വീട് ഇതുപോലെ വെച്ചുകൊടുത്ത് മാതൃക കാണിച്ചിരുന്നു.ഒരു വീടിനു 2,50,000 രൂപയോളം ചെലവുവരും, അഞ്ചുവീടുകൾ എന്നത് വലിയൊരു തുക ആവശ്യമുള്ള പദ്ധതിയാണ്. കുട്ടികൾ എത്രതന്നെ ഇറങ്ങി പിരിച്ചാലും അതു കണ്ടെത്തുക പ്രയാസമാവും – എങ്കിലും അവർ ഏറ്റെടുത്തിരിക്കുന്ന ആ നന്മയെ കാണാതിരിക്കാൻ വയ്യ! അവരിലൂടെ തികച്ചും അർഹരായ കുടുംബങ്ങൾക്കു തന്നെ സഹായം ലഭിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. അതുകൊണ്ടുതന്നെ ആമിയുടെ ജന്മദിനം ആഘോഷമാക്കുന്നതിനേക്കാൾ ആ തുക ഇവർക്ക് കൊടുക്കാനായിരുന്നു എനിക്കു താല്പര്യം.ആമിക്ക് ഗിഫ്റ്റ് ഓഫർ ചെയ്ത രണ്ടുമൂന്നു സുഹൃത്തുക്കളുണ്ട് 🙂 രണ്ടുപേരെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല! കണ്ടിട്ടില്ലെങ്കിലും നിങ്ങളുടെ സ്നേഹത്തിനു നന്ദി! നിങ്ങളോട് ഒരു കാര്യം രഹസ്യമായി പറയുന്നു. ആമിക്കുള്ള ഒരുവിധം നല്ല കുഞ്ഞുടുപ്പിന് മിനിമം 700 രൂപ വിലവരും, നല്ലൊരു കളിപ്പാട്ടത്തിന് 350 രൂപയെങ്കിലും ചുരുങ്ങിയത് വേണം. ആ തുക നിങ്ങൾ ആമിയുടെ പേരിൽ താഴെ പറയുന്ന അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തേക്കുക. അത് മേൽപ്പറഞ്ഞ കോളേജിലെ NSS ന്റെ ചുമതലയുള്ള അദ്ധ്യാപകന്റേയും യൂണിറ്റ് ഭാരവാഹികളുടേയും പേരിൽ ഗ്രൂപ്പ് അകൗണ്ടാണ്. ആ കുട്ടികളുടെ നന്മ പൂവണിയാൻ നമുക്കും പങ്കാളികളാവാം. അവരവരുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ചെറിയൊരു ധനസഹായം ഈ പദ്ധതിയിലേക്ക് മാറ്റിവെച്ചാൻ പാവപ്പെട്ട അഞ്ചു വീട്ടുകാരെങ്കിലും ചോർന്നൊലിക്കാത്ത വീട്ടിൽ അന്തിയുറങ്ങും!
Bank: Federal Bank,
Branch: Rajapuram (Kasaragod Dist.)
Account No: 10800100183079
IFSC Code: FDRL001080
Account Holder:
1) Mr. Shino P J – Primary Account Holder – കോളേജിലെ അദ്ധ്യാപകനാണ്
2) Mr. Jithin Prasanth – NSS ഭാരവാഹി
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ
വെള്ളം കോരിക്കുളിപ്പച്ച് കിന്നരിച്ചോമനിച്ചയ്യായ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപൂമുത്തായി പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ളദോഷം കളയാൻ മൂള് പുള്ളോൻകുടമേ ഹോയ്
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ
കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരീവയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
നുറുങ്ങു കൊഞ്ചലിൽ വളർന്ന മോഹവും
നിറം മറഞ്ഞതിൽ പടർന്ന സ്വപ്നവും
ആനന്ദ തേനിമ്പത്തേരിൽ ഞാനീ മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ
മാനത്തെങ്ങോ പോയി പാത്തുനിൽക്കും മാലാഖ പൂമുത്തേ ചോദിച്ചോട്ടെ
പൂങ്കവിൾ കിളുന്നിൽ നീ പണ്ട് തേച്ച ചാന്തിനാൽ
എന്നുണ്ണിക്കെൻ ചൊല്ലും കണ്ണും പെട്ടുണ്ടാകും ദോഷം മാറുമോഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ
സരസ്വതീവരം നിറഞ്ഞു സാക്ഷരം
വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
അറിഞ്ഞു മുമ്പനായ് വളർന്നു കേമനായ്
ഗുരുകടാക്ഷമായ് വരൂ കുമാരകാ
അക്ഷരം നക്ഷത്ര ലക്ഷമാക്കൂ അക്കങ്ങളെക്കാൾ കണിശമാകൂ
നാളത്തെ നാടിന്റെ നാവു നീയേ നാവ് പന്തങ്ങൾ തൻ നാമ്പ് നീയേഏത് ദേശമാകിലും ഏത് വേഷമേകിലും
അമ്മതൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ
വെള്ളം കോരിക്കുളിപ്പച്ച് കിന്നരിച്ചോമനിച്ചയ്യായ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപൂമുത്തായി പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ളദോഷം കളയാൻ മൂള് പുള്ളോൻകുടമേ ഹോയ്
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ……….. ………….. …………..
Lyricist: ബിച്ചു തിരുമല
Music: ഇളയരാജ
Singer: കെ ജെ യേശുദാസ്
Film: പപ്പയുടെ സ്വന്തം അപ്പൂസ്