ഭൂമിക്കൊരു ചരമഗീതം

[ca_audio url=”https://chayilyam.com/stories/poem/BhoomikkoruCharamaGeetham.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റ നിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്‌വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്‌വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! — നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ…!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?….

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

കവിത: അശ്വമേധം

[ca_audio url=”https://chayilyam.com/stories/poem/Aswamedham.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ആരൊരാളെൻ കുതിരയെ കെട്ടുവാൻ- ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ!

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ!

മന്ത്രമയൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചോലകൾ പാടിയപാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;

ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ നൃത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ, യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,
അക്കുളമ്പടിയേറ്ററ്റുവീണുപോയ്; അത്രയേറെ ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾതുള്ളിച്ചു തുള്ളിച്ചു സഞ്ചരിച്ചൊരിച്ചെമ്പൻകുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികരശ്വഹൃദയജ്ഞ; രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു- ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ – പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ

ആരൊരാളിക്കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ!!

വയലാർ രാമവർമ്മ

ഓമനത്തിങ്കൾക്കിടാവോ

കവിത: ഓമനത്തിങ്കൾക്കിടാവോ
രചന: ഇരയിമ്മൻ തമ്പി
[ca_audio url=”https://chayilyam.com/stories/poem/OmanathinkalKidavo.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഓമനത്തിങ്കൾക്കിടാവോ – നല്ല
കോമളത്താമരപ്പൂവോ?

പൂവിൽ നിറഞ്ഞ മധുവോ – പരി
പൂർണ്ണേന്ദു തന്റെ നിലാവോ?

പുത്തൻ പവിഴക്കൊടിയോ – ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?

ചാഞ്ചാടിയാടും മയിലോ – മൃദു
പഞ്ചമം പാടും കുയിലോ?

തുള്ളുമിളമാൻ കിടാവോ – ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?

ഈശ്വരൻ തന്ന നിധിയോ – പര-
മേശ്വരിയേന്തും കിളിയോ?

പാരിജാതത്തിൻ തളിരോ – എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?

വാത്സല്യരത്നത്തെ വയ്പാൻ – മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?

ദൃഷ്ടിയ്ക്കു വച്ചോരമൃതോ – കൂരി-
രുട്ടത്തു വെച്ച വിളക്കോ?

കീർത്തിലതയ്ക്കുള്ള വിത്തോ – എന്നും
കേടുവരാതുള്ള മുത്തോ?

ആർത്തിതിമിരം കളവാൻ – ഉള്ള
മാർത്താണ്ഡദേവപ്രഭയോ?

സൂക്തിയിൽ കണ്ട പൊരുളോ – അതി-
സൂക്ഷ്മമാം വീണാരവമോ?

വമ്പിച്ച സന്തോഷവല്ലി – തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?

പിച്ചകത്തിൻ മലർച്ചെണ്ടോ – നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?

കസ്തൂരി തന്റെ മണമോ – നല്ല
സത്തുക്കൾക്കുള്ള ഗുണമോ?

പൂമണമേറ്റൊരു കാറ്റോ – ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?

കാച്ചിക്കുറുക്കിയ പാലോ – നല്ല
ഗന്ധമെഴും പനിനീരോ?

നന്മ വിളയും നിലമോ – ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?

ദാഹം കളയും ജലമോ – മാർഗ്ഗ
ഖേദം കളയും തണലോ?

വാടാത്ത മല്ലികപ്പൂവോ – ഞാനും
തേടിവെച്ചുള്ള ധനമോ?

കണ്ണിന്നു നല്ല കണിയോ – മമ
കൈവന്ന ചിന്താമണിയോ?

ലാവണ്യപുണ്യനദിയോ – ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?

ലക്ഷ്മീഭഗവതി തന്റെ – തിരു
നെറ്റിമേലിട്ട കുറിയോ?

എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ – പാരി-
ലിങ്ങനെ വേഷം ധരിച്ചോ?

പദ്മനാഭൻ തൻ കൃപയോ – ഇനി
ഭാഗ്യം വരുന്ന വഴിയോ?

 

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

സൂര്യകാന്തി കവിത:
[ca_audio url=”https://chayilyam.com/stories/poem/Sooryakanthi.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മറ്റൊരു കവിത സൂര്യകാന്തിനോവ് – കവി: മുരുകൻ കാട്ടാക്കട:
[ca_audio url=”https://chayilyam.com/stories/poem/SooryakanthiNovu.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-
സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:
“ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?

സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-
രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;
വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ-
മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല.”

ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ-
സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം!
അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു
സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം!

പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ,
പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം.

ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ-
ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ!
ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി-
നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ.

മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു,
മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍;
വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ-
ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍.

ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോ
ഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!
മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,
കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ.

സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!

ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗതമവിടന്നറിഞ്ഞെന്നോ;
പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌,

വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍
തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം.
അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍;
തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തീ!

നന്ദികാണിപ്പാനെന്റെ ശിരസ്സു കുനഞ്ഞതു
മന്ദിതോത്സാഹന്‍ പോകെ ക്കണ്ടിരിയ്ക്കില്ലാ ദേവന്‍!
നിദ്രയില്ലാഞ്ഞാരക്ത്തനേത്രനായ്‌ പുലര്‍ച്ചയ്ക്കു
ഹ്ര്ദ്രമനെത്തും, നോക്കുമിപ്പുരമുറ്റത്തെന്നെ;

വിളറും മുഖം വേഗം, തെക്കെന്‍ കാറ്റടിച്ചട-
ര്‍ന്നിളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ.
ക്ഷണമാമുഖം നീലക്കാറുറുമാലാലൊപ്പി-
പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം:

“ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!”

*************************************************************


മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാ‍പകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി കാലടിക്ക് അടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. വയസ്സ് 17 ആയപ്പോൾ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന്‌ അന്തരിച്ചു.

thadaka | താടക

താടക – രാക്ഷസകുലത്തില്‍ പിറന്നവള്‍ , നിശാചരി, രാമരാവണയുദ്ധത്തിനു കാരണക്കാരിയായവള്‍, രാമായണത്തിൽ തടകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്… എന്നാൽ വയലാറിന്റെ താടക രാജകുമാരിയാണ്! – ദ്രാവിഡരാജകുമാരി, ദ്രാവിഡപുത്രി!! ഏതൊരുപെണ്ണിനേയും പോലെ മോഹങ്ങൾ മനസ്സിലൊതുക്കി നടന്ന സുന്ദരി; ശ്രീരാമന്റെ അദ്യ പ്രണയിനിയായി!!
അവൾ ആര്യാധിനിവേശത്തിന്റെ ആദ്യ രക്തസാക്ഷിയാണിവിടെ! ദ്രാവിഡക്കൂട്ടങ്ങൾക്കുമേൽ പെയ്തിറഞ്ഞിയ ആര്യസമൂഹം തീർത്ത ആദ്യ രക്തസാക്ഷി! കാടിന്റെ വന്യതയിൽ അലിഞ്ഞു ചേരേണ്ടി വന്ന ആ കാനന പുത്രിയുടെ കഥയാണിത്:

കവിത കേൾക്കുക

[ca_audio url=”https://chayilyam.com/stories/poem/thadaka.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മറ്റു കവിതകൾ കാണുക

rama sita thadaka

വിന്ധ്യശൈലത്തിന്റെ താഴ്‌വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക

Continue reading

അഭിമുഖം

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിമുഖം എന്ന കവിത

കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:
കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.

സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.
ചോദ്യം തുടങ്ങി.
വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.
വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍

മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.
ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :
എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.
എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.
എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചും

എന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്, കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്… ഒരു സാന്ത്വനം… അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.
ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി.
അവയിലെ രക്തദാഹം എനിക്കേത്രയോ പരിചിതം.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു : നിങ്ങള്‍ എഴുതുന്നതെല്ലാം പച്ചക്കള്ളമല്ലേ?
നിസ്സഹായതയുടെ കൊലക്കയറില്‍ ഞാന്‍ പിടയുന്നു. ദൈവമേ.
തെളിവും സാക്ഷിയുമില്ലാത്ത ജീവിതം!
ഇല്ല. ദൈവം ആര്‍ക്കുവേണ്ടിയും സാക്ഷി പറയാറില്ല.
ചിറിയിലെ രക്തം നുണഞ്ഞ് കുഞ്ഞുങ്ങള്‍ ചോദിച്ചു :
എവിടെ മറ്റേയാള്‍? എന്റെ ഇണയുടെ ചോരകൂടി അവര്‍ക്കു വേണം !
പക്ഷേ കുഞ്ഞുങ്ങളുടെ ക്രൌര്യം കണ്ടു ഭയന്ന് അവള്‍ നേരത്തേ രക്ഷപ്പെട്ടിരുന്നു.
കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.
ഇവനെ നമ്മള്‍ തകര്‍ത്തു. ഇവനെ നമ്മള്‍ നശിപ്പിച്ചു. ഇവന്‍ ഇനി ഇല്ല.
ഇപ്പോള്‍ ഇത്രമതി.
വിജയത്തിന്റെ ലഹരിയില്‍ കുഞ്ഞുങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു.
നന്ദി സര്‍, വളരെ നന്ദി- നരബലി നടത്തിയ സംതൃപ്തിയോടെ അവര്‍ തിരിച്ചു പോയി.

കുഞ്ഞുങ്ങള്‍ എന്റെ അരികില്‍ വന്നോട്ടെ, എന്റെ ചോര കുടിച്ചോട്ടെ.
ഞാന്‍ അവരെ തടയുന്നില്ല.
കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്.

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി..

അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍
പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല…
പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍
പാലൊളി പുഞ്ചിരി മായും പാവാടക്കാരീ…
നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ …

അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല
കണ്‍‌മുനയില്‍ ഇന്നു കാണും കവിതയില്ല..
പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ…
കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ…
…. …. ….
Lyricist: പി ഭാസ്ക്കരൻ
Music: എം എസ് ബാബുരാജ്
Singer: കെ ജെ യേശുദാസ്
Film: പരീക്ഷ

സുഖമോ ദേവി

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി…..
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി…..
സുഖമോ സുഖമോ…

നിന്‍കഴല്‍ തൊടും മണ്‍‌തരികളും
മംഗലനീലാകാശവും
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ
കുളിര്‍‌പകരും പനിനീര്‍ക്കാറ്റും

അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും
അഴകില്‍ കോതിയ മുടിയില്‍ തിരുകീ
കളമൊഴികള്‍ കുശലം ചൊല്ലും

……. ……….. ………. ……

Lyricist:  ഒ എൻ വി കുറുപ്പ്
Music: രവീന്ദ്രൻ
Singer: കെ ജെ യേശുദാസ്
Raaga: ഭൈരവി
Year: 1986
Film: സുഖമോ ദേവി

 

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ്
നാമജപാമൃതമന്ത്രം ചുണ്ടില്‍ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

അഗ്നിയായ് കരള്‍ നീറവേ മോക്ഷമാര്‍ഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!

“നിന്നാത്മനായകനിന്നു രാവില്‍
വന്നിടും വന്നാല്‍ നീയെന്തു ചെയ്യും?”

“കോണിലെങ്ങാനു മൊഴിഞ്ഞൊതുങ്ങി
ക്കാണാത്ത ഭാവത്തില്‍ ഞാനിരിക്കും!”


നിന്റെ ആത്മ നായകൻ ഇന്നുവരും; വന്നുചേർന്നാൽ നീ എന്താ ചെയ്യുക?
ഞാനാ മൂലയിലേക്കെങ്ങാനും മാറി കാണാത്ത ഭാവത്തിൽ ഇരിക്കും.

“ചാരുസ്മിതം തൂകിസ്സാദരം, നിന്‍ –
ചാരത്തണഞ്ഞാല്‍ പിന്നെന്തു ചെയ്യും?”

“ആനന്ദമെന്നുള്ളില്‍ തിങ്ങിയാലും
ഞാനീര്‍ഷ്യഭാവിച്ചൊഴിഞ്ഞു മാറും!”


സുന്ദരമായ മന്ദഹാസത്തോടെ നിന്റെ അടുത്തേക്ക് വന്നാൽ പിന്നെ നീ എന്താ ചെയ്യുക?
ആനന്ദമൊക്കെ ഉള്ളിലുണ്ടെങ്കിലും അല്പം കോപമൊക്കെ കാണിച്ച് ഞാൻ മിണ്ടാതെ നിൽക്കും.

“ആ മദനോപമനക്ഷണ, ‘മെ-
ന്നോമനേ!’-യെന്നു വിളിച്ചു മന്ദം
നിന്‍ കൈ കടന്നു പിടിച്ചെടുത്താല്‍
സങ്കോചം കൊണ്ടു നീയെന്തു കാട്ടും?”


കാമദേവനെ പോലുള്ള അവൻ അപ്പോൾ “എന്റെ ഓമനേ..“ എന്നു പതുക്കെ വിളിച്ച് നിന്റെ കൈപിടിച്ചാൽ അല്പം ലജ്ജയൊക്കെ തോന്നുന്ന നീ എന്താ ചെയ്യുക?

“ഉല്‍ക്കടകോപം നടിച്ചുടന്‍ ഞാന്‍
തല്‍ക്കരം ദൂരത്തു തട്ടിമാറ്റും!”


അതിയായ കോപം അഭിനയിച്ച് ഞാനാ കൈയ്യുകൾ ദൂരേക്ക് തട്ടിക്കളയും.

“ആ നയകോവിദന്‍ പിന്മടങ്ങാ-
താ നിമേഷത്തില്‍ നിന്‍ പൂങ്കവിളില്‍
അന്‍പിലോരാനന്ദസാന്ദ്രമാകും-
ചുംബനം തന്നാല്‍ നീയെന്തു ചെയ്യും?”


പ്രിയങ്കരനായ വിദ്വാൻ മാറിനിൽക്കാതെ നിന്റെപൂങ്കവിളിൽ ആനന്ദം പകരുന്ന രീതിയിൽ സുന്ദരമായി ഒന്നുമ്മ വെച്ചാൽ പിന്നെ നീ എന്താ ചെയ്യുക?

“രോമഹര്‍ഷത്തി,ലെന്‍ ചിത്തഭൃംഗം
പ്രേമസംഗീതം മുഴക്കിയാലും
‘നാണമില്ലല്ലോ, ശകല!’-മെന്നായ്
ഞാനോതു, മല്‍പ്പം പരിഭവത്തില്‍!”


പുളകം കൊള്ളുന്ന എന്റെ മനസ്സാകുന്ന വണ്ട് പ്രേമസംഗീതം മൂളിയാൽ പോലും “ഈ മനുഷ്യനു അല്പംപോലും നാണമില്ലേ“ എന്നും പറഞ്ഞ് ഞാൻ പരിഭവം നടിക്കും.

“എന്നിട്ടു മെള്ളോളം കൂസലില്ലാ-
തന്നിലയില്‍ തന്നെ നിന്നു, വേഗം
ഇന്നവന്‍ കാമവികാരധീരന്‍
നിന്നെത്തന്‍ മാറോടു ചേര്‍ത്തണച്ചാല്‍
കോമളപ്പോര്‍മുലപ്പൊന്‍ കുടങ്ങള്‍
കോരിത്തരിക്കെ നീയെന്തു ചെയ്യും?”


എന്നിട്ടും എള്ളോളം പോലും കുലുക്കമില്ലാതെ അതേ നിലയിൽ തന്നെ നിന്ന് കാമവികാരത്താൽ ഉത്തേജിതനായി അവൻ നിന്നെ മാറോട് ചേർത്ത് കെട്ടിപ്പിടിക്കുമ്പോൾ നിന്റെ മാർദവമായ പോർ മുലകൾ കോരിത്തരിക്കുമല്ലോ… അപ്പോൾ നീ എന്തു ചെയ്യും? 🙂

“പോ തോഴി ! പോ; ഞാന്‍ പിന്നെന്തു ചെയ്യാന്‍ ?
പോരേ കളിപ്പിച്ചതെന്നെയൊട്ടും?
പിന്നെയിന്നെന്തു ഞാന്‍ ചെയ്യുമെന്നോ?-
പിന്നെ നീയാണെങ്കിലെന്തുചെയ്യും?


പോ പെണ്ണേ… നീ പോ… ഞാൻ പിന്നെ എന്താ ചെയ്യുക? നിനക്കെന്നെ ഇത്രേം നേരം കളിപ്പിച്ചതൊന്നും പോരേ? ഞാൻ പിന്നെ എന്തു ചെയ്യുമെന്ന് നിനക്കറിയണോ? അല്ലെങ്കിൽ നീയാണെങ്കിൽ അപ്പോൾ എന്താ ചെയ്യുക?


………….
കവിത: ചങ്ങമ്പുഴ കൃഷ്ണപ്പിള്ള – കാമുകന്‍ വന്നാൽ


കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ

നാണം കൂട്ടിയ പൊന്നഴിക്കൂട്ടില്‍
നീയെന്തിനിയും മറയുന്നു
അവനായ്ക്കരുതിയ കതിര്‍മണിയിനിയും
ആത്മാവില്‍ നീയൊളിക്കുന്നു?

ദേഹം പാതി കുളിരും രാവില്‍
ദേവന്‍ കനിയാന്‍ വൈകുന്നു
വിരലില്‍ കനവില്‍ പാടിയ കൈകള്‍
വീണയ്ക്കായി വിതുമ്പുന്നു..

കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ..!!
…….. ……….. ……….. …..

സിനിമ: ഡെയ്ഞ്ചർ ബിസ്കറ്റ് (1969)
പാടിയത്: എസ് ജാനകിയും സംഘവും.
വരികൾ: ശ്രീകുമാരൻ തമ്പി
സംഗീതം: വി. ദക്ഷിണാമൂർത്തി.