കേരളത്തിന്റെ പഴകാലത്തേക്കൊരു തിരിച്ചുപോക്ക്. സി.വി. രാമന്‍പിള്ളയുടെ ധര്‍മ്മരാജ, ചന്ദുമേനോന്റെ ഇന്ദുലേഖ, രാമവര്‍മ്മ അപ്പന് തമ്പുരാന്റെ ഭൂതരായര്‍ എന്നീ നോവലുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കേരളശകലങ്ങളെ പെറുക്കിവെച്ച് പഴമയ്ക്കുതകുന്ന ആഖ്യാനശൈലിയില്‍ പുനരാവിഷ്കരിക്കാനുള്ളൊരു ശ്രമം. അതീവ ദുര്‍ഗ്രഹവും കഠിനപദപ്രയോഗങ്ങളാലും വ്യത്യസ്തമയ ആഖ്യാനരീതികളാലും വാക്യഘടനകളാലും സങ്കീര്‍ണമാണ് മേല്‍സൂചിപ്പിച്ച നോവലുകള്‍. തമ്മില്‍ ഭേദം ഇന്ദുലേഖ തന്നെ. അത്ര ദുര്‍ഗ്രഹമാക്കാതെ എന്നാല്‍ ആ പഴമ നശിപ്പിക്കാതെ കേരളനാട്ടിന്‍പുറങ്ങളെ ഇവിടെ പുനാരവിഷ്കരിച്ചിരിക്കുന്നു…
അന്നത്തെ മലനാടെവിടെ ഇന്നത്തെ മലയാളമെവിടെ? എന്തോ കഥ! കാലം മാറിയതോടുകൂടി കോലം കീഴ്മേല്‍ മറിഞ്ഞു. നാടിന്റെ കിടപ്പും നാട്ടരുടെ നടപ്പും അന്നും ഇന്നുമായിട്ട് അത്രയ്ക്കുമാത്രം മാറിയിരിക്കുന്നു. നാടിന്റെ നാലതിരൊന്നേ മാറാതെ കണ്ടുള്ളൂ. മലയാളനാട് മലയാഴികള്‍ക്കു മധ്യത്തില്‍ തന്നെ. കേരളരാജ്യം കന്യാകുമാരി ഗോകര്‍ണപര്യന്തം ഇന്നും നീണ്ടുനിവര്‍ന്നു കിടക്കുന്നു. പക്ഷേ മൂവ്വാറു നൂറ്റാണ്ടു മുമ്പു മുടിഞ്ഞരുളിയ വീരമാര്‍ത്താണ്ഡപ്പെരുമാള്‍ മലനാടു കണ്ടെഴുതാന്‍ ഒന്നുകൂടി എഴുന്നെള്ളിയാല്‍ കാണുന്ന കാഴ്ചകള്‍ വിസ്തരിക്കാന്‍ കണ്ടവര്‍ പറഞ്ഞുകേള്‍ക്കുകതന്നെ വേണം. അത്രത്തോളം മാറിയിരിക്കുന്നു നാട്ടകത്തെ വട്ടങ്ങളും ചട്ടങ്ങളും. നാട്ടരുടെ ഉടുപ്പുമാറി, നടപ്പു മാറി. പരശുരാമക്ഷേത്രത്തിന്റെ അലകും പിടിയും മാറി.
നീര്‍പോകും ചാലുകള്‍ തീബോട്ടുകള്‍ നടത്തുന്ന പുഴകളായി. ആള്‍പോകും വഴികള്‍ തീവണ്ടികള്‍ പായുന്ന പാതകളും സാറാട്ടു പോകുന്ന വീഥികളുമായി. കുന്നു കുഴിയായി; മല മൈതാനമായി; കാടു നാടായി; നാടു നഗരമായി.
കോണ്‍ഗ്രീറ്റു പോയിട്ട് കൂരോടു മേഞ്ഞ പുരകള്‍ കേരളത്തിലന്നുണ്ടായിരുന്നില്ല. ഓലമേഞ്ഞ അരമനകള്‍ അരചരുടെ അവസ്ഥയ്ക്കൊരു കുറവും വരുത്തിയിരുന്നില്ല. വൈക്കോല്പ്പുരയില് പാര്‍ത്തിരുന്ന വലിയവരെക്കുറിച്ച് കുറ്റവും കുറവും ആരു പറഞ്ഞിരുന്നില്ല. എട്ടുകെട്ടും നടപ്പുരയും തെക്കേക്കെട്ടുമാളികയുമായാല്‍ നാടിന്നുടയവന്റെ പെരുമയ്ക്കു പോന്നതായി. നാലുകെട്ടും പുരയും നാലുപേര്‍ കേട്ടാല്‍ നിരക്കാത്തതായിരുന്നില്ല. പദവിയില്ലാത്തവന്‍ പടിപ്പുര പണിതാല്‍ നാട്ടിലാകെ കൂട്ടവും കുറിയുമായി. പാമ്പിന്‍കാവും മുല്ലത്തറയ്ക്കല്‍ ഭഗവതിയും നടുമുറ്റത്തു തുളസിത്തറയും വടക്കിനിയിലോ പടിഞ്ഞാറ്റയിലോ പരദേവതയോ ഇല്ലാത്ത തറവാടുകള്‍ തറവാടുകളഅയിരുന്നില്ല. നാല്പ്പത്തീരടി നിലം വീതം നാടുതോറും കേരളത്തില്‍ കളരികള്‍ക്കായി ഉഴിഞ്ഞിട്ടിരുന്നു. നൂറ്റെട്ടു നാല്പ്പത്തീരടി നിലങ്ങള്‍ക്ക് ആശായ്മാസ്ഥാനം വഹിച്ചിരുന്ന പണിക്കന്മാരും കുറുപ്പന്മാരും കുടിവെച്ചിരുന്ന കാരണവന്മാര്ക്കും കുലദൈവങ്ങല്‍ക്കും കണക്കില്‍ കവിഞ്ഞ് കുടിയിരിപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാലോകര്‍ കുടിപാര്‍ത്തിരുന്ന ഇടങ്ങളില്‍ അമ്പലങ്ങളും ചിറകളും ചാലുകളും പുഴകളും പാടങ്ങളും അടിപരന്ന അരയാലുകളും മുടികുളിര്‍ത്ത മുല്ലമലര്‍ക്കാവുകളും ഒത്തിണങ്ങി ജലസൗഖ്യത്തേയും സ്ഥലസൗഖ്യത്തേയും ലോഭം കൂടാതെ നല്‍കിയിരുന്നു. ഒരിടത്തു പടനിലം മറ്റൊരിടത്ത് കൈനില, കോട്ട, കൊത്തളം, കഴിനിലം, കൂത്തുപറമ്പ്, നിലവാട്ടുതറ, പട്ടിണിപ്പുര മുതലായി രക്ഷയ്ക്കും ശിക്ഷയ്ക്കും വിനോദത്തിനും വിരോധത്തിനും ഉതകുന്ന സങ്കേതസ്ഥാനങ്ങള്‍ അന്നത്തെ നാട്ടുനടപടികളെ പ്രത്യക്ഷപ്പെടുത്തുന്ന ലക്ഷ്യങ്ങളായിരുന്നു.
ഗ്രാമസങ്കേതങ്ങള്‍ വിട്ടാല്‍ ഉള്‍നാടെന്നും പുറനാടെന്നുമുള്ള വ്യത്യാസം അത്ര കാര്യമായിരുന്നില്ല. അവിടങ്ങള്‍ ആള്‍പ്പെരുമാറ്റം കുറഞ്ഞും കാടുതോട്, കുണ്ടുകുഴി, കല്ലുകരടു കാഞ്ഞിയക്കുറ്റി, മുള്ളുമുരുട് മൂര്‍ഖന്‍പാമ്പ് മുതലായി വിജനസ്ഥലങ്ങള്‍ക്കു സഹജങ്ങളായ സാമഗ്രികളെക്കൊണ്ടു നിറഞ്ഞും കിടന്നിരുന്നു. മുന്നൂറ്റവര്‍, അഞ്ഞൂറ്റവര്‍, അറന്നൂറ്റവര്‍, ഒന്നുകുറേ ആയിരത്തവര്‍, അയ്യായിരത്തവര്‍ എന്നു തുടങ്ങി നാടുവാഴി പടത്തലവന്‍മാരുടേയും തളിയാതിരിമാരുടേയും ‘ചേവകം’ ഏറ്റും കൊണ്ടും നായാട്ടു നടത്തിക്കൊണ്ടും കാലക്ഷേപം കഴിച്ചുപോന്ന ‘കാവല്‍ച്ചങ്ങാതി’മാരുടെ കുടിയിടങ്ങളും അവര്‍ വില്ലു കുത്തി കണ്ണുറപ്പിച്ചു നില്ക്കുന്ന മാടുകളും മേടുകളും ഈ വിജനപ്രദേശങ്ങളില്‍ അവിടവിടെ കാണാമായിരുന്നു. ഓരോരോ ചേരിക്കാര്‍ പടയാളികളെ പാര്‍പ്പിച്ചിരുന്നതും കുറ്റിയും വാടയും ചേര്‍ത്തുറപ്പിച്ചിരുന്നതുമായ ‘ചേറ്റില്‍കൊട്ടിലുകളെ’ന്നും ‘പടക്കൊട്ടിലു’കളെന്നും പറഞ്ഞുവന്നിരുന്ന സങ്കേതങ്ങളും എതിരാളികളുടെ കയ്യേറ്റമുണ്ടാകാവുന്ന അതിരുകളില്‍ അങ്ങുമിങ്ങും കണ്‍റ്റിരുന്നു. മലമുകളിലുള്ള മരച്ചുവടുകളില്‍ അടക്കിവെച്ച തിളകിമറിഞ്ഞ പാറയുടെ നടുക്ക് കൂടിയ പങ്കും ഒളിഞ്ഞു കിടക്കുന്ന ശാസ്താവിന്റെ വിഗ്രഹങ്ങളും കിടന്നു പഴകിയ ചിരട്ട മുറികളും മലമൂടുകളിലും മലയോരങ്ങലിലും ശാസ്താങ്കാവുകളും സര്‍പ്പക്കാവുകളും മരങ്ങളുടേയും ചെടികളുടേയും വള്ളികളുടേയും ഉള്ളില്‍ മറിഞ്ഞും മറഞ്ഞും കുഴഞ്ഞും കിടക്കുന്നത് സുലഭമായിരുന്നു.
ദേശസഞ്ചാരത്തിനെന്നല്ല, ദേശം പകരുവാന്‍ തന്നെ, ഇന്നത്തെ സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഇടുപടി ചാടിക്കടക്കണം, കറ്റമ്പ കേറിക്കടക്കണം, കല്ലും മുള്ളും നോക്കിച്ചവിട്ടണം, കുണ്ടനിടവഴിയില്‍ കുനിഞ്ഞു നടക്കണം, വരുന്നവര്‍ക്കൊക്കെ വഴിമാറിക്കൊടുക്കണം, വരമ്പത്തു വഴുക്കാതെ നോക്കണം, തോടു കവച്ചു കടക്കണം, ചാലു ചാടിക്കടക്കണം, പുഴ നീന്തിക്കടക്കണം, കുണ്ടിറങ്ങിക്കയറണം, കുന്നു കേറിമറിയണം. ഇങ്ങനെ യാത്രയ്ക്ക് ഏകദേശം ഒത്തതു തന്നെയായിരുന്നു അന്നത്തെ വാഹനങ്ങളും. തണ്ടില്‍ക്കേറി മലര്‍ന്നു കിടന്നാല്‍ തണ്ടെല്ലു നിവര്‍ത്തുവാന്‍ അമാലന്മാരുടെ അനുവാദം വേണം. മഴ പെയ്താല്‍ മുക്കാലും കൊള്ളാം; ദാഹമുണ്ടെങ്കില് അതും തീര്‍ക്കാം. തണ്ടെടുത്തു മൂളിക്കുന്നവരുടെ കാലിടറാതെയിരുന്നാല്‍ വീഴാതെയും കഴിക്കാം. കുതിരയെ നടത്തുന്നതല്ലാതെ ഓടിക്കുവാന്‍ അഭ്യാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിച്ചിരുന്നില്ല. അപൂര്‍വം ചിലര്‍ക്കുമാത്രമേ ആനപ്പുറത്തുകേറാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. പടയ്ക്കു പോകുന്ന പ്രമാണികളും കിടാങ്ങളുമൊഴികെ ആരും ആള്‍ക്കഴുത്തില്‍ കയറുക പതിവും ഉണ്ടായിരുന്നില്ല.
ഗതാഗതത്തിനു സൗകര്യം ചുരുങ്ങിയിരുന്നതുപോലെതന്നെ പോക്കുവരുത്തിനുള്ള ആവശ്യവും അവസരവും കുറവായിരുന്നു. നാടുതോറും നടക്കേണ്ടുന്ന അത്യാവശ്യം ചാരപുരുഷന്‍മാര്‍ക്കും പടനായകന്മാര്ക്കും ആയിരുന്നു ഒഴിച്ചുകൂടാനാവാത്തത്. വിദേശീയരായിരുന്ന വ്യാപാരികള്‍ ചരക്കുകള്‍ കൈമാറ്റം ചെയ്തിരുന്നതും ചന്ത വാണിഭം വിറ്റിരുന്നതും അഴിമുഖങ്ങള്‍ സമീപിച്ചുള്ള കടലോരങ്ങളിലും അപൂര്‍വം ചില പ്രധാനപ്പെട്ട ഗ്രാമസങ്കേതങ്ങളിലും മാത്രമായിരുന്നു. മാതേവപട്ടണത്തിലും മലങ്കരയിലും പൊന്നാനിവായ്ക്കലും വിദേശീയര്‍ ഏര്‍പ്പെടുത്തിയിരുന്ന ‘മണിഗ്രാമം’, ‘അഞ്ചുവര്‍ണം’ എന്നു തുടങ്ങിയ വ്യാപാരസംഘക്കാര്‍, മാമാങ്കം തുടങ്ങിയ മഹോത്സവങ്ങള്‍ പ്രമാണൈച്ചേ മലനാടിന്റെയുള്ളില്‍ കടന്ന് കച്ചവടത്തിനായി പെരുമാറാറുള്ളൂ. ഒരുപിടി പണവും മടിയിലിട്ട് നാറുന്നതും കീറുന്നതും കണ്ടതും കേട്ടതും കാണാത്തതും കേള്‍ക്കാത്തതും കൊള്ളുവാന്‍ ആണുങ്ങളും പെണ്ണുങ്ങളും പുരുഷാരം കൂടുന്ന ദിക്കുകളിലേ വിചാരിക്കാറും ഉള്ളൂ.
ithenikkishtapettilla…
MA Malayalam soft ware engineering…i
thokke thammil anthu connectiona,,,,
onnum manassilavunnilla….
eeee ezhuthunnathokke anubhava kurippukalano athoo verum bhavanayo…
anthayalum sangathi kollam….
എം എ മലയാളം തന്നെയാണ് <>
എഴുതുന്നതിൽ സത്യവും ഉണ്ട് ഭാവനയും ഉണ്ട്, രണ്ടും മിക്സ്ഡാണ്…
പലതും എന്റെയോ കൂട്ടുകാരുടേയോ ഒക്കെ അനുഭവങ്ങളാവും, എഴുതുമ്പോൾ എന്റേതായി മാറ്റി എഴുതുന്നു എന്നു മാത്രം…