Skip to main content

പ്രവാചകന്റെ മുടിയും ചുട്ട കോഴിയും!!

പ്രവാചകന്റെ വചനങ്ങൾക്കാണോ അതോ പ്രവാചകന്റെ രോമത്തിനാണോ പ്രസക്തി? പ്രവാചകന്റെ മുടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ മതനേതാക്കളും രാഷ്‌ട്രീയക്കാരും ഡയലോഗ് മഹാമഹം നടത്തി വരികയാണല്ലോ!

വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്റെ സമസ്തമേഖലകളിലും മതങ്ങൾ അവരുടെ വിശ്വാസപ്രമാണങ്ങൾ കാറ്റിൽ പറത്തി ഇടപെടുകയും അനധികൃതമായി സ്വത്തും പണവും സമ്പാദിക്കുകയും ചെയ്യുന്നു. ആരും ചോദ്യം ചെയ്യാനില്ലാതെ ടാക്‌സ്പോലും അടക്കേണ്ടാത്ത വിധത്തില്‍ വിദേശപ്പണകൊണ്ട് മതനേതാക്കള്‍ തടിച്ചുകൊഴുക്കുന്നു. സുഖലോലുപതയുടെ അമൃതാനന്ദകരമായ ആലസ്യത്തിലവര്‍ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥവൃന്ഥത്തേയും നിയന്ത്രിക്കുന്നു… അവര്‍ക്ക് എന്തുമാവാം!!

രാഷ്ട്രീയക്കാർക്കും സാമാന്യജനങ്ങൾക്കും മതകാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഒരു മതത്തിന്റെ ഭാഗമായി നിന്നാലേ അതില്‍ നടക്കുന്ന അനാചാരത്തിനെതിരെ ശബ്ദിക്കാവൂ എന്നാണോ? ചുട്ടകോഴിയെ പറപ്പിക്കുമെന്നും പറഞ്ഞു നടക്കുന്ന ഒരു മന്ത്രവാദിയുണ്ടായിരുന്നു പണ്ട് നാട്ടിൽ. മുടിയുടെ പ്രശ്നം അറിഞ്ഞനാൾ മുതൽ എന്റെ മനസ്സിൽ കാന്തപുരവും ആ മന്ത്രവാദിയും ഒന്നായതുപോലെ!!

തങ്ങളെ ചോദ്യം ചെയ്യാനും തങ്ങളുടെ തോന്ന്യവാസങ്ങളിലേക്ക് മാധ്യമശ്രദ്ധ കൊണ്ടുവരാനും പാടില്ല എന്നവർ ആഗ്രഹിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? സാമാന്യബുദ്ധിക്ക് നിരക്കാത്ത പലതും മതങ്ങളിലും മറ്റു വിശ്വാസങ്ങളിലും കാണും – സത്യം തന്നെ! എന്നാലും അതിനുവേണ്ടി ഈ നൂറ്റാണ്ടില്‍ ഇത്രയും പണം കളയുകയും വിശ്വാസത്തിന്റെ പേരില്‍ സാധാരണക്കാരനെ പിഴിഞ്ഞൂറ്റി അവന്റെ കഞ്ഞിയില്‍ കൈയിട്ടുവാരാനും മത നേതാക്കള്‍ തുനിയുന്നതിന്റെ പ്രകടമായ തെളിവല്ലേ ഇത്. ശുദ്ധതട്ടിപ്പാണെന്നു കണ്ട കാര്യത്തിൽ ഒരു പാർട്ടീനേതാവ് പ്രതികരിച്ചു എന്നു പറയുമ്പോഴേക്കും തകർന്നു വീഴുന്നതല്ല കാലാതിവർത്തിയായി നിലനിന്നു വന്നഇസ്ലാം മതം!  അതിത്രയും കാലം ഭൂമുഖത്ത് നിലനിന്നതുതന്നെ അതിന്റെ വലുതായ പ്രാധാന്യത്തേയും പ്രവാചക വചനങ്ങളുടെ നന്മയും കൊണ്ടുതന്നെ.

പണത്തിനുവേണ്ടി ഒരു മതത്തെ തന്നെ നാറ്റിക്കുന്ന മതനേതാക്കന്മാരെ തിരിച്ചറിയാൻ മതാനുയായികൾ എന്നാണിനി തയ്യാറാവുക. മത രാഷ്ട്രീയഭേദം മറന്ന് പ്രതികരിക്കണം. കടിച്ചുകീറണം ഇവരുടെ തൊലിഞ്ഞ ലോജിക്!

ഗൂഗിൾ പ്ലസ്സിൽ ഒരാൾ പറഞ്ഞതോർക്കുന്നു: മുടിപ്പള്ളി വിവാദം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. പത്രകടലാസിലെങ്കിലും സത്യമായി കാണുന്ന പ്രബുദ്ധ കേരളത്തിന്റെ വിഷയം കൂടിയാണിത്. നാല്പതു കോടി നിക്ഷേപമെന്നത് പൊതുസമൂഹത്തിന്റെ കൂടെ പ്രശ്നമാണ്. മുസ്ലിം സമുദായം, മുഖ്യധാരയിൽ ഉള്ളടുത്തോളം കാലം ഇത്തരം അഭ്യാസങ്ങൾക്ക് മറുപടി പറയേണ്ടത് പൊതുസമൂഹം കൂടിയാണ്. ഇതിൽ മതത്തിന്റെ മാത്രം വിഷയമെന്നുള്ളത് ഇരുട്ടിനെ കൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ദർഗയും, ഉറൂസും, ചന്ദനക്കുടവും, ഉറുക്കും, മഷിയെഴുത്തും, നീക്കലും, കൂടലും, ഒഴിപ്പിക്കലും, മന്ത്രിച്ച് ഊതലും, രക്ഷകെട്ടലും, പറപ്പിക്കലും, പിഴപ്പിക്കലും നടത്തുന്ന പ്രബലമായ ഒരു സുന്നി വിഭാഗത്തിന്റെ അമരക്കാരന് ബിസിനെസ്സ് വ്യാപിപ്പിക്കാനുള്ള പുതിയ മേഖലയാണ് മുടിപ്പള്ളി. ഇതിനെതിരെ പ്രതികരിക്കുക എന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമുള്ള ഏതൊരു പൗരന്റെയും കടമയാണ്. നിങ്ങളുടെ ആവിഷ്ക്കാര / അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടാൻ ഏത് മതശക്തിയേയും അനുവദിക്കരുത്. ശക്തമായി, വ്യക്തമായി അഭിപ്രായങ്ങൾ പറയുക തന്നെ വേണം!

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights