Skip to main content

ദി വ്യാജന്‍

കേരളത്തിലെ വിഷമദ്യ ദുരന്തം
ഇന്നലെ രാത്രിയായി വീട്ടിലെത്താന്‍.
നിറയേ ഗട്ടറുള്ള റോഡും നല്ല മഴയും കാരണം ബാംഗ്ലൂര്‍ – കാസര്‍ഗോഡ് ബസ്സ് ഒന്നരമണിക്കൂറോളം വൈകി.
“ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം …. ” എന്ന കവിതയും മൂളിപ്പോയ ഞാന്‍ സ്വപ്നം കാണാന്‍ പോയിട്ട് ഒരു പോള കണ്ണടയ്ക്കാനാവാതെ വലയുകയായിരുന്നു രാത്രിയില്‍. രാവിലെ എട്ടുമണിയായി കാഞ്ഞങ്ങാടെത്താന്‍. അനിയത്തിയുടെ കുട്ടികള്‍ ആശുപത്രിയി അഡ്‌മിറ്റഡ് ആയിരുന്നതിനാല്‍ നേരെ അങ്ങോട്ട് പോയി. ബാഗൊക്കെ അവിടെ റൂമില്‍‌വെച്ചു കുളിച്ചു കുട്ടപ്പനായി പിന്നീട്, ഈയടുത്ത് മരണം നടന്ന ഒരു ബന്ധുവീട്ടിലേക്കു പോയി.

മൂന്നുമണിയോടെ തിരിച്ചുവന്നു. കുഞ്ഞുങ്ങള്‍ എന്നെ കണ്ടതോടെ അസുഖം മറന്ന് കളി തുടങ്ങി. ഞങ്ങള്‍ കള്ളനും പൊലീസും കളിച്ചു; ഞാന്‍ കള്ളന്‍ അവര്‍ പൊലീസുകാര്‍ – ഞാന്‍ ഹോസ്പിറ്റലിന്റെ ഏതുമൂലയില്‍ പോയി ഒളിച്ചാലും അവര്‍ തപ്പിത്തടഞ്ഞു വന്നെന്നെ കണ്ടെത്തും. കണ്ടെത്തിക്കഴിഞ്ഞാല്‍ ഓടി വന്നെന്റെ ദേഹത്തേക്കൊരു വീഴലാണ്‌. സ്റ്റെപ്പിറങ്ങാന്‍ പറ്റാത്തിടങ്ങളില്‍ അവര്‍ നിലത്തിരുന്നു നിരങ്ങും. നല്ല രസമായിരുന്നു അവരുടെ കളികള്‍ കാണാന്‍. ബാലന്‍‌സില്ലാത്ത അവരുടെ പാച്ചിലിനിടയില്‍ പല പ്രാവശ്യം വീണു. അവര്‍ക്കതൊന്നും പ്രശ്നമേ അല്ലായിരുന്നു. കുറേ നേരം കളികള്‍ തുടര്‍ന്നു. പിന്നെ കളി നിര്‍ത്തി; അവര്‍ തളര്‍‌ന്നുറങ്ങി… രാത്രി എട്ടുമണിയോടെ ഞാനെന്റെ ബാഗും ലാപ്പുമെടുത്ത് ബസ്‌സ്റ്റാന്റിലേക്കു നടന്നു. എത്രയും പെട്ടന്നു വീട്ടിലെത്തണം. നല്ല ക്ഷീണം.

കാഞ്ഞങ്ങാട് ബസ്‌സ്റ്റാന്റില്‍ പതിവില്‍ കൂടുതല്‍ പൊലീസുകാര്‍! അവര്‍ ടൗണില്‍ തലങ്ങും വിലങ്ങു ഓടി നടക്കുന്നു. ഓരോ ബസ്സിലും കയറിയിറങ്ങി ആരെയോ തപ്പുന്നു. അടുത്തു കണ്ട ഒരു ഓട്ടോക്കരനോടു ചോദിച്ചു എന്താണു കാര്യമെന്ന്. അയാള്‍ക്കും അറിയില്ല. ഇവരും കള്ളനും പൊലീസും കളിക്കുകയാവും! രാത്രിയില്‍ ബസ്സുകള്‍ കുറവാണ്‌. ഞാന്‍ കാഞ്ഞങ്ങാട് – പാണത്തൂര്‍ ബസ്സുകള്‍ പാര്‍ക്കു ചെയ്യുന്നിടത്തേക്കു നടന്നു. കെ. എസ്. ആര്‍. ടി. സി. ബസ്സപ്പോള്‍ വന്നതേയുള്ളൂ. സീറ്റുകിട്ടി. നല്ല തെരക്കായതിനാല്‍ അധികം മുമ്പോട്ടു പോകാതെ കണ്ടക്‌ടറുടെ സീറ്റിന്റെ അറ്റത്തു തന്നെ സ്ഥാനം പിടിച്ചു. ഒടയഞ്ചാലില്‍ ഇറങ്ങാന്‍ എളുപ്പമാവുമല്ലോ. ബസ്സിലെ ആള്‍ക്കാര്‍ക്കര്‍ക്കിടയില്‍ നല്ലൊരു ശതമാനം പേരും മദ്യപിച്ചിട്ടുണ്ട്. റംസാനല്ലേ അതിന്റെ ആഘോഷമാവാം, രാത്രിബസ്സല്ലേ അതുമാവാം. എന്തായാലും കണക്കിലധികം ആളുകളുമായി ബസ്സു നീങ്ങിത്തുടങ്ങി. മദ്യപരുടെ ഫോണ്‍‌വിളികളും കണ്ടക്‌ടറുടെ തെറിവിളിളിലും ശബ്ദമുഖരിതമായിരുന്നു ബസ്സിലെ അന്തരീക്ഷം.

ബസ്സ് അമ്പലത്തറ എന്ന സ്ഥലത്തെത്താറായി. അതിനു മുമ്പുള്ള ഒരു എമണ്ടന്‍ വളവിന്റെ ഓരത്ത് ഒരു പൊലീസ് ജീപ്പും കുറേ പൊലീസുകാരും നില്‍ക്കുന്നു. അവര്‍ കൈകാണിച്ച് ബസ്സു നിര്‍ത്താന്‍ പറഞ്ഞു. ബ്രൈറ്റ്ലൈന്‍ ടോര്‍ച്ച്ലൈറ്റുമായി രണ്ട് പൊലീസുകാര്‍ ബസ്സിലേക്കു ചാടിക്കയറി. രണ്ടുപേര്‍ ഡോറിനടുത്തു നില്‍ക്കുന്നു. ഒരു പൊലീസുകാരന്‍ ഡ്രൈവറുടെ ഭാഗത്തേക്കു നടക്കുന്നു.ബസ്സില്‍ കയറിയ പൊലീസുകാര്‍ പൂച്ചകളേപ്പോലെ ആള്‍ക്കാര്‍ക്കിടയിലൂടെ നൂഴ്‌ന്നു കയറി. സേര്‍ച്ചിം‌ങ് ആണ്‌. എന്തിനോവേണ്ടിയുള്ള സേര്‍ച്ചിംങ്. ആ രാത്രിബസ്സിലുണ്ടായിരുന്ന എല്ലാ മദ്യപരും അതോടെ നിശബ്ദമായി ഒതുങ്ങി ശ്വാസമ്പോലും വിടാതെ പതുങ്ങി നിന്നു. പൊലീസുകാര്‍ ഓരോ പ്ലാസ്റ്റിക് കവറുകളും തുറന്നു നോക്കുന്നു. വളരേ മാന്യമായിരുന്നു അവരുടെ പെരുമാറ്റം. നമ്മുടെ പൊലീസുകാരൊക്കെ എന്നായിരുന്നു ഇങ്ങനെ മാറിയത്. എനിക്കത്ഭുതം തോന്നി. പണ്ടൊരിക്കല്‍ പാസ്‌പോര്‍ട്ടിന്റെ വേരിഫിക്കേഷന്‍ എന്നും പറഞ്ഞ് പൊലീസിന്‌ കൈക്കൂലി കൊടുക്കാന്‍ സ്റ്റേഷനില്‍ പോയപ്പോള്‍ ഒരു പാവം മനുഷ്യനെ രണ്ടു പൊലീസുകാര്‍ ചേര്‍ന്ന് നിര്‍ത്തിപ്പൊരിക്കുന്നതു ഞാന്‍ കണ്ടതോര്‍ത്തു പോയി. ബസ്സില്‍ അഭ്യൂഹങ്ങള്‍ പരന്നു. ബോബാണത്രേ! ഈദിന്റെ ആഘോഷങ്ങള്‍ പലയിടങ്ങളിലും പൊടിപൊടിക്കുകയല്ലേ. അതിനു പകിട്ടുപകരാന്‍ ബോംബ്! പൊലീസിന്‌ അങ്ങനെ ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ടെന്ന് അതിലൊരു പൊലീസ് യാത്രക്കാരനോടു പറഞ്ഞത്രേ! നിശബ്ദമായ പിറുപിറുക്കലുകള്‍!

പൊലീസുകാര്‍ രണ്ടുപേരെ ഡോറിനടുത്ത് നിര്‍ത്തിയാണ്‌ രണ്ടുപേര്‍ ബസ്സില്‍ കയറിയത്. ഞാന്‍ അവരുടെ മുഖത്തേക്കു നോക്കി. മുമ്പില്‍ നിന്നുള്ള ആ സേര്‍ച്ചിംങ് എന്റെ അടുത്തേക്കെത്തും എത്താന്‍ നിമിഷങ്ങള്‍ മാത്രം. ഞാനെന്റെ ബാഗെടുത്തു മുമ്പോട്ടു വെച്ചു, ഇനി ഒളിപ്പിച്ചു വെച്ചുവെന്ന പരാതിവേണ്ട. കയ്യില്‍ ലാപ്ടോപ്പുണ്ട്. കൂടെ ക്യാമറയുണ്ട്. ഇവരിതൊക്കെ വലിച്ചുവാരി നോക്കുമോ? നോക്കിയാല്‍ കുടുങ്ങിയതു തന്നെ. ചക്കിട്ടടുക്കത്ത് ഒരു സുഹൃത്തിന്റെ കുടികൂടലാണ് (ഹൗസ്‌ വാമിംങ്)‍! അതിനായി ബാംഗ്ലൂരില്‍ നിന്നും വാങ്ങിച്ച ആറു കുപ്പി വിദേശമദ്യങ്ങള്‍ ബാഗില്‍ സുഖശയനത്തിലാണ്‌. ബില്ലും അതുമായി ബന്ധപ്പെട്ട രേഖകണും ഒന്നുമില്ല. പൊലീസ് പൊക്കിയാല്‍ അകത്തായതു തന്നെ. എന്റെ മനസ്സിലൂടെ കുറേ അശുഭരംഗങ്ങള്‍ കടന്നു പോയി:
“എന്താണു ബാഗില്‍?”
“ഡ്രസ്സാണു സാര്‍..”
“ഡ്രസ്സോ? എവിടെ നിന്നും വരുന്നു?”
“ബാംഗ്ലൂരില്‍ നിന്നും – ഞാനവിടെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീറായി ജോലി ചെയ്യുന്നു…”
പൊലീസുകാരന്റെ നെറ്റി ചുളിയുന്നു. സംശയത്തോടെ അയാള്‍ മറ്റേ പൊലീസിനെ നോക്കുന്നു…
“ഇറങ്ങി വാ!!” – വാക്കുകള്‍ക്കല്പം കടുപ്പം കൂടിയോ?
ഹേയ്! അങ്ങനെ ഒന്നും സംഭവിക്കില്ല…
ബാംഗ്ലൂര്‍, ഐടി കമ്പനി, ബോംബ്, ലാപ്‌ടോപ്, ക്യാമറ എവിടെയൊക്കെയോ അദൃശ്യബന്ധം ഉണ്ടായിപ്പോയാല്‍ കുടുങ്ങുമോ? ഞാനെന്റെ ഐഡി കാര്‍ഡുകള്‍ തപ്പി. പാസ്പോര്‍ട്ട് ഉണ്ട്, ഐഡന്റിറ്റി കാര്‍ഡുണ്ട്, കമ്പനി ഐഡിയുണ്ട് എല്ലാം റെഡിയാക്കി വെച്ചു. ചോദിച്ചാല്‍ ആദ്യം അതു കൊടുക്കാം. എങ്കിലും മനസ്സില്‍ നിന്നും അശുഭചിന്തകള്‍ മാറുന്നില്ല. എന്തു ചെയ്യും! ബാഗിലുള്ള കുപ്പിയേക്കാള്‍ ബാംഗ്ലൂര്‍ ബന്ധവും ബോംബുമാണെന്നെ ചിന്തിപ്പിക്കുന്നത്.

മൊബൈലില്‍ തെഫ്‌റ്റ് പ്രൊട്ടക്ഷന്‍ എന്നൊരു ഓപ്ഷന്‍ പണ്ടെപ്പോഴോ ആക്റ്റിവേറ്റ് ചെയ്തിരുന്നു. കഴിഞ്ഞ തവണ എറണാകുളം പോയപ്പോള്‍ ബാംഗ്ലൂര്‍ സിംകാര്‍ഡ് മാറ്റി കേരളത്തിലെ ഐഡിയ സിം ഇട്ടപ്പോള്‍ ഫോണ്‍ വിചാരിച്ചു ഇതാരോ ‘തെഫ്‌റ്റി’യിരിക്കുകയാണെന്ന്. അവന്‍ അപ്പോള്‍ തന്നെ അതിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം ബ്ലോക്ക് ചെയ്തു – പണി കിട്ടി. ഇപ്പോള്‍ എന്തെടുക്കാനും പാസ്‌വേഡ് ചോദിക്കും. എനിക്കാണെങ്കില്‍ അതറിയുകയുമില്ല. ആരേയും വിളിക്കാനും പറ്റില്ല.

രാത്രി വരുമ്പോള്‍ അമ്മയുടെ ഫോണ്‍ വാങ്ങിച്ചിരുന്നു ഞാന്‍. ഉടനേ എന്റെ സിംകാര്‍ഡൂരി അതിലിട്ടു. സിമ്മില്‍ സേവ് ചെയ്തിരിക്കുന്ന കസിന്‍ ബാബുവിന്റെ നമ്പര്‍ ഉണ്ട്. അവനും പൊലീസാണ്‌. പോരെങ്കില്‍ സമീപത്തുള്ള സ്റ്റേഷനില്‍ അവന്‍ ഒത്തിരി ജോലി ചെയ്തതുമാണ്‌. അവനറിയുമായിരിക്കും ഇവരെ. ഇപ്പോള്‍ മാന്യമായി പെരുമാറുന്നുണ്ടെങ്കിലും പാസ്‌വേഡ് ചോദിക്കുന്ന ഫോണും തുറക്കാന്‍ വിരലടയാളം ചോദിക്കുന്ന ലാപ്‌ടോപ്പുമൊക്കെ കാണുമ്പോള്‍ ഈ പൊലീസുകാര്‍ പുലിയാവുമെന്ന കാര്യത്തില്‍ എനിക്കു വല്യ സംശയമൊന്നുമില്ലായിരുന്നു. പോരെങ്കില്‍ ബാഗില്‍ നിറയെ വിദേശമദ്യവും. ക്യാമറ നോക്കിയാല്‍ പ്രകടമായി ഒന്നും കാണില്ലെങ്കിലും ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ നോക്കിയാല്‍ ഞാന്‍ കുടുങ്ങും. ഈ അടുത്തിറങ്ങിയ ഒരു മോഹന്‍‌ലാല്‍ സിനിമ മുതല്‍ മറ്റു പല ഡോക്കുമെന്റ്‌സും അതില്‍ ഉണ്ട്. എന്റെ പെന്‍‌ഡ്രൈവ് ബാംഗ്ലൂരുള്ള ഫ്രണ്ടിന്റെ കൈയിലായിരുന്നതിനാല്‍ ഈ മെമ്മറികാര്‍ഡില്‍ സ്റ്റോര്‍ ചെയ്തതായിരുന്നു. ലാപ്‌ടോപ്പില്‍ അമ്പതോളം മലയാളസിനിമകള്‍ വേറെയും. കൂടാതെ, പാസ്‌വേഡ് കൊടുത്തു പ്രൊട്ടക്‌റ്റ് ചെയ്തിരിക്കുന്ന ഫോള്‍ഡറുകള്‍, സിപ്പ്‌ഫയലുകള്‍! തല കറങ്ങി തുടങ്ങി!!

മാറ്റി നിര്‍ത്തി ചോദ്യം ചെയ്യല്‍ തുടങ്ങിയാല്‍ ലാസ്റ്റ് ബസ്സ് എന്നെ കാത്തിരിക്കില്ല. ഇനിയും മുപ്പതോളം കിലോമീറ്റര്‍ അതിനു പോകേണ്ടതുണ്ട് പാണത്തൂരെത്താന്‍. ഇവന്‍ നമ്മള്‍ കരുതിയ ആളല്ല എന്നു പൊലീസിനു പിന്നീടു മനസ്സിലായാല്‍ തന്നെ പതിനഞ്ചുകിലോമീറ്റര്‍ അപ്പുറത്തുള്ള ഇവന്റെ വീട്ടിലേക്കു കൊണ്ടുവിട്ടേക്കാം എന്നു പൊലീസും കരുതില്ല. വരുന്ന വണ്ടിക്കൊക്കെ കൈനീട്ടി മഴപെയ്താല്‍ അതും നനഞ്ഞ് അവിടെ നില്‍ക്കുക തന്നെ ഗതി!

ഞാന്‍ ബാബുവിനെ വിളിച്ചു. ബാബുവാണു പറഞ്ഞത്, അതു ചുമ്മ “കുപ്പി” വല്ലതും ഉണ്ടോ എന്നു നോക്കാന്‍ കയറിയതാണത്രേ!. വ്യാജമദ്യ ദുരന്തം കേരളത്തെ കുലുക്കുമ്പോള്‍ പൊലീസിന്റെ വക ഒരു മുന്‍‌കരുതല്‍ അത്രമാത്രം. റംസാന്‍ കാലമായതിനാല്‍ പൊലീസ് അല്പം ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നു എന്നു മാത്രം. മുകളില്‍ നിന്നുള്ള ഓര്‍ഡറാണ്‌. വേണ്ടിടത്തുപോയി കാര്യമായി ഒന്നും ചെയ്യാതെ വെറുതേ മനുഷ്യരെ ബുദ്ധി മുട്ടിക്കാന്‍ ഓരോ കലാപരിപാടികള്‍! വ്യാജ കള്ളിന്റെ പരാതി മുമ്പേതന്നെ പൊലീസിനു കിട്ടിയിട്ടും നടപടിയൊന്നും എടുക്കാതെ നോക്കിയിരുന്നു. അവസാനം കുറേ എണ്ണത്തിന്റെ ജീവന്‍ പോയപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള പൊലീസിന്റെ പൊറാട്ടു നാടകം! ഞാനെന്റെ ബാഗു നോക്കി. അതവിടെ നിലത്ത് സുഖമായി കിടക്കുന്നു. തപ്പാന്‍ വന്ന പൊലീസുകാര്‍ അവന്റെ കൂട്ടുകാരാണത്രേ! സമാധാനം!! എങ്കിലും ആദ്യം അവര്‍ ബാഗ് നോക്കില്ലേ! എന്തു പറയും? മറ്റു യാത്രക്കാരുടെ പ്രതികരണമെന്തായിരിക്കും?

അപ്പോഴേക്കും പൊലീസ് അടുത്തെത്തി. മടിയിലെ ലാപ്ടോപ്പും കീഴെ ബാഗും അയാള്‍ കണ്ടു. പക്ഷേ കണ്ട ഭാവം നടിക്കാതെ അയാള്‍ തൊട്ടപ്പുറത്തിരുന്നയാളുടെ തുണിസഞ്ചി തുറന്നു കാര്യമായി തന്നെ നോക്കി ഇറങ്ങിപ്പോയി. മാന്യനെന്നു തോന്നിയതിനാലാവും അയാളെന്നെ മൈഡ് ചെയ്യാതിരുന്നതെന്നു ഞാനും കരുതി. “എന്നാല്‍ വിട്ടോട്ടെ സാര്‍?” – കണ്ടക്‌ടറുടെ ശബ്ദം… “ങാ.. വിട്ടോ…” പൊലീസുകാരന്റെ മറുപടി… ഞാനൊന്നു ശ്വാസം വിട്ടു…

ബസ്സു വീണ്ടും നീങ്ങി തുടങ്ങി. മദ്യപന്‍‌മാരും അല്ലാത്തവരും പഴയ ബോംബ്‌ ഭീഷണിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അപ്പോഴും നിര്‍ബാധം തുടരുന്നുണ്ടായിരുന്നു. ഒടയഞ്ചാലില്‍ ഇറങ്ങി ഞാന്‍ ദാമോധരേട്ടന്റെ കടയിലേക്കു നടന്നു. കൂടെ ഇറങ്ങിയ മറ്റൊരാള്‍ ദാമോധരേട്ടനോട് സംഭവം വിശദീകരിക്കുന്നൂണ്ടായിരുന്നു. മത്തുപിടിച്ച് ആടുന്ന അയാള്‍ ബസ്സില്‍ നിന്നും പൊലീസിനോട് ചോദിച്ചത്രേ “എന്താണു സാര്‍ പ്രശ്നം?” എന്ന്. പൊലീസു പറഞ്ഞത്രേ “ഞങ്ങള്‍ക്കൊരു ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ട്” പിന്നെ പൊലീസ് പതിയെ അയാളുടെ ചെവിയില്‍ പറഞ്ഞത്രേ “ഒരു ബോംബു ഭീഷണി!”. ദാമോധരേട്ടന്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest

4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
murali
murali
14 years ago

ee dhamodharettante oru karyam…. enthu paranjalum punjirikathe ullu..

arun
arun
14 years ago

policente edi kitunna sean swapnam kandu vaichu varukayirunu….Nashipichu

Sudheesh
Sudheesh
13 years ago

bangaloreil kuppi businessa………………………

vinod kp
vinod kp
13 years ago

polis ayyo ayyoooo….veruthu njaan…………….
http://kudamina.blogspot.com/2011/07/blog-post.html
ee link onnu nokkiye 🙁


4
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights