Skip to main content

റ്റകാരം

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ഺ. മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ പാതിയായ മൂലസ്വനിമമാണ് ഺ എന്ന വ്യഞ്ജനാക്ഷരത്തിന്റേത്. “ട ” , “ഡ” മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ “ഺ” ഒരു വർത്സ്യമായ ഖരാക്ഷരമാണ്. അക്ഷരമാലയിൽ സാധാരണ വിവേചിച്ച് കാണിക്കാത്ത ഺ-വർഗ്ഗത്തിലെ ഖരമാണിത്. ഒറ്റയക്ഷരമായി ഉപയോഗമില്ലാത്ത ഇത്, ഺയുടെ ഇരട്ടിപ്പായ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷങ്ങളെഴുതാൻ ആദിമമലയാളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നതായി എ.ആർ. രാജരാജവർമ്മ ഊഹിക്കുന്നു. പിന്നീട് ഺയുടെ ധർമ്മം മുഴുവൻ റ ഏറ്റെടുത്തു; ഺ പ്രയോഗത്തിലല്ലാതാവുകയും ചെയ്തു. അങ്ങനെ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷരങ്ങളുടെ എഴുത്ത് മാത്രം യഥാക്രമം റ്റ എന്നും ന്റ എന്നും ആയതായി രാജരാജവർമ്മ പറയുന്നു. ഈ അക്ഷരത്തിന്റെ ആദിമമലയാളരൂപങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.

വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ സ്വതസ്സിദ്ധമായ ലിപികളില്ലാത്ത രണ്ട് വ്യഞ്ജനാക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ വർഗീകരിച്ചുകാണിക്കുന്നതിനായി വൈയാകരണന്മാർ ഉപയോഗിക്കുന്ന വ്യഞ്ജനാക്ഷരവർഗമാണ് ഺവർഗ്ഗം. അടിസ്ഥാനവ്യഞ്ജനാക്ഷരങ്ങളെ ‘ക’, ‘ച’, ‘ട’, ‘ത’, ‘പ’ എന്നിങ്ങനെ അഞ്ചു വർഗങ്ങളായി മാത്രമേ സംസ്കൃതസംബന്ധികളായ ഭാരതീയഭാഷകളുടെ അക്ഷരമാലകളിൽ തരംതിരിച്ചിട്ടുള്ളൂ.. സ്വതസ്സിദ്ധമായ ലിപികളില്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ നിലനിൽക്കുന്നതുമായ വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ അക്ഷരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വർഗം അക്ഷരമാലകളിലില്ല. എന്നാൽ, വ്യാകരണഗ്രന്ഥങ്ങളായ ലീലാതിലകത്തിലും[൧] കേരളപാണിനീയത്തിലും[൨] മലയാളത്തിലെ ഇത്തരം അധികസ്വനിമങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. ഈ വർഗത്തിലുള്ള ഖരമായ ഺ-യുടെ ഇരട്ടിപ്പായ റ്റ എന്ന കൂട്ടക്ഷരവും അനുനാസികമായ ഩ (പന, വനം എന്ന വാക്കുകളിൽ ഉൾപ്പെടുന്ന ‘ന’കാരം) എന്ന അക്ഷരവും മലയാളത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വർത്സ്യമായ ‘ന’കാരം (ഩ), വർത്സ്യമായ ‘ട’കാരം (ഺ) എന്നിവ സംയോജിച്ചുണ്ടാകുന്ന ന്റ എന്ന കൂട്ടക്ഷരവും മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ.

കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ. ഉച്ചാരണത്തിൽ ഺവർഗ്ഗത്തിലെ ഖരമായ വർത്സ്യമായ ‘ട’കാരത്തിന്റെ ഇരട്ടിപ്പായ കൂട്ടക്ഷരമാണ് റ്റ. മലയാളികൾക്ക് പരിചയക്കുറവുള്ള വിദേശഭാഷാപദങ്ങളിലെ ഇത്തരം തുടർച്ചകൾ സൂചിപ്പിക്കുന്നതിന് (ഉദാഹരണം: ബാറ്ററി, ജനറേറ്റർ) റ്റ-യുടെ ലിപിക്ക് 1950-നോടടുപ്പിച്ച് മാറ്റം സംഭവിച്ചു. ‘റ്റ’ എന്ന് അടിയിലും മുകളിലുമായി റ എഴുതുന്ന രീതിയാണ് ഇന്ന് പ്രചാരത്തിലുള്ളത്.

മലയാളത്തിൽ ആദ്യം ഉണ്ടായിരുന്ന സ്വരാക്ഷരങ്ങൾ: അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ എന്നിവയായിരുന്നു. വ്യഞ്ജനങ്ങൾ ക, ങ, ച, ഞ, ട, ണ, ത, ന, ഩ, പ, മ, യ, ര, റ, ല, ള, ഴ, വ എന്നിവയും ഇവയായിരുന്നു ആദ്യകാലത്തെ അക്ഷരസഞ്ചയം എന്നു പറയാം. പിന്നീട് സംസ്കൃതം വന്നപ്പോൾ എണ്ണം ഏറി വന്നു. അപ്പോൾ, ഋ, ഌ, ൡ എന്നി സ്വരങ്ങളും സംസ്‌കൃതഭാഷയിൽ നിന്നും കടംകൊണ്ട വ്യജ്ഞനങ്ങൾ ആയി, ഖ, ഗ, ഘ, ഛ, ജ, ഝ, ഠ, ഡ, ഢ, ഥ, ദ, ധ, ഫ, ബ, ഭ, ശ, ഷ, സ, ഹ എന്നിവയും വന്നു.

ഇതുകൂടാതെ കൂട്ടക്ഷരങ്ങൾക്കും വള്ളിപുള്ളികൾക്കുമൊക്കെയായി 500-ഇൽ അധികം ചിഹ്നങ്ങൾ മലയാളത്തിന്റെ പൂർവദശയിൽ ഉണ്ടായിരുന്നു. ഇവയൊക്കെ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനുമായി ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്ത്വത്തിൽ 1968 ഇൽ ഒരു ലിപി പരിഷ്‌കരണ കമ്മിറ്റി ഉണ്ടാക്കുകയും 1971 ഏപ്രിൽ 15 ആം തീയതി പുതിയ ലിപി നിലവിൽ വരികയും ചെയ്തു. പഴയ പല അക്ഷരങ്ങളേയും അതിൽ ഒഴിവാക്കിയിരുന്നു.

ഺകാരം പോലെ തന്നെ, ഇംഗ്ലീഷിലെ fa യ്‌ക്ക് മലയാളത്തിൽ ഒരു അക്ഷരം നിർബന്ധമായും കൂട്ടിച്ചേർക്കേണ്ടതാണ് എന്നു തോന്നുന്നു. കാരണം ഫലം, ഫലിതം തുടങ്ങിയവയിലെ ഫകാരത്തിന്റെ ഉച്ചാരണം തന്നെ മാറിപ്പോകുന്നതിന് ഒരു പ്രധാനകാരണമായി മാറുകയാണ് ഈ ഇംഗ്ലീഷിലെ faകാരം. fan, father, furniture അടക്കം നിരവധി ഇംഗ്ലീഷ് പദങ്ങൾ ഇപ്പോൾ കണ്ടമാനം മലയാളത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്, അവിടെയൊക്കെ faകാരത്തിനു പകരം വെക്കുന്നത് ഫകാരമാണ്. ശരിക്കും ഫയുടെ ഉച്ചാരണം പ്+ഹ എന്നാണ്.

Print Friendly, PDF & Email
0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights