പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ് തോലൻ . തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാൻ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂർ എന്ന സ്ഥലത്ത് ‘കൊണ്ടൊഴിഞ്ഞാറ്’ എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ് അദ്ദേഹം ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠൻ എന്നായിരുന്നു പേര്. തോലൻ എന്ന പേര് നാട്ടുകാർ നൽകിയതാണ്. കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ആളായ ഭാസ്കരരവിവർമയുടെ സദസ്യനായിരുന്നു തോലൻ എന്ന് കരുതപ്പെടുന്നു. കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകൾ, വേഷം, കൈമുദ്രകൾ, അഭിനയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ചിട്ടപ്പെടുത്തി ‘ആട്ടപ്രകാരം’ , ‘ക്രമദീപിക’ എന്നീ രണ്ട് ഗ്രന്ഥങ്ങൾ തോലൻ രചിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കിയ രീതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. ‘മഹോദയപുരേശചരിതം’ എന്നൊരു മഹാകാവ്യവും തോലൻ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു.
വീട്ടുവേലക്കാരിയായ ചക്കിയെ പ്രകീർത്തിച്ച് തോലൻ എഴുതിയ മണിപ്രവാളശ്ലോകം ഇതാണ്.
അന്നൊത്ത പോക്കീ കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ തിലപുഷ്പ മൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയന ദ്വയത്തീ…
(അരയന്ന നടയുള്ളവളേ, കുയിലിനെ പോലെ പാടുന്നവളേ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളേ, എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളേ, ദരിദ്രവീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളേ…)
കവിതയിലെ കഥാനായിക ചക്കിക്ക് പക്ഷേ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ തുടങ്ങിയ വിളികൾ ഇഷ്ടപ്പെട്ടില്ലാത്രേ!! തോലൻ അതു കേട്ടപാടെ സംസ്കൃതശ്ലോകം ഉണ്ടാക്കിക്കൊടുത്തു. പാഠഭേദങ്ങൾ നിരവധിയുണ്ട്. എഴുതപ്പെട്ട അവലംബങ്ങൾ ഒന്നുമില്ലല്ലോ. ഇത് ചക്കിയെ അല്ല രാജ്ഞിയെ ആണ് വര്‍ണ്ണിച്ചത് എന്നും രാജ്ഞി തന്നെ ആഢ്യത്വം കാണിക്കാനായി മലയാളം പോരാ സംസ്കൃതം തന്നെ വേണം എന്നു പറഞ്ഞുവെന്നും കഥയുണ്ട്. രാജ്ഞി പിന്നീട് സംസ്കൃതസ്ലോകത്തിന്റെ ശ്ലോകത്തിന്റെ അര്‍ത്ഥം ഏഷണിക്കാര്‍ പറഞ്ഞുകൊടുത്താണത്രേ അറിഞ്ഞത്, അതോടെ രാജ്ഞി തോലന്റെ ശത്രുവായി എന്നും ഒരു പാഠഭേദം കേട്ടിട്ടുണ്ട്.
മറ്റൊരു മറുപക്ഷം പറയാം. ബ്രാഹ്മണർക്ക് ചെറുപ്പത്തിൽ ഉപനയനം (പൂണുൽ ഇടുക) കഴിഞ്ഞ് അതോടൊപ്പം ഇട്ട മൃഗത്തോൽ മാറ്റുക, ബ്രഹ്മചര്യത്തോടെ കഴിഞ്ഞതിനു ശേഷമാണ്. നീലകണ്‌ഠന്റെ കാര്യത്തിൽ അതിന് അവസരം ഉണ്ടായില്ല. കാരണം മേൽപ്പറഞ്ഞ വീട്ടുവേലക്കാരിയായ ചക്കി തന്റെ മോഷണങ്ങൾക്ക് സാക്ഷിയും തടസ്സവും ആയ നമ്മുടെ കുമാരനായ കഥാനായകനെ വശത്താക്കിയെന്നും ചക്കി കുമാരന്റെ കുതിരശക്തിയിൽ സംതൃപ്തയായെന്നും ഒരു പക്ഷമുണ്ട്. അതിനു ശേഷമാണ് മേൽപ്പറഞ്ഞ ശ്ലോകം ഉണ്ടാക്കിയതും. പക്ഷെ, നിരക്ഷരകുക്ഷിയായ ചക്കിയ്ക്ക് പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്ന സരസപ്രയോഗങ്ങൾ ഇഷ്ടപ്പെട്ടില്ലത്രേ! ഉടൻ തോലൻ ഒരു സംസ്കൃതശ്ലോകം ചമച്ചു. അതാണു ശേഷമുണ്ടായ സംസ്കൃതശ്ലോകം എന്നും പറഞ്ഞു വരുന്നു. ശ്ലോകമിതാണ്.
അർക്ക ശുഷ്കഫലകോമള സ്തനീ
ശർക്കരാ സദൃശ ചാരു ഭാഷിണീ
തന്ത്രിണീ ദല സമാന ലോചനേ
സിന്ധുരേന്ദ്ര രുചിരാ മലർദ്യുതേ!!
അതിസുന്ദരിയായി ചക്കിയെ ശുദ്ധ സംസ്കൃതത്തിൽ തോലൻ വർണിച്ചത് അവൾക്ക് അത്യധികം ഇഷ്ടപ്പെട്ടുവത്രേ! നമുക്കിവിടെ ചക്കിയെയെ രാജ്ഞിയായും എടുക്കാവുന്നതാണ്. വെയിലേറ്റു വാടിത്തളന്ന മുലകൾ ഉള്ളവളേ എന്നൊക്കൊ അർത്ഥം പറയേണ്ടി വരും ഇതിന് 🙂
തോലൻ ധാരാളം തമാശ കവിതകൾ എഴുതിയിട്ടുണ്ട്. പരമ ശിവനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഒരു കവിതാശകലം തോലനെ ഏറെ പ്രശസ്തനാക്കി.
പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയാ
കോണച്ചേട്ടാഭിധനസ്യ
അർദ്ധാർദ്ധം പ്രണതോസ്മ്യഹം
വരി 1) ദന്തി എന്നാൽ ആന. ദന്തം ഉള്ളതുകൊണ്ടാണല്ലോ ദന്തി എന്ന പേര് വന്നത്. അതിനാൽ പല്ലി എന്നാലും ആന തന്നെ.
വരി 2) പന്ത്രണ്ടര എന്നാൽ പന്ത്രണ്ട് അരകൾ ചേർന്നത്. അതായത് ആറ്. ഇവിടെ ആറ് എന്നാൽ ഗംഗയാർ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
വരി 3) കോണ് എന്ന വാക്കിന് മുക്ക് എന്നൊരു അർഥം കൽപ്പിക്കാം. ചേട്ടനെ അണ്ണൻ എന്നും പറയാം. അപ്പോൾ കോണച്ചേട്ടൻ എന്നു പറഞ്ഞാൽ മുക്ക് + അണ്ണൻ = മുക്കണ്ണൻ. ഇത് ശിവന്റെ ഒരു പര്യായമാണ്.
വരി 4) അർദ്ധം എന്നാൽ പകുതി. അർദ്ധാർദ്ധം എന്നാൽ പകുതിയുടെ പകുതി. അതായത് കാൽ . ഇവിടെ കാൽപാദം എന്നു അർദ്ധം കല്പിക്കാം.
എല്ലാം ചേർത്തു വായിക്കുകയാണെങ്കിൽ ആനയുടെ തോൽ ഉടുത്തവനും ഗംഗയോടു പ്രിയമുള്ളവനും മുക്കണ്ണൻ എന്നു പേരോട് കൂടിയവനും ആയവന്റെ കാൽ പാദത്തെ ഞാൻ വന്ദിക്കുന്നു എന്ന് അർത്ഥം വരും.
തോലനെ കേന്ദ്രീകരിച്ച് പല കഥകളും വാമൊഴികളായി കേരളത്തിൽ പ്രചാരം നേടിയിട്ടുണ്ട്. ഹാസ്യവും ആക്ഷേപവും കൊണ്ട് രസകരങ്ങളായ ഇത്തരം കഥകൾ പലപ്പോഴും തെറ്റായ സാമൂഹികവ്യവസ്ഥിതികൾക്കെതിരെയുള്ള നിശിതമായ വിമർശനമായിരുന്നു. അത്തരം കഥകളിൽ ചിലത് ചുവടെ.
1) തോലനെ കേന്ദ്രീകരിച്ചുള്ള കഥകളിൽ ഏറ്റവും പ്രസിദ്ധമായ കഥയാണിത്. തോലൻ ചെറിയകുട്ടിയായിരിക്കെ നടന്നു എന്നു പറയപ്പെടുന്ന ഈ കഥക്കാധാരം, ഭക്ഷണസമയത്തെ സംസാരം സംസ്കൃതഭാഷയിലായിരിക്കണം എന്ന നിയമമായിരുന്നു. ഒരിക്കൽ തോലൻ ഭക്ഷണം കഴിച്ചുകോണ്ടിരിക്കെ ചക്കി എന്നു പേരായ സ്ത്രീ പത്തായത്തിൽ നിന്ന് നെല്ല് മോഷ്ടിക്കാൻ തുനിയുകയും ഇത് മനസ്സിലാക്കിയ തോലൻ “പനസി ദശായാം പാശി” എന്നു പറഞ്ഞത്രേ.. (പനസം = ചക്ക ; പനസി = ചക്കി , ദശം = പത്ത് ; ദശായാം=പത്തായത്തിൽ , പാശം= കയർ; പാശി=കയറി) , ചെറുപ്പത്തിൽ തന്നെ തോലനിലുണ്ടായിരുന്ന നർമചിന്തക്ക് ഉദാഹരണമായി ഈ കഥ പറയപ്പെടുന്നു.
2) കേരളത്തിൽ കുറ്റം തെളിയിക്കാൻ വിചിത്രമായ പല മാർഗങ്ങളും മുൻപു സ്വീകരിച്ചിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിക്കുക , മുതലയുള്ള കടവിൽ നീന്തിക്കുക , വിഷപ്പാമ്പിനെ അടച്ചിട്ടുള്ള കുടത്തിൽ കൈയിടുവിക്കുക തുടങ്ങിയവ ഇവയിൽ ചിലതാണ്.കുറ്റക്കാരനല്ലെങ്കിൽ തിളച്ച എണ്ണയിൽ കൈ പൊള്ളുകയില്ല,മുതല പിടിക്കുകയില്ല,പാമ്പ് കടിക്കുകയില്ല എന്നൊക്കെയായിരുന്നു വിശ്വാസം. ഒരിക്കൽ രാജാവിന്റെ മോതിരം കാണാതായി, കുളക്കടവിൽ മറന്നുവെച്ച മോതിരം തോലൻ എടുത്ത് രാജാവിന്റെ വാളുറയിൽ ഇട്ടിരുന്നു. തോലൻ മോതിരം കട്ടു എന്ന ഒരു വാദത്തിനെതിരെ തിളച്ച എണ്ണയിൽ കൈ മുക്കി നിരപരാധിത്വം തെളിയിക്കുവാൻ രാജാവ് പറഞ്ഞുവത്രേ. ഇതിനു സമ്മതിച്ച തോലൻ നിറഞ്ഞ സദസിൽ തിളച്ച എണ്ണയുടെ പാത്രം പച്ചയില കൊണ്ട് വക്ക് മൂടിയ ശേഷം എടുത്ത്കൊണ്ടുവന്ന വൈദികനെ ചൂണ്ടിക്കാണിച്ച് “ഇയാളാണ് മോതിരം മോഷ്ടിച്ചത് , കണ്ടില്ലേ കൈ പൊള്ളാതിരിക്കാനായി ഇലകൂട്ടി പാത്രം എടുത്തുകൊണ്ടുവരുന്നു അതിനാൽ ഇതാ കുറ്റം തെളിഞ്ഞിരിക്കുന്നു ഇനി ഞാൻ കൈ മുക്കേണ്ടതില്ല ” എന്നു പറഞ്ഞു. ആ അനാചാരത്തിന്റെ അർത്ഥമില്ലായ്‌മ തുറന്നു കാട്ടിയ തോലനെ രാജാവ് കുറ്റവിമുക്തനാക്കി.
ചക്കി കാരണമാണ് തോലനു ഭ്രഷ്ട് വന്നതെന്നു പിന്നീട് ചക്കിയെ തോലൻ ജീവിതപങ്കാളി ആക്കുകയുമായിരുന്നു എന്നും കഥകളുണ്ട്. പുരുഷാർത്ഥക്കൂത്തിൽ പലയിടത്തും ചക്കിയെ “ചെറുമി” എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും കാണാം. നാം അറിയുന്ന ജാതി വ്യവസ്ഥയിൽ നമ്പൂതിരിമാരോ ചാക്യാന്മാരോ ചെറുമ സ്ത്രീകളെ വിവാഹം കഴിക്കാറില്ല. ഇന്നത്തെ രൂപത്തിലുള്ള ജാതി വ്യവസ്ഥ രൂപപ്പെടുന്നതിനു മുൻപ് ഇങ്ങനെയൊക്കെയായിരുന്നു എന്നൂഹിക്കാം. നായർ, നമ്പൂതിരി, ചാക്യാർ എന്നീ ജാതിപ്പേരുകൾ പുരുഷാർത്ഥക്കൂത്തിൽ ഒരിടത്തും കാണുന്നില്ല. എന്നാൽ പൊതുവാൾ, വാര്യർ എന്നിവരെക്കുറിച്ച് പറയുന്നുണ്ടുതാനും. ഐതിഹ്യങ്ങളിൽ രാജാവ് ബൗദ്ധനായിരുന്നു എന്നും സൂചനയുണ്ട്. (പള്ളിബാണപ്പെരുമാൾ തന്നെ ആണ് ഇത് എന്നും).
കേരളത്തിൽ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗൻ മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യന്മാരുടെ വരവിനു മുന്ന് ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ് സംഘകാലത്തേത്. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല എന്നു കാണാം. ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ട്) മുതൽ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങളായി മാറ്റി നിർത്തിയിരുന്നു. 12 ആം നൂറ്റാണ്ടോടു കൂടി ഇത് ശക്തമായി. തോലൻ 10 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന പറയുമ്പോൾ ഇവയ്ക്കിടയിൽ പോലും ശക്തമായ ബുദ്ധമതസ്വാധീനത്താലോ മറ്റോ ജാതിയത അത്രമേൽ ശക്തമല്ലെന്നു കാണാം.