ഇന്റെര്‍നെറ്റെന്ന വമ്പന്‍ മാധ്യമത്തില്‍ വളരെ പ്രാധാന്യവും പ്രസക്തിയുമുള്ള സൈറ്റായി വിക്കിപീഡിയ മാറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളുടെ വിശ്വാസം പിടിച്ചുവാങ്ങിക്കൊണ്ടൊരു ഒരു നിശബ്‌ദ വിപ്ലവം നടത്തുകയായിരുന്നു വിക്കിപീഡിയ എന്നു പറയാം. സൂര്യനു കീഴിലുള്ള എന്തിനേ പറ്റിയും എന്നു നമ്മള്‍ പറയാറുണ്ടല്ലോ, എന്നാല്‍ വിക്കിപീഡിയയില്‍ സൂര്യനുകീഴിലുള്ളതുമാത്രമല്ല പ്രപഞ്ചത്തിലുള്ള എന്തിനേപറ്റിയും നമുക്കറിയാനാവും; അതും അതിന്റെ പരമാവധി കൃത്യതയോടെ തന്നെ!
മാസത്തില്‍ 400 മില്യണില്‍ കൂടുതല്‍ ആളുകളുടെ വിശ്വാസ്യതയുമായാണ് വിക്കിപീഡിയയുടെ ഇന്നത്തെ ജൈത്രയാത്ര! മൂന്നര മില്യന്‍ ലേഖനങ്ങളുമായി ഇംഗ്ലീഷ് വിക്കിപീഡിയ മുന്നില്‍ നില്‍ക്കുമ്പോള്‍ 270-ലധികം ഭാഷകളിലൂടെ വിക്കിപീഡിയ എന്ന ബഹുജനസംരംഭം നിങ്ങള്‍ക്കു മുന്നിലവതരിക്കുന്നു! എല്ലാ ഭാഷകളിലേയും കൂട്ടിനോക്കുകയാണെങ്കില്‍ ഏകദേശം 18 മില്യണിനടുത്തുവരും ഈ വൈജ്ഞാനികസമ്പത്ത്!
ജനുവരി 15 – ന്, വിക്കിപീഡിയയുടെ പത്താമത് ജന്മദിനം ലോകമെമ്പാടും കൊണ്ടാടിയ അവസരത്തില്‍ 1.2 മില്യണ്‍ ആള്‍ക്കാരുടെ സേവനം വിക്കിപീഡിയ സ്വന്തമാക്കികഴിഞ്ഞിരുന്നു. മാസത്തില്‍ 11 മില്യണ്‍ തിരുത്തലുകളിലൂടെ ഇത്രയും ആള്‍ക്കാരെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ മറ്റേതു മാധ്യമത്തിനു സാധിക്കും! പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ക്രിയേറ്റീവ് ഏജന്‍സിയായ JESS3 തയ്യാറാക്കിയ “The State of Wikipedia” എന്ന പ്രസന്റേഷന്‍ ഇവിടെ കൊടുത്തിരിക്കുന്നതു കാണുക.
വിക്കിപീഡിയ എങ്ങനെ, എന്തിനുവേണ്ടി വര്‍ത്തിക്കുന്നു എന്നതില്‍നിന്നും നിങ്ങള്‍ക്കു വ്യക്തമാക്കാനാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാനാഗ്രഹമുള്‍ലവര്‍ http://www.thestateofwikipedia.com/ എന്ന ഈ സൈറ്റുകൂടെ നോക്കുമല്ലോ.
നിങ്ങള്‍ക്കും വിക്കിപീഡിയയില്‍ അംഗങ്ങളാവാം! വരുന്ന തലമുറയ്‌ക്കൊരു മുതല്‍ക്കൂട്ടായി നിങ്ങളുടെ അറിവുകളെ പങ്കുവെയ്ക്കാം. പങ്കുവെയ്ക്കും തോറും വര്‍ദ്ധിച്ചുവരുന്ന ഏക ധനമാണു വിജ്ഞാനം, അതിനെ അറിയാവുന്ന ഭാഷയില്‍, മറ്റുള്ളവര്‍ക്കുകൂടി ഉപകരിക്കുന്ന രീതിയില്‍ വ്യക്തമായി ചേര്‍ത്തുവെയ്ക്കാന്‍ വിക്കിപീഡിയ അല്ലാതെ മറ്റൊരിടം നിങ്ങള്‍ക്കു കിട്ടില്ല. കേവലമൊരു സൗജന്യമെമ്പര്‍ഷിപ്പിലൂടെ വിക്കിപീഡിയയുടെ അനന്തമായ വൈജ്ഞാനിക മണ്ഡലത്തിലേക്ക് നിങ്ങള്‍ ഉയരുന്നു. വിക്കിപീഡിയയുടെ സഹോദര സംരഭങ്ങളായ വിക്കിസോഴ്‌സ്, വിക്കിഷ്ണറി, വിക്കിക്വോട്സ്, വിക്കിബുക്‌സ് തുടങ്ങിയവ നിങ്ങള്‍ക്കു നല്‍കുന്ന വൈജ്ഞാനികാനുഭവത്തിന് ഇനിയും മടിച്ചിരിക്കേണ്ടതില്ല! നിങ്ങളെ സഹായിക്കാനായി നിരവധി ആളുകള്‍ സജ്ജരായിരിക്കുന്നു. വിജ്ഞാനം എന്നും എവിടേയും സ്വതന്ത്രമാവട്ടെ!
great job