Skip to main content

thadaka | താടക

താടക – രാക്ഷസകുലത്തില്‍ പിറന്നവള്‍ , നിശാചരി, രാമരാവണയുദ്ധത്തിനു കാരണക്കാരിയായവള്‍, രാമായണത്തിൽ തടകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്… എന്നാൽ വയലാറിന്റെ താടക രാജകുമാരിയാണ്! – ദ്രാവിഡരാജകുമാരി, ദ്രാവിഡപുത്രി!! ഏതൊരുപെണ്ണിനേയും പോലെ മോഹങ്ങൾ മനസ്സിലൊതുക്കി നടന്ന സുന്ദരി; ശ്രീരാമന്റെ അദ്യ പ്രണയിനിയായി!!
അവൾ ആര്യാധിനിവേശത്തിന്റെ ആദ്യ രക്തസാക്ഷിയാണിവിടെ! ദ്രാവിഡക്കൂട്ടങ്ങൾക്കുമേൽ പെയ്തിറഞ്ഞിയ ആര്യസമൂഹം തീർത്ത ആദ്യ രക്തസാക്ഷി! കാടിന്റെ വന്യതയിൽ അലിഞ്ഞു ചേരേണ്ടി വന്ന ആ കാനന പുത്രിയുടെ കഥയാണിത്:

കവിത കേൾക്കുക

[ca_audio url=”https://chayilyam.com/stories/poem/thadaka.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മറ്റു കവിതകൾ കാണുക

rama sita thadaka

വിന്ധ്യശൈലത്തിന്റെ താഴ്‌വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക

താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍
കൊണ്ടുനടക്കുന്ന കാമസ്വരൂപനെ.

സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവള്‍, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്‍
സലജ്ജം സകാമം സവിസ്മയം..

രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവള്‍.

ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങള്‍
സംഘങ്ങളായ് വന്നു് സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാള്‍, വാമനന്‍മാരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍ യാഗപശുക്കളെ മേച്ചനാള്‍

രാമായണത്തിലെ താടക, ദ്രാവിഡ രാജകുമാരി, വയലാർ രാമവർമ്മ
ചിത്രം: വിക്കിമീഡിയ കോമൺസ്

ദ്രാവിഢരാജാധിരാജകിരീടങ്ങള്‍ ഈ മണ്ണിലിട്ടു്
ചവിട്ടി ഉടച്ചനാള്‍,വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്‍.
ആദ്യമായ് ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്, കോപാരുണങ്ങളായ്
താടി വളര്‍ത്തും തപസ്വി തന്‍ കണ്ണുകള്‍

ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും
സുരഭിയാം തെന്നലില്‍
ആ രാത്രി സ്വപ്നവും കണ്ടു് വനന്ദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ച്യുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക.

ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങ്ങളില്‍, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈകള്‍ ഓടവേ…

അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ…
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകള്‍…

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക:
“ആര്യവംശത്തിന്നടിയറ വെക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം”

ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
നിശ്ശബ്ദയായ് പെണ്‍കൊടി!
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം
കേട്ടു നടുങ്ങി വിന്ധ്യാടവി!
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ:

“വില്ലുകുലയ്ക്കൂ; ശരം തൊടുക്കൂ; രാമാ; കൊല്ലൂ…
നിശാചരി താടകയാണവള്‍!!
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം മാല ചാര്‍ത്തിയ
രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസത്രത്താല്‍ തകര്‍ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം!!

2 1 vote
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights