പ്രിയപ്പെട്ട വായനക്കാരാ,
മുപ്പത്തിയഞ്ചു വയസ്സുകഴിഞ്ഞ ചെറുപ്പക്കാരനാണ്! താങ്കൾക്ക് വേണമെങ്കിൽ മദ്ധ്യവയസ്ക്കനെന്നും വിളിക്കാം – പക്ഷേ കണ്ടാൽ പറയില്ല. ആറേഴു വർഷമായി കൃത്യമായി ടാക്സ് അടച്ചുവരുന്നു. ചിലപ്പോളൊക്കെ അടയ്ക്കേണ്ട തുകയിൽ കൂടുതൽ അടച്ചിട്ടുമുണ്ട്. അധികമായി അടച്ചതൊക്കെ തിരിച്ചുകിട്ടും എന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെ നയാപൈസ കിട്ടിയിട്ടില്ല. കൃത്യമായ ഡോക്കുമെന്റുകൾ അതാത് കാലത്ത് സമർപ്പിച്ചിട്ടുണ്ട്. ഗവൺമെന്റാണെങ്കിൽ ഓരോ വർഷവും ടാക്സ് അടക്കേണ്ടതിന്റെ റേഷ്യോ കൂട്ടിക്കൂട്ടി വരുന്നു. സാധനങ്ങൾക്കൊക്കെ തീപിടിച്ച വിലയാണ് എന്നകാര്യം എന്നേപ്പോലെ തന്നെ താങ്കൾക്കും അറിവുള്ളതാണല്ലോ!. പൊതുവാഹനങ്ങളുടെ ടിക്കറ്റ് ചാർജ്, ഹോട്ടൽ ഭക്ഷണത്തിന്റെ വില, വീട്ടിലെ ഗ്യാസ് കണക്ഷന്റെ വില, വെള്ളം, കറന്റ്, നെറ്റ്, ഫോൺ, ടിവി എന്തിനധികം വല്ലപ്പോഴും കഴിക്കുന്ന ബുൾസൈയുടെ വിലവരെ കണ്ടമാനം കൂടി. മരുന്നുവില, അവശ്യസാധനങ്ങളുടെ വില, ആശുപത്രി ചെലവുകൾ ഒക്കെ നാൾക്കുനാൾ കൂടുന്നു. MRP യിൽ ഒരഞ്ചുപൈസ കുറയ്ക്കാൻ ആരും തയ്യാറാവുന്നില്ല. എന്നാൽ ഇതിനൊക്കെ അനുസൃതമായി സാലറി കൂട്ടിത്തരാൻ മാനേജ്മെന്റുകൾ തയ്യാറാവുന്നില്ല എന്നതാണ് ഏറെ സങ്കടകരം! നിൽക്കക്കള്ളിയില്ലാതായിരിക്കുന്നു. വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടുന്നു സാർ.
താങ്കൾക്കറിയുമോ എന്നു നിശ്ചയമില്ല; കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ശതമാനം വീട്ടുടുമ മാസാദ്യം തന്നെ വാടകയിനത്തിൽ കൊണ്ടുപോകും. വർഷാവർഷം അയാൾക്ക് തോന്നിയതു പോലെ അതും കൂട്ടുന്നു – അതിനൊന്നും യാതൊരു ദാഷീണ്യവും കാണിക്കാറില്ല. എന്തെങ്കിലും മറുത്തുപറഞ്ഞാൽ ഇറങ്ങിക്കോളൻ പറയും. കൊടുത്ത ഡിപ്പോസിറ്റ് തുകയിൽ പകുതിയിലധികവും അയാൾ അതുമിതും പറഞ്ഞ് വെട്ടിക്കുറച്ച് പിരിഞ്ഞുപോവുമ്പോൾ എന്തെങ്കിലും തന്നാലായി എന്നുമാത്രം. ഇതിനൊന്നുംതന്നെ നമ്മുടെ നാട്ടിൽ ഒരു നിയമവും ഇല്ല. നിയമമൊക്കെ ഉണ്ടാക്കുന്നത് ഇത്തരം ബൂർഷകളെ സഹായിക്കുവാൻ വേണ്ടിയാണെന്ന സംശയം ബലമാവുന്നു. അഞ്ചുപൈസ ടാക്സ് അടക്കാതെ കച്ചവടം നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്ന പലചരക്കുകച്ചവടക്കാരനെ കാണുമ്പോൾ ഈർഷ്യ തോന്നുന്നുണ്ട്. പറഞ്ഞുവന്നാൽ ഇങ്ങനെ പലതുണ്ട് സാർ. എന്റെ മനസ്സിന്റെ വൈകല്യമാവാം, ഞാനതൊന്നും അക്കമിട്ടു നിരത്തി ബോറടിപ്പിക്കുന്നില്ല.
ഈയൊരു സാഹചര്യത്തിലും ടാക്സ് അടയ്ക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല; വെട്ടുപ്പുകൾ ഒന്നും കാട്ടിയിട്ടില്ല. കിട്ടുന്ന ശമ്പളത്തിൽ നിന്നും നല്ലൊരു ശതമാനം ടാക്സായി പോകുന്നു എന്ന തിരിച്ചറിവ് ഇപ്പോൾ കൂടുതൽ കൂടുതൽ അലട്ടുന്നു. ജോലി നിർത്തിപ്പോകുമ്പോൾ ഇങ്ങനെ കൊടുക്കുന്ന തുകയിൽ നിന്നും അഞ്ചിന്റെ പൈസ തരില്ലെന്നറിയാം. ഇനി കുറച്ച് പിശുക്കിയേ പറ്റൂ… ഇൻവെസ്റ്റ്മെന്റൊന്നും തന്നെയില്ല… ആകെയുള്ളത് വീടിനുവേണ്ടി എടുത്ത ലോണും പിന്നെ നിരവധി പേർസണൽ ലോണുകളും മാത്രം. കിട്ടുന്ന ശമ്പളം ഇവരൊക്കെ കൂടി വീതംവെച്ച് എടുത്താൽ പിന്നെ ടാക്സ് അടക്കാൻ വീണ്ടും ലോണെടുക്കേണ്ട ഗതികേടും സമീപഭാവിയിൽ വന്നേക്കുമെന്നു കരുതുന്നു.
ഈ അവസരത്തിൽ വളരെ ശാസ്ത്രീയമായി ടാക്സ് വെട്ടിക്കാനുള്ള വഴികൾ തേടിയാണ് ഞാൻ താങ്കളെ സമീപിക്കുന്നത്. പ്രസ്തുത വിഷയത്തിൽ അറിവുള്ളയാളാണു താങ്കൾ എങ്കിൽ വിലയേറിയ ഏതൊരു അഭിപ്രായവും സ്വാഗതാർഹം തന്നെ. ഇനിയതല്ല ഈ വിഷയത്തിൽ ജ്ഞാനം അല്പം കുറവാണെങ്കിൽ പോലും താങ്കളുടെ അഭിപ്രായത്തിന് മാന്യമായ സ്ഥാനം കൊടുക്കുന്നതാണ്. ഒക്കെ നമുക്ക് രണ്ടുപേർക്കും രഹസ്യമാക്കി വെയ്ക്കാം. കാരണം കാലം പിഴച്ചതാണ്… കാലത്തെ പിഴപ്പിക്കുന്ന ഇക്കൂട്ടർ അവരുടെ നിലനിൽപ്പിനുവേണ്ടി പല നിയമങ്ങളും ഉണ്ടാക്കി വെച്ചിട്ടുണ്ട്. ലൈക്ക് ചെയ്തും കമന്റിട്ടും ഗോതമ്പുണ്ട തിന്നേണ്ടി വരരുതല്ലോ!! അക്കാര്യത്തിലൊക്കെ നമ്മുടെ ഗവൺമെന്റ് അച്ചട്ടമാണ്. അതുകൊണ്ട് ഒക്കെ നമുക്ക് രഹസ്യമാക്കി വെയ്ക്കാം സാർ. ഒന്നും പുറത്തു പറയില്ലെന്ന ഉറപ്പോടെ…
വിനീത വിധേയൻ,
ഒപ്പ്.
Become a NRI.