കവി മുരുകൻ കാട്ടാക്കട നിലേശ്വരത്തിനടുത്ത് ചായ്യോത്ത് ഗവണ്മെന്റ് സ്കൂളിൽ വന്നപ്പോൾ ചൊല്ലിയ കവിതകളിൽ ഒന്ന്. ആരാധ്യയും അദ്വൈതയും അവിടെ സ്കൂൾ പഠനം ആരംഭിച്ച സമയമായിരുന്നു അത്.
#കവിത, കഥ കേൾക്കേണ്ട കുഞ്ഞേ
കുട്ടി:
“അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ
കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു
തത്തമ്മപെണ്ണിന്റെ, താറാക്കോഴീടെ,
തക്കിടി മുണ്ടന്റെ കഥ പറഞ്ഞു…
മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു
കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു.
തൂക്കണാം കുരുവീടെ കഥ കേൾക്കുവാനമ്മേ
പോകയാണിന്നു ഞാൻ അക്കരയ്ക്ക്…”
അമ്മ:
“തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ
ഞാനിന്നു പോരുന്നു നിന്റെയൊപ്പം…
ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!
ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!
ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട
ഒക്കത്തു കേറി മറിഞ്ഞിടേണ്ട
അപ്പൂപ്പനും മോളും നല്ലവരെങ്കിലും
അത്രയ്ക്കു നല്ലതല്ലിന്നു കാലം!!
-കവി: മുരുകൻ കാട്ടാക്കട