മരണമെത്തുന്ന നേരത്ത്

പാട്ടുകേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Maranamethunna-Nerathu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍…

ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍
നിന്റെ ഗന്ധമുണ്ടാകുവാന്‍…

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ
നിന്മുഖം മുങ്ങിക്കിടക്കുവാന്‍…
ഒരു സ്വരം പോലുമിനിയെടുക്കാത്തോരീ
ചെവികള്‍ നിന്‍സ്വര മുദ്രയാല്‍ മൂടുവാന്‍…
അറിവുമോര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍…

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…

അധരമാം ചുംബനത്തിന്റെ മുറിവുനിന്‍
മധുര നാമജപത്തിനാല്‍ കൂടുവാന്‍…

പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍…
പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍…

അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍….

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .

സ്പിരിറ്റ് എന്ന സിനിമയിലെ ഉണ്ണിമേനോൻ ആലപിച്ച ഗാനം. രചന റഫീക്ക് അഹമ്മദ്