പാടുവാന്‍ മറന്നുപോയ്, സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…

പാടുവാന്‍ മറന്നുപോയ്…
സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു…

അപസ്വരമുതിരും ഈ മണിവീണ തന്‍
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി…
അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..

എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
കരളില്‍ വിതുമ്പുമെന്‍
മൗന നൊമ്പരം ശ്രുതിയായ്….

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാനലോകവീഥികളില്‍ വേണുവൂതുമാട്ടിടയന്‍…

എങ്കിലുമെന്‍ ഓമലാള്‍ക്കു താമസിയ്ക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹാല്‍ ഞാനുയര്‍ത്താം..
മായാത്ത മധുരഗാന മാലിനിയുടെ കല്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടു പോകാം..

പൊന്തിവരും സങ്കല്‍പ്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍
ചന്തമേഴും ചന്ദ്രികതന്‍ ചന്ദനമണി മന്ദിരത്തില്‍..
സുന്ദര വസന്തരാവിന്‍ ഇന്ദ്രനീല മണ്ഡപത്തില്‍
എന്നുമെന്നും താമസിയ്ക്കാന്‍ എന്റെ കൂടെ പോരുമോ നീ..

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ

രാത്രി മഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
ഗീതികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതേ നിനച്ചു പോയീ…