Skip to main content

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ

— ഒരു തമാശപ്പാട്ട് —

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ
ആദ്യം വിളിച്ചതെന്നമ്മഅമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ
അമ്മ വിളിയ്ക്കുന്നു കള്ളന്‍

കൊച്ചൂ കുസൃതികള്‍ കാട്ടുമ്പൊളെന്നെയെന്‍
എട്ടന്‍ വിളിച്ചു നീ കള്ളന്‍

അച്ചനോടമ്മിണി ടീച്ചര്‍ പറഞ്ഞൂ
പഠിക്കാന്‍ മിടുക്കനീ കള്ളന്‍

ഓട്ടത്തില്‍ ചാട്ടത്തില്‍ ഒന്നാമനാകുമ്പൊള്‍
കൂട്ടുകാര്‍ വാഴ്ത്തി നീ കള്ളന്‍

കാമിനീമാരെ കമന്റടിക്കുന്നേരം
“നാണമില്ലല്ലോട കള്ളാ…”

കല്യാണപ്പെണ്ണിന്‍ കരം പിടിച്ചു
ഞാന്‍ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിയതോര്‍ത്തവള്‍
പിന്നെ പറഞ്ഞു നീ കള്ളന്‍…

അത്താഴമൂണു കഴിഞ്ഞു ഞാ‍ന-
സ്വസ്ഥനാ‍യിട്ടുലാത്തുന്ന നേരം
കള്ളച്ചിരിയോടടക്കം പറഞ്ഞവള്‍
പിള്ളേരുറങ്ങീല കള്ളാ

കക്കാതെ, കവരാതെ, കളളം പറയാതെ
കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടേ…

കക്കാതെ കവരാതെ കള്ളം പറയാതെ
കള്ളനായ്‌ തന്നെ വളര്‍ന്നു…

Verified by MonsterInsights