#രണ്ടാമൂഴം #നോവൽ #സിനിമ #കാലം
രണ്ടാമൂഴം, 1985 ലെ വയലാർ പുരസ്കാരം ലഭിച്ച കൃതിയാണിത്. എം.ടി. വാസുദേവൻ നായരുടെ അതുല്യമായൊരു നോവൽ. ഭീമന്റെ കണ്ണിലൂടെ ജീവിതത്തെ കാണുന്ന കാഴ്ചപ്പാടാണിതിലുള്ളത്. ഒന്നുകിൽ ജേഷ്ടനായ യുധിഷ്ഠിരൻ അല്ലെങ്കിൽ താഴെയുള്ള അർജ്ജുനൻ ഇവരായിരിക്കും ഒന്നാമൂഴക്കാർ. രണ്ടാമൂഴം വിധിക്കപ്പെട്ട ഭീമന്റെ അവർണ്യ ജീവിതം സിനിമയാവുകയാണ്. വ്യാസമുനി വായനക്കാർക്കായി വിട്ടിട്ടു പോയ ദീർഘമായ ചില മൗനങ്ങൾക്ക് ഉത്തരം കണ്ടെത്തുകമാത്രമായിരുന്നു രണ്ടാമൂഴത്തിലൂടെ താൻ ചെയ്തതെന്ന് എം.ടി പറഞ്ഞിരുന്നു.
മഹാഭാരതത്തിനൊരു നിയതമായ ചരിത്രമുണ്ട്. കൃസ്തുവിനു നൂറ്റണ്ടുകൾക്ക് മുമ്പെന്നോ തുടങ്ങി കൃസ്തുവിനുശേഷം മൂന്നോ നാലോ നൂറ്റാണ്ടുകൾ വരെ പലതരത്തിലുള്ള എം.ടിമാർ ചേർന്ന് തിരുത്തൽ വരുത്തി കൂട്ടിച്ചേർത്തും വേണ്ടാത്തതും കൃത്യതയില്ലാത്തവയും ഒക്കെ വെട്ടിക്കുറച്ചും അന്നത്തെ വിശാലമായ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വാമൊഴിയായി പ്രചരിച്ചുവന്ന കഥകളായിരുന്നു മഹാഭാരതകഥകൾ. ഒരുപാട് കൃഷ്ണന്മാരേയും അർജ്ജുനന്മാരേയും നമുക്കതിൽ കാണാൻ കഴിയും. ഒരാളുടെ ജീവിതത്തിന്റെ ഏതുകോണിൽ നിന്നും നോക്കിയാലും സമാന വ്യവഹാരം മഹാഭാരത കഥയിൽ അതുകൊണ്ടുതന്നെ കാണാനാവുന്നു. അത്രയേറെ കൂട്ടിച്ചേർക്കലുകൾ വരുത്തി ജയം എന്നപേരിൽ ആദ്യവും പിന്നീട് ഇന്നത്തെ മഹാഭാരതമെന്ന ഇതിഹാസമായും വളർച്ച നിന്നുപോയത് അത് എഴുതപ്പെട്ട പുസ്തകമായപ്പോൾ ആണെന്നു പറയാം. അന്നതിന്റെ ഔദ്യോഗിക ജനനം ആണെന്നു വ്യാഖ്യാനിക്കാമെങ്കിലും വ്യാസപരമ്പരകൾ വന്നുകൊണ്ടേ ഇരുന്നു. വ്യാസൻ എന്നത് ഒരു സങ്കല്പമായി എടുക്കുന്നതാണു ഭേദം. മരണം ഇല്ലാതെ ജീവിക്കുന്ന ചിരഞ്ജീവികളായ ഏഴുപേരിൽ ഒരാളാണ് വ്യാസൻ. നമ്മൾ ഡോക്ടറേറ്റ്, പിഎച്ച്ഡി, എഞ്ചിനീയർ എന്നൊക്കെ പറയുമ്പോലെ സർട്ടിഫിക്കേറ്റ് കിട്ടിയ സ്ഥാനാമായിരിക്കണം വ്യാസൻ എന്ന നാമം.
ഇന്നത്തെ എംടിയെ ഒരു വ്യാസനായി പരിഗണിക്കാൻ നമുക്കായെന്നു വരില്ല. കാരണം നമ്മളൊക്കെ വല്യ അറിവുള്ളവരാണ്, അതല്ല ചരിത്രം; ഇതല്ല ചരിത്രം എന്നു വ്യാഖ്യാനിക്കാനും നല്ലതിനെ വലിച്ചെറിയാനും മോശമായതിനെ പൂവിട്ടു പൂജിക്കാനും ഒരുങ്ങിത്തിരിച്ചവരാണു നമ്മൾ. അതു കാലം വരുത്തിയ മാറ്റമാണ്. ചിരഞ്ജീവിയായ വ്യാസൻ ആ കഴിവുള്ളവരിലൂടെ മരണമില്ലാതെ യുഗാന്തരത്തോളം ജീവിച്ചുകൊണ്ടേയിരിക്കുമ്പോൾ രണ്ടാമൂഴവും മഹാഭാരതത്തിന്റെ ഒരു പുനരാഖ്യാനം തന്നെയാവുന്നു.
എന്തൊക്കെയാണെങ്കിലും എംടിയുടെ രണ്ടാമൂഴമെന്ന ഈ മഹദ്സൃഷ്ടിയെ സിനിമയാക്കാൻ ഇന്നുള്ളവർ നേരായവിധത്തിൽ സമ്മതിക്കാൻ തരമില്ല. പണ്ട്, ആശാൻ പുനരാഖ്യാനം നടത്തിയ ചിന്താവിഷ്ടയായ സീതയൊക്കെ ഇതുപോലെ മഹനീയമെങ്കിലും അന്നു നമുക്കൊക്കെ നല്ല കലാബോധം മനസ്സിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. രാമായണത്തിൽ നിന്നും വ്യത്യസ്ഥമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്ന മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിതയായിരുന്നു അത്. അന്നത്തെ ആ കാലമാണു തിരുത്തലുകൾ വരുത്താൻ പ്രേരിപ്പിച്ചത്. മഹാഭാരതവും രാമായണവും ഇങ്ങനെ കാലങ്ങൾ തിരുത്തൽ വരുത്തി വലുതായി വന്ന ആഖ്യാനങ്ങളാണ്. അത്, ലോകചരിത്രത്തിൽ തന്നെ പകരംവെയ്ക്കാൻ മറ്റൊന്നില്ലാതെ അതുല്യമായ ഇതിഹാസങ്ങളായി നിൽക്കുന്നതും നൂറ്റാണ്ടുകളിലൂടെ വേരോട്ടമുള്ള ഈ ആഖ്യാനശൈലി കൊണ്ടുമാത്രമാണ്. അനുഗുണമായ രീതിയിൽ ഇനിയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കണം, നല്ലൊതൊക്കെ ചേർത്തുവായിക്കാനും തീരെ ദഹിക്കാത്തത് ഒഴിവാക്കാനും നമ്മടോക്കെയും ചിരഞ്ജീവിയായാ ആ വ്യാസമഹിമ ഉൾക്കൊള്ളാനാവുന്നവരാവണം.
ഇന്ന് കാലം ഏറെ മാറിയിട്ടുണ്ട്. അന്നൊരു ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ സിനിമ വന്നപ്പോൾ അതിനെ കൂവി തോൽപ്പിച്ചവരൊക്കെയും ഇന്ന് ‘സഖാവ്’ ഇറങ്ങിയപ്പോൾ അതിനെ മാറോടണയ്ക്കുന്നത് കാണാൻ പറ്റുന്നുണ്ടല്ലോ. എന്തായിരിക്കും കാരണം? എന്തുമാവട്ടെ! 🙂 ഇതേ വികാരം രണ്ടാമൂഴത്തിലും കാണണം. ജനമനസ്സുകളിൽ കേട്ടു മറന്നോണ്ടിരിക്കുന്ന അടിത്തറ ഭദ്രമാക്കാനുതകുന്ന എന്തിനേയും പാണൻപാട്ടുപാടി പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നു കരുതാം. ബാക്കിയുള്ള ഏതു കലാവിരുന്നായാലും അതിനെ കൂക്കിവിളിച്ച് നാണം കെടുത്തിവിടാൻ വളർന്നുപോയി നമ്മൾ!! എല്ലാറ്റിനും പുറകിൽ എന്തൊക്കെയോ ലക്ഷ്യങ്ങൾ കാണണം. കൃഷ്ണൻ പറഞ്ഞതുപോലെ മാർഗമല്ല, ലക്ഷ്യം തന്നെ പ്രധാനമായെടുത്ത് ഒരു ശ്രീകൃഷ്ണവിരുതായി ഇതിനെ കാണുന്നതാവും ഉചിതം.
……………
നോവലിന്റെ വീക്ഷണകോണാണു മുഖ്യം. അത് ഭീമന്റെ മാത്രം കാഴ്ചപ്പാടാണ്. മഹാഭാരതം വല്യൊരു സംസ്കാരത്തിന്റെ പ്രതിഫലനമാണു കാണിക്കുന്നത്, അല്ലാതെ ഭീമന്റെ കാഴ്ചപ്പാടല്ല. എഴുതാൻ കഴിവുള്ളവർക്ക് അർജ്ജുനൻ, യുധിഷ്ഠിരൻ, ദുര്യോധനൻ, പാഞ്ചാലി എന്നിവരെയൊക്കെ പ്രധാനകഥാപാത്രങ്ങളാക്കി അവരുടെ കാഴ്ചപ്പടിലൂടെ ഇന്നത്തെ കാലവും ചേർത്തുവെച്ച് മഹാഭാരതത്തെ മൊത്തമായി വിലയിരുത്താമല്ലോ!! ദുര്യോധനൻ സുയോധനൻ കൂടിയാണ്. ദുര്യോധനനെ ധർമ്മിഷ്ഠനാക്കി മാറ്റി സ്വർഗാരോഹണം വരെ കൃത്യതയോടെ പ്രതിഫലിപ്പിക്കാൻ നല്ലൊരു വ്യാസനു പറ്റാവുന്നതേ ഉള്ളൂ… അതിനൊക്കെയുള്ള അവസരം മഹാഭാരതം തരുന്നുണ്ട് എന്നുള്ളതാണു പ്രധാനം. മഹാഭാരതത്തിന്റെ വളർച്ചതന്നെ യുഗാന്തരങ്ങളിലൂടെ ഇങ്ങനെയുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണെന്നു പറഞ്ഞല്ലോ. പലസ്ഥലങ്ങളിലും അന്നുണ്ടായിരുന്ന ദ്രാവിഡകൂട്ടായ്മകളിൽ കുഞ്ഞുകുഞ്ഞകഥകൾ നിരവധിയായി ഉണ്ടായിരുന്നു. അതിലെ നായകൻ കൃഷ്ണനോ അർജ്ജുനനനോ ഭീമനോ ഒക്കെയായി പുനർജ്ജനിച്ച് ജയവും പിന്നീട് മഹാഭാരതവും ഒക്കെയായി.
അശോകചക്രവർത്തിക്കു തോന്നിയ ബൗദ്ധപ്രണയത്തെ പറ്റിയും മൂപ്പർക്ക് തോന്നിയ അഹിംസാസിദ്ധാന്തം നല്ലതല്ലെന്ന കണ്ടെത്തലുമൊക്കെ നമുക്ക് ആ കഥകൾ സൂക്ഷ്മമായി നോക്കിയാൽ കാണാൻ കഴിയും. യുദ്ധോത്സുകനായ അർജ്ജുനൻ പിന്നെന്തിനായിരിക്കണം പ്രധാനയുദ്ധസമയത്ത് വിഷണ്ണനായി ഇരുന്നത്? യുദ്ധപ്രയനായ അശോകൻ ഇന്നത്തെ ഇന്ത്യ മുക്കാൽ ഭാഗത്തിൽ അധികവും പിടിച്ചടക്കി ഭരിച്ച ആളാണ്. അവസാനം കലിംഗ പ്രദേശം കീഴടക്കിയതിൽ ദുഃഖിതനായതും ശേഷം അഹിംസയാണു മുഖ്യം എന്നു പറഞ്ഞ് ബൗദ്ധചിന്തകൾ അന്യദേശങ്ങളിൽ വരെ എത്തിക്കാൻ ശ്രമിച്ചതും ഒക്കെ അർജ്ജുനചിന്തകളിലൂടെ ഭഗവത്ഗീതയിൽ വ്യത്യസ്ഥ ഭാഷ്യം ചമച്ചത് അന്നത്തെ ബ്രാഹ്മണമതത്തിനു ബൗദ്ധരോട് തോന്നിയ വിരോധം മാത്രമാവില്ലേ? ഇങ്ങനെ ഒരു ചിന്തയല്ല അനുഗുണമെന്നുതന്നെയല്ലേ കള്ളകൃഷ്ണൻ അർജ്ജുനനെ ഉപദേശിക്കുന്നത്? യുദ്ധം ചെയ്യുക; ജയിച്ചാൽ രാജ്യവും മരിച്ചാൽ സ്വർഗവും നിനക്കുള്ളതാണ്, മാർഗം എന്തുമാവട്ടെ ലക്ഷ്യത്തിൽ ശ്രദ്ധയൂന്നുക, എന്നരീതിയിൽ ബൗദ്ധപാരമ്പര്യത്തെ മുൾമുനയിലാക്കിയതായിരുന്നില്ലേ ഭഗവത്ഗീത!!
ഇന്നിപ്പോൾ കാലം മാറി. രണ്ടാമൂഴം എന്ന പേരിൽ സിനിമ വരുന്നതിനെ എതിർക്കാൻ ഇത്തരം കണ്ടെത്തലുകൾക്ക് പ്രസക്തിയൊന്നുമില്ല. ഇതാണ് ഒറിജിനൽ മഹാഭാരതമെന്ന് സിനിമയുടെ പരസ്യ ഏജൻസിക്കാൻ പറഞ്ഞുനടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതു ചൂണ്ടിക്കാണിച്ച് ഇതല്ല മഹാഭാരതം. ഒരു കുഞ്ഞു സിനമയിൽ മൂന്നുമണിക്കൂർ കൊണ്ട് എങ്ങനെയൊതുക്കിയാലും നിർവ്വചിക്കാനാവാത്ത മഹാസാഗരമാണത് എന്നു പറയാൻ കഴിയേണ്ടതുണ്ട്. കോടികൾ ആയിരമൊക്കെ മുടക്കാനാളുണ്ടായാൽ നല്ലൊരു കലാവിരുന്നു മൂന്നുമണിക്കൂറിൽ കാണാൻ കഴിയുമായിരിക്കണം. തിരക്കഥ എം. ടി. വാസുദേവൻ നായർ തന്നെയെങ്കിൽ കാലോചിതമായ മാറ്റങ്ങളും പ്രതീക്ഷിക്കാം.