അമല് നീരദിന്റെ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ കണ്ടു. നല്ലൊരു സിനിമ; ഏതൊരാളും കാണേണ്ട സിനിമ തന്നെയാണിത്. പ്രണയവും ചരിത്രവും രാഷ്ട്രീയവുമൊക്കെ ഇടകലർത്തി ഒരു പുത്തൻ ദൃശ്യഭാഷ ഒരുക്കുകയായിരുന്നു ഫഹദ് ഫാസിലും കൂട്ടുകാരും. സമീപകാലത്ത് സിനിമ കണ്ട് തീയറ്റർ വിടുമ്പോൾ തോന്നുന്ന ഒരു വികാരമുണ്ട് – വേണ്ടായിരുന്നു എന്ന്. കാശുമുടക്കി കാണാനുള്ള വകയൊന്നും തന്നെ പലതിനും കാണാറില്ല; പക്ഷേ ഇയ്യോബിന്റെ പുസ്തകമങ്ങനെയല്ല. നിർബന്ധമായും നിങ്ങൾ ഇന്റെർവെൽ വരെയെങ്കിലും കണ്ടിരിക്കണം. ഇന്റെർവെൽ വരെ എന്നു പറയാൻ കാരണമുണ്ട് – അതുകഴിഞ്ഞ് നിങ്ങളുടെ വിവരവും ഭാവനയും .ഇടകലർത്തി പൂരിപ്പിച്ചെടുത്താലും കാശു മുതലാവും. അതുതന്നെ കാര്യം!
സമകാലിക സിനിമാക്കാരെ പരിഹസിച്ചുകൊണ്ട് അല്പം അഹങ്കാരത്തോടെ തന്നെയാണ് സിനിമ തുടങ്ങുന്നത് – അതെന്തിനാണെന്നു ചോദിക്കരുത്, എങ്കിലും ആ അഹങ്കാരത്തിൽ തെറ്റില്ല എന്നു സിനിമ തെളിയിക്കുന്നു. കെട്ടുറപ്പുള്ള തിരകഥയും മികച്ച ക്യാമറയും പഴയകാലത്തെ പുനഃസൃഷ്ടിച്ച വേഷവിധാനവും ഒക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു. അഭിനയത്തിൽ ലാലും ഫഹദുമൊന്നും വലിയ അത്ഭുതമൊന്നും കാണിച്ചില്ലെങ്കിലും അവരുടെ കയ്യിൽ കഥാപാത്രങ്ങൾ ഭദ്രമായിരുന്നു. ജയസൂര്യയും വില്ലൻ കഥാപാത്രങ്ങളായി എത്തിയവരും അതിലഭിനയിച്ച കുട്ടികൾ പോലും ഏറെ നന്നായി അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടേയും പത്മപ്രിയയുടേയും ഭാവഭേദങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഒരു വാക്കുപോലും പറയാതെ പത്മപ്രിയയുടെ കഥാപാത്രം നമ്മോട് പറയേണ്ടതൊക്കെ കൃത്യമായി തന്നെ പറയുന്നുണ്ട്!! കേരളത്തിലെ പറയപ്പെടാതെ പോയ ചില ചരിത്രഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്. കമ്മ്യൂണിസം കപ്പലിറങ്ങി മല കേറുന്ന വരുന്നതും അത് തൊഴിലാളിവർഗത്തിനിടയിലേക്ക് നിശബ്ദം പടർന്നുകേറുന്നതും തൊഴിലാളിവർഗത്തിന്റെ വീര്യമായി മാറുന്നതും സിനിമയിൽ കാണാം. പോരായ്മകളേക്കാളേറെ മികച്ച ദൃശ്യവിരുന്നാണ് ഈ സിനിമ. മൂന്നാറിന്റെ സൗന്ദര്യം നിങ്ങളെ അങ്ങനെയങ്ങ് പിടിച്ചിരുത്തിക്കളയും. വലിയ സ്ക്രീനിൽ തന്നെ ഇതു കാണേണ്ടതുണ്ട്.
സിനിമ കാണാൻനുദ്ദേശിക്കുന്നവർ ഇനി താഴേക്ക് വായിക്കണമെന്നില്ല.
.
.
.
.
.
.
പറയാനുള്ളത് അല്പം കുറ്റം പറച്ചിലാണ്. കൊക്കയിലേക്ക് എറിയപ്പെട്ട നായകനെ കണ്ടപ്പോൾ തന്നെ കാണികൾക്ക് നിരൂപിക്കാനാവുന്നതാണ് ഒരു സാഗർ ഏലിയാസ് ജാക്കിയായി അവൻ തിരിച്ചു വരുമെന്ന്!; അതുകൊണ്ട് ഇന്റെർവെല്ലിൽ നായകനെ കൊന്നു കൊക്കയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ പ്രത്യേകിച്ച് സങ്കടമൊന്നും തോന്നിയില്ല. അവിടുന്നങ്ങോട്ട് കഥ ഊഹിക്കാവുന്നതാണ്. രണ്ടു പാട്ടുകൾ ഉള്ളത് തികച്ചും അനാവശ്യം തന്നെ. നായകന്റെ തിരിച്ചു വരവിനു ശേഷമുള്ള കൊലവിളികൾ നമ്മൾ കണ്ടു മടുത്തവ തന്നെയാണ്. ഇന്റെർവെല്ലിൽ ഇറങ്ങിവന്നാലും കുഴപ്പമില്ലെന്ന് മുകളിൽ പറഞ്ഞത് ഇതൊക്കെ കൊണ്ടാണ്. ഇങ്ങനെയൊക്കെയെങ്കിലും ആരും തന്നെ ഈ സിനിമ ഒഴിവാക്കി വിടരുത്. തീർച്ചയായും കാണുക; സോഷ്യോ-പൊളിറ്റിക്സിലൊക്കെ താല്പര്യമുണ്ടെങ്കിൽ നിർബന്ധമായും.