Skip to main content

കണ്ണുനീർത്തുള്ളിയെ

കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യഭാവനേ…അഭിനന്ദനം….
നിനക്കഭിനന്ദനം… അഭിനന്ദനം…
അഭിനന്ദനം… അഭിനന്ദനം…

വ്യാസനോ കാളിദാസനോ അതു
ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ…
അഭിനന്ദനം… നിനക്കഭിനന്ദനം…
അഭിനന്ദനം… അഭിനന്ദനം… അഭിനന്ദനം…

വിഷാദസാഗരം ഉള്ളിൽ ഇരമ്പും
തുഷാര ഗൽഗദ ബിന്ദു…
സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു…

ശരിയാണ്… അതൊരു ചിപ്പിയിൽ വീണാൽ വൈഢൂര്യമാകുന്നു…
പൂവിൽ വീണാൽ പരാഗമാകുന്നു.. തൊടരുത്.. എടുത്തെറിയരുത്…

ഇന്ദ്രനതായുധമാക്കി…
ഈശ്വരൻ ഭൂഷണമാക്കി…
വ്യഭിചാരത്തെരുവിൽ മനുഷ്യനാ മുത്തുക്കൾ..
വിലപേശി വിൽക്കുന്നു… ഇന്നു
വിലപേശി വിൽക്കുന്നു…

പ്രപഞ്ചസൗന്ദര്യമുള്ളിൽ വിടർത്തും
പ്രകാശബുൽബുദ ബിന്ദു… സ്ത്രീയൊരു
പ്രഭാതനക്ഷത്ര ബിന്ദു…

അതേ… അതേ… ആ നീർക്കുമിളിലേക്കു നോക്കിനിന്നാൽ
പ്രകൃതി മുഴുവൻ പ്രതിബിംബിക്കുന്നതു കാണാം…
തൊടരുത്… അതിട്ട് ഉടയ്ക്കരുത്…

ചന്ദ്രിക ചന്ദനം നൽകി…
തെന്നൽ വന്നളകങ്ങൾ പുൽകി…
വഴിയാത്രക്കിടയിൽ മനുഷ്യനാ കുമിളകൾ
വലവീശിയുടക്കുന്നു… ഇന്നു
വലവീശിയുടക്കുന്നൂ…

എഴുതിയത്: വയലാർ രാമവർമ്മ
സംഗീതവും പാടിയതും: എം എസ് വിശ്വനാഥൻ
സിനിമ: പണിതീരാത്ത വീട്

Verified by MonsterInsights