Skip to main content

ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ

Aatmika Writing ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ ആമിയെ സ്കൂളിൽ നിന്നും സ്വന്തം പേരുതന്നെ നോട്ബുക്കിൽ എഴുതിപ്പഠിപ്പിക്കാൻ തുടങ്ങിയെന്നു തോന്നുന്നു…. ഇന്നലെ രാത്രിയിൽ അവൾ പേരിന്റെ സ്പെലിങ് എങ്ങനെയാണെന്നു ചോദികുകയുണ്ടായി. ഇംഗ്ലീഷ് അക്ഷരമാലകൾ ഒരു വർഷം മുമ്പേതന്നെ പ്ലേയിങ് സ്കൂളിൽ നിന്നും പഠിച്ചിരുന്നെങ്കിലും, ഈ അക്ഷരമാല ഉപയോഗിച്ച് പേരുകൾ എഴുതാനാവും എന്നൊന്നും അവൾ അറിയില്ലായിരുന്നു. കുഞ്ഞായതിനാൽ ഞാനതു പഠിപ്പിക്കുവാൻ മെനക്കെട്ടുമില്ല. പക്ഷേ, ഇന്നലെ അവൾ അവളുടെ പേരിന്റെ സ്പെലിങ് ആദ്യമായി പറഞ്ഞപ്പോൾ തോന്നി സ്കൂളീൽ നിന്നും ഈ കലാപരിപാടി തുടങ്ങിയിട്ടുണ്ട് എന്ന്… തുടർന്ന് അവൾ എന്നോടും പേരിന്റെ സ്പെലിങ് ചോദിക്കുകയുണ്ടായി… അങ്ങനെ ആദ്യമായി അവളുടെ കുഞ്ഞറിവുകൾ വെച്ച് സ്വന്തമായി എഴുതിയ അവളുടെ പേരും, കേട്ടെഴുതിയ ഞങ്ങളുടെ പേരുകളും…

#ആത്മികായനം തുടരുന്നു..
അവളുടെ കുഞ്ഞറിവുകൾക്ക് ചെറിയ തോതിൽ വികസനം നടക്കുന്നുണ്ട്…
“അച്ഛനല്ലേ വലിയത്” ഇപ്പോൾ ചോദിച്ച ചോദ്യമായിരുന്നു…
ഞാൻ: “അതേ”

അവൾ: “അമ്മ സെക്കന്റല്ലേ”
ഞാൻ: “അതേ”

അവൾ: “ഞാൻ ചെറിയ കുഞ്ഞിയല്ലേ”
ഞാൻ: “അതേ”

അവൾ: “ഈ പേരൊക്കെ തെറ്റാണ്… ഇതിൽ അമ്മ എയ്റ്റ്, ഞാൻ സെവൻ, അച്ഛൻ സിക്സ്… ഇതെന്താ അച്ഛാ ഇങ്ങനെ??”

aatmika rajesh, Aatmika
ഞാൻ കൺഫ്യൂഷനടിച്ചു… മെല്ലെ അവളോടൊപ്പം ചേർന്നു… അവൾക്ക് വിരൽ വെച്ച് അളന്നു നോക്കി പൊക്കം പറയുന്ന ഏർപ്പാടുണ്ട്… അതുവെച്ച് ഞാനാണു മൂത്തത്… എന്റെ പൊക്കം 22 ആയിരിക്കും, ആമീസിന്റെ പൊക്കം 9 ആയിരിക്കും…. പക്ഷേ, ഇപ്പോൾ പറഞ്ഞത് മനസ്സിലാക്കാൻ പറ്റിയില്ല… നയത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സംഗതി അവൾ പഠിപ്പിച്ചു തന്നു!!

Manjusha എന്ന പേരിൽ 8 അക്ഷരങ്ങൾ ഉണ്ട്…
Aatmika എന്ന പേരിൽ 7 അക്ഷരങ്ങളും
Rajesh എന്ന പേരിൽ 6 അക്ഷരങ്ങളും… ഈ കണക്കായിരുന്നു അവൾ എണ്ണി തിട്ടപ്പെടുത്തിയെടുത്ത് വലിപ്പച്ചെറുപ്പങ്ങൾ കണക്കാക്കിയത്!!

കുഞ്ഞറിവുകൾക്കും പ്രാധാന്യമുണ്ട്… കുഞ്ഞല്ലേ, ബുദ്ധിവളർച്ചയെത്താതെ എന്തൊക്കെയോ പറയുന്നു എന്നു കരുതി ചിരിച്ചു തള്ളാതെ അവരോടൊപ്പം ലയിച്ചു ചേരുമ്പോളാണൊരു സുഖം!!

പാഠഭേദങ്ങളിലൂടെ ആത്മിക

aami, english letter r, lipi
ആമിയെ സംബന്ധിച്ചടത്തോളം ഞാൻ ഒന്നുമറിയാത്തവനാണ്. അവൾ സ്കൂളിൽ പോകുന്നതു തന്നെ എന്നെ പഠിപ്പിക്കുവാൻ വേണ്ടിയാണ്. ടീച്ചർ പഠിപ്പിച്ചു വിടുന്നതൊക്കെ സമയം കിട്ടുമ്പോൾ അവളെന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്നത്തെ(2 September, 2017 – Saturday) പഠനം A, B, C, D അക്ഷരങ്ങളൊക്കെ സ്മോൾ ലെറ്റേർസിൽ ആയിരുന്നു. വലിയ അക്ഷരങ്ങൾ എഴുതുന്നതിൽ ഞാൻ മിടുക്കനാ…. എനിക്കതിനവൾ 10 സ്റ്റാറുകൾ തന്നിരുന്നു. നന്നായി പെർഫോം ചെയ്താൽ ടീച്ചർ ക്ലാസ്സിൽ നിന്നും ഇവൾക്ക് സ്റ്റാർ വരച്ചു കൊടുക്കും… അതിന്റെ കോപ്പി. അവളെ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയതേ ഉള്ളൂ. എങ്കിലും അന്നുമുതലേ പഠിപ്പിക്കുന്നുണ്ട്.

ഇന്നവൾ എനിക്കുവേണ്ടി ആദ്യം മുതലേ അക്ഷരങ്ങൾ എഴുതിത്തന്നു. ഇടയ്ക്കൊക്കെ അവൾ ചില അക്ഷരങ്ങൾ വിട്ടു പോയിരുന്നു.
ഭാഗ്യത്തിനവൾ കൃത്യമായി എഴുതിയ അക്ഷരങ്ങൾ ഭൂരിഭാഗവും ഞാൻ മറന്നിരുന്നു, എന്നാൽ ചിലതൊക്കെ അവളും മറന്നു പോയിരുന്നു, എന്തോ ഭാഗ്യം കൊണ്ട്, അല്പം ആലോചിച്ചപ്പോൾ അവയൊക്കെയും എനിക്ക് ഓർത്തെടുക്കാനുമായിരുന്നു. അത് ശരിയാണെന്ന് അവളുടെ അംഗീകാരം കിട്ടിയാൽ പിന്നെ പ്രശ്നമില്ലല്ലോ… ഒക്കെ കഴിഞ്ഞ്, ആ എഴുതിയ പേപ്പേർസ് ഒക്കെ അവൾ കൊണ്ടു പോയി ഒളിപ്പിച്ചു വെച്ചു… എന്നിട്ട് എവിടെയും നോക്കിയെഴുതാതെ സ്വന്തമായി ആദ്യം മുതലേ എഴുതാൻ പറഞ്ഞു…

അല്പം ബുദ്ധിമുട്ടിയും ഓർമ്മയിൽ തപ്പിയും ഞാൻ ഒക്കെയും എഴുതി… എഴുതാൻ ബുദ്ധിമുട്ടുമ്പോൾ “സാരമില്ലച്ഛാ, ഒന്നുകൂടി ഓർത്ത് നോക്ക്യേ, ഞാൻ മിനിയാന്ന് ബ്ലൂ കളർ പെൻസിൽ കൊണ്ടെഴുതി കാണിച്ചില്ലേ… ആ അക്ഷരമാ…” എന്നു പറഞ്ഞ് തലയിൽ തടവി ആശ്വസിപ്പിക്കും…

r എന്നൊരക്ഷരമാണു ശരിക്കും കുടുക്കിക്കളഞ്ഞത്… അവളുടെ r എന്നത് ഇതു പോലെ തന്നെയായിരുന്നു. എന്നാൽ എന്റെ r ഫോട്ടോയിൽ ചുവന്ന മഷിയിൽ കാണുന്നതായിരുന്നു. ഞാൻ ശരിക്കും പെട്ടുപോയത് ഇവിടെയായിരുന്നു… എന്തായാലും ഇന്നു ഞാൻ തോറ്റു… r എന്ന സ്മോൾ ലെറ്റർ എഴുതാൻ ഞാൻ പഠിച്ചില്ലാത്രേ… അതൊകുണ്ട് അവൾ എനിക്ക് 10 ഇൽ 3 സ്റ്റാർ കുറച്ചിട്ടു തന്നു!! 7 സ്റ്റാർസിനാൽ തൃപ്തനാകേണ്ടി വന്നു ഇന്ന്!!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights