Skip to main content

ആരു ഞാനാകണം

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/aaru-jhanaakanam.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ആരു ഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!

ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ
തൊട്ടുതലോടും തണുപ്പാവുക…

ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ
ചുണ്ടിലേക്കിറ്റുന്ന നീരാവുക…

ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ
കൂടെക്കരുത്തിന്റെ കൂട്ടാവുക…

വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ
യുള്ളം നിറയ്ക്കുന്ന മഴയാവുക…

വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു
പായ് വിരിയ്ക്കും തണൽ മരമാവുക..

മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ
വലയുന്ന കുഞ്ഞിന്നു കുടയാവുക…

വഴിതെറ്റിയുൾക്കടലിലിരുളിൽക്കിതയ്ക്കുന്ന
തോണിയ്ക്കു ദിശതൻ വിളക്കാവുക…

ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന,
കരയും കുരുന്നിന്നു തായാവുക…

ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും ജീവ-
നൊന്നിന്നുയിർപ്പിന്റെ വരമാവുക…

വയറെരിഞ്ഞാകേ വലഞ്ഞോനൊരുത്തന്‍റെ
പശിമാറ്റുമുരിയരിച്ചോറാവുക…

അന്തിയ്ക്ക് കൂടണഞ്ഞീടുവാൻ മണ്ടുന്ന
പെണ്ണിന്റെ കൂടപ്പിറപ്പാവുക…

ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധന്നു
ചൂടിന്റെ രോമപ്പുതപ്പാവുക…

അറിവിന്റെ പാഠങ്ങളൊക്കേയുമരുളുന്ന
ഗുരു സമക്ഷം കൂപ്പുകയ്യാവുക…

നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ-
ത്താങ്ങുന്നൊരലിവിന്റെ നിഴലാവുക…

അച്ഛന്നുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ
വളരാതെ’യൊരുനല്ല മകനാവുക!

ആരുഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!


രചന: ഡോ: കെ. സജി
ആലാപനം രാജേഷ്

കാട്ടുപൂവ്

[ca_audio url=”https://chayilyam.com/stories/poem/chitharitherikkunna.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

[ca_audio url=”https://chayilyam.com/stories/poem/chitharitherikkunna-male.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം

മഴവില്ല് പോലേ നീ… മനസ്സിൽ തെളിയുമ്പോൾ
ഉണരുന്നു എന്നിലെ മോഹങ്ങളും

കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും
നിന്റെ ഈ വാർമുടി ചുരുളിലെത്താൻ

പൂജയ്ക്കെടക്കാത്ത പൂവായ ഞാനും
മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ

മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല
താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ

വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള
പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ

ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ വേണ്ടി
നിത്യവും നിൻ മുമ്പിൽ എത്തിടുമ്പോൾ

നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ
താനെ മറന്നൊന്നു നിന്നിടുന്നു

ഒന്നും പറയാതെ അറിയാതെ പോയിടുന്നു
ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
വ്യർത്ഥമായി പോകും എൻ ജീവിതം..

നീ നടക്കും വഴിയോരം എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ…

നിന്റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക്
ഇനിയുള്ള കാലം കാത്തിരിക്കാൻ

വരികൾ: വിനോദ് പൂവക്കോട്
ആലാപനം :പ്രവീൺ നീരജ്

മധുസൂദനൻ നായരുടെ കവിതകൾ


കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച കവിയും അദ്ധ്യാപകനുമാണ് മധുസൂദനൻ നായർ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.

1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനൻ‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം. ഇദ്ദേഹം മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തിൽ സ്വാധീനിച്ചു. കവിതാ കസെറ്റുകളുടെ വരവോടെ മധുസൂദനൻ നായരുടെ കവിതാ പുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ചു പുറത്തിറക്കുന്നുണ്ട്.

‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഘിക്കപ്പെടുമ്പോൾ തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം.

മധുസൂദനൻ നായർ ആലപിച്ച കവിതകൾ…

ഭാരത ഭാഗ്യവിധാതാ

ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്‌.


ഭാരത ഭാഗ്യവിധാതാ മുഴുവനായിട്ട്:

[ca_audio url=”https://chayilyam.com/stories/poem/janaganamana.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ജനഗണമന ഉപകരണസംഗീതം:

[ca_audio url=”https://chayilyam.com/stories/poem/Jana_Gana_Mana_instrumental1.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

രബീന്ദ്ര നാഥ ടാഗോർ രചിച്ചു സംഗീതം നല്കിയ ബ്രഹ്മസൂക്തമാണ് ഭാരത ഭാഗ്യവിധാതാ. ഭാരത ഭാഗ്യവിധാതായ്ക്ക് 5 ചരണങ്ങൾ ഉണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമന. ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം. . സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി പ്രാർത്ഥനാഗാനമായി ആലപിച്ചത്. ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് ‘ജനഗണമന‘ ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജനഗണമന.

ചരണം 1

ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗളദായക ജയഹേ ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!

പരിഭാഷ: സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 2

അഹ രഹ തവ ആഹ്വാന പ്രചാരിത, ശുനി തവ ഉദാരവാണീ
ഹിന്ദു ബൌദ്ധ ശിഖ ജൈന പാരസിക മുസലമാന ഖ്റിസ്ടാനീ
പൂരബ പശ്ചിമ ആസെ തവ സിംഹാസന പാശെ
പ്രേമഹാര ഹയ ഗാഥാ
ജനഗണ ഐക്യ വിധായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

പരിഭാഷ: അവിടുത്തെ ആഹ്വാനം എന്നുമെങ്ങും പ്രചരിക്കുന്നു. അവിടുത്തെ മഹത്തായ വാക്കുകൾ കേട്ട് ഹൈന്ദവരും ബൗദ്ധരും സിക്കുകാരും ജൈന മതസ്ഥരും പാഴ്സികളും മുസൽമാന്മാരും ക്രിസ്ത്യാനികളും പൗരസ്ത്യരും പാശ്ചാത്യരും അവിടത്തെ സിംഹാസനത്തിനു സമീപം വന്നെത്തുന്നു. പ്രേമഹാരങ്ങൾ നിർമ്മിക്കപ്പെടുന്നു. ജന സമൂഹത്തിനു ഐക്യം പകരുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 3

പതന അഭ്യുദയ ബന്ധുര പന്ഥാ യുഗ യുഗ ധാവിത യാത്രീ
ഹേ ചിര സാരഥീ തവ രഥ ചക്രേ മുഖരിത പഥ ദിന രാത്രീ
ദാരുണ വിപ്ലവ മാഝെ തവ ശംഖ ധ്വനി ബാജേ
സങ്കട ദുഃഖ ത്രാഥാ
ജനഗണ പഥ പരിചായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയഹേ!

പരിഭാഷ: പാതയാകട്ടെ പതനവും അഭ്യുദയവും കൊണ്ട് നിരപ്പില്ലാത്തതാണ്. യുഗയുഗങ്ങളായി യാത്രികർ സഞ്ചരിച്ചു കൊണ്ടുമിരിക്കുന്നു. ഹേ നിത്യസാരഥീ, അവിടുത്തെ രഥചക്രങ്ങളുടെ ശബ്ദം കൊണ്ട് പന്ഥാവ് രാവും പകലും മുഖരിതമാകുന്നു. ദാരുണ വിപ്ലവത്തിന്റെ നടുവിൽ സങ്കടങ്ങളിലും ദുഃഖങ്ങളിലും നിന്ന് രക്ഷ നല്കുന്ന അങ്ങയുടെ ശംഖനാദം മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജനഗണങ്ങളുടെ മാർഗ്ഗദർശീ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 4

ഘോര തിമിര നിബിഡ നിശീഥെ പീഡിത മൂർച്ഛിത ദേശേ
ജാഗ്രത ഛില തവ അവിചല മംഗള നത നയനേ അനിമേഷേ
ദുഃസ്വപ്നേ ആതങ്കെ രക്ഷാകരിലെ അങ്കേ
സ്നേഹമായി തുമി മാതാ
ജനഗണദുഃഖ ത്രായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

പരിഭാഷ: ഘോരാന്ധകാരം നിറഞ്ഞ പാതിരാത്രിയിൽ കൊടും പീഡകൾ അനുഭവിക്കുന്ന ദേശത്ത് അവിടത്തെ നിർന്നിമേഷം പതിച്ച നയനങ്ങളിൽ അചഞ്ചലമായ ഐശ്വര്യം സജീവമായി നിലനിന്നിരുന്നു. ദുഃസ്വപ്നങ്ങൾ കാണുമ്പോഴും ദുഃഖം അനുഭവിക്കുമ്പോഴും സ്നേഹമയിയായ മാതാവായ അവിടുന്ന് മടിയിലിരുത്തി രക്ഷിച്ചു. ജനഗണങ്ങളെ ദുഃഖത്തിൽ നിന്ന് രക്ഷിക്കുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 5

രാത്രി പ്രഭാതില ഉദില രവിച്ഛവി പൂർവ്വ ഉദയഗിരി ഭാലേ
ഗാഹെ വിഹംഗമ പുണ്യ സമീരന് നവ ജീവന രസ ഢാലേ
തവ കരുനാരുണ രാഗേ നിദ്രിത ഭാരത ജാഗേ
തവ ചരണേ നത് മാഥാ
ജയ ജയ ജയ ഹേ ജയ രാജേശ്വര ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

പരിഭാഷ: രാത്രി അവസാനിച്ചു. പ്രഭാതം വിടർന്നു കഴിഞ്ഞു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി. പക്ഷികൾ പാടുകയായി. ശുദ്ധവായു നവജീവന രസം കോരിച്ചൊരിയുകയായി. അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയിൽ ഉറങ്ങിക്കിടന്ന ഭാരതം ഉണരുകയായി. അവിടുത്തെ പാദങ്ങളിൽ വീഴുകയായി. ഹേ രാജേശ്വരാ അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

എന്റെ വിദ്യാലയം, ഒളപ്പമണ്ണ

sree narayana guru, ഗുരുനഥൻ
ശ്രീ. നാരായണ ഗുരു

തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്റെ വിദ്യാലയം!

ഇന്നലെ കണ്ണീര്‍വാര്‍ത്തു
കരഞ്ഞീടിനവാന-
മിന്നിതാ ചിരിക്കുന്നു,
പാലോളി ചിതറുന്നു;

മുള്‍ച്ചെടിത്തലപ്പിലും
പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ
പനിനീരുരയ്‌ക്കുന്നു;

മധുവിന്‍ മത്താല്‍ പാറി
മൂളുന്നു മധുപങ്ങള്‍;
‘മധുരമീ ജീവിതം,
ചെറുതാണെന്നാകിലും‘

ആരെല്ലെന്‍ ഗുരുനാഥ-
രാല്ലെന്‍ ഗുരുനാഥര്‍?
‍പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!

തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്റെ വിദ്യാലയം!!

അമ്മ മലയാളം

[ca_audio url=”https://chayilyam.com/stories/poem/Amma-malayalam.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

Aatmika Rajesh Odayanchal
Aatmika

കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ…

ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ…

ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ…

വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം…

മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം…

ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി…

തേകുവാന്‍, ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം…
അന്യമായ് പോകുന്ന ജീവമലയാളം…

ഓര്‍ക്കുക, അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം…
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം…
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം…
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം…

ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം…
പുള്ളുവന്‍, വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം…
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,..
ഓണമലയാളത്തെ എന്തുചെയ്തു…
ഓമല്‍മലയാളത്തെ എന്തുചെയ്തു…

രചന: കുരീപ്പുഴ ശ്രീകുമാർ

നൊമ്പരം

Aatmika Rajesh, Aatmika Odayanchal
കുഞ്ഞേ നിനക്കില്ല ബാല്യകാലം
കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…!

തോടില്ല തൊടിയില്ല തോപ്പുമില്ല
നീ ആമ്പലും തുമ്പയും കണ്ടതില്ല…

ആടില്ല, മാടില്ല, കോഴിയില്ല
കൂട്ടിരിക്കാൻ ഇവയൊന്നുമില്ല…

മാവില്ല, പ്ലാവില്ല, പേരയില്ല
തൊടിയിൽ ഏറിക്കളിക്കാൻ മരങ്ങളില്ല…

കാവില്ല, കാടില്ല, കുന്നുമില്ല
തല്ലു കൊള്ളുവാൻ, അവിടെ നീ പോകണില്ല…

നെല്ലില്ല, എള്ളില്ല, മുതിരയില്ല
ഇന്ന് പാടത്ത് പച്ചപ്പ് പോലുമില്ല…

കറയില്ല ,ചെളിയില്ല ,കുളിരുമില്ല
മണ്ണിൽ നീ ഒട്ടും ഇറങ്ങണില്ല…

മഴപോലും ഒട്ടും നനയണില്ല
നീ മണ്ണിൻ മണം ഇന്നറിയണില്ല…

കുഞ്ഞേ നിനക്കില്ല ബാല്യകാലം
കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…!

വാങ്ങി തരുവാൻ കഴിയുകില്ല
വർണ്ണിച്ചാൽ നിനക്കു രുചിക്കുകില്ല…

ഇന്നതിൻ മൂല്യമൊട്ടാർക്കുമറിയുകില്ല
ഇന്നതിൻ മൂല്യമൊട്ടാർക്കും അറിയുകില്ല…

കുഞ്ഞേ നിനക്കില്ല ബാല്യകാലം
കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…! 🙁

ഗീതാഞ്ജലി – ടാഗോർ

Rabindranath Tagore, geethanjali Albert Einstein & Rabindranath Tagore

ഇന്ന് ശ്രീ. രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമാണ് (മേയ് 7 1861 – ഓഗസ്റ്റ് 7 1941). 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ #ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമ്മൂന്നാമനായി പിറന്നു. ‘ഗുരുദേവ്‌’ എന്നും ആദരപൂർവ്വം അദ്ദേഹം സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തിരുന്നു.

വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോർ കഠിനമായി എതിർത്തു… ടാഗോറിന്റെ രണ്ട്‌ ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്‌. ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും. രബീന്ദ്രനാഥ ടാഗോറിനു 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ്‌ ഗീതാഞ്ജലി. ഗീതാഞ്ജലിയിൽ നിന്നും ചില വരികൾ!!

ഭജനം പൂജനം ആരാധനയും
സാധനയും ഹേ നിര്‍ത്തുക സാധോ
നിജദേവാലയ മൂലയിലെന്തിനിരിക്കുന്നൂ
നീ, രുദ്ധ കവാടം?
നിഭ്രുതമിരുട്ടില്‍ നിഗൂഡമിരുന്നു
നീ ധ്യാനിക്കും ദൈവമതെവിടെ?
നില കൊള്‍വീല! നിമീലിത
ലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ!

കരിനിലമുഴുമാ കര്‍ഷകരോടും
വർഷം മുഴുവന്‍ വഴി നന്നാക്കാന്‍
പെരിയ കരിങ്കല്‍ പാറ നുറുക്കി
നുറുക്കിയൊരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും
ചേർന്നമരുന്നൂ ദൈവം!!

ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്. ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്, പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്. അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.!! ഇന്നത്തെ ഇന്ത്യക്കാർ നിർബന്ധവായും പ്രാർത്ഥനയായി രാവിലേയും വൈകുന്നേരം ചെല്ലേണ്ട കവിതയാണിത്. ആസാമിമാരും യോഗികളും മുഖ്യമന്ത്രിയാവുന്നതും ദൈവത്തിന്റെ പേരിൽ ആളുകളെ വേർതിരിച്ച് നിർത്തി കലഹം പടച്ചു വിടുമ്പോഴും നിരന്തരം ഓർത്തിരിക്കേണ്ട വരികളാണ് ടാഗോറിന്റേത്; ഐശ്വര്യപൂർണമായി ഇത് മലയാളത്തിലേക്ക് മഹാകവി വിവരത്തനവും ചെയ്തു തന്നിട്ടുണ്ട്… വരികൾ കുറച്ചുകൂടെ കൊടുക്കുന്നു…

ഞാനറിവീലാ ഭവാന്റെ മോഹന-
ഗാനാലാപനശൈലി!
നിഭൃതം ഞാനതു കേൾപ്പൂ സതതം
നിതാന്തവിസ്മയശാലി…

ഉദയദ്‌ഗാനപ്രകാശകലയാ-
ലുജ്ജ്വലശോഭം ഭുവനം
അലതല്ലീടുകയാണതി ഗഗനം
വായുവിലീസ്വരചലനം
അലിയിക്കുന്നൂ ശിലകളെയിസ്വര-
ഗംഗാസാഭസഗമനം

പാടണമെന്നുണ്ടീരാഗത്തിൽ,
പാടാൻ സ്വരമില്ലല്ലോ…
പറയണമെന്നുണ്ടെന്നാലതിനൊരു
പദം വരുന്നീലല്ലോ…
പ്രാണനുറക്കെക്കേണീടുന്നൂ
പ്രഭോ, പരാജിതനിലയിൽ;
നിബദ്ധനിഹഞാൻ നിൻഗാനത്തിൻ
നിരന്തമാകിയ വലയിൽ!!
….. …. …. ….. ….. ….. ….. ….. ….

Rabindranath Tagore, gandhiji

ടാഗോറിന്റെ ഗീതഞ്ജലി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മഹാകവി ജി. ശങ്കരക്കുറുപ്പ് ആണ്.
രബീന്ദ്രനാഥ്ടാഗോർ, Rabindranath, Tagore, ശങ്കരക്കുറുപ്പ്

നാറാണത്തു ഭ്രാന്തൻ

[ca_audio url=”https://chayilyam.com/stories/poem/Naranathu Bhranthan Kavitha.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ…
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ…
നിന്റെ മക്കളില്‍ ഞാനാണനാഥന്‍ (2)

എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ (2)
ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റി ഉലയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌

നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഢന്‍ (2)

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്‍ക്കുമ്പോള്‍ (2)

കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേക്കീ
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു

ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകള്‍ തിരഞ്ഞു നട കൊള്‍കേ

ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേര്‍വ്വരയിലേക്കു തിരിയുന്നു (2)

ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതന്‍ വ്രതശുദ്ധി
വടിവാര്‍ന്നൊരെന്നമ്മയൊന്നിച്ച്‌
ദേവകള്‍ തുയിലുണരുമിടനാട്ടില്‍
ദാരുകല ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍…
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
നാട്ടു പൂഴിപ്പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനിത്തിണ്ണയില്‍…

ഇരുളിന്റെയാഴത്തിലദ്ധ്യാത്മ ചൈതന്യ-
മിമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍ (2)

ഈറകളിളം തണ്ടിലാത്മ ബോധത്തിന്റെ-
യീണം കൊരുക്കുന്ന കാടകപ്പൊന്തയില്‍
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവച്ചിന്തുകേട്ടാടും വനങ്ങളില്‍

ആടിമേഘം പുലപ്പേടിവേഷം കളഞ്ഞാവണി
പ്പൂവുകള്‍ തീര്‍ക്കും കളങ്ങളില്‍
അടിയാര്‍ തുറക്കുന്ന പാടപ്പറമ്പുകളി-
ലഗ്നി സൂത്ര ത്വരിത യജ്ഞവാടങ്ങളില്‍…

വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍ (2)

വര്‍ണ്ണങ്ങള്‍ വറ്റുമുന്മതവാത വിഭ്രമ
ചുഴികളിലലഞ്ഞതും
കാര്‍മ്മണ്ണിലുയിരിട്ടൊരാശ മേല്‍
ആഢ്യത്വമൂര്‍ജ്ജ രേണുക്കള്‍ ചൊരിഞ്ഞതും…

പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു (2)

രാശിപ്രമാണങ്ങള്‍ മാറിയിട്ടോ
നീച രാശിയില്‍ വീണുപോയിട്ടോ
ജന്മശേഷത്തിന്നനാഥത്വമോ
പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ
താളമര്‍മ്മങ്ങള്‍ പൊട്ടിത്തെറിച്ച തൃഷ്ണാര്‍ത്തമാ-
മുന്മദത്തിന്‍ വാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായിനല്‍കിയോ –
രാന്ദ്യം കുടിച്ചും തെഴുത്തും മുതിര്‍ന്നവര്‍
പത്തു കൂറായ്‌ കൂറ്റുറപ്പിച്ചവര്‍
എന്റെയെന്റെയെന്നാര്‍ത്തും കയര്‍ത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹശ്ചിദ്ര ഹോമങ്ങള്‍ തിമിര്‍ക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീമുഖം പൊലിയുന്നതും കണ്ടു
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ…
പൊട്ടിച്ചിരിച്ചും പുലമ്പിക്കരഞ്ഞും

പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു തുള്ളാത്ത
പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്ത്വമായ്‌…
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ –
യോങ്കാരബീജം തെളിഞ്ഞും

എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി ത്തളര്‍ന്നും

ഉടല്‍തേടിയലയുമാത്മാക്കളോ
ടദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍ (2)

ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍ (2)

ചാത്തനൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍
ചേട്ടന്റെ ഇല്ലപ്പറമ്പില്‍ (2)

ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടിയീ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടിയീ ഞാനും (2)

ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂല-
മിന്നലത്തെ ഭ്രാതൃഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മളൊന്നെനു ചൊല്ലും ചിരിക്കും (2)

പിണ്ഡം പിതൃക്കള്‍ക്കു വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും (2)

പിന്നെയന്നത്തെയന്നത്തിനന്ന്യന്റെ
ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും

ചാത്തനെന്റേതെന്നു കൂറുചേര്‍ക്കാന്‍ ചിലര്‍
ചാത്തിരാങ്കം നടത്തുന്നു (2)

ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കത്തിനാളുകൂട്ടുന്നു
വായില്ലക്കുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു

അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിനോ
സപ്തമുഖ ജഠരാഗ്നിയത്രെ (2)

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാ-
നൊരുകോടിയീശ്വര വിലാപം (2)

ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാ-
നൊരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കുമ്പിള്‍ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അര്‍ത്ഥിയില്‍ വര്‍ണ്ണവും വിത്തവും തപ്പുന്നു
ഉമിനീരിലെരിനീരിലെല്ലാം ദഹിക്കയാ-
ണൂഴിയില്‍ ദാഹമേ ബാക്കി…

ചാരങ്ങള്‍പോലും പകുത്തുതിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളില്‍ സര്‍വ്വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളില്‍ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാന്‍
വീണ്ടുമൊരുനാള്‍ വരും
വീണ്ടുമൊരുനാള്‍ വരും
എന്റെ ചുടലപറമ്പിനെ, തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെയഴലില്‍ നിന്നു
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്ന് ഒരദ്വൈത പദ്മമുണ്ടായ്‌വരും

അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിന്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്‍പ്പതപമാര്‍ന്ന ചൂടില്‍നിന്ന്
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ്‌ വിശ്വസ്വയംപ്രഭാ പടലം
ഈ മണ്ണില്‍ പരക്കും

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം (2)

കുഞ്ചൻ നമ്പ്യാർ

ഇന്ന് കുഞ്ചൻ നമ്പ്യാരുടെ ഓർമ്മദിനം
kunjan nambiar, കുഞ്ചൻ നമ്പ്യാർ, തുള്ളൽ കവിതകൾ
തുള്ളല്‍ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചന്‍നമ്പ്യാരോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും മെയ് 5 കുഞ്ചന്‍ദിനമായി ആഘോഷിച്ചുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ (1705 – നും 1770 – നും ഇടയിൽ) മലയാളത്തിലെ ആദ്യത്തെ ജനകീയ കവിയും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നത്. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. കിള്ളിക്കുറിശ്ശിമംഗലത്തും പിന്നീട് കുടമാളൂരും അമ്പലപ്പുഴയിലുമായി അദ്ദേഹം ജീവിച്ചു. 1748-ൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മാറുകയും ആദ്യം മാർത്താണ്ഡവർമ്മയുടെയും പിന്നീട് കാർത്തിക തിരുന്നാൾ രാമവർമ്മയുടെയും സദസ്സിലെ അംഗമായി അദ്ദേഹം. ഹാസ്യരചനയുടെ തുടക്കം അവിടെനിന്നാണെന്ന് പറയാം.

നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ. പുരാണ കഥാഖ്യാനങ്ങളിലൂടെ ഗൗരവപൂര്‍ണമായും ഫലിതമയമായും പരിഹാസരൂപത്തിലും തന്‍റെ കാലഘട്ടത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും മനുഷ്യദൗര്‍ബല്യങ്ങളെയും പ്രശ്നങ്ങളെയും ചിത്രീകരിക്കാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ എന്നിവരാണ് പ്രാചീന കവിത്രയം എന്നറിയപ്പെടുന്ന മൂന്നുപേർ. രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഒരു സ്ഥിരീകരണം അതിനിന്നും കണ്ടെത്താനായിട്ടില്ല.

കേരളീയ ഭരണാധികാരികള്‍, നായന്മാര്‍, നമ്പൂതിരിമാര്‍, പരദേശ ബ്രാഹ്മണര്‍ തുടങ്ങിയവരെ അദ്ദേഹം നിശിതപരിഹാസത്തിനു വിഷയമാക്കി. ജനസാമാന്യത്തിന്‍റെ സംഭാഷണഭാഷ കവിതയില്‍ സ്വതന്ത്ര്യമായി പ്രയോഗിച്ചത് കൃതികള്‍ക്കുള്ള മറ്റൊരു സവിശേഷതയാണ്. ഇത്രയധികം പഴഞ്ചൊല്ലുകളും പദശൈലികളും തന്‍റെ രചനകളിലുടനീളം സമർത്ഥവും സരസവുമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു കവിയോ, സാഹിത്യക്കാരനോ വേറെ ഉണ്ടാവാൻ തരമില്ല. നമ്പ്യാരുടെ ഫലിതങ്ങള്‍ക്ക് മൂര്‍ച്ചയുണ്ട്. ശക്തിയുണ്ട്. കൂരമ്പുകള്‍ പോലെ കേള്‍വിക്കാരുടെ ഉള്ളില്‍ തറയ്ക്കുന്നവയാണ് അവ. പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.

ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ

പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന കലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടുകയായിരുന്നു തൊഴില്‍. മിഴാവു കൊട്ടുന്നതിനിടയില്‍ ഉറങ്ങിപ്പോയ നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചുവെന്നും അതിനു പകരംവീട്ടാനായി പിറ്റേന്ന് സന്ധ്യയ്ക്ക് ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്ത് തുള്ളലവതരിപ്പിച്ച് കൂത്തിന്റെ കാണികളെ ആകര്‍ഷിച്ചു എന്നുമാണ് തുള്ളലിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യം. ദേഷ്യം തീർക്കാൻ കണ്ടുപിടിച്ച ഒരു മാർഗമായിരുന്നു തുള്ളൽ എങ്കിലും പിന്നീട് ആ കലാരൂപത്തിന്റെ മാധുര്യം എല്ലാരുടെയും ശ്രദ്ധയാകർഷിച്ചു. ഓട്ടൻ തുള്ളൽ 21 ഉം ശീതങ്കൻ തുള്ളൽ 11 ഉം പറയൻ തുള്ളൽ 9 ഉം വീതം നാല്പത്തൊന്ന് തുള്ളൽ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കല്യാണസൗഗന്ധികം, ഘോഷയാത്ര, സ്യമന്തകം, കിരാതം, സന്താനഗോപാലം, പത്രചരിതം, കാർത്ത്യാവീര്യാർജ്ജുനവിജയം, ബകവധം, ഹരിണീസ്വയംവരം, ത്രിപുരദഹനം, സഭാപ്രവേശം മുതലായവയാണ് പ്രധാന തുള്ളൽ കൃതികൾ. പാണ്ഡിത്യത്തിലല്ല, രചനയുടെ ലാളിത്യത്തിലാണ് നമ്പ്യാർ ശ്രദ്ധ കൊടുത്തത്. എല്ലാവർക്കും വളരെ എളുപ്പം മനസ്സിലാക്കാനാവുന്നതും ഒപ്പം രസകരവുമായതും ആയ രീതിയിലാണ് അദ്ദേഹം ഓരോ കാര്യവും പറഞ്ഞു വന്നത്.തന്റെ ചുറ്റിലുമുള്ള കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹം മുഖം നോക്കാതെ വിലയിരുത്തലുകളും വിമർശനങ്ങളും നടത്തിയിരുന്നു. തുള്ളല്‍ക്കവിതകളില്‍ അക്കാലത്തെ സാമുദായിക ദൂഷ്യങ്ങള്‍ക്കു നേരെയുള്ള കവിയുടെ വാക്ശരങ്ങളുടെ പ്രയോഗങ്ങള്‍ പ്രകടമായി കാണാവുന്നതാണ്. പഴഞ്ചൊല്ലുകളോട് നമ്പ്യാര്‍ അമിതമായ താത്പര്യം കാണിച്ചിരുന്നു. സാരോപദേശങ്ങള്‍ തേനില്‍ ചാലിച്ച് അനുവാചകര്‍ക്ക് അദ്ദേഹം പഴഞ്ചൊല്‍രൂപത്തിലാക്കി വിളമ്പിക്കൊടുത്തു.

നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.

ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ “കരി കലക്കിയ കുളം” എന്നും നമ്പ്യാർ “കളഭം കലക്കിയ കുളം” എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.

കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ “കാതിലോല?” (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ “നല്ലതാളി” (നല്ലത് ആളി – തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമര്ശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.

ഒരിക്കൽ ഇരുവരും ഒന്നിച്ച് ഒരു മുറിയില്‍ കിടക്കുകയായിരുന്നു. ഉണ്ണായിവാര്യര്‍ എഴുന്നേറ്റു നടന്നപ്പോള്‍ നമ്പ്യാരെ അറിയാതെ ചവിട്ടിപ്പോയി.
“അറിയാതെ ചവിട്ടിയതാണ്. ഗുരുപാദം കൊണ്ടാണെന്നു കരുതി ക്ഷമിക്കണം.“
ഉടനെ നമ്പ്യാരുടെ മറുപടി, “വല്ലതും കിട്ടിയാല്‍ അതു ഗുരുദക്ഷിണയായി കരുതിക്കൊള്ളണം.“ സന്ദര്‍ഭത്തിനനുസരിച്ച് ഫലിതം പറയാനുള്ള നമ്പ്യാരുടെ കഴിവ് അസാമാന്യം തന്നെയായിരുന്നു എന്ന് പ്രചാരത്തിലുള്ള ഇതുപോലെ പലകഥകളും വ്യക്തമാക്കുന്നു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ളോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു:-

“ദീപസ്തംഭം മഹാശ്ചര്യം,
നമുക്കും കിട്ടണം പണം,
ഇത്യർഥ ഏഷാം ശ്ളോകാനാം
അല്ലാതൊന്നും ന വിദ്യതേ.”

കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനം‌പ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരൻ പണ്ടാല വിശദീകരണവും കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-

“ രണ്ടേകാലെന്നു കല്പിച്ചു,
രണ്ടേ, കാലെന്നിതയ്യനും,
ഉണ്ടോ, കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും. ”

ഈ പ്രതിഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി ഒരു നമ്പിയായിരുന്നു. ഒരിക്കല്‍ അവിടെയെത്തിയ കുഞ്ചന്‍ നമ്പ്യാരോട് നമ്പി ഇങ്ങനെ ചോദിച്ചു.
ശാന്തി: “ആരാ..?”
നമ്പ്യാർ: “നമ്പ്യാരാ..”
ശാന്തിക്കത് രസിച്ചില്ല. അയാള്‍ രാജാവിനോട് പരാതി പറഞ്ഞപ്പോള്‍ നമ്പ്യാരിങ്ങനെപറഞ്ഞു:
“നമ്പിയാരെന്നു ചോദിച്ചു, നമ്പ്യാരെന്ന് ചൊല്ലിനേന്‍.
നമ്പി കേട്ടത കോപിച്ചു. തമ്പുരാനേ പൊറുക്കണം.”

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ

ആശാനക്ഷരമൊന്നു പിഴച്ചാൽ, അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്

കപ്പലകത്തൊരു കള്ളനിരുന്നാൽ, എപ്പൊഴുമില്ലൊരു സുഖമറിയേണം

തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര, കിട്ടും പണമത് മാരാന്മാർക്കും

ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ, അമ്പലവാസികളൊക്കെ കക്കും

പടനായകനൊരു പടയിൽ തോറ്റാൽ, ഭടജനമെല്ലാമോടിയൊളിക്കും

താളക്കാരനു മാത്ര പിഴച്ചാൽ, തകിലറിയുന്നവൻ അവതാളത്തിൽ

അമരക്കാരനു തലതെറ്റുമ്പോൾ, അണിയക്കാരുടെ തണ്ടുകൾ തെറ്റും

കാര്യക്കാരൻ കളവുതുടർന്നാൽ, കരമേലുള്ളവർ കട്ടുമുടിക്കും

ഓതിക്കോനൊരു മന്ത്രമിളച്ചാൽ, ഒരു പന്തിക്കാരൊക്കെയിളയ്ക്കും

അങ്ങാടികളിൽ തോൽവി പിണഞ്ഞാൽ, അമ്മയോടപ്രിയം എന്നതുപോലെ

ലക്ഷം കുറുനരി കൂടുകിലും, ഒരു ചെറുപുലിയോടു അടുക്കില്ലേതും

ലക്ഷം മാനുഷ്യർ കൂടും സഭയിൽ, ലക്ഷണമൊത്തവർ ഒന്നോ രണ്ടോ

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.

കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.

തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.

വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.

ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.

എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.

വിക്കിപീഡിയയിൽ: കുഞ്ചൻനമ്പ്യാർ

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights