ഞാനൊരിക്കൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു! ചെറുപ്പത്തിലാണ്, അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ! ഒരു ദിവസം രാവിലെ അമ്മ എന്നെ പൊതിരെ തല്ലി! തല്ലിയതെന്തിനെന്ന് ഓർക്കുന്നില്ല! സ്കൂളിലേക്ക് പോകാൻ ഒരുങ്ങി നിന്നപ്പോൾ ആയിരുന്നുവത്. രക്ഷപ്പെടാനായി പുസ്തകക്കെട്ടുമെടുത്ത് ഞാനോടുകയായിരുന്നു. “നീ വൈകുന്നേരം ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്” എന്ന അമ്മയുടെ ഭീഷണി ചെവിയിൽ മുഴങ്ങിക്കേട്ടു. ഞാനോടി! അന്നൊക്കെ നടന്നാണു സ്കൂളിൽ പോവുക; രാവിലെയും വൈകുന്നേരവും കൂടി 15 കിലോമീറ്ററോളം നടക്കണം. വീട്ടിൽ നിന്നും സ്കൂളിലേക്ക് 7.5 കിമി ദൂരമുണ്ട്. കുന്നും മലയും കയറി ചുള്ളിക്കര ടൗണിലേക്ക് ഇറങ്ങും അവിടുന്നു മെയിൻ റോഡുവഴി രാജപുരത്തേക്ക്. കരഞ്ഞുകൊണ്ടു തന്നെ സ്കൂളിലേക്ക് നടന്നു. പലരും ചോദിച്ചു; ഞാൻ മിണ്ടിയില്ല. ചിലരെ കാണുമ്പോൾ കുടവെച്ചു മറ പിടിച്ചു. അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലെന്ന ചിന്ത മനസ്സിൽ തേങ്ങലായി വന്നുകൊണ്ടേയിരുന്നു. അച്ഛനുണ്ടായിരുന്നെങ്കിൽ എല്ലാം അച്ഛനോട് പറഞ്ഞു കരയാമായിരുന്നു; ആ നെഞ്ചിൽ ചേർന്നിരുന്നു കരയാമായിരുന്നു.
സഹിക്കാനാവാത്ത തേങ്ങൽ ശക്തിയായി തന്നെ ഞാൻ കരഞ്ഞു തീർത്തു. മല കയറിയിറങ്ങി, ചുള്ളിക്കര തൊട്ടങ്ങോട്ട് റോഡാണ്. റോഡിലേക്ക് ഇറങ്ങുന്നിടത്ത് ഒരു തോടുണ്ട്. തോട്ടിൽ ഇറങ്ങി മുഖം കഴുകി. പരൽമീനുകൾ ഉള്ള ഒരു കുഞ്ഞുകുളം അവിടെയുണ്ട്; അത് ഈ തോടുമായി ബന്ധപ്പെട്ടു കിടക്കുന്നു. കുഞ്ഞുമീനുകൾ ചെറുമഴയത്ത് സ്ഫടികജലത്തിനടിയിൽ ഓടിനടക്കുന്നു. അവയിലൊന്നായിരുന്നെങ്കിലെന്നു വെറുതേ മോഹിച്ചുപോയി. ആകെ അലസമായിരിക്കുന്നു. രണ്ടു മണിക്കൂറോളം എടുക്കും സ്കൂളെത്താൻ! മുഖമൊന്നു കഴുകിയപ്പോൾ ചെറിയൊരാശ്വാസം! എങ്കിലും അമ്മയ്ക്കെന്നെ ഇഷ്ടമല്ലല്ലോ എന്ന ചിന്ത ഇടയ്ക്ക് തികട്ടി വരും; അപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞ് വഴിയോരമെല്ലാം മാഞ്ഞില്ലാതാവും.
അന്നുമുഴുക്കെ ഞാൻ ചിന്തിച്ചതൊക്കെ മരണത്തെ കുറിച്ചായിരുന്നു. എന്നെ ഇഷ്ടമല്ലാത്തിടത്ത് ഞാനെന്തിനു നിൽക്കണം. ഉച്ചക്കഞ്ഞി സ്കൂളിൽ നിന്നായിരുന്നു. അന്നെനിക്കു വിശന്നതേയില്ല – ഒന്നും കഴിക്കാതെ പള്ളിമേടയിലും ശവക്കോട്ടയിലുമായി കറങ്ങി നടന്നു! വിജനമായിരുന്നു ആ പ്രദേശം. ശവക്കോട്ടയിൽ സൈഡിൽ ഒരു വലിയ കുഴിയിൽ കുറേ തലയോട്ടികളും അസ്ഥികഷ്ണങ്ങളും കൂട്ടിയിട്ടിരിക്കുന്നു. മരിച്ചുകഴിഞ്ഞാൽ എന്റെ തലയോട്ടിക്ക് ചിലപ്പോൾ ഇത്ര വലിപ്പം കാണില്ലായിരിക്കും; ഇതൊക്കെ പ്രായമായി മരിച്ചവരുടെ തലയോട്ടികളായിരിക്കില്ലേ – ഞാനവയ്ക്കിടയിൽ ഒരു കുഞ്ഞു തലയോട്ടിക്കായി തപ്പി നോക്കി! ഇല്ല! കുഞ്ഞുങ്ങളാരും തന്നെ മരിച്ചിരിക്കില്ല; അല്ലെങ്കിൽ കുഞ്ഞുതലയോട്ടിക്ക് ബലമില്ലാത്തതിനാൽ അവയും മണ്ണായി അലിഞ്ഞില്ലാതായി കാണുമായിരിക്കും!
വൈകുന്നേരം വീട്ടിലേക്ക്! എന്തു വന്നാലും ഇന്നു വീട്ടിലേക്കില്ലെന്ന് ഞാനുറപ്പിച്ചിരുന്നു. മരിക്കണം… ചെറുമഴയുണ്ട്. കോട്ടൻ തുണികൊണ്ടുള്ള നീളമുള്ള കുടയാണ്. ഞാൻ നടന്നു നടന്നു ആ കുളത്തിന്റെ വക്കെത്തി. ചുറ്റും നോക്കി. താഴെ മെയിൻ റോട്ടിലൂടെ ആരൊക്കെയോ പോകുന്നു. ചാടിയാലോ? ചാടിയാൽ മരിക്കുമോ? മരിച്ചില്ലെങ്കിൽ എന്തായിരിക്കും സ്ഥിതി? വല്ലാത്ത ആശങ്ക. പുസ്തകങ്ങൾ ചുവപ്പും നീലയും നിറമുള്ള രണ്ട് റബർ ബാൻഡുകൾ തലങ്ങും വിലങ്ങും ഇട്ട് കെട്ടിവെച്ചിരിക്കുന്നു. അവ ഭദ്രമാണ്. അതിന്റെ ഒരു വശത്ത് ഒരു വലിയ പ്ലേറ്റുണ്ട്. ഉച്ചക്കഞ്ഞി വാങ്ങിക്കാനുള്ളതാണ്. ആ പ്ലേറ്റ് വീട്ടിലെത്തിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. വേണ്ട! ഞാനവ ഒരു കല്ലിന്റെ പുറത്തു വെച്ചു. കുട നിവർത്തി അതിൻ മേലെ വെച്ചു മഴ നനയാതിരിക്കാൻ. വീണ്ടും കുളക്കരയിൽ! പെട്ടന്ന് ഒരു ചെറുകാറ്റിൽ പുസ്തകത്തിനു മേലെ തുറന്നുവെച്ച കുട പാറിപ്പോയി. പുസ്തകം നനയാൻ തുടങ്ങി. പുസ്തകം നനയുന്നതും കീറിപ്പോകുന്നതും എനിക്കിഷ്ടമല്ല. ഓടിപ്പോയി കുടയെടുത്തു. അവിടം ശരിയാവില്ലെന്ന ചിന്ത; പുസ്തകവും കുടയും എടുത്ത് കുന്നു കയറി. ചിന്ത മരണത്തെ പറ്റി തന്നെ! പോക്കറ്റിൽ മൂന്നു രൂപയോളം ഉണ്ട്. സാധരണ അങ്ങനെ ഉണ്ടാവുന്നതല്ല; ഒരു രൂപയുടെ രണ്ടു നോട്ടും കുറേ ചില്ലറകളും! ബാലരമ വാങ്ങിക്കാനായി കരുതിക്കൂട്ടി വെച്ചതായിരുന്നു. ഇനിയതൊന്നും ആവശ്യമില്ലല്ലോ! അവ ഓരോന്നായി തികഞ്ഞ അകലത്തിൽ ഞാൻ വഴിൽ ഉപേക്ഷിച്ചു പോന്നു. പുറകിൽ വരുന്നവർക്ക് ഓരോന്നായി കിട്ടട്ടെ! കിട്ടുന്നവർക്ക് എല്ലാം ഒരുമിച്ചു കിട്ടരുത് എന്നാഗ്രഹിച്ചിരുന്നു എന്നു തോന്നുന്നു!
എന്തായാലും വീട്ടിലേക്ക് പോകാൻ വയ്യ. വീടെത്താറായി! വീടിനടുത്തെത്താറായപ്പോൾ ഞാൻ നേരെ ഫോറസ്റ്റിലേക്ക് കയറി; വലിയ പാറക്കൂട്ടങ്ങളുണ്ട്. അതിലേതിലെങ്കിലും മുകളിൽ കയറി താഴേക്ക് ചാടാം. ഞങ്ങൾ സ്ഥിരമായി കുളിക്കുന്ന തോടിന്റെ വക്കിൽ ഒരു തലപോയ മരുതുണ്ട് – ഒരു മരം. അതിന്റെ ഒരു പോടിൽ നിന്നും ദ്രവിച്ച ഭാഗമെല്ലാം എടുത്തു മാറ്റി ചെറിയൊരു മാളം ഞാനുണ്ടാക്കി വെച്ചിരുന്നു. അമ്മയറിയാതെ അമ്മയുടെ പേഴ്സിൽ നിന്നും അമ്പതു പൈസയും ഇരുപത്തഞ്ചു പൈസയും ഒക്കെ കട്ടെടുത്ത് കൊണ്ടു വെയ്ക്കുന്നതും, ആ പൈസയ്ക്ക് എന്നും കൃത്യമായി ബാലരമ, ബാലമംഗളം ഒക്കെ വാങ്ങിച്ച് അവ കൊണ്ടുവന്ന് ഒളിപ്പിച്ചു വെയ്ക്കുന്നതും ഒക്കെ ഈ മാളത്തിലായിരുന്നു. പുന്നമരത്തിന്റെ രണ്ട് വലിയ ഇലയെടുത്ത് മേലെ വെച്ചാൽ ഉള്ളിൽ വെള്ളവും കൊള്ളില്ല; ആ രീതിയിലാണ് പോടിന്റെ ഡിസൈൻ. പുസ്തകക്കെട്ട് ഞാനതിലേക്ക് തിരുകി വെച്ചു. മഴ നനയാത്ത വിധം പുന്നമരത്തിന്റെ രണ്ട് വലിയ ഇല പറിച്ച് മൂടിവെച്ചു; അതിനു മേലെ കുറേ ചപ്പുചവറുകളും വിതറിയിട്ടു. ആരും തിരിച്ചറിയില്ല.
നേരെ പാറക്കെട്ടിന്റെ അരികിലേക്കു നടന്നു. പാറക്കെട്ടിന്റെ ഒരു വശത്ത് വലിയൊരു കാട്ടുമാവുണ്ട്. മാവിൽ നിറയെ ചുവന്ന ഉറുമ്പുകളും. ഒരുവിധം ആർക്കും തന്നെ അതിൽ കയറാൻ പറ്റില്ല; മാവിന്റെ വലിപ്പവും പിന്നെ ഈ ഉറുമ്പുകളുടെ കടിയും നിമിത്തം പകുതിവഴിയിൽ എല്ലാവരും മരം കയറ്റം അവസാനിപ്പിക്കും. എങ്കിലും ആവശ്യക്കാർക്ക് വേണ്ടതിലധികം പഴുത്ത മാങ്ങകൾ നിലത്തു നിന്നും കിട്ടുമായിരുന്നു. പഴുത്ത മാങ്ങകൾ കണ്ടപ്പോൾ കൊതി തോന്നി. വിശപ്പുമുണ്ട്. താഴെ നിറയെ മാങ്ങകൾ വീണു കിടക്കുന്നു; ഒക്കെ പെറുക്കി കൂട്ടി വെച്ചു. കുറച്ചെണ്ണം അകത്താക്കിയപ്പോൾ ബാക്കി അനിയത്തിക്ക് കൊടുക്കണം എന്നൊരു മോഹം. അവൾക്കതെങ്ങനെയെത്തിക്കുമെന്നായി ചിന്ത. പെറുക്കിവെച്ച മാങ്ങകൾ എല്ലാം കുട പൂട്ടിയിട്ട് അതിനകത്തേക്കിട്ടു. എങ്ങനെയെങ്കിലും മാങ്ങകൾ അവളെ ഏൽപ്പിക്കാം എന്ന ധാരണയിലെ മെല്ലെ വീട് ലക്ഷ്യമാക്കി നടന്നു.
താഴെ തോട്ടിന്റെ വക്കത്തെത്തിയപ്പോൾ അമ്മ നിൽക്കുന്നു! നീയെന്താ വൈകിയതെന്നു ചോദിച്ചു; ഞാൻ മിണ്ടിയില്ല; എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ കുട നിലത്തിട്ടു. കൈയ്യിൽ വടിയില്ല; തല്ലുന്നെങ്കിൽ തല്ലട്ടെ! ഞാൻ അനങ്ങാതെ നിന്നു. അമ്മയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നുണ്ട്. അമ്മ എന്റെ കൈ പിടിച്ചു ചേർത്തു നിർത്തി-ഞാൻ തേങ്ങിത്തേങ്ങി കരഞ്ഞു. നിർത്താനാവാത്ത കരച്ചിൽ. അമ്മ മുടിയിഴകൾക്കിടയിലൂടെ തലോടിക്കൊണ്ടിരുന്നു. പുസ്തകം ചോദിച്ചപ്പോൾ ഞാനതു കാണിച്ചു കൊടുത്തു. പുസ്തകം എടുത്തു. എന്തിനാ അവിടെ വെച്ചത് എന്നൊന്നും ചോദിച്ചില്ല; വീട്ടിൽ എത്തിയ ഉടനേ ഭക്ഷണം തന്നു, കുളിപ്പിച്ചു… ഞാൻ കിടക്കുമ്പോൾ എന്റെയടുത്തു വന്നു കെട്ടിപ്പിടിച്ചു കിടന്നു! ഞാനുറങ്ങിപ്പോയി… അമ്മ അപ്പോഴും കരയുകയായിരുന്നു!
ഞാൻ ആയിരുന്നെങ്കിൽ ആ നിമിഷം ചത്തേനെം
കൊള്ളാം…
van pulu parayuvaney
സീമാ, പുളുവല്ലെടി, സത്യം!
എന്റെ ബാല്യകാല ചിന്തകളിൽ ഒന്ന്…. ഇപ്പോൾ ബാലിശമായി തോന്നാമെങ്കിലും അന്നത് മുടിഞ്ഞ serious ആയി തോന്നുമായിരുന്നു….
ബാല്യത്തിലെ ചില ഓര്‍മ്മകളിലേക്ക് പിടിച്ചു കൊണ്ട് പോയി ഈ സ്മരണ ; വഴിയില്‍ കാത്തു നിന്ന അമ്മയെ മനസ്സാലെ ഒന്ന് കൂടി കണ്ടു ,വളരെ നല്ല എഴുത്ത് .
കോട്ടൻ കുടയെ ഞാൻ ഇടയ്ക്ക് ആഗ്രഹിക്കാറുണ്ട്… അതും ചൂടി നടക്കുമ്പോഴുള്ള ഒരു ശബ്ദം… അത് ചെവിയില ഇന്നും മുഴങ്ങുന്നു…
അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നമ്മളൊന്നും കാണില്ലായിരുന്നു…
കോളിച്ചാലിൽ നിന്നും പ്രാന്തർകാവിലേക്ക് ഉള്ള 3 കി മീ നടത്തവും സ്കൂളും പെട്ടന്ന് ഓർമ്മ വന്നു.
ഇതെഴുതാനാവും മരിക്കാന്‍ തോന്നാതിരുന്നത്.
നന്നായിട്ടുണ്ട് ട്ടാ.