Skip to main content

താമസം ഇരിയയിൽ

ജനിച്ചത് പനത്തടിയിലായിരുന്നെങ്കിലും 5 വയസ്സുമുതൽ വളർന്നത് ഒടയഞ്ചാലായിരുന്നു. കഴിഞ്ഞ നാലര വർഷമായിട്ട് താമസം സമീപപഞ്ചായത്തിലെ ഇരിയ എന്ന സ്ഥലത്താണ്. പണ്ട് ജീമെയിൽ വന്നപ്പോൾ ഒരു കൗതുകത്തിനു കൊടുത്ത ഇമെയിൽ ഐഡിയായിരുന്നു rajeshodayanchal എന്നത്. പിന്നീട് പലരും എന്നെ വിളിക്കുന്നത് തന്നെ ഒടയഞ്ചാൽ എന്നായി എന്നത് വേറൊരു രസം. 2005-ഇൽ ഒക്കെ ഗൂഗിളിൽ odayanchal എന്നു സേർച്ച് ചെയ്താൽ ഒന്നും കാണില്ലായിരുന്നു, ഇമേജിന്റെ സെക്ഷനിൽ കോട്ടയത്തുള്ള രണ്ട് പള്ളീലച്ചന്മാർ ഉണ്ടായിരുന്നു എന്നതേ ഉള്ളൂ. അറിയാവുന്ന ടെക്നോളജീസ് ഉപയോഗിച്ച് ഒടയഞ്ചാലുമായി ബന്ധപ്പെട്ട പലതും ഓൺലൈനിൽ എത്തിക്കുക എന്ന വാശിയിൽ എന്തോക്കെയോ ചെയ്ത്, ഉടനേ അതു മാറ്റിയെടുത്തു. കാലക്രമത്തിൽ ഇന്റെർനെറ്റ് പുരോഗതി പ്രാപിച്ചപ്പോൾ കാര്യങ്ങളൊക്കെ ധാരളം വന്നു തുടങ്ങി. ഞാനപ്പോൾ തന്നെ അത്തരം കാര്യങ്ങളൊക്കെ വിട്ടിരുന്നു; എങ്കിലും ഇമെയിലൈഡി കൂടെത്തന്നെ ഉണ്ടായിരുന്നു. താമസം ഇരിയയിലേക്ക് മാറിയെങ്കിലും ഇമെയിലൈഡിയും യൂസെർ നെയിമും പഴയതുതന്നെ കൊണ്ടുനടക്കുന്നു. ഇരിയയിലേക്ക് കടക്കാം.

ഇരിയയെ കുറിച്ച്

കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതിയവ തന്നെയാണ്. രണ്ടും ഒന്നുതന്നെയായതിനാൽ അതുതന്നെയാവും ഭേദം. പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇരിയ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്താണ്. കോടോം ബേളൂർ പഞ്ചായത്തിലെ കുറച്ച് ഭാഗവും ഇരിയയിൽ പെടുന്നു. കാഞ്ഞങ്ങാട് നിന്ന് 13 കിലോമീറ്റർ ദൂരെയാണ് ഇരിയ. ഒരു ഗവണ്മെന്റ് സ്കൂൾ ഇരിയയിൽ തന്നെയുണ്ട്. ഇരിയയിൽ മഹാത്മാ പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നു. മലയാള സിനിമയിലെ സംവിധായകനായ വൈശഖിന്റെ ജന്മസ്ഥലമായ കല്യോട്ട് ഇരിയയോട് തൊട്ടടുത്തു കിടക്കുന്നു. ഇരിയയിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രവും വിഷ്ണുക്ഷേത്രവും സമീപ പ്രദേശത്തെ പൊടവടുക്കം മുളവിനൂർ ക്ഷേത്രങ്ങളും ഇരിയ ജുമാ മസ്ജിദും ഭക്തർക്ക് ആശ്രയമായുണ്ട്. ഇരിവൽ ഇല്ലവും ബ്രിട്ടീഷ് ബംഗ്ലാവും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഒത്തിരി പുരസ്കാരങ്ങൾ നേടുകയും പ്രേംജി എന്ന അഭിനേതാവ് അഭിനയിക്കുകയും ചെയ്ത ഷാജി എൻ. കരുണിന്റെ ആദ്യചിത്രമായ പിറവി എന്ന സിനിമ എടുത്തത് ഇരിയയിൽ നിന്നാണ്. സത്യസായി ട്രസ്റ്റിന്റെ എൻഡോസൾഫാൻ ബാധിതർക്കുള്ള സായി ഗ്രാമം ഇരിയക്കടുത്ത് കാട്ടുമാടത്ത് സ്ഥിതി ചെയ്യുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ ബ്രിട്ടീഷ് ബംഗ്ലാവിന്റെ അവശിഷ്ടം ഇരിയയിൽ ഉണ്ട്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു. അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു. തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

ബ്രിട്ടീഷ് ബംഗ്ലാവ്

ബ്രിട്ടീഷ് ഭരണകാലത്തെ ഒരു സ്മാരകമന്ദിരമാണ് ബ്രിട്ടീഷ് ബംഗ്ലാവ്. കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ പെട്ട സ്ഥലമായ ഇരിയയിൽ ആണിതുള്ളത്. ബ്രിട്ടീഷ് ട്രാവലേഴ്‌സ് ബംഗ്ലാവ് എന്നപേരിൽ അറിയപ്പെട്ടിരുന്നു ബംഗ്ലാവ് ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. രണ്ടു മുറികളും ചുറ്റിലും വരാന്തയും കുതിരാലയവും ഒക്കെ ഉള്ളതായിരുന്നു ബ്രിട്ടീഷ് ബംഗ്ലാവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയോരത്തായി ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നു. വിദേശ ഭരണകാലത്ത് ബ്രിട്ടീഷ് അധികാരികൾക്ക് കർണാടകയിലെ കുടക്, പുത്തൂർ ഭാഗങ്ങളിലേയ്ക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമായിരുന്നു ഇരിയ ബംഗ്ലാവ്. ബ്രിട്ടീഷ് പടയോട്ടക്കാലത്തെ പ്രധാന കേന്ദ്രമായിരുന്ന ഇരിയയിലെ ഈ ബംഗ്ലാവും കുതിരാലയവും മറ്റും. 1965 -70 കാലഘട്ടത്തിൽ ബംഗ്ലാവ് കെട്ടിടത്തിൽ ഇരിയയിലെ സ്‌കൂൾ പ്രവർത്തിച്ചിരുന്നതായി ഒരു സംസാരം നിലവിലുണ്ട്.

നിലവിലെ അവസ്ഥ ഏറെ നീചമാണ്. ഏറെ ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് ബംഗ്ലാവ് ഇന്ന് അന്യം നിൽക്കുകയാണെന്നു പറയാം. ഗവണ്മെന്റ് സ്ഥലങ്ങൾ അധികവും സ്വകാര്യവ്യക്തികൾ കൈയ്യേറുന്ന രീതിയും നിലവിൽ കാണാവുന്നതാണ്. 250 ഓളം വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണിത്. ഇന്ന് ഇതിന്റെ അവസ്ഥ തീർത്തും പരിതാപാവസ്ഥയിലാണ്. ബംഗ്ലാവിന്റെ മേൽക്കൂരകൾ തകർന്നിട്ട് വർഷങ്ങളായി. കാടുമൂടിക്കിടന്ന കെട്ടിടാവശിഷ്ടത്തിന്റെ കല്ലുകളാണ് അടുത്തായിട്ട് ചില സാമൂഹ്യവിരുദ്ധർ കടത്തിക്കൊണ്ടുപോയത്. ചുമർക്കെട്ടുകൾ ഇടിച്ചുതകർത്താണ് കല്ലുകൾ കടത്തിയത് എന്ന് ഇപ്പോൾ കണ്ടറിയാനാവും. ഇന്നത്തെ പുല്ലൂർ-പെരിയ, കോടോം-ബേളൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെയും ചുങ്കപ്പിരിവും അതുസംബന്ധിച്ച ചർച്ചകളും നടന്നിരുന്നത് ഇവിടെവെച്ചായിരുന്നു. ഇരവിൽ വാഴുന്നവരും ബേളൂർ പട്ടേലരുമായിരുന്നു അന്ന് ചുങ്കപ്പിരിവ് നടത്തിയിരുന്നത്. പിരിച്ചെടുത്ത് ചുങ്കം കൈപ്പറ്റുന്നതിനൊപ്പം പുത്തൂരിലേക്കുള്ള യാത്രാമധ്യേ ബ്രിട്ടീഷ് ഭരണാധികാരികൾ വിശ്രമിച്ചിരുന്നതും ഇവിടെയാണ്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങിഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു .അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു . തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

മലയാള സിനിമയുടെ പ്രശസ്തി പുറംരാജ്യങ്ങളിൽ എത്തിച്ച, നിരവധി അന്താരാഷ്ട അവാർഡുകൾ നേടിയതും ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്തതുമായ പിറവി എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്നു ഇരിയയും, ബ്രിട്ടീഷ് ബംഗ്ലാവും, ഇരിയയിലെ പഴയ ഇല്ലവും അടങ്ങുന്ന പ്രദേശം. പഴയ ഇല്ലം അതിന്റെ മനോഹാരിത ഒട്ടും നഷ്ടപ്പെടുത്താതെതന്നെ കാസറഗോഡ് അനന്തപുരി അമ്പലത്തിന്റെ അടുത്ത് കുന്നിലേക്ക് പറിച്ചു നട്ടിരുന്നു. അതിനവിടേയും വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്നൊരു വസ്തുത നിലനിൽക്കുന്നു.

സത്യസായി ഗ്രാമം

ആതുരശുശ്രൂഷാരംഗത്തും ജീവകാരുണ്യപ്രവർത്തന രംഗത്തും കഴിഞ്ഞ 21 വർഷമായി പ്രവർത്തിച്ചുവരുന്ന സത്യസായി ഓർഫണേജ് ട്രസ്റ്റ് – കേരള, സായിപ്രസാദം എന്ന പേരിൽ ഉൾപ്പെടുത്തി കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കായി പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സത്യസായി ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കിയത്. കാസർഗോഡ് ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിലാണിത് നടപ്പിൽ വരുന്നത്. ഇതിലെ ഭവനനിർമ്മാണപദ്ധതി കേരള ഗവണ്മെന്റുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. ഇതുപ്രകാരം ഓരോ കുടുംബത്തിനും കേരള ഗവണ്മെന്റ് 10 സെന്റ് സ്ഥലം വീതം പതിച്ചു നൽകുന്നു. ഈ സ്ഥലത്താണ് സത്യസായി ഓർഫണേജ് ട്രസ്റ്റ് 500 ചതുരശ്രയടി വരുന്ന വീടുകൾ വെച്ചുകൊടുക്കുന്നത്. ചുരുങ്ങിയ 25 വർഷത്തേക്ക് ഇത് മറ്റാർക്കും കൈമാറ്റം ചെയ്യാനാവാത്ത വ്യവസ്ഥയോടെയാണിതു നടപ്പിലാക്കിയത്. മൊത്തത്തിൽ 108 വീടുകളാണ് എൻഡോസൾഫാൻ ബാധിതർക്കായി പതിച്ചുനൽകുന്നത്. ഒരു ചെറിയ ടൗൺഷിപ്പ് മാതൃകയിലാണ് ഈ പദ്ധതികൾ നടക്കുന്നത്. ഏകദേശം 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ്, ഫെഡറൽ ബാങ്ക്, ദുബായി സത്യസായി ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സായിപ്രസാദം പദ്ധതി മുന്നോട്ട് നീങ്ങുന്നത്.

കാസർഗോഡ് ജില്ലയിൽ പുല്ലൂർ-പെരിയ, കിനാനൂർ-കരിന്തളം, എൻമകജെ എന്നീ മൂന്നു പഞ്ചായത്തുകളിലായാണ് വീടുകൾ മൊത്തത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 36 വീടുകൾ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയയിൽ കാട്ടുമാടത്ത് പൂർത്തിയായിരിക്കുന്നു. ഈ വീടുകളുടെ താക്കോൽ ദാനകർമ്മം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പട്ടയദാനം നടത്തിയത് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു. ഇരിയ കാട്ടുമാടത്ത് നടക്കുന്ന പരിപാടികൾ കാസർഗോഡ് പൂരം എന്ന പേരിൽ എട്ടു ദിവസങ്ങളിലായി നടന്നു. മലയാള സിനിമാ നടനായ ജയസൂര്യയാണ് സത്യസായിഗ്രാമം അംബാസിഡറായി പ്രവർത്തിക്കുന്നത്.

സത്യസായി ഗ്രാമത്തിലെ പ്രവർത്തനങ്ങൾ
വീടിനോടു ചേർന്നു ചിൽഡ്രൻസ് പാർക്ക്, ഹെൽത്ത് ക്ളിനിക്, മിനി തീയറ്റർ, സായി ബാലഭവൻ (ആംഗൻവാടി), മറ്റ് അടിസ്ഥാനസൌകര്യങ്ങൾ എന്നിവയും ട്രസ്റ് നിർമിച്ചു നൽകുന്നു. ഗ്രാമത്തിൽ കുട്ടികൾക്കായി നിർമ്മിച്ച പാർക്കാണ് ചിൽഡ്രൻസ് പാർക്ക്. ഇതിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണു നടപ്പിലാക്കിയത്. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഉദുമ എം. എൽ. എ. കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ തറക്കല്ലിട്ട ബഡ്സ് സ്കൂൾ സത്യസായി ഗാമത്തിൽ സ്ഥിതിചെയ്യുന്നു. ആരോഗ്യവകുപ്പ് മന്ത്രിയയ കെ. കെ. ശൈലജയാണ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. വിവിധ കലാസാംസ്കാരിക പ്രവർത്തനങ്ങൾ, 50000 ലിറ്റർ കുടിവെള്ള പദ്ധതി, ആംഫി തിയറ്റർ, സ്വയം തൊഴിൽ പരിശീലന പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ ഇവിടെ നടക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കാസർഗോഡ് എം. പി. കരുണാകരൻ, എം. എൽ. എ. ഒ. രാജഗോപാൽ, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ മധു എസ് നായർ തുടങ്ങി പലരും പദ്ധതിയുടെ പുറകിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പദ്ധതി സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights