Skip to main content

രേണുക – മുരുകന്‍ കാട്ടാകട

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/renuka.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംമ്പോഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..

രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേയ്ക്ക് മറയുന്ന ക്ഷണഭംഗികള്‍..
മഴവില്ലു താഴെ വീണുടയുന്ന മാനത്ത് – വിരഹമേഘ ശ്യാമ ഘനഭംഗികള്‍..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌ – ഒഴുകിയകലുന്നു നാം പ്രണയശൂന്യം…
ജലമുറഞ്ഞൊരു ദീര്‍ഘശിലപോലെ നീ – വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍…

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം – ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം…
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും – കണ്ടുമുട്ടാമെന്ന വാക്കു മാത്രം…
നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി – നാം കടം കൊള്ളുന്നതിത്ര മാത്രം…

രേണുകേ നാം രണ്ടു നിഴലുകള്‍ ‍- ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും.

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ – വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി…
നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ…

ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം…
എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം…

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങളായ്…

പകല്‍ വറ്റി കടന്നു പോയ് കാലവും പ്രണയമൂറ്റിച്ചിരിപ്പു രൗദ്രങ്ങളും…
പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ – പ്രണയമരുതെന്നുരഞ്ഞതായ് തോന്നിയോ…

ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റയ്‌ക്ക്‌ – ചിതറി വീഴുന്നതിന്‍ മുന്‍‌പല്‍പ്പമാത്രയില്‍ –
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ – മധുരം മിഴിപൂ നനച്ചുവോ രേണുകേ?…

രേണുകേ നീ രാഗരേണു കിനാവിന്റെ – നീല കടമ്പിന്‍ പരാഗരേണു…
പിരിയുമ്പോഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു – നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍…

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights