വടക്കേ മലബാറിലുള്ള ചില ആദിവാസി സമുദായങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള നൃത്തരൂപമാണ് മങ്ങലംകളി. വിവാഹമെന്ന മംഗളകർമ്മത്തിന് ഇവർ മങ്ങലം എന്നാണു പറഞ്ഞു വരുന്നത്. വിവാഹവേളയിൽ ഇവർ പാട്ടും കളിയുമായി ഏറെ മനോഹരമായി അതു കൊണ്ടാടുന്നു. പാടുന്ന പാട്ടിന് മങ്ങലം പാട്ടെന്നും, കളികൾക്ക് മങ്ങലം കളിയുമെന്നാണു പേര്. കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിൽ ചിലയിടങ്ങളിലുമായി കണ്ടുവരുന്നൊരു വിഭാഗമാണു മാവിലർ. മലയാളവും തുളുവും കലർന്നൊരു ഭാഷയാണിവരുടേത്; ഭാഷയ്ക്കു ലിപിയില്ല. മാവിലരുടെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണു മങ്ങലം കളി. ചെറുമന്മാർ, വേട്ടുവർ, ചെറവർ എന്നൊക്കെ പേരുകളിൽ അറിയപ്പെടുന്ന മലവേട്ടുവരും ഇതാഘോഷിച്ചു വരുന്നു. കാസർഗോഡ് ജില്ലയിൽ എമ്പാടും കണ്ണൂർ ജില്ലയിൽ ചുരുങ്ങിയ അളവിലും മലവേട്ടുവരെ കണ്ടുവരുന്നു. ഈ രണ്ടു സമുദായക്കാരും ചൊല്ലുന്ന പാട്ടിൽ വ്യത്യാസം ഉണ്ടെങ്കിലും കളികൾ ഒരുപോലെ തന്നെയാണുള്ളത്.
പാട്ടിന്റേയും താളത്തിന്റേയും കൂടെ സ്ത്രീപുരുഷന്മാർ വട്ടത്തിൽ നിന്ന് ആടിപ്പാടുന്ന രീതിയാണു മങ്ങലം കളി. തുടിയാണു പ്രധാന വാദ്യോപകരണം. മുരിക്ക്, പ്ലാവ് തുടങ്ങിയ മരങ്ങൾ കൊണ്ടാണിവർ പ്രധാന വാദ്യോപകരണമായ തുടി ഉണ്ടാക്കുന്നത്. വെരുക്, ഉടുമ്പ് തുടങ്ങിയ മൃഗങ്ങളുടെ തോലാണിതിനു കവചമായി മൂടിവെയ്ക്കുന്നത്. ചെണ്ടയിൽ എന്ന പോലെ വിരിഞ്ഞുകെട്ടിയ കയറുകളിലൂടെ തുടിയുടെ ശബ്ദം ക്രമീകരിക്കുവാൻ സാധ്യമാണ്. ചെറുതും വലുതുമായ ശബ്ദവിന്യാസങ്ങൾ ഇതിലൂടെ ഉണ്ടാക്കാനാവുന്നു. ആട്ടത്തിനൊത്തുള്ള ചുവടുവെയ്പ്പുകൾക്കു യോചിച്ചവിധം തുടിതാളം അവർ ക്രമീകരിച്ചിരിക്കും. ഒരു മങ്ങലം കളിക്കായി 7 തുടികളാണു പ്രധാനമായും രണ്ടുകൂട്ടരും ഉപയോഗിച്ചു വരുന്നത്. ഒരു കളിയിൽ മുപ്പതോളം വരെ ആളുകൾക്ക് ചേരാമെന്നുണ്ട്. കൂട്ടത്തിൽ വാദ്യങ്ങൾ ഉപയോഗിക്കുന്നത് ആണുങ്ങൾ മാത്രമായിരിക്കും.
കല്യാണസമയത്താണു മങ്ങലം കളിയുടെ ആവശ്യം വരിക. കുടുംബത്തിലെ കാരണവരും മൂപ്പനും മങ്ങലം കളിയുടെ അരങ്ങിൽതന്നെയുണ്ടായിരിക്കും., അവർക്കു മുമ്പിലാണു കളി അരങ്ങേറുന്നത്. കല്യാണപ്പന്തലിൽ മധ്യഭാഗത്തുള്ള തൂണിനു ചുറ്റും നിന്നാണ് ആളുകൾ കളിക്കുക. രാത്രി മുതൽ പുലർച്ച വരെയാണു മങ്ങലം കളിയുടെ സമയം. എന്നാൽ പകൽ പെണ്ണിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്ന അവസരത്തിലും പാട്ടുപാടി നൃത്തം ചവിട്ടേണ്ടതുണ്ട്. ഇതേപോലെ, താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം പോലുള്ള മറ്റു ആഘോഷങ്ങൾക്കും സമാനമായ കളികൾ ഇവർക്കുണ്ട്.
പാട്ടിന്റെ പ്രസക്തി
കല്യാണത്തെ കുറിച്ചോ വിവാഹജീവിതത്തെ കുറിച്ചോ ഒന്നുമല്ല പാട്ടിൽ പ്രതിപാദിക്കുന്നത്. അവരുടെ ജീവിതചര്യയുടെ വ്യക്തമായ പ്രതിഫലനങ്ങൾ തന്നെയാണ് ഓരോ പാട്ടുകളും. എങ്ങനെയാണ് നമ്മൾ ഇവിടെ എത്തിയത്, നമ്മൾ ആരായിരുന്നു എന്നും സൂചനകൾ നൽകുന്ന ശുദ്ധമായ ചരിത്രാഖ്യായികകളാണ് ഓരോ പാട്ടുകൾ. ആഘോഷവേളകളിൽ ഒക്കെയും തങ്ങളിൽ അടങ്ങിയ ദുഃഖസാന്ദ്രമായ ഓർമ്മകളെ അയവിറക്കി ആടുകയും പാടുകയും ചെയ്യുന്ന രീതി പൊതുവേ നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ. ഓണവും വിഷുവും ഒക്കെ നമ്മൾ കാലാമേളകൾ കെട്ടിയാടി ആഘോഷിക്കുന്നതുപോലെ സമാനമായ രീതി തന്നെയാണിത് എന്നു കരുതാം. ഓരോ പാട്ടിനും ഓരോരോ രീതികളാണുള്ളത്. പാട്ടുമാറുമ്പോൾ തുടിതാളം മാറ്റി കൂട്ടാളികളെയത് ഓർമ്മപ്പെടുത്തുന്നുണ്ട്. ഓരോ പാട്ടും ഓരോരോ കഥകൾ തന്നെയാണു പറയുന്നത്. നമ്മൾ യഥാർത്ഥത്തിൽ ആരായിരുന്നു, ഇന്നാരാണ് എന്ന ഓർമ്മപ്പെടുത്തലാണ് പുതുജീവിതം തുടങ്ങുന്നവർക്കായി ഇവർ സമർപ്പിക്കുന്നതെന്നു പറയാം. വൈവിദ്യമാർന്ന പാട്ടുകൾ തുളുവിലും മലയാളത്തിലും ആയി ഇവർക്കു കൂട്ടിനുണ്ട്. ശുദ്ധമായ രീതിയിൽ പഠിക്കാനും വിശകലനം ചെയ്യാനും കഴിഞ്ഞിരുന്നെങ്കിൽ നമ്മുടെ ചരിത്രത്തിനു തന്നെ മുതൽക്കൂട്ടാവുന്ന കണ്ടെത്തലുകൾ ആവുമായിരുന്നു അത്..
ഇന്നത്തെ സ്ഥിതി
പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ മിക്കതും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞിരുന്നു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. കല്യാണസദസ്സുകളൊക്കെയും അടുത്തുള്ള ഓഡിറ്റോറിയങ്ങൾ കൈയ്യടക്കിയപ്പോൾ, പാട്ടിന്റേയും കളികളുടേയും കാലം കഴിഞ്ഞു പോയി എന്നു പറയാം. ക്ലബ്ബുകളും മറ്റു സാംസ്കാരിക കൂട്ടായ്മകളും മങ്ങലം കളിയെ വിവിധ സദസുകളിലേക്ക് എത്തിച്ചു. മങ്ങലംകളിയുടെ നൈർമല്യം നഷ്ടമായെങ്കിലും ഇന്നലകളുടെ ഓർമ്മപ്പെടുത്തലുകളായി അവ ഈ വഴിയെങ്കിലും നിലനിൽക്കുന്നുവെന്നു സമാധാനിക്കാനാവും.
തെയ്യം, ആലാമിക്കളി, മങ്ങലം കളി പോലുള്ള തനതുകലകൾ സ്റ്റേജുകളിൽ അവതരിപ്പിക്കാൻ പാടില്ലെന്നു പറഞ്ഞ് ഒരുകൂട്ടർ രംഗത്തുണ്ട്; കാലങ്ങൾക്കു മുമ്പേ നിർത്തിയ കളിയാണ് അലാമിക്കളി. ഹിന്ദുമുസ്ലീം സമുദായങ്ങൾ ഒന്നുചേർന്നു നടത്തുന്ന മനോഹരമായൊരു നാട്യവിശേഷമാണിത്. കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്ന സ്ഥലം തന്നെയാതിന്റെ കേന്ദ്രം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമ വിളിച്ചോതുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സംശുദ്ധമായ അനുഷ്ഠാനരൂപങ്ങളാണു തെയ്യങ്ങൾ. ഇവ സദസുകളിലും രാഷ്ട്രീയപാർട്ടികളുടെ റോഡുഷോകളിലും അരങ്ങേറിയാൽ ആ കലാരൂപങ്ങൾ വിളംബരം ചെയ്യുന്ന മൂർത്ത സങ്കല്പങ്ങൾക്കു കോട്ടം തട്ടുമെന്നതു സത്യം തന്നെയാണ്. കാലം മാറിവരുമ്പോൾ അതിനനുസരിച്ചു പുതുക്കപ്പെടുകയാണിവ ഓരോന്നും എന്നതും മനസ്സിലാക്കേണ്ടതുണ്ട്. മങ്ങലം കളികളും ആചാരത്തിന്റെ ഭാഗമായി ഇക്കാലത്തെ എവിടേയും നടക്കാറില്ല. നാട്ടുക്കൂട്ടങ്ങളുടെ കൂട്ടായ്മകളിൽ മാത്രമായിത് ഒതുങ്ങിയിരിക്കുന്നു.