Skip to main content

കാവേരിക്കുളം

kaverikkulam, കാസർഗോഡ്ഒരു ദിവസം കെ.എസ്.ഇ.ബി.യിൽ നിന്നും മൊബൈലിലേക്ക് മെസേജു വന്നു. നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ കരണ്ടുണ്ടാവില്ല. മാവുങ്കാൽ മുതൽ ഒടയഞ്ചാൽ വരെയോ മറ്റോ റോഡ് സൈഡിലുള്ള കാടും മരക്കൊമ്പും ഒക്കെ വെട്ടി വൃത്തിയാക്കുകയാണ് എന്നും മറ്റും പറഞ്ഞ്. നോർമ്മൽ സമയങ്ങളിൽ തന്നെ പലപ്പോഴും പവർക്കട്ടാണിവിടം. ലാപ്ടോപ്പിന്റെ പവർ ബാക്കപ്പ് പ്രകാരം പിടിച്ചു നിൽക്കുന്നു എന്നു മാത്രം. ഔദ്യോഗിമായി അവർ അറിയിച്ചതിനാൽ ഞാൻ ലീവെടുത്തു, രാജേഷിനേയും ഗണേശനേയും വിളിച്ച് കാവേരിക്കുളം മല കയറാൻ തീരുമാനിച്ചു. പക്ഷേ, സത്യത്തിൽ അന്നേ ദിവസം കരണ്ടു പോയതേ ഇല്ലായിരുന്നു. ഒരു ലീവ് മല കൊണ്ടുപോയി എന്നു മാത്രം.

മുമ്പ് വീടുണ്ടായിരുന്ന സ്ഥലത്തു നിന്നും അരമണിക്കൂർ കയറ്റം കയറിയാൽ എത്തുന്ന സ്ഥലമാണിത്. ഫോറസ്റ്റിലൂടെ അവിടെ എത്താനുള്ള വഴിയൊക്കെ മനഃപാഠമാണ്. കാവേരിക്കുളം ഈയടുത്ത കാലത്ത് പ്രതിസന്ധിയുടെ വക്കിലായിരുന്നു. മൂന്നുവർഷം മുമ്പ് അവിടെ കരിങ്കൽ ക്വാറി നടത്തുന്നവരിലെ പണിയാളർ എന്നെ അങ്ങോട്ടു പോകാൻ അനുവദിച്ചിരുന്നില്ല. നല്ല ക്യാമറയുമായുള്ള പോക്കിൽ അവർ എന്തോ പന്തികേടു മണത്തതാവണം കാരണം. എന്തായാലും നാട്ടുകാരുടെ കൂട്ടം ചേർന്നുള്ള സമരങ്ങളിൽ അവരിപ്പോൾ അല്പം സ്തംഭിച്ചിരിപ്പാണ്. കാട്ടിലൂടെ കേറിയാൽ ആരും പറയാൻ വരില്ലെന്ന ധൈര്യത്തിലായിരുന്നു പോയത്, മൊത്തം കാടു പിടിച്ചു കിടപ്പായിരുന്നു.

കാവേരിക്കുളം

കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ചക്കിട്ടടുക്കത്തിനടുത്ത് നരയർ മലയിൽ ഉള്ള ഒരു സ്ഥലമാണ്‌ കാവേരിക്കുളം. കൊടും വേനലിൽ പോലും ഉറവ വറ്റാത്ത ഒരു ചെറിയ കുളം ഉള്ളതിനാലാണ്‌ സ്ഥലത്തിന്‌ ആ പേരു ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന പ്രദേശമാണിത്. തൊട്ടടുത്തു തന്നെ മാലോം സം‌രക്ഷിതവനപ്രദേശമാണ്‌.

പശ്ചിമഘട്ടമലനിരയിൽ സ്ഥിതിചെയ്യുന്ന കാവേരിക്കുളത്തിന്‌ കർണാടകയിലെ ബാഗമണ്ഡലത്തുള്ള തലക്കാവേരിയുമായി ബന്ധമുണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. തലക്കാവേരി ക്ഷേത്രത്തിലെ ദേവി ആദ്യം കുടിയിരുന്നത് കാവേരിക്കുളത്തായിരുന്നുവെന്നും ഏതോ തർക്കത്തിനൊടുവിൽ സ്ഥലത്തെ പ്രധാന ആരാധനാമൂർത്തിയായ ശിവനുമായി പിണങ്ങി തലക്കാവേരിയിലേക്കു പോവുകയാണുണ്ടായതെന്നുമാണ്‌ ഐതിഹ്യം. സ്ഥലനാമങ്ങൾ തമ്മിലുള്ള സാമ്യത്തെ മുൻ‌നിർത്തി ഈ ഐതിഹ്യം രൂഢമൂലമാവുകയായിരുന്നു.

സമീപകാലത്തായി സ്വകാര്യമേഖലയിൽ ഉള്ളവർ കാവേരിക്കുളത്തിനു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ വൻതോതിൽ കരസ്ഥമാക്കി വമ്പിച്ച രീതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുവരുന്നുണ്ട്. ഇതോടൊപ്പം കരിങ്കൽ ഖനനം നല്ലരീതിയിൽ നടക്കുന്നതിനാൽ, പ്രകൃതിജന്യമായ ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തങ്ങളെ പ്രദേശവാസികൾ കൂട്ടുചേർന്ന് എതിരിക്കുന്നുണ്ട്. ഇപ്പോൾ ആകെ കാടുമൂടി വന്യമായ അവസ്ഥയിലാണുള്ളത്. ഒരുപക്ഷേ, പ്രദേശവാസികൾ വിജയിച്ചാൽ കരിങ്കൽ ക്വാറികൾ വരാതെ, കാവേരിക്കുളം സംരക്ഷിപ്പെടാനാണു സധ്യത.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights