Skip to main content

കാടെവിടെ മക്കളേ

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

3.3 4 votes
Article Rating
Subscribe
Notify of
guest

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Kannan Shanmugam
12 years ago

രാവിലെ മുതല്‍ അലമാര മറിച്ചിട്ടി ഞാനും സായിയും ഇത് തിരയുകയായിരുന്നു. അവന് പ്രസംഗത്തിനിടയില്‍ കേറ്റാന്‍ ഈ കവിത വേണത്രെ..നന്ദി രാജേഷ്……നന്ദി

sreejith
sreejith
8 years ago

രാജേഷ്‌ നിങ്ങളുടെ നിശബ്ദത വളരെ ശൂന്യത ഉണ്ടാക്കുന്നു പെട്ടെന്ന് തിരിച്ചു വരണം …ഒരിക്കൽ പോലും ഞാൻ നിങ്ങളെ കണ്ടിട്ടില്ല എങ്കിലും നിങ്ങൾ എന്നെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട് …നിങ്ങൾക്ക് സംഭവിച്ചത് ഞാൻ അറിഞ്ഞിരുന്നു ..ദൈവം എന്നെ പോലുള്ളവരുടെ പ്രാർഥന തള്ളി കളയില്ല എന്നാ വിശ്വാസം ഉള്ളതിനാൽ പറയുകയാണ് പെട്ടെന്ന് ഇങ്ങു വന്നേക്കണം കേട്ടോ


2
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights