വിക്കിപീഡിയയിൽ എഴുതുന്നതെങ്ങനെ ചിലരൊക്കെ ചോദിച്ചു തുടങ്ങിയിരിക്കുന്നു വിക്കിപീഡിയയിൽ എഴുതുന്നതെങ്ങനെയെന്ന്! വിക്കീപീഡിയയിൽ എന്തെങ്കിലുമൊക്കെ എഴുതണമെന്നുണ്ട്; എന്നാൽ എങ്ങനെ തുടങ്ങും, എന്തൊക്കെയാണതിന് വേണ്ടത്. എന്നിങ്ങനെ നൂറുകൂട്ടം സംശങ്ങൾ ഉള്ളിൽ വെച്ചു നടക്കുകയല്ലാതെ മിക്കവരും അത് ആരോടെങ്കിലും ചേദിക്കാൻ മെനക്കെടാറില്ല; എങ്കിലും ചിലരെങ്കിലും ചോദിച്ചു തുടങ്ങിയിരിക്കുന്നു. അവരുടെ പ്രശ്നം എവിടെ തുടങ്ങണം എന്നുള്ളതാണ് എന്നു തോന്നുന്നു, ഒരു ലേഖനം വിക്കിപീഡിയയിൽ എങ്ങനെ തിരുത്താം,എന്തെങ്കിലും മുൻകരുതലുകൾ എടുക്കേണ്ടതുണ്ടോ എന്നതിനെ പറ്റി ലഘുവായി ഇവിടെ വിശദീകരിക്കാം.
ആർക്കൊക്കെ വിക്കിപീഡിയയിൽ എഡിറ്റുചെയ്യാം:
വിക്കിപീഡിയയിൽ എഴുതാൻ പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ സർട്ടിഫിക്കേറ്റോ ഒന്നുംതന്നെ ആവശ്യമില്ല. ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്ന ആർക്കും പങ്കാളികളാകാവുന്ന ഒരു വിജ്ഞാനകോശമാണു വിക്കിപീഡിയ. വിക്കിപീഡിയ ഏകദേശം 285 ഓളം ഭാഷകളിൽ ഉണ്ട്. ഏറ്റവും വലുത് ഇംഗ്ലീഷ് ഭാഷയിലുള്ള വിക്കിപീഡിയ ആണ്. അപ്പോൾ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം അതുമല്ലെങ്കിൽ മറ്റു ഭാഷകൾ എഴുതാനും വായിക്കാനും അറിയുക എന്ന യോഗ്യതമാത്രമേ വിക്കിപീഡിയ എന്ന വിശ്വവിജ്ഞാനകോശത്തിന്റെ രചനയിൽ പങ്കാളികളാവാൻ ആവശ്യമുള്ളൂ.
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വീട്ടമ്മമാർക്കും പ്രൈവറ്റ്/ഗവ: ഉദ്യോഗസ്ഥർക്കും ആർക്കും ഇതിൽ പങ്കാളികളാവാം. എഴുതുന്നത് എന്തിനേക്കുറിച്ചുമാവാം. പഠിക്കുന്ന കാര്യത്തെക്കുറിച്ചോ, ചെയ്യുന്ന ജോലിയെക്കുറിച്ചോ, പാചകം ചെയ്യുന്ന വിഭവത്തെക്കുറിച്ചോ, പുതിയതായി കണ്ട സിനിമയെ കുറിച്ചോ നമ്മുടെ പഞ്ചായത്തിനെ പറ്റിയോ, നാടിനെ പറ്റിയോ, അവിടെ മാത്രമുള്ള കലാ രൂപങ്ങളെ പറ്റിയോ, ആചാരങ്ങളെ പറ്റിയോ എന്തുമാവാം വിഷയം. ഇനി ഒന്നും തന്നെ എഴുതാനില്ലെങ്കിൽ വിക്കിപീഡീയയിൽ ആരെങ്കിലും എഴുതിവെച്ചിരിക്കുന്ന കാര്യം വായിച്ചുനോക്കിയിട്ട് അതിലെ തെറ്റുകൾ തിരുത്തുകയും ആവാം. ഓർക്കുക, നിങ്ങൾ എന്തൊക്കെ അവിടെ ചെയ്യുന്നുണ്ടോ അതൊക്കെ നിങ്ങളുടെ പേരിൽ തന്നെ സേവ് ചെയ്തു വെയ്ക്കുന്നുണ്ട്; നിങ്ങൾ ഒരു ചരിത്രത്തിന്റെ ഭാഗമാവുന്നുണ്ട്!!
എന്താണ് ആദ്യ നടപടി?
ആദ്യം വേണ്ടത് വിക്കിപീഡിയയിൽ അംഗത്വമെടുക്കുക എന്നുള്ളതാണ്.ഏതെങ്കിലും ഒരു വിക്കിപീഡിയയിൽ അംഗത്വമെടുത്താൽ ആ യൂസർ ഐഡിയും പാസ്‌വേർഡും വെച്ച് നമുക്ക് എല്ലാ വിക്കിപീഡിയയിലും ലോഗിൻ ചെയ്തു കയറാവുന്നതാണ്. മുകളിൽ പറഞ്ഞു 285 ഓളം വിക്കിപീഡിയകൾ ഉണ്ടെന്ന്. കൂടാതെ വിക്കിഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കിചൊല്ലുകൾ എന്നുതുടങ്ങി വിക്കിപീഡിയയുടെ സഹോദരസംരംഭങ്ങളും നിരവധിയുണ്ട്. എല്ലായിടത്തും നമുക്ക് ഈ ഒരു യൂസർ ഐഡി മതി. ഇടയ്ക്ക് ഒരു കാര്യം പറയട്ടെ – ഞാനിവിടെ വിശദീകരിക്കുന്നത് മലയാളം വിക്കിപീഡിയയെ അടിസ്ഥാനമാക്കിയാണ്; ഇവിടെ പറയുന്ന കാര്യങ്ങൾ എല്ലാ വിക്കിപീഡിയകൾക്കും ബാധകവുമാണ്. അതുകൊണ്ട് ഇംഗ്ലീഷ് വിക്കിപീഡിയ എടുത്താലും ഇതൊക്കെ തന്നെയാണു ചെയ്യേണ്ടത് –
ഒരു ഉപയോക്തൃനാമം വേണം
യൂസർ ഐഡി ഉണ്ടാക്കാൻ സന്ദർശിക്കുക. ഈ ലിങ്ക് തുറക്കാൻ ബുദ്ധിമുട്ട് വരികയാണെങ്കിൽ വിക്കിപീഡിയയിൽ പോയിട്ട് വലതുവശത്ത് ഏറ്റവും മുകളിലായി കാണുന്ന അംഗത്വമെടുക്കുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഫെയ്സ്‌ബുക്ക്, ഗൂഗിൾ പ്ലസ്, ട്വിറ്റർ എന്നുതുടങ്ങി നിരവധിയായിട്ടുള്ള സോഷ്യൽ നെറ്റുവർക്കുകളിൽ കറങ്ങുന്ന നിങ്ങൾക്ക് ഈ രജിഷ്ട്രേഷൻ ഫോം വളരെ പെട്ടന്ന് പൂരിപ്പിക്കാനാവും. ഒരു യൂസർ ഐഡിയും, പാസ്‌വേർഡും,ഈമെയിൽ ഐഡിയും മാത്രമേ ചോദിക്കുന്നുള്ളൂ. നിങ്ങളുടെ മെയിൽ ഐഡിക്കായി ഉപയോഗിച്ചിരിക്കുന്ന പേരും പാസ്‌വേർഡും തന്നെ ഇവിടേയും കൊടുത്താൽ മതി.
വിക്കിപീഡിയയിൽ തിരുത്തിത്തുടങ്ങാം
വിക്കിപീഡിയയിൽ എഡിറ്റിങ് പല രീതിയിൽ ഉണ്ട്. ഒന്ന്, പുതിയ ലേഖനം ആരംഭിച്ചുകൊണ്ടാവാമത്, അല്ലെങ്കിൽ വിക്കിയിൽ ഇപ്പോൾ ഉള്ള ലേഖനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി അവ തിരുത്തിക്കൊണ്ടുമാവാം. നമുക്കാദ്യം ഒരു ലേഖനം തുടങ്ങി നോക്കാം. പൂച്ച എന്ന ലേഖനമാണ് എനിക്ക് തുടങ്ങേണ്ടത്. അപ്പോൾ പൂച്ച എന്ന ലേഖനം വിക്കിയിൽ ഉണ്ടെങ്കിലോ? അതുണ്ടോ എന്നു നോക്കലാവാം ആദ്യം. വീണ്ടും ഇടയ്ക്ക് കേറി പറയട്ടെ; മലയാളം ടൈപ്പിങ് ഉപകരണം നാരായം എന്ന പേരിൽ വിക്കിപീഡിയയിൽ പിടിപ്പിച്ചിട്ടുണ്ട്. ഏറ്റവും മുകളിൽ എഴുത്തുപകരണം എന്ന പേരിൽ അതു കാണാം. മംഗ്ലീഷ് ടൈപ്പിങും, പരമ്പരാഗത ഇൻസ്ക്രിപ്റ്റ് ടൈപ്പിങും ഇതിലുണ്ട്. ചിത്രം കാണുക. നിങ്ങൾക്ക് അറിയുന്ന വിധം അവിടെ നിന്നും തെരങ്ങെടുക്കുക. (രണ്ടും അറിയില്ലെങ്കിൽ സഹായിക്കാൻ ഞങ്ങൾ ഒത്തിരിപ്പേരുണ്ട് – ധൈര്യമായി പറയുക).
അപ്പോൾ പൂച്ച വിക്കിപീഡിയയിൽ ഉണ്ടോ എന്നു നോക്കണം. നമ്മുടെ യൂസർ ഐഡി വെച്ച് വിക്കിപീഡിയയിൽ കയറിയ ശേഷം വലതു വശത്ത് മുകളിലുള്ള തിരയുക എന്ന ബോക്സിൽ പൂച്ച (മലയാളം ടൈപ്പിങ് തീരെ വശമില്ലെങ്കിൽ cat എന്ന് ഇംഗ്ലീഷിൽ തന്നെ ടൈപ്പ് ചെയ്തോളൂ) എന്നു ടൈപ്പ് ചെയ്തിട്ട് എന്റർ അടിക്കുക. പൂച്ചയെ പറ്റി വിക്കിപീഡിയയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവയിപ്പോൾ വന്നിരിക്കും. വന്നു!! പൂച്ചയെ പറ്റി ലേഖനം വിക്കിപീഡിയയിൽ ഉണ്ട്. ഇവിടെ നമുക്ക് ചെയ്യാവുന്നത് ഇതു വായിച്ചു നോക്കിയിട്ട് എന്തെങ്കിലും കൂടുതലായി കൂട്ടിച്ചേർക്കാനുണ്ടോ, അക്ഷരത്തെറ്റുകൾ ഉണ്ടോ എന്നൊക്കെ നോക്കുക മാത്രമാണ്. എവിടെയെങ്കിലും അക്ഷരത്തെറ്റു കണ്ടെങ്കിൽ ആ ഒരു ബ്ലോക്കിന്റെ തലക്കെട്ടിനു നേരെ വലതു വശത്ത് [തിരുത്തുക] എന്ന ലിങ്ക് കാണും. ധൈര്യപൂർവം അതു ക്ലിക്ക് ചെയ്തിട്ട് നോക്കുക. ഒരു എഡിറ്റർ തുറന്നുവരും. അതിൽ നമ്മൾ നേരത്തെ കണ്ടതിൽ നിന്നും വ്യത്യസ്തമായി ചില അധികകാര്യങ്ങൾ കാണാം. =, [[, #, *, ”’, ഇത്തരം ചില സിമ്പലൊക്കെയുള്ള സംഗതികൾ. അതൊക്കെ വിക്കിയുടെ ഫോർമാറ്റിങ് സംഗതികളാണ്. പതിയെ പഠിക്കാം. വിട്ടേക്ക്. ലിങ്ക് കൊടുക്കുക, ഹെഡിങ്പോലെ കടുപ്പിച്ചെഴുതുക, ലിസ്റ്റുപോലെ താഴെത്താഴെ എഴുതുക തുടങ്ങിയുള്ള ഫോർമാറ്റിങ് ഒക്കെയാണവയിൽ പലതും. നമുക്കിപ്പോൾ അതൊന്നും മാറ്റേണ്ടതില്ല. എന്തെങ്കിലും ഒരു ലൈൻ, വാക്ക്, കുത്ത്, കോമ ഇവ ഇട്ടശേഷം താഴേക്ക് സ്ക്രോൾ ചെയ്തു വരിക. അവിടെ താൾ സേവ് ചെയ്യുക, എങ്ങനെയുണ്ടെന്നു കാണുക എന്നു തുടങ്ങി ചില ബട്ടൻസ് കാണും. നിങ്ങൾ ചെയ്ത മാറ്റം എങ്ങനെയുണ്ട് എന്നു കാണാനായി താൾ സേവ് ചെയ്യും മുമ്പ് രണ്ടാമത്തെ ബട്ടനായ എങ്ങനെയുണ്ടെന്നു കാണുക ക്ലിക്ക് ചെയ്തിട്ട് നോക്കാവുന്നതാണ്. സേവ് ചെയ്തശേഷം എങ്ങനെയിരിക്കും എന്ന് നിങ്ങൾക്ക് മുൻകൂർ കാണാവുന്നതാണ്. കുഴപ്പമൊന്നുമില്ലെങ്കിൽ അങ്ങ് സേവ് ചെയ്തേക്കണം.
സെറ്റിങ്സ്
ഇപ്പോൾ നമ്മൾ വിക്കിപീഡിയയിൽ ആദ്യമായി ഒരു തിരുത്തൽ മരുത്തിക്കഴിഞ്ഞു. ഇത് നിങ്ങളുടെ യൂസർ പേജിൽ നിങ്ങളുടെ സംഭാവനയായി കരുതിവെച്ചിട്ടുണ്ട്. ഏറ്റവും മുകളിൽ കാണുന്ന ക്രമീകരണങ്ങളിൽ അവയുടെ കൗണ്ട് രേഖപ്പെടുത്തിയിരിക്കും. നിങ്ങളുടെ വിക്കിപേജിന്റെ സെറ്റിങ്സാണവിടെ. അതുക്ലിക്ക് ചെയ്തിട്ട് ഒന്ന് ഓടിച്ചുനോക്കിയിട്ട് തിരിച്ചുവരിക. അതിനു സമീപം കാണുന്ന ശ്രദ്ധിക്കുന്നവ, സംഭാവനകൾ എന്നിവയിൽ കൂടി പോയി നോക്കുക. നിങ്ങൾ വിക്കിപീഡിയയിൽ സംഭാവനചെയ്യുന്നതിനനുസരിച്ച് അതിലുള്ള കാര്യങ്ങൾക്കും മാറ്റം വരുന്നതുകാണാം.
പൂച്ച എന്ന ലേഖനം തുടങ്ങാനാണു നമ്മൾ പോയത്. ഏതോ യൂസർ അതിനെ പറ്റി ഒട്ടേറെ കാര്യങ്ങൾ എഴുതി വെച്ചിട്ടുണ്ട്! ആരായിരിക്കും ഇത്രയും കാര്യങ്ങൾ എഴുവെച്ചിരിക്കുക? നമുക്കതെങ്ങനെ അറിയാൻ പറ്റും? വീണ്ടും പൂച്ച എന്ന ലേഖനം വിക്കിപീഡിയയിൽ ഓപ്പൺ ചെയ്യുക. ഇപ്പോൾ സേർച്ച് ബോസിന്റെ സമീപത്തായി മൂന്നു ലിങ്കുകൾ കാണാം. അതിൽ വായിക്കുക എന്നത് ഓപ്പണായിട്ടുണ്ട്. തൊട്ടടുത്ത് തിരുത്തുക എന്ന ലിങ്കും കാണാം. ലേഖനം മൊത്തത്തിൽ തിരുത്താനാണ് ഈ ലിങ്ക് ഉപയോഗിക്കുന്നത്, താഴെ ഓരോ ഹെഡീങിന്റെ വലതുഭാഗത്തും തിരുത്തുക എന്ന ലിങ്കുണ്ട്. ബ്ലോക്കുകളായി തിരുത്താൻ അത് ഉപയോഗിക്കാം, അതിനപ്പുറത്തുള്ള നാൾവഴി കാണുക എന്ന ലിങ്ക് ക്ലിക്ക് ചെയ്തു നോക്കുക!! പൂച്ച എന്ന ലേഖനം തുടങ്ങിയ അന്നുമുതൽ ഇന്നുവരെ ആ ലേഖനത്തിൽ ആരൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ട് എന്നതിന്റെ ഡീറ്റൈൽസ് നൂറുകണക്കിനു ലിങ്കുകളായി കൊടുത്തിരുക്കുന്നതുകാണാം. താഴെയുള്ള 500 എന്ന നമ്പറിൽ ക്ലിക്ക് ചെയ്തു നോക്കൂ..! എന്നിട്ട് താഴേക്ക് സ്ക്രോൾ ചെയ്യൂ.. ജിഗേഷ് എന്ന വിക്കിപീഡിയ ഉപയോക്താവ് 2007 ജൂൺ 20 ആം തീയതി വൈകുന്നേരം 4:31 നു തുടങ്ങിയതാണ് ആ ലേഖനം എന്നു കാണാം ശേഷം ഒട്ടേറെപ്പേർ അതിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ട്.
100 % മനസ്സിലാക്കിയിരിക്കനുള്ളത് ..
ഈ ശ്രമത്തെ അഭിനന്ദിക്കുന്നു …
നന്നായി, നന്ദി