രാമൻ, രാമൻ നായരായ കഥ ഒരു കാലഘട്ടത്തിന്റെ കൂടി കഥയാണ്. സഖാവ് അമ്പുവിന്റെ മകനാണ് രാമൻ. സഖാവ് അമ്പു അക്കാലത്തെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആദ്യകാല മുൻനിര നേതാക്കളിൽ ചിലരെങ്കിലും സഖാവ് അമ്പുവിന്റെ ആഥിധേയത്വം സ്വീകരിച്ചെത്തിയിട്ടുണ്ട്. നാട്ടിലെ ഏതൊരു പ്രശ്നപരിഹാരത്തിനും രാഷ്ട്രീയഭേദമന്യേ ആളുകൾ സമീപിക്കുന്നത് സഖാവ് അമ്പുവിനെയായിരുന്നു. സംഘചേതന വായനശാലയ്ക്ക് വേണ്ടി സ്വന്തം പുരയിടത്തിൽ നിന്നും റോഡിനോടു ചേർന്നു നിൽക്കുന്ന 10 സെന്റ് സ്ഥലം ഇഷ്ടദാനം കൊടുത്തയാളാണ് സഖാവ് അമ്പു. പക്ഷേ, സഖാവ് അമ്പു ഇന്നില്ല; ഏറെ വർഷങ്ങൾക്കു മുമ്പേ മരിച്ചു പോയി. നാടിലെ ആ പൊട്ടിപ്പൊളിഞ്ഞ ബസ്സ് വെയ്റ്റിങ്ങ് ഷെഡിലെ പൂപ്പലും പായലും ഒക്കെ ചുരണ്ടിക്കളഞ്ഞാൽ സ: അമ്പു മെമ്മോറിയൽ ബസ് വെയ്റ്റിങ് ഷെഡ് എന്നത് ഒരുപക്ഷേ ഇപ്പോഴും തെളിഞ്ഞു വന്നേക്കാം. തന്റെ വിശ്വാസ സംഹിതയിൽ പാറപോലെ ഉറച്ചു നിന്ന നല്ലൊരു വ്യക്തിത്വമായിരുന്നു സഖാവ് അമ്പു. അല്പം വൈകി വിവാഹിതനായെങ്കിലും 4 മക്കളുടെ അച്ഛനാണ് സഖാവ് അമ്പു; അതിൽ ഇളയവനാണ് നമ്മുടെ കഥാ നായകൻ – സ: രാമൻ അല്ല രാമൻ നായർ!
സഖാവ് അമ്പുവിന്റെ മേൽവിലാസത്തിൽ യുവജനപ്രസ്ഥാനങ്ങളിലൂടെ ചുവടുറപ്പിച്ച് മകൻ രാമൻ പ്രസ്ഥാനത്തിൽ വിരിഞ്ഞുണർന്നു! അമ്പുവിന്റെ ധാർഷ്ട്യം ഇല്ലെങ്കിലും ചെറുപ്പക്കാരുടെ പ്രിയപ്പെട്ട രാമേട്ടന് എന്നും പഥ്യം പ്രാക്ടിക്കൽ കമ്മ്യൂണിസം ആണെന്ന് ചിലരെങ്കിലും പണ്ടു മുതലേ പതം പറഞ്ഞുവന്നിരുന്നു. രാമേട്ടനത് കണ്ടില്ലെന്ന് നടിക്കും മാത്രമല്ല ടിക്കോനോവിനേയും ഗോർബച്ചേവിനേയും ഒക്കെ ഉദാഹരിച്ച് രാമേട്ടൻ ഒരു കലക്ക് കലക്കും – അതോടെ പറഞ്ഞവരുടെ ചൊറിച്ചിൽ തീരും! എങ്കിലും രാമേട്ടന്റെ പോക്കിൽ സഖാക്കൾ തന്നെ ആശങ്കാകുലരായിരുന്നു എന്നു വേണം കരുതാൻ.
വാർഡ് മെമ്പറായി പലവട്ടം മത്സരിച്ച് ജയിച്ച രാമൻ റോഡ് ടാറിങ് കോട്രാക്റ്റിൽ അട്ടിമറി കാണിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു എന്നൊരു അപശ്രുതി നാട്ടിൽ പാട്ടായി. നായർ സർവീസ് സൊസൈറ്റിയിൽ അക്കാലത്താണ് രാമേട്ടന് പ്രകടമായ താല്പര്യം ജനിച്ചത്. കൂട്ടുകെട്ടിൽ പലരും നായർ തറവാടികളായി. എൽ. സി. മീറ്റിങ്ങുകളിൽ അംഗങ്ങളുടെ മുന്നിൽ രാമൻ ചോദ്യങ്ങൾക്കു മുന്നേ ഉത്തരങ്ങൾ നിരത്തി; നാട്ടിലെ ഇതര സാമൂഹ്യസാംസ്കാരിക സംഘടനകളിലെ ഓരോ ചലനവും നമ്മൾ അറിഞ്ഞിരിക്കണം! എല്ലാവർക്കും അതു സ്വീകാര്യമായി തോന്നി!! എന്നാലും കരയോഗം ഓഫീസ്സു കെട്ടാൻ സ്ഥലം ചോദിച്ചു വന്ന പ്രമാണിമാരെ ആട്ടിപ്പുറത്താക്കി ചെറുപ്പകാർക്ക് വായനശാല തുറന്നുകൊടുത്ത സഖാവ് അമ്പുവേട്ടന്റെ മകൻ ഇത് ചെയ്യരുതായിരുന്നു എന്ന് ചില കുലംകുത്തികൾ അപവാദം പറഞ്ഞു പരത്തിത്തുടങ്ങി.
രാമന്റെ മൂത്ത മകൻ ദൂരെ എവിടെയോ പഠിക്കുകയാണ്. അവൻ പ്രാഥമികവിദ്യാഭാസത്തിന്റെ ആദ്യവർഷങ്ങളിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ പിന്നീട് ആർക്കും അവനെ പറ്റി അത്ര വിവരമില്ല. ആദ്യമൊക്കെ അവനു ട്യൂഷനെടുക്കാൻ പോയ ദാമോദരൻ മണിയാണിയുടെ മകൾ ഗായത്രി ഒരു സുപ്രഭാതത്തിൽ ആ പരിപാടി അങ്ങോട്ട് ഔപചാരികമായി നിർത്തിവെച്ചു. അയൽപക്കത്തെ ജാനകിയേട്ടി ചോദിച്ചപ്പോൾ +2-നല്ലേ ഏട്ടീ പഠിക്കുന്നത്, റൊക്കോർഡ് വർക്കെന്നെ ഇണ്ട് അഞ്ചെണ്ണം; സമയം തേയുന്നില്ലാന്നും പറഞ്ഞവൾ തന്റെ ആവലാതി നിരത്തും. ദാമോദരൻ മണിയാണി പലവട്ടം പറഞ്ഞെങ്കിലും ഗായത്രി പോകാൻ കൂട്ടാക്കിയില്ല; ഒരിക്കൽ ദാമോദരൻ മണിയാണിയുടെ ഭാര്യ അതായത് ഗായത്രിയുടെ അമ്മ മുറ്റത്ത് കാർക്കിച്ചു തുപ്പി ദാമോദരൻ മണിയാണിയുടെ മുഖത്തു നോക്കി നാലു വർത്തമാനം പറഞ്ഞപ്പോൾ അയാളതു നിർത്തി! വൈകുന്നേരങ്ങളിൽ കടത്തിണ്ണയിൽ ബെഞ്ചിലിരുന്നു നാട്ടുവർത്തമാനങ്ങൾ പറയുമ്പോൾ രാമനാണു വിഷയമെങ്കിൽ ദാമോദരൻ മണിയാണി ടാറിട്ട റോട്ടിലേക്ക് കാർക്കിച്ചു ഒരു തുപ്പു തുപ്പും. എന്നിട്ട് എണീറ്റ് ഒറ്റ നടത്തം നടക്കും.
രാമേട്ടൻ എപ്പോഴും ഒരു സ്റ്റാന്റ് കരുതിവെയ്ക്കും എന്നു യുവജനപ്രസ്ഥാനക്കാരായ ചിലർ പറഞ്ഞു തുടങ്ങി. ഗുരുവായൂരിൽ കുടുംബസമേതം തൊഴാൻ പോയി വന്നപ്പോൾ ബ്രാഞ്ച് മീറ്റിങ്ങിൽ അതേതോ ഒരുത്തൻ എടുത്തിട്ടു. ഞാനന്നും ഇന്നും കമ്മ്യൂണിസ്റ്റെന്നെ.. അതില് സഖാക്കൾക്ക് തമിശ്യം ബേണ്ട… പക്ഷേങ്കി, എന്റോളങ്ങനെയല്ല, ഓളൊരാഗ്രഹം പറഞ്ഞു; പോയി.. അത്രേല്ലു, അതിപ്പം ഇങ്ങനെ പ്രെശ്നാക്കേണ്ട കാര്യോല്ലാന്ന്… ഞാനാടപോയിറ്റ് തൊവ്വോ പിടിക്ക്വോ ഒന്നും ചെയ്തിറ്റാ… ഓളും ഒരു വ്യക്തിയല്ലേ!! ഓക്കൊരു വ്യക്തിത്വോല്ലേ… ഞാൻ കമ്മ്യൂണിസ്റ്റാന്നു പറഞ്ഞിറ്റ് ഓള അത് അടിച്ചേൽപ്പിക്കാൻ പറ്റ്വാ!! നിങ്ങ മംങ്ങലം കൈക്ക്… ഞാനപ്പം പറയാ… വ്യക്തി സ്വാതന്ത്ര്യത്തിലും കുടുംബത്തിലെ പങ്കാളിക്കുള്ള സമപങ്കാളിത്തത്തെപറ്റിയും വാചാലനായി രാമൻ തകർത്തു. ഇളയ കുഞ്ഞ് അശ്വതിയുടെ ചോറുണിന് പറശ്ശിനിക്കടവ് പോയപ്പോഴും രാമൻ ഇതേ ന്യായങ്ങൾ പാടി നടന്നത് അല്പം അരോചകമായെങ്കിലും ആരും എതിരു പറഞ്ഞില്ല.
എ. കെ. ജിയുടേയും കൃഷ്ണപ്പിള്ളയുടേയും ഇ.എം.എസ്സിന്റേയും ഒക്കെ ചില്ലിട്ട് ഫ്രെം ചെയ്തെടുത്ത ഫോട്ടോകൾ പൂമുഖത്ത് തൂക്കിയിട്ട വീടുകൾ ഇക്കാലത്ത് കുറവാണ്. അതിലൊന്നാണ് രാമന്റേത്. സ: അമ്പു പണ്ട് തൂക്കിയതാണവ. മറ്റൊരു ചിത്രം സ: അമ്പു സ: നായനാരുമായി വായനശാല ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ്. രാമന്റെ സഹോദരങ്ങളൊക്കെ അവരവർക്ക് കിട്ടിയ സ്ഥലത്ത് വീടുവെച്ച് മാറിത്താമസിച്ചു. കുടുംബസ്വത്തായ വീട് ഇളയമകനായ രാമനിൽ എത്തിച്ചേർന്നു. വയസായ അമ്മയെ നോക്കണം എന്ന ഒരു കടമ മാത്രമേ ഉള്ളൂ. അത് രാമന്റെ ഭാര്യ സരോജിനി കൃത്യമായി ചെയ്യുന്നുണ്ട്. തന്റെ വീടൊന്നു പുതുക്കി പണിയണം എന്ന് രാമന് മോഹം. ഇടയ്ക്ക് മകൻ വിശാൽ വന്നപ്പോൾ അച്ഛനെ കുറേ ഉപദേശിച്ചത്രേ. അവൻ ഫ്രീക്കാണ്. ജീൻസും ഗ്ലാസും വെച്ച് അവൻ ബൈക്കിൽ വന്നു നിൽക്കുന്നതു തന്നെ ഹിന്ദി സിനിമാ സ്റ്റൈലിൽ ആണ്. അനല്പമായ തലയെടുപ്പോടെ തികഞ്ഞൊരു അഭിമാനത്തോടെ രാമനത് നോക്കി നിൽക്കും. കൂട്ടുകാരൊക്കെ ഇങ്ങോട്ട് വരാൻ നിൽക്ക്‌ന്ന്‌ണ്ട്. അവരിക്ക് ബേക്കലം കോട്ട കാണണംന്ന്ണ്ട്. ഞാനെങ്ങനെ അവര ഈ ബീട്ടിലേക്ക് കൊണ്ടരല്. ഇതൊന്നു പൊളിച്ച് കളഞ്ഞ് പുത്യത് കെട്ടിക്കൂടേ നിങ്ങക്ക്… ഞാനെല്ലാരെടത്തം പോയതല്ലേ… ഇതാണവന്റെ പരാതി.
രാമനും ചിന്തിച്ചു. പഴയ ഓടിട്ട വീട്. മരങ്ങൾ ഒക്കെ കാരിരുമ്പുപോലെ ബലമുള്ളതു തന്നെ. എന്നാലും പൊളിക്കണം. കാര്യങ്ങൾ ഉടനടി നീങ്ങി. രാമൻ നാട്ടിലെ പുത്തൻ പണക്കാരുടെ കൂട്ടാളിയാണ്. പാർട്ടിയിലെ ഒരു സ്ട്രോങ് ആക്റ്റിവിസ്റ്റെന്ന നിലയിൽ അവരും രാമന്റെ കൂട്ട് ഇഷ്ടപ്പെട്ടു. ഇടക്കവർ ഒരു വീട്ടിൽ കൂടും, ചിലപ്പോൾ കൊടൈക്കനാലിനോ ബാഗമണ്ഡലത്തേക്കോ ഗോവയ്ക്കോ ഒരു പോക്കുണ്ട്. എന്തൊക്കെയോ ആ വകയിലും ഇടപാടുണ്ടെന്ന് ചിലർ പറയുന്നു.
വൈകുന്നേരം വായനശാല കേന്ദ്രീകരിച്ച് ചെറുപ്പക്കാർ വോളീബോൾ കളിക്കുന്ന ഒരു വയലുണ്ട്. ആ വയലിൽ കാര്യമായ വിളവെടുപ്പൊന്നും നടത്താറില്ല. ആ സ്ഥലം വായനശാലയോട് കൂട്ടിച്ചേർത്താൽ നല്ലൊരു ഗ്രൗണ്ട് വായനശാലയ്ക്ക് സ്വന്തമായി കിട്ടുമെന്ന ഗുണമുണ്ട്. ഇതിന്റെ കാര്യങ്ങൾ ഏറ്റെടുത്തത് രാമനായിരുന്നു. ഇതിന്റെ ധനസമാഹരണാർത്ഥം ടിക്കറ്റ് വെച്ച് ഒരു ജില്ലാതല വോളിബോൾ മത്സരം സംഘടിപ്പിച്ചു, വിദേശമലയാളികൾ വൻ തുക വാഗ്ദാനം ചെയ്തു, വിപുലമായ ബക്കറ്റ് പിരിവ് സംഘടിപ്പിച്ചു… അങ്ങനെയങ്ങനെ കാര്യമായ പ്രവർത്തനം തന്നെ രാമൻ അതിൽ കാഴ്ചവെച്ചു. വിദേശ മലയാളികളുടെ തുക സ്വീകരിക്കുന്നതിനായി ഒരുമാസ വിസിറ്റിങിൽ രാമൻ വിദേശരാജ്യങ്ങൾ ചുറ്റിയടിച്ചു വന്നു. ഗ്രൗണ്ടിന്റെ പണി തീർന്നതോടു കൂടി രാമൻ ഒരു വൻ രണ്ടുനില ബംഗ്ലാവ് തന്നെ പടുത്തുയർത്തി. മെമ്പർ എന്ന നിലനിലയിൽ പല കോട്രാക്റ്റർമാരിൽ നിന്നും നല്ലൊരു തുക കൈപ്പറ്റി വന്നിരുന്നു എന്ന വാർത്തയ്ക്ക് ഈ വീടിന്റെ പണി വൻ പ്രചാരമാണു കൊടുത്തത്. എന്തായാലും ഒന്നിനും തെളിവില്ലാത്തതിനാലും പാരമ്പര്യ സ്വത്ത് വേണ്ടുവോളം ഉള്ളതിനാലും അസൂയക്കാരുടെ ജല്പനങ്ങളെ മറ്റു സഖാക്കൾ തള്ളിക്കളഞ്ഞു.
പക്ഷേ, അപ്പോഴും ഒരു കല്ലുകടിയായി നിന്നത് 101 കൊട്ടതേങ്ങ കൊണ്ട് കുടികൂടലിന്റെ അന്നു അതിരാവിലെ കഴിപ്പിച്ച ആ ഗണപതി ഹോമമാണ്. ചോദ്യങ്ങളെ നേരിടാൻ രാമൻ സദാ സന്നദ്ധനായിരുന്നു എന്നു വേണം കരുതാൻ. ആരു ചോദിച്ചാലും ഗണപതി ഹോമത്തിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് രാമൻ വാചാലനാവും. വീടിന്റെ പല മൂലകളിലായി വിവിധ വിഷപ്രാണികൾ കൂടു കൂട്ടിയിരിക്കും, ഇവ രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോഴും മറ്റും പാത്രത്തിൽ വന്നു വീഴാൻ സാധ്യതയുണ്ട്. ഇത്തരം പ്രാണികളെ ഓടിക്കാൻ വളരെ നല്ല വിദ്യയാണു ഗണപതി ഹോമം എന്നത്. പുക വീടിന്റെ മുക്കിലും മൂലയിലും ഇടതടവില്ലാതെ എത്തും. പ്രാണികൾ നിൽക്കക്കള്ളിയില്ലാതെ വീടു വിട്ടിറങ്ങിപ്പോകും. അതറിയാവുന്നതു കൊണ്ടാണ് ഞാൻ 101 തേങ്ങയുടെ തന്നെ ഗണപതി ഹോമം കൊടുത്തത്! ക്രിസ്ത്യാനി സഖാക്കളോട് നിങ്ങൾ വീട് വെഞ്ചരിക്കാറില്ലേ എന്ന് മറുചോദ്യവും ചോദിച്ചു കളഞ്ഞു സഖാവ് രാമൻ! പിന്നെ ദക്ഷിണ! അതാരാണെങ്കിലും കൊടുക്കേണ്ടതല്ലേ. പണിയെടുത്താൽ കൃത്യമായി കൂലി കൊടുക്കുക എന്നത് നമ്മുടെ പോളീസിയുടെ ഭാഗമല്ലേ! അതേ താനും ചെയ്തുള്ളൂ, അല്ലെങ്കിൽ തന്നെ 5 ബ്രാഹ്മണർ രാവിലെ നാലരയ്ക്ക് ഇവിടേക്ക് വന്നില്ലേ! ബ്രാഹ്മണരുടെ ഉപദേശ പ്രകാരം വലിയൊരു ലക്ഷ്മി വിളക്ക് രാമൻ വീടിനകത്ത് തൂക്കിയിട്ടു. എന്നും രാവിലെയും വൈകുന്നേരവും കുളിച്ചുവന്ന് അതിൽ വിളക്കു കൊളുത്തുക എന്നത് ഭാര്യയുടെ ഒരു അധിക ജോലിയായി.
രാമന്റെ ചെയ്തികൾക്കൊക്കെ ഓരോ ന്യായീകരണങ്ങൾ ഉണ്ട്. പാർട്ടിയുടെ ചില തെറ്റായ നയങ്ങളെയൊക്കെ രാമൻ കടത്തിണ്ണയിൽ ഇരുന്നു ഘോരമായിമായിത്തന്നെ ഖണ്ഡിച്ചു കളയും… പിന്നീടാരെങ്കിലും എന്തെങ്കിലും അതേ പറ്റി പറഞ്ഞാൽ രാമൻ തുടങ്ങുന്നതു തന്നെ ഇങ്ങനെയായിരിക്കും: ഞാനത് അന്നേ പറഞ്ഞതല്ലേ! നിങ്ങ ആ വടക്കുപ്രത്തെ ഗോപിയോട് ചോയിക്ക്, ഓനിണ്ടായിന് അപ്പോ ഈട… പാർട്ടിയിലിപ്പോ പണ്ടത്തെ പോലെയല്ല; ഈ വി എസ്സ്‌ണ്ടല്ല മഹാ കള്ളനാന്ന്… ഇന്ന് ചാവും നാള ചാവുംന്നു വിചാരിച്ച് ഞങ്ങ നിക്കാൻ തൊടങ്ങീറ്റ് കാലം ഏറെക്കൊറേയായി; ഈ കുരുപ്പാന്നെങ്കില് ചാവുന്നുംല്ല… ഭാര്യയെ കൂട്ടി ഗുരുവായൂർക്ക് പോയതിനും മകൾക്ക് ചോറൂണു നടത്താൻ പറശ്ശിനികടവ് പോയതിലും നായർ സർവീസ് സൊസൈറ്റിയുടെ ഭാഗമായതിലും വീട്ടിൽ ഗണപതി ഹോമം കഴിച്ചതിലും ലക്ഷ്മി വിളക്കു വാങ്ങി തൂക്കിയതിലും എന്നു വേണ്ട ഇത്തരത്തിലുള്ള സകല സംഗതികൾക്കും രാമൻ ബലമുള്ള ഒരു സ്റ്റാൻഡ് അരികിൽ കരുതിയിട്ടേ സംസാരം തുടങ്ങുമായിരുന്നുള്ളൂ. ചില വികൃതി പയ്യന്മാർ രഹസ്യമായി ഇതിനെ കളിയാക്കാറും ഉണ്ട്.
ഗൾഫിൽ ജോലിചെയ്യുന്ന ഗംഗാധരന്റെ ഭാര്യ ശാലിനിയുമായി എന്തൊക്കെയോ ചുറ്റിക്കളികൾ ഉള്ളതായി ഒരു വാർത്ത കുടുബശ്രീകൾ വഴിയും തൊഴിലുറപ്പുറപ്പു പദ്ധതിയിലെ സ്ത്രികളുടെ നേരംപോക്കുവർത്തമാനങ്ങൾ വഴിയും നാട്ടിൽ പടർന്നു. ഭാര്യ സരോജിനിയും മോളും വീട്ടിലില്ലാത്ത സമയത്ത് ശാലിനിയെ രാമന്റെ വീട്ടിൽ പലരും കണ്ടുവന്നുവെന്നത് സത്യമാണു താനും. എന്തായാലും ആ വാർത്ത വന്നതുപോലെ തന്നെ പൊടുന്നനെ കുടുംബശ്രീകളിൽ നിന്നും അപ്രത്യക്ഷമായതും കണ്ടു. സാധാരണ അത് അസംഭവ്യമാണ്, എങ്കിലും അതേ പറ്റി പിന്നെ ആരും സംസാരിച്ചില്ല എന്നതാണു സത്യം; ആർക്കും അതിൽ താല്പര്യം ഇല്ലാത്തതു പോലെ!
പതിനെട്ടു വയസ്സു തികഞ്ഞ വിശാലിനു വോട്ടുചെയ്യാനുള്ള സ്ലിപ്പുമായി ചെന്ന ബിജെപ്പിക്കാരാണ് ആ വാർത്ത ആദ്യമായി പുറത്തെത്തിച്ചത്. വിശാലിന്റെ പേര് വിശാൽ ആർ നായർ എന്നാണ്!!. അതായത് വിശാൽ രാമൻ നായർ! വാർത്ത കോൺഗ്രസ്സുകാരും മനസ്സില്ലാമനസ്സോടെ മാർക്സിസ്റ്റുകാരും അംഗീകരിച്ചു. എങ്കിലും രാമൻ നായർ പതറിയില്ല. അത് പറഞ്ഞ്റ്റ് കാര്യല്ലെടോ, ചെക്കന ഉസ്കൂളിലാക്കിയത് ഞാനല്ല; ഓളാന്ന്…അന്ന് ഓള് കൊടുത്ത പേരാ അത്… എനക്കെന്താക്കാൻ കയ്യും! രാമൻ നായർ കിട്ടിയ സ്റ്റാന്റിൽ ചാരി നിന്നു. ചെമ്പന്തൊട്ടിയിൽ ഷാജി വിട്ടില്ല: അതെങ്ങനെ രാമേട്ടാ, നിങ്ങളന്ന് എന്റെ കൂടെയല്ലേ സ്കൂളിൽ വന്നത്, ചുള്ളിക്കരയിൽ നിന്നും നമ്മൾ രണ്ടാളും പുള്ളറേം കൊണ്ട് ഓട്ടോയിൽ പോയത് ഓർക്കുന്നല്ലോ! എന്റെ പെണ്ണും ആടന്നേല്ലെ പഠിച്ചത്; നിങ്ങളെ ചെക്കന്റെ കൂടെ! രാമൻ നായർ ഉത്തരം മുട്ടി നിന്നു. അതെയാ, എന്നാ അവരെന്തോ എഴുതുമ്പോ തെറ്റിയതാവും.. ഉടനേ, ആരെയോ ഫോൺ വിളിച്ചുകൊണ്ട് രാമൻ നായർ അവിടം വിട്ടു നടന്നു. അവിടെ കൂടിയവർ മുഖത്തോടു മുഖം നോക്കി പുഞ്ചിരിച്ചു.
ഈ സംഭവത്തിനു ശേഷമാണ് സഖാവ് രാമൻ, രാമൻ നായരായത്. രാമൻ നായരെ പിന്നീട് പാർട്ടി പുറത്താക്കി. സ്വജന പക്ഷപാതം, പ്രത്യയശാസ്ത്രദീക്ഷയിൽ നിന്നുള്ള വ്യതിചലനം എന്നിങ്ങനെ ചില കാരണങ്ങളാലാണെന്ന് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. എന്നാൽ പുത്തൻ പണക്കാരുടെ നിർദ്ദേശ പ്രകാരം പിന്നീട് കോൺഗ്രസ്സിൽ മത്സരിക്കാനായി രാമൻ രാജിവെച്ച് വന്നതാണെന്ന് ചില സഖാക്കൾ അടക്കം പറയുന്നുണ്ട്. അതെന്തായാലും രാമൻ ഇപ്പോൾ രാമൻ നായരായി മാറി എന്നതാണു സത്യം!