Skip to main content

വി.എസ്സും പി.ബിയും പിന്നെ പത്രക്കാരും…

ഹ ഹ… വി. എസിനെ വീണ്ടും പി. ബി. വെറുതേ വിട്ടുവെന്ന്!! ഓരോ പ്രാവശ്യവും പി. ബി. കൂടാനായി വി. എസ്. ഡല്‍ഹിക്കുപോകുമ്പോള്‍ ഈ പത്രക്കാര്‍ എന്തൊക്കെയാണ്‌ എഴുതുന്നത്… വി. എസ്. ന്റെ കൂടംകുളം യാത്രയായിരുന്നു ഇത്തവണത്തെ വിഷയം. പി. ബി. അതു ചെയ്യും ഇതു ചെയ്യും അങ്ങനെയൊന്നും ചെയ്തില്ലെങ്കില്‍ ഇങ്ങനെയെങ്കിലും ചെയ്യും… എന്നൊക്കെ എന്തൊരു പൊലിമയാണ്‌!  പി. ബി. കഴിഞ്ഞാലോ!! കൊട്ടത്തേങ്ങ ഉടച്ചതു പോലെ!! പി. ബി, വി. എസ്സിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് അലക്ഷ്യമായി പറഞ്ഞു പോകുന്നു!

പാര്‍ട്ടിസെക്രട്ടറിക്കൊരു തുറന്ന കത്ത്!

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസ്സിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പുതന്നാല്‍ മാത്രമേ ഇപ്രാവശ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ഞാന്‍ തയ്യാറുള്ളൂ. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി കേഡര്‍ പാര്‍ട്ടിയാണ്, തീരുമാനിക്കേണ്ടത് ബ്രാഞ്ച് ഘടകങ്ങളാണ്, ജില്ലാക്കമ്മിറ്റികളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞ് വലിയ ജാഡ കളിച്ചാല്‍ പോളിം‌ങ് ബൂത്തില്‍ വെച്ച് നമുക്കു കാണാം. പാര്‍ട്ടി അങ്ങനെയൊക്കെ ആയിരുന്നു – ഒരുകാലത്ത്. ഉപ്പുപ്പായ്‌ക്ക് കുണ്ടിക്കു തഴമ്പുണ്ടെന്നു കരുതി ഇന്നും ആനപ്പുറത്തു തന്നെയാണു ഞങ്ങളെന്നു കരുതുന്ന മൗഢ്യം വിശ്വസിക്കാന്‍ അത്ര വലിയ രാഷ്ട്രീയ സദാചാരമൊന്നുമല്ലല്ലോ നിങ്ങളിപ്പോള്‍ പുലര്‍ത്തുന്നത്?

കാലം മാറിയത് ബ്രാഞ്ചിലെ സഖാക്കളറിയുന്നില്ല. അവരിന്നും 1957 – ല്‍ തന്നെയാണ്. നിങ്ങള്‍ പറയുന്നത് അവരക്ഷരം പ്രതി വിഴുങ്ങും, കൊടിപിടിച്ച് നിങ്ങള്‍ക്കു സിന്താബാദ് വിളിക്കും. അവരിന്നും ആത്മാര്‍ത്ഥതയോടെ തന്നെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മേല്‍ ഘടകത്തിനു നല്‍കും. ലോക്കല്‍ സെക്രട്ടറിയുടെ വാക്കുകള്‍ അവര്‍‌ക്കാപ്തവാക്യമായിരിക്കാം, കഴുതകളെപോലെ രാപകലില്ലാതെ പോസ്റ്ററും ബാനറുമായി നടക്കും. അവരുടെ ചിന്തകളെ മയക്കിക്കിടത്തി, വികാരങ്ങളെ പാര്‍ട്ടിബോധത്താല്‍ കടിഞ്ഞാണിട്ടുബന്ധിച്ച് നിങ്ങളവരെ അടിമകളാക്കി. അവര്‍ക്കു വാക്കുകളില്ല, പൊതുജനത്തിനു മുമ്പില്‍ അവര്‍ ഉത്തരം മുട്ടി വായടച്ചുപിടിച്ച് ഒളിച്ചു നടക്കുന്നു. അവര്‍ക്കിന്നു പൊതുജനപ്രശ്നങ്ങളില്‍ ഇടപെടാനാവുന്നില്ല – അതിനുള്ള വില അവര്‍ക്കിന്നാരും കൊടുക്കുന്നുമില്ല. സഖാവേ, ആ തമമുറയുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. പുതു തലമുറ നിങ്ങളെ ഒറ്റപ്പെടുത്തും.

ഞങ്ങള്‍ക്കു മുമ്പില്‍ നിങ്ങള്‍ക്കെന്തു ന്യായമാണു പറയാനുള്ളത്? ഞങ്ങളിന്നും സത്യത്തിന്റെ ഭാഗത്താണ്. അഴിമതിയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും ഇല്ലാത്ത ഭരണം, ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി അധികാരത്തിനു വേണ്ടി കടിപിടികൂടി നില്‍ക്കുന്ന തെരുവു നായ്‌ക്കളുടെ പിടിയില്‍ നിന്നുള്ള മോചനം, വിവേചനരഹിതമായ വികസനം… അധികമൊന്നും ആവശ്യപ്പെടുന്നില്ല. സഖാവ്. വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ മാറിനിന്ന് അതു കണ്ടുപഠിക്കുക!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights