റാണയായി രജനികാന്ത്!

രജനീകാന്തിന്റെ ‘യന്തിരൻ’ കൊടുങ്കാറ്റ് അടങ്ങിയതേയുള്ളൂ. മൂപ്പർ വീണ്ടും എത്തുകയാണ് റാണയിലൂടെ. ഇത്തവണത്തെ അവതാരത്തിന്‍റെ പേരാണ്‘റാണ’. ഹിറ്റ്മേക്കര്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. കൈയില്‍ പടവാളുമായി യുദ്ധസന്നദ്ധനായി നില്‍ക്കുന്ന രജനീകാന്തിന്‍റെ ചിത്രമാണ് പോസ്റ്ററിൽ.

എ. ആർ. റഹ്മാന്‍ സംഗീതം നല്‍കുന്ന റാണയുടെ ക്യാമറാമാന്‍ രത്നവേലുവാണ്. 2012ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ സൌന്ദര്യ രജനീകാന്താണ്. നൂറുകോടിക്ക് മേല്‍ ചെലവു വരുന്ന ചിത്രത്തില്‍ സ്പെഷ്യല്‍ എഫക്ടിന് ഏറെ പ്രാധാന്യമുണ്ട്. അമിതാഭ് ബച്ചന്‍റെ പഴയ ഹിറ്റ് ചിത്രം ‘മഹാന്‍’ ആണ് റാണ എന്ന സിനിമയുടെ അടിസ്ഥാനമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ പറയുന്നു. എന്തായാലും തുടക്കം മുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ച ഈ ചിത്രം രജനി ഉപേക്ഷിക്കുമോ അതോ കളക്ഷൻ റക്കോർഡുകൾ തകർത്തുവാരുമോ എന്നു കണ്ടറിയാം.