ഭംഗിയുള്ള മുഖത്തെഴുത്തും കുരുത്തോലകൊണ്ടുള്ള വലിയ ഉടയാടയും ഈ തെയ്യത്തിന്റെ പ്രത്യേകതകളാണ്. രാത്രിയില്‍ തന്നെ”കുളിച്ചാറ്റം” എന്നറിയപ്പെടുന്ന വെള്ളാട്ടത്തിന്റെ പുറപ്പാടുണ്ടാവും. തെയ്യം കെട്ടേണ്ടയാള്‍ ചില പ്രത്യേക ആടയാഭരണങ്ങളോടെ ആട്ടക്കളത്തിലിറങ്ങുന്ന ചെറിയൊരു ചടങ്ങാണിത്‍. ഒറ്റക്കോലരൂപത്തിലും വിഷ്‍ണുമൂര്‍ത്തിയെ കെട്ടിയാടിക്കുന്നു. വലിയ നിരിപ്പുണ്ടാക്കി അഗ്നിയില്‍ വീഴുന്ന ഒരു കെട്ടിക്കോലം കൂടിയാണിത്‍. വിഷ്‍ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം അല്പം ഭയാനകമായൊരു പ്രക്രിയയാണ്. അനേകം വെളിച്ചപ്പാടമാര്‍ അകമ്പടിക്കാരായുണ്ടാകും. മിക്കസ്ഥലങ്ങളിലും തൊണ്ടച്ചന്‍മാരുടെ ഒരു വെളിച്ചപ്പാടനെങ്കിലും വിഷ്‍ണുവിന്റെ അകമ്പടിയായി വേണമെന്നുണ്ട്. ഒറ്റക്കോലങ്ങള്‍ പൊതുവേ രാത്രികളിലാണുണ്ടാവുക. വയലുകളിലാണിത്‍ അധികവും അരങ്ങേറുന്നത്. വയലിന്റെ നടുക്ക് വലിയൊരു നിരിപ്പ് ജ്വലിച്ചു നില്‍പ്പുണ്ടാവും. പുലര്‍ച്ചയോടെ അതുകത്തിയമര്‍ന്ന് കനല്‍ക്കട്ടകളായിമാറിയിരിക്കും. ആ നേരത്താണ് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം. “ഇന്ധനം മല പോലെ കത്തി ജ്വലിപ്പിച്ചതില്‍ നിര്‍ത്തിയിട്ടുണ്ടെന്‍ ഭക്താനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യ കശിപു… അഗ്നിയില്‍ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്‍ത്തി അതിനു തിരുവാട്ടകേട് വന്നിരിക്കുന്നതായോരപരാധത്തിനു ഇടവരുത്തരുതല്ലോ… ആയതൊന്നു ഞാന്‍ പരീക്ഷിക്കട്ടെ. എന്റെ പൈതങ്ങളേ…” എന്നും പറഞ്ഞാണ് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം.
മലയസമുദായക്കാര്‍ മാത്രമേ വിഷ്‍ണുമൂര്‍ത്തിയെ കെട്ടാറുള്ളൂ. വിഷ്‍ണുമൂര്‍ത്തിയെ കെട്ടുന്ന ആള്‍ക്ക് അടയാളം കൊടുക്കുന്നതും ഒരു ചെറിയ ചടങ്ങാണ്. ഇന്നയാളെത്തന്നെ വിഷ്‍ണുമൂര്‍ത്തിയായി കെട്ടണമെന്ന ഒരാളെ പറഞ്ഞേല്‍പ്പിക്കുന്ന ചടങ്ങാണിത്‍. ഒറ്റക്കോലയിടങ്ങളിലും മറ്റും ഇതുചെയ്യേണ്ടത്‍ തീയ്യസമുദായത്തിലെ ഒരു കാരണവരാണ്. വീടുകളിലാണ് തെയ്യം ആടിക്കേണ്ടതെങ്കില്‍ വീട്ടുകാരണവരാണ് മലയന്‍പണിക്കര്‍ക്ക് അടയാളം കൊടുക്കേണ്ടത്.
പാലന്തായികണ്ണന്റെ സംഭവബഹുലമായ പുരാവൃത്തം നമുക്കൊന്നു നോക്കാം
കാസര്‍ഗോഡു ജില്ലയിലെ നീലേശ്വരം ഗ്രാമം. മന്നംപുറത്തുകാവിന്റെ മനോഹാരിതയും താമരക്കുളങ്ങളും പുഴയും വയലേലകളും കൊണ്ട് അനുഗൃഹീതമായ ഉത്തരമലബാറിലെ ഒരു കൊച്ചുഗ്രാമം. ഗ്രാമസംരക്ഷകനും പടനായകനുമായ കുറുവാടന്‍കുറുപ്പിന്റെ ദേശമാണവിടം. കരുത്തനും പ്രതാപിയും സമ്പന്നനുമാണ് കുറുവാടന്‍ കുറുപ്പ്‍. കുന്നും വയലുമായി ധാരാളം ഭൂമിയും വലിയതോതിലുള്ള കാലിക്കൂട്ടവും കുറുപ്പിനും സ്വന്തമായിട്ടുണ്ട്. സൂത്രശാലിയായിരുന്നു കുറുപ്പ്‍. നാട്ടുകാര്‍ക്ക്‍ അയാളെ ഭയമായിരുന്നു. എങ്കിലും നാട്ടിലെന്തെങ്കിലും തർക്കങ്ങളോ മറ്റോ ഉണ്ടായാല്‍ അത്‍ ഒത്തുതീര്‍പ്പാക്കാന്‍ നാട്ടുകാര്‍ സമീപിക്കുന്നത്‍ കുറുപ്പിനെയായിരുന്നു. അതിനുകാരണമുണ്ട്, കുറുപ്പൊന്നു പറഞ്ഞാല്‍ അതിനുപിന്നെ അപ്പീലില്ല. അയാളോടേറ്റുമുട്ടാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. തന്ത്രങ്ങളുപയോഗിച്ച്‍ എല്ലാവരേയും അയാള്‍ തന്റെ കാല്‍ക്കീഴിലാക്കി.
തീയ്യസമുദായത്തില്‍ പെട്ട പാലന്തായി കണ്ണന്‍ കുറുപ്പിന്റെ ജോലിക്കാരനായിരുന്നു. കാലികളെ മേയ്‍ക്കണം, വൈകുന്നേരം അവയെ പുഴയിലേക്കുകൊണ്ടുപോയി കുളിപ്പിക്കണം, കറവക്കാരെ സഹായിക്കണം, കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന പുലയര്‍ക്ക്‍ ഉച്ചഭക്ഷണമെത്തിക്കണം ഇതൊക്കെയായിരുന്നു കണ്ണന്റെ പ്രാധാന പണികള്‍. പണിയിലെന്തെങ്കിലും വീഴ്‍ച്ച വന്നു പോയാല്‍ കുറുപ്പ്, കണ്ണനെ അതികഠിനമായിത്തന്നെ ശാസിക്കുമായിരുന്നു.
കുറുപ്പ് വീട്ടിലില്ലാത്ത ഒരു ദിവസം, കണ്ണന്‍ കാലികളെ മേയാന്‍ വിട്ടിട്ട് മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. കുറുപ്പു വീട്ടിലില്ലെങ്കില്‍പ്പിന്നെ കണ്ണന് ആഘോഷമാണ്. ആരേയും പേടിക്കാതെ പണിയെടുക്കാമല്ലോ. അത്തരം ദിവസങ്ങളില്‍ കണ്ണന്‍ നേരത്തേതന്നെ പണികളൊക്കെ തീര്‍ത്ത്, പുഴയില്‍പോയി അല്പനേരം നീന്തിക്കുളിച്ചിട്ടൊക്കെയാവും വീട്ടിലേക്കുപോവുക.
കണ്ണന്‍ വിശ്രമിക്കാനിരുന്ന തേന്‍മാവിന്റെ മുകളില്‍ ധാരാളം പഴുത്തമാങ്ങകള്‍ ഉണ്ടായിരുന്നു. പഴുത്തമാങ്ങകള്‍ കണ്ടു കൊതിമൂത്ത കണ്ണന്‍ തേന്മാവിലേക്കു വലിഞ്ഞുകേറി. കൊതിതീരെ പഴങ്ങള്‍ തിന്നു. അപ്പോഴാണ് കുറുപ്പിന്റെ മരുമകള്‍, കാവിലെ ഉച്ചപൂജ തൊഴുതു കഴിഞ്ഞിട്ടാവഴി വന്നത്‍. തേന്മാവിലിരുന്ന്‍ കണ്ണന്‍ കടിച്ചു തുപ്പിയ ഒരു മാമ്പഴം ആ സുന്ദരിയുടെ ശരീരത്തില്‍ പതിച്ചു. മനപ്പൂര്‍വം ചെയ്‍തതൊന്നുമല്ല, യാദൃശ്ചികമായി സംഭവിച്ചതായിരുന്നു.
തന്റെ പൂപോലുള്ള ശരീരത്തില്‍ കണ്ണന്‍ കടിച്ചുതുപ്പിയ പഴച്ചാറു പതിച്ചതില്‍ അവള്‍ കണ്ണനെ കുറ്റപ്പെടുത്തി. കണ്ണന്‍ അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണെന്നവള്‍ ആരോപിച്ചു. കണ്ണന്‍ തന്നെ അപമാനിച്ച വിവരം ഒന്നിനെട്ടുകൂട്ടി അവള്‍ കുറുപ്പിനോടു പറഞ്ഞുകൊടുത്തു. കണ്ണന്റെ പ്രവൃത്തികള്‍ പലപ്പോഴും അതിരുവിടുന്നുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ഒരു പരാതിയെന്ന നിലയ്‍ക്കു പറയുമ്പോള്‍ അങ്ങനെയൊക്കെ പറഞ്ഞുപോയതാണവള്‍. അമ്മാവന്‍ രോഷാകുലനായാലുണ്ടാവുന്ന ഭവിഷ്യത്തുകളേപ്പറ്റിയവള്‍ ഓര്‍ത്തതേയില്ലായിരുന്നു.
കുറുപ്പാകട്ടെ ഇതുകേട്ടപാടെ കോപംകൊണ്ടു വിറച്ചു. താന്‍ പൊന്നുപോലെ നോക്കുന്ന അനന്തിരവളെ വെറുമൊരു പണിക്കാരന്‍ തീയ്യച്ചക്കൻ അപമാനിക്കുകയോ? അയാള്‍ക്കതാലോചിക്കാന്‍ പോലുമായില്ല. അയാള്‍ കണ്ണന്റെ വീട്ടിലേക്കു പാഞ്ഞുചെന്നു. കണ്ണനെ വിളിച്ചു കാര്യം പോലും പറയാതെ പൊതിരെ തല്ലി… അവനെ പുറങ്കാലുകൊണ്ടു ചവിട്ടി…
കണ്ണന്‍ വാവിട്ടു കരഞ്ഞു. പക്ഷേ, അവന്റെ കരച്ചില്‍ കേട്ട് ആരും തന്നെ ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയതുപോലുമില്ല. കുറുപ്പിനോടു കാരണം തിരക്കാന്‍മാത്രം ധൈര്യമുള്ളവരാരും തന്നെ അവിടെയുണ്ടായിരുന്നില്ല.
“എന്റെ മുത്തിനെ അപമാനിച്ച നീ എന്നെ അപമാനിച്ചതിനു തുല്യമാണ്. യാതൊരു കരുണയും നീ അര്‍ഹിക്കുന്നില്ല…” അയാളുടെ ബലിഷ്‍ഠങ്ങളായ കരങ്ങള്‍ വീണ്ടും വീണ്ടും കണ്ണന്റെ ദേഹത്തുപതിച്ചു. പിന്നെ അയാള്‍ തന്റെ കൂടെവന്നവരോടായി അജ്ഞാപിച്ചു:
“ഇവനെ ഉടനെ നാടു കടത്തൂ… ഈ ധിക്കാരിയെ നീലേശ്വരം ഗ്രാമത്തില്‍ ഇനി കണ്ടുപോകരുത്‍.”
നായര്‍ പടയിലെ ഒരു ഭടന്‍ കണ്ണന്റെ അടുത്തുവന്നു. അവനെ തൂക്കിയെടുത്ത്‍ ദൂരേക്കു വലിച്ചുകൊണ്ടുപോയി. കുറുപ്പിന്റെ കല്പനപോലെ എല്ലാം നടന്നു. ഭടന്‍, കണ്ണനെ നാടുകടത്തി തിരിച്ചുവന്നു.
കണ്ണന്‍ നാടുവിട്ട് ദൂരേക്കു പോയി..
നടന്നുനടന്ന് കണ്ണന്‍ മംഗലാപുരത്തെത്തി. അവിടെയൊരു ജോലിതേടി നടന്ന കണ്ണന്‍ ഒരു വൃദ്ധയായ തുളു സ്ത്രീയെ പരിചയപ്പെട്ടു. അടിയുറച്ച കൃഷ്ണ ഭക്തയായിരുന്നു അവര്‍. അവരുടെ വീട്ടിലായി പിന്നീടുള്ള കണ്ണന്റെ ജീവിതം. ആ വൃദ്ധസ്‍ത്രീ കണ്ണന് ശ്രീകൃഷ്‍ണന്റേയും മഹാവിഷ്‍ണുവിന്റേയും കഥകള്‍ പറഞ്ഞുകൊടുത്തു. പതിയെപ്പതിയെ അവരെപ്പോലെത്തന്നെ കണ്ണനും നല്ലൊരു വിഷ്‍ണുഭക്തനായിമാറി. എന്നും പടിഞ്ഞാറ്റയില്‍ (പൂജാമുറി) വിളക്കുവെയ്‍ക്കുന്നത്‍ കണ്ണനായി. ജീവിതത്തിന് പുതിയൊരു അര്‍ത്ഥമുണ്ടായതുപോലെ തോന്നി കണ്ണന്.
………
കുറുവാടന്‍ തടവാട്ടിലെ അനന്തിരവള്‍ കണ്ണന് താന്‍ മൂലം സംഭവിച്ചു ദയനീയ അവസ്ഥയില്‍ അതിയായ അസ്വസ്ഥത തോന്നി. പശ്ചാത്താപം അവളുടെ മനസ്സിനെ വല്ലാതെ മഥിച്ചു. കണ്ണനെ ഉപദ്രവിച്ച അമ്മാവന്റെ രൌദ്രഭാവം മറക്കാന്‍ ശ്രമിക്കുന്തോറും അവളുടെ മനസ്സിലത്‍ കൂടുതല്‍ കൂടുതലായി തെളിഞ്ഞുവന്നു. കുറ്റബോധം അവളെ തളര്‍ത്തി.
……….
വര്‍ഷങ്ങള്‍ ആറ് കടന്നുപോയി…
നീലേശ്വരം ഗ്രാമത്തിന്റെ പച്ചപ്പ് കണ്ണനെ മാടിവിളിച്ചു തുടങ്ങി. വീട്ടില്‍ ചെന്നു താമസ്സിക്കാനൊരു മോഹം. കുറുപ്പിനോടും അനന്തിരവളോടും ക്ഷമാപണം നടത്തണം. നാട്ടുകാരോടും വീട്ടുകാരോടുമൊത്തു ജീവിക്കണം..
അവന്‍ ഇക്കാര്യം വൃദ്ധയായ ആ അമ്മയെ അറിയിച്ചു. പക്ഷേ, അവര്‍ സമ്മതിച്ചില്ല. എന്നാല്‍ കണ്ണന്റെ മനസ്സുമാറില്ലെന്നു കണ്ട അവര്‍ അവനെ പോകാനനുവദിച്ചു. യാത്ര തിരിക്കുമ്പോള്‍ വൃദ്ധ, തന്റെ പടിഞ്ഞാറ്റയില്‍ വെച്ചാരാധിക്കുന്ന ചുരികയും ഓലക്കുടയും അവനു സമ്മാനിച്ച് അനുഗ്രഹിച്ചു. വിഷ്‍ണുമൂര്‍ത്തിയുടെ ഈ ചുരിക നിന്റെ പ്രാണന്‍ കാത്തുകൊള്ളുമെന്നും, എന്നും ഇതു കൈയ്യില്‍ തന്നെ കരുതണമെന്നും അവര്‍ പറഞ്ഞു. കണ്ണന്‍ എല്ലാം തലകുലുക്കിസമ്മതിച്ചു. പിന്നീട് ആ അമ്മയോടു യാത്രയും പറഞ്ഞ്, നീലേശ്വരം ലക്ഷ്യമാക്കിയവന്‍ നടന്നു.
“നീലേശ്വരം ഗ്രാമത്തിലിനി കണ്ടുപോകരുത്‍..” കുറുപ്പിന്റെ ഉഗ്രശാസനം കണ്ണന്റെ കാതുകളില്‍ മുഴങ്ങി. ശരീരത്തിലൊരു വിറയല്‍… ധൈര്യം കൈവിട്ടുപോകുന്നതുപോലെ.. അവന്‍ ചുരികയില്‍ പിടിമുറുക്കി. ആപത്തൊന്നും വരത്തരുതേയെന്ന്‍ അവന്‍ മഹാവിഷ്‍ണുവിനോടു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ പെട്ടന്നൊരു ഉണര്‍ച്ച അവന് അനുഭവപ്പെട്ടു. കാസര്‍ഗോഡും കോട്ടച്ചേരിയും കഴിഞ്ഞ് അവന്‍ നീലേശ്വരത്തെത്തി. അവന്റെ മുഖത്ത്‍ ആനന്ദത്തിന്റെ തിരയിളക്കം.
താന്‍ പണ്ടു കുളിച്ചിരുന്ന താമരക്കുളം! കണ്ണന്‍ കുളക്കരയിലിരുന്നു… നാട്ടുകാരില്‍ പലരും അവനെ തിരിച്ചറിഞ്ഞു. പലരും കുശലം ചോദിച്ചു. ചിലരൊന്നും കണ്ട ഭാവം നടിച്ചില്ല. കുട്ടിക്കാലത്തു കളിച്ചുകുളിച്ച കുളം കണ്ടപ്പോള്‍ ഇനി കുളി കഴിഞ്ഞിട്ടാവാം യാത്ര എന്നവന്‍ തീരുമാനിച്ചു. ചുരികയും ഓലക്കുടയും അവന്‍ കുളക്കരയില്‍ വെച്ചു. കരിങ്കല്‍വിളക്കില്‍ തിരിവെച്ച് വിഷ്ണുമൂര്‍ത്തിയോടു പ്രാര്‍ത്ഥിച്ചു.
അവന്‍ കുളത്തിലേക്കിറങ്ങി. മധുരസ്മരണകളുണര്‍ത്തിക്കൊണ്ട് ഇളം തണുപ്പ് അവന്റെ ശരീരത്തിലേക്ക്‍ ഇരച്ചു കയറി. അപ്പോഴേക്കും കാതോടുകതറിഞ്ഞ്‍ കൂറുവാടന്‍ കാരണവര്‍ കണ്ണന്‍ വന്ന വിവരം അറിഞ്ഞു. കേട്ടപാടെ, ഉറുമി (പയറ്റിനുപയോഗിക്കുന്ന ഒരു ആയുധം, രണ്ടുഭാഗത്തും മൂര്ച്ചയുള്ളതും നീളമേറിയതുമാണിത്.)യുമെടുത്ത്‍ അയാള്‍ ചാടിയിറങ്ങി. ഇതൊന്നുമറിയാതെ നീന്തിക്കുളിക്കുകയായിരുന്നു കണ്ണന്‍.
“നാടുകടത്തിയിട്ടും വീണ്ടും നീലേശ്വരം നാട്ടിലേക്കു കാലെടുത്തുവെയ്‍ക്കാന്‍ നിനക്കു ധൈര്യമുണ്ടായോ..! നാട്ടാചാരം മറന്നുപോയോടാ അഹങ്കാരീ…?”
കുറുപ്പും പടയും കുളക്കരയില്‍ നില്‍ക്കുന്നതുകണ്ട കണ്ണന്‍ അമ്പരന്നുപോയി. ഉറുമിയുടേയും പരിചയുടേയും കൂട്ടിമുട്ടുന്ന ശബ്ദം കേട്ടപ്പോള്‍ അവന്റെ സകല ധൈര്യവും ചോര്‍ന്നുപോയി… ആള്‍ക്കാര്‍ ചുറ്റും കൂടിനില്‍ക്കുന്നു… ഊരിപ്പിടിച്ച ഉറുമിയുമായി കരയില്‍ കുറുപ്പ്‍.! അവന്‍ മെല്ലെ കരയിലേക്കു നടന്നു…
കരയില്‍ വെച്ചിരിക്കുന്ന വിഷ്‍ണുമൂര്‍ത്തിയുടെ ചുരികയെ അവനൊന്നു നോക്കി. എന്തോപറയാനായി അവന്‍ നാക്കെടുത്തതേയുള്ളൂ… കുറുപ്പ്‍ ഉറുമി ആഞ്ഞുവീശി… കണ്ണന്റെ ശിരസ്സ്‍ വായുവിലേക്ക്‍ ഉയര്‍ന്നുതെറിച്ചു.! ശിരസ്സറ്റ ശരീരം കുളത്തിലേക്കു മറിഞ്ഞുവീണു… കുളം ചോരക്കുളമായി. ജനഹൃദയത്തില്‍ നിന്നു ദയനീയമായൊരാരവമുയര്‍ന്നു, അവര്‍ കണ്ണടച്ചു പിടിച്ചു. കുറുപ്പതു നോക്കി പൊട്ടിച്ചുരിച്ചു. ഉറുമി കുളത്തില്‍ നിന്നും കഴുകി.
കരയില്‍ കണ്ണന്‍ വെച്ച ചുരിക അയാള്‍ തട്ടിത്തെറിപ്പിച്ചു.. ആ ചുരിക അവിടെകിടന്നൊന്നു തിളങ്ങിയോ..! പലരും അതു ശ്രദ്ധിച്ചു.
അയാള്‍ തിരിച്ചു നടന്നു… ഒരദ്ധ്യായം അവസാനിപ്പിച്ച ഗമയോടെത്തന്നെ. കുറുപ്പ് തറവാട്ടില്‍ തിരിച്ചെത്തി. കുറുപ്പിന്റെ തറവാട്ടില്‍ പിന്നീട് ദുര്‍ന്നിമിത്തങ്ങള്‍ കണ്ടു തുടങ്ങി. നാടു നീളെ പകര്‍ച്ചവ്യാധി പടര്‍ന്നു, കുറുപ്പിന്റെ കന്നുകാലികള്‍ ഒന്നൊഴിയാതെ ചത്തൊടുങ്ങി. കുറുപ്പിന്റേയും ബന്ധുജനങ്ങളുടേയും ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. കരിനാഗങ്ങള്‍ ഇഴഞ്ഞുപോകുന്നു. കണ്ണടച്ചാല്‍ ഒരു ചുരികയും ഓലക്കുടയും ഉറഞ്ഞുതുള്ളുന്നു. പടിപ്പുരവാതില്‍ മെല്ലെ തകര്‍ന്നുവീണു…
തെയ്യവുമായി ബന്ധപ്പെട്ടവ
നായര്‍ ഞെട്ടിവിറച്ചു… മനസ്സില്‍ ഭയം പത്തിവിടര്‍ത്തിയാടുന്നു. യുദ്ധക്കളത്തില്‍ മുറിവേറ്റവരുടെ ജീവന്‍ പിടയുമ്പോഴും ധൈര്യപൂര്‍വം മുമ്പോട്ടുപോയിരുന്ന പടനായകന്‍ ഇതാ തളര്‍ന്നിരിക്കുന്നു. ദുര്‍നിമിത്തങ്ങള്‍ക്കു കാരണമതുതന്നെ…! കുറുപ്പ്‍ നിരൂപിച്ചു. അയാള്‍ ജ്യോത്സ്യരെ വിളിച്ചു. പ്രശ്‍നം വെച്ചു.
കണ്ണന്‍ നിഷ്‍കളങ്കനാണ്, നിരപരാധിയാണ്. അവനെ തിരിച്ചറിയാതെ പോയതാണ് ആപത്തുകള്‍ക്കാധാരം. കണ്ണന്‍ മനസ്സറിഞ്ഞൊന്നു ശപിച്ചിരുന്നുവെങ്കില്‍ ഉടന്‍തന്നെ വംശം മുടിയുമായിരുന്നു. വിഷ്‍ണുഭക്തനായ കണ്ണനെ വധിച്ചതില്‍ ദൈവകോപമുണ്ടെന്നും, ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മുച്ചൂടും മുടിയുമെന്നും വെളിപ്പെട്ടു. തുടര്‍ന്ന് ചെയ്തുപോയ അപരാധത്തിന് മാപ്പായി കണ്ണന് ഒരു കോലം കല്‍പ്പിച്ച് കെട്ടി സമര്‍പ്പിക്കാമെന്ന് പ്രാര്‍ത്ഥിക്കുകയും ക്ഷമയാചിച്ച് അവനെ അവനെ പ്രീതിപ്പെടുത്തുകയുംചെയ്യണമെന്നായി. വീണ്ടും പ്രശ്നം വച്ചപ്പോള്‍ ദൈവം സംപ്രീതനായതായും തെളിയുകയും ചെയ്തു.
കുറുപ്പിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഉടനെ തെയ്യക്കോലം കെട്ടിയാടാനുള്ള ഏര്‍പ്പാടുണ്ടാക്കി. ബഹുമാനപുരസരം വണങ്ങി മാപ്പപേക്ഷിക്കുകയും ചെയ്‍തു. അങ്ങനെയാണ് വിഷ്ണുമൂര്‍ത്തി തെയ്യം ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്. ഈ കഥയിലെ കുറുപ്പിനെ ഹിരണ്യകശിപുവായും, കണ്ണനെ പ്രഹ്ലാദനായും ചിലര്‍ സങ്കല്‍പ്പിച്ചു വരുന്നുണ്ട്. കാരണം തെയ്യാട്ടത്തിനിടയില്‍ നരസിഹമൂര്‍ത്തിയായി വന്ന്‍ ഹിരണ്യാസുരനെ വധിക്കുന്ന രംഗം അവതരിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ മരം കൊണ്ടുണ്ടാക്കിയ ഒരു മുഖാവരണമണിഞ്ഞ് നരസിംഹമൂര്‍ത്തിയെ അനുസ്മരിപ്പിക്കുന്നുമുണ്ട്. കഥകളൊക്കെ കാലക്രമത്തിൽ തിരുത്തപ്പെടവയാണ്. കൂടിച്ചേരലുകൾ പലവിധം നടന്നിരുന്നതാണു നമ്മുടെ ചരിത്രം തന്നെ.
കുറുപ്പുമയി ബന്ധപ്പെട്ടതും കണ്ണൻ മംഗലാപുരത്തേക്ക് പോകേണ്ടി വന്നതുമായി ബന്ധപ്പെട്ട് മറ്റൊരു വിശ്വാസം കൂടി നിലനിൽക്കുന്നു. കുറുപ്പിന്റെ തറവാട്ടിലെ ദൈവത്തറിഅയിൽ തൊഴുകൈയ്യുമായി നിൽക്കുന്ന കണ്ണനെ കുറുപ്പ് പലപ്പോഴും കണ്ടിരുന്നു. ഒരിക്കൽ കൂപ്പറിയാതെ ദൈവത്തറയിൽ കണ്ണൻ ഒരു കുപ്പി പാൽ അഭിഷേകം ചെയ്യുന്നു. ഇതറീഞ്ഞ രോക്ഷാകുലനായ കുറുപ്പിന്റെ മുന്നിൽ നിന്നും കണ്ണൻ ഓടി ഒളിക്കുന്നു. കാരണം ഒരു നായർ ദൈവത്തെ തീയ്യച്ചെക്കൻ ആരാധിക്കുക എന്നതു തന്നെ അന്ന് നിരക്കുന്നതായിരുന്നില്ല. നാടുവിട്ടു പോയ പാലന്തയി കണ്ണൻ അങ്ങനെയാണു മംഗലാപുരത്ത് എത്തിയതെന്നാണു വിശ്വാസം. ശേഷമെല്ലാം മുകളിൽ പറഞ്ഞവ തന്നെ!