മനുഷ്യബന്ധങ്ങളുടെ കഥ വളരെ ലോലമായി കലാചാതുരിയോടെ പറഞ്ഞുവെച്ച മനോഹരമായൊരു സിനിമയാണ് രാത്രിമഴ. പി. ചന്ദ്രമതിയുടെ “വെബ്‍സൈറ്റ് ” എന്ന കഥയാണ് സിനിമയ്‌ക്കാധാരം. സംവിധാനം ലെനിന്‍ രാജേന്ദ്രന്‍. മനോഹരമായൊരു കവിത പോലെ സുന്ദരമാണ് സിനിമയിലെ ഓരോ രംഗവും. പ്രമേയത്തിന്റെ പുതുമയും നടീനടന്‍മാടെ അഭിനയത്തികവും ഒതുക്കമുള്ള തിരക്കഥയുമാണ് ഈ സിനിമയുടെ മുതല്‍ക്കൂട്ട്. ലെനിന്‍ രാജേന്ദ്രന്റെ പറഞ്ഞുവെച്ച ദൈവത്തിന്റെ വികൃതി, വചനം തുടങ്ങി നിരവധി ചിത്രങ്ങളിലെ ഒരു “ലെനിന്‍ രാജേന്ദ്രന്‍ ടെച്ച് ” ഇവിടേയും ദൃശ്യമാണ്.
നൃത്തത്തെ സ്നേഹിക്കുന്ന രണ്ടുപേര്‍ ഹരികൃഷ്‌ണനും മീരയും – ഹരികൃഷ്‌ണനായ് നൃത്തനിപുണനായ വിനീതും മീരയായ് സാക്ഷാന്‍ മീരാജാസ്‌മിനും അഭിനയിക്കുന്നു. ഇന്റെര്‍നെറ്റിലെ മാട്രിമോണിയല്‍ പരസ്യത്തില്‍ പിടിച്ചാണു രണ്ടുപേരും പരിചിതരാവുന്നത്. അവരുടെ സ്വപ്‌നങ്ങളും ചിന്തകളും ഒന്നാണെന്നവര്‍ തിരിച്ചറിയുന്നു. ചാറ്റിംങിലൂടെ അവരൊരു ഗന്ധര്‍വലോകം തീര്‍ത്തു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും രണ്ടുപേരും പരസ്പരം പിരിയാനാവത്തവിധം അടുത്തു. ഒരു പ്രതിഭാധനന്റെ കൈയടക്കത്തോടെ പിന്നീടങ്ങോട്ട് ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞുവെക്കുന്നത് മനുഷ്യബന്ധത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടുകൊണ്ടുള്ളൊരു ഗവേഷണമാണ്.
നെഗറ്റീവ് വൈബ്രേഷന്‍സ് ഒന്നും തന്നെ പ്രേക്ഷകനിലേക്കെത്തിക്കാതെ, അമാനുഷിക കഥാപാത്രങ്ങളുടെ വില്ലത്തരങ്ങളോ ഒന്നും തന്നെ ഇല്ലാതെ വളരെ സുന്ദരമായിത്തന്നെ പറഞ്ഞു തീര്‍ക്കുകയാണ് ഈ പ്രണയകഥ. വിനീതിന്റെ നര്‍ത്തനചടുലത സിനിമയ്‌ക്കൊരു മുതല്‍ക്കൂട്ടുതന്നെയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒന്നിനൊന്നു മെച്ചം, നൃത്തവിദ്യാലയം നടത്തുന്ന മോഹിനിയായി ചിത്രാ അയ്യര്‍ മിന്നുന്ന പ്രകടനമാണ് കഴ്‌ചവെച്ചത്. അഭിനയത്തില്‍ തന്റേതായ രീതി എന്നും പുലര്‍ത്തിവന്ന ലാലു അലക്സ്, ബാലു എന്ന കഥാപാത്രത്തിലൂടെ മോഹിനിയുടെ ഭര്‍ത്താവായി വന്ന് ചിത്രത്തെ മികവുറ്റതാക്കി. എല്ലാ മലയാളികളും കണ്ടിരിക്കേണ്ട മികച്ച ചിത്രമാണ് രാത്രിമഴ.