Skip to main content

ആരുനീ നിശാഗന്ധേ!

നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം;
നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ;

ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു;
മുറ്റിയൊരേകാന്തതശൂന്യത,വിമൂകത.

കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ-
യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും;

ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടര്‍-
ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങള്‍

പാവനമധുരമാമൊരു തീവ്രവേദന
പാരിന്റെയുപബോധം തഴുകിയൊഴുകുന്നു!

സ്നേഹവിദ്ധമാമന്തഃ കരണം രക്തം വാര്‍ന്നും,
മോഹത്തിലാണ്ടും ‘പാപം, പാപമെ’ന്നുടക്കവേ

ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച
ലോലനും കഠിനനുമാകിന പുരുഷന്റെ

മുന്‍പില്‍നിന്നകംപിളര്‍ന്നിള നല്‍കിയോരിടം
കൂമ്പിന പൂങ്കയ്യോടെ പൂകിയ മണ്ണിന്‍മകള്‍

നെടുവീര്‍പ്പിടുകയാം; ആ വ്രണിതാത്മാവാവാം
വിടരുന്നതു നിന്നില്‍ രഹസ്സില്‍, നിശാഗന്ധേ!

By : ജി. ശങ്കരക്കുറുപ്പ്‌

എന്നിണക്കിളിയുടെ നൊമ്പര ഗാനം

പാട്ട് കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/film/enninakiliyude.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു…
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു…
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു…

ശാരദനിലാവില്‍ നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍…
ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ – ചാരുമുഖി ഞാന്‍ ഉറങ്ങിയുണര്‍ന്നേനെ…
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു…

എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു…
ഇത്രമേല്‍ മണമുള്ള പൂവാണു നീയെന്ന് ആത്മസഖി ഞാന്‍ അറിയുവാന്‍ വൈകിയോ…
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു…
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു…
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു…

ആലായാല്‍ തറ വേണം

Kavalam Narayana Panicker

നെടുമുടി വേണുവിന്റെ പാട്ടു കേൾക്കാം:[ca_audio url=”https://chayilyam.com/stories/poem/aalayal thara_kavalam.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം

പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം
പൂമാനിനിമാര്‍കളായാലടക്കം വേണം
നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം
നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം

യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാ‍ന്‍ ലക്ഷ്‌മണന്‍ നല്ലൂ
പടയ്‌ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ
മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ
പാലിയത്തച്ചനുപാ‍യം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ…

Music and Lyricist: കാവാലം നാരായണ പണിക്കർ
Singer: നെടുമുടി വേണു
Film: ആലോലം…Rearranged & Produced by Masala Coffee
Vocals – Sooraj Santhosh & Varun Sunil
…..
Video credits:
Director – Sumesh Lal
DOP – Vipin Chandran
Edit & VFX – Alby Nataraj
Colorist – Remesh CP, Lal Media
Associate Director – Vinu Janardhanan
Camera – Mahesh SR, Aneesh Chandran
Choreography – Remya R Menon

രേണുക – മുരുകന്‍ കാട്ടാകട

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/renuka.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംമ്പോഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..

രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേയ്ക്ക് മറയുന്ന ക്ഷണഭംഗികള്‍..
മഴവില്ലു താഴെ വീണുടയുന്ന മാനത്ത് – വിരഹമേഘ ശ്യാമ ഘനഭംഗികള്‍..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌ – ഒഴുകിയകലുന്നു നാം പ്രണയശൂന്യം…
ജലമുറഞ്ഞൊരു ദീര്‍ഘശിലപോലെ നീ – വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍…

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം – ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം…
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും – കണ്ടുമുട്ടാമെന്ന വാക്കു മാത്രം…
നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി – നാം കടം കൊള്ളുന്നതിത്ര മാത്രം…

രേണുകേ നാം രണ്ടു നിഴലുകള്‍ ‍- ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും.

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ – വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി…
നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ…

ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം…
എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം…

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങളായ്…

പകല്‍ വറ്റി കടന്നു പോയ് കാലവും പ്രണയമൂറ്റിച്ചിരിപ്പു രൗദ്രങ്ങളും…
പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ – പ്രണയമരുതെന്നുരഞ്ഞതായ് തോന്നിയോ…

ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റയ്‌ക്ക്‌ – ചിതറി വീഴുന്നതിന്‍ മുന്‍‌പല്‍പ്പമാത്രയില്‍ –
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ – മധുരം മിഴിപൂ നനച്ചുവോ രേണുകേ?…

രേണുകേ നീ രാഗരേണു കിനാവിന്റെ – നീല കടമ്പിന്‍ പരാഗരേണു…
പിരിയുമ്പോഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു – നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍…

ബാഗ്ദാദ്-മുരുകന്‍ കാട്ടാകട

[ca_audio url=”https://chayilyam.com/stories/poem/bagdhad.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍

ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്

കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു
ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികൾ

കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു
അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം (ഇതു ബാഗ്ദാദാണമ്മ…)

തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെ പുകയുണ്ട്
പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്
അമ്മക്കാലു തെരഞ്ഞു തളന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി

സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം (ഇതു ബാഗ്ദാദാണമ്മ…)

ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം

സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു

കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍ (ഇതു ബാഗ്ദാദാണമ്മ…)

ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍
പ്രായോജകരില്ലാത്തൊരു സ്വപ്നം പാടേ തട്ടിപ്പായിക്ക

ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക
അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും

രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും

നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിതനിര തീര്‍ത്തീടും
തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്

പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം
പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ

പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍

കത്തും കണ്ണു കലങ്ങീലാ, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ
മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (ഇതു ബാഗ്ദാദാണമ്മ…)

ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം
ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം
ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്
അറബിക്കഥയിലെ ബാഗ്ദാദ്…

കണ്ണട – മുരുകന്‍ കാട്ടാക്കട

പട്ടിണി, ബലാത്സംഗം, ബാലവേല, രക്തസാക്ഷികൾ, ബലി, അമ്മ, പെങ്ങൾ, ഭാര്യ, ഭർത്താവ്, പുത്രൻ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/kannada.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം

രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

സ്മരണകുടീരങ്ങൾ പെരുകുമ്പോൾ പുത്രൻ ബലിവഴിയെ പോകുമ്പോള്‍
മാതൃവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം

പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുമ്പോള്‍ പുറകിലെ മാവിൽ കയറുകൾ കാണാം

തറയിലൊരിലയിലൊരൽപ്പം ചോരയിൽ കൂനനുറുമ്പിര തേടൽ കാണാം

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

പിഞ്ചു മടികുത്തമ്പതുപേർ ചേർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ചകൾ കാണാം

പിഞ്ചു മടികുത്തമ്പതുപേർ ചേർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമകാറിന്നുള്ളിൽ സുഖശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

തിണ്ണയിലൻപതു കാശിൻ പെൻഷൻ തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ പരിവാരങ്ങളുമായ്‌ പായ്‌വതുകാണാം

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം

കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം

വിളയില്ല തവളപാടില്ലാ കൂറ്റൻ കുഴികൾ കുപ്പത്തറകൾ

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട

ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട
കൊത്തിയുടയ്ക്കുക ത്തിമിരക്കാഴ്ച്ചകൾ സ്ഫടിക സരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു മാവേലിത്തറ കാണും വരെ നാം
കൊത്തിയുടയ്ക്കുക കാഴ്ചകൾ ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

മുരുകൻ കാട്ടാക്കടയുടെ കവിത : കണ്ണട

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ

[ca_audio url=”https://chayilyam.com/stories/poem/MadhusoodananNair/irulin-mahanidrayil-madusoodanan-nair.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

madhusoodanan nair മധുസൂദനന്‍ നായര്‍
മധുസൂദനന്‍ നായര്‍

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ…
എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ-
ശിഖരത്തിലൊരു കൂടു തന്നൂ…
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ…

ഒരു കുഞ്ഞു പൂവിലും തളിർ കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ…
ജീവനൊഴുകുമ്പോളൊരു തുള്ളി
ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ…
കനവിന്റെയിതളായി നിന്നെ പറത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ…

ഒരു കൊച്ചു രാപാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും;
ഒരു കൊച്ചു രാപാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും…
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കാലമിടറുമ്പോഴും…
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ
ഹൃദയം കൊരുത്തിരിക്കുന്നു…
നിന്നിലഭയം തിരഞ്ഞു പോകുന്നു…

അടരുവാന്‍ വയ്യ…
അടരുവാന്‍ വയ്യ നിന്‍
ഹൃദയത്തില്‍ നിന്നെനിക്കേതു
സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതേ നിത്യ സത്യം…


കവിത : ഇരുളിന്‍ മഹാ നിദ്രയില്‍
കവി : ശ്രീ. മധുസൂദനന്‍ നായര്‍
ആലാപനം : ശ്രീ. മധുസൂദനന്‍ നായര്‍ (ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിൽ)

നാറാണത്ത് ഭ്രാന്തൻ‌, ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകൾ‌, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക്, അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം, പുരുഷമേധം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്… 1986-ലെ കുഞ്ഞുപിള്ള പുരസ്കാരവും, 1993-ലെ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തൻ എന്ന കൃതിക്ക് ലഭിച്ചു. ഭാരതീയം എന്ന കവിതയ്ക്ക് 1991-ലെ കെ. ബാലകൃഷ്ണൻ പുരസ്കാരവും, 2011-ലെ അരങ്ങ് അബുദാബി ലിറ്റററി അവാർഡും അദ്ദേഹത്തിനു സ്വന്തം തന്നെ. കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു ആളാണു ശ്രീ മധുസൂദനൻ നായർ. മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനും ഒക്കെയടങ്ങുന്ന ആധുനിക സംഘവും ഇതേ മാർഗത്താൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കവികളാണ്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.

മധുസൂദനനായർ തനിക്കുകിട്ടിയ പുരസ്കാരങ്ങളെ പറ്റി പറഞ്ഞത്:
ഒരിക്കൽ ഒരു അമ്പലത്തിൽ സദസ്സിനു മുൻപിൽ കവിത പാടിക്കൊണ്ട് ഇരിക്കവേ വേച്ചു വേച്ച് ഒരു മുത്തശ്ശി സദസ്സിലേക്ക് നടന്നു വന്നു. എന്നിട്ട് തലയിൽ കൈവെച്ച് അനുഗ്രഹിച്ച് കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു കടലാസു പൊതി കൈയിൽ തന്നു. ഒരു അമ്പതു പൈസ തുട്ടായിരുന്നു ആ പൊതിക്കുള്ളിൽ. എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ആ അമ്പതു പൈസ”.

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും… (2)

ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും …

നിന്നെക്കാണാന്‍ എന്നെക്കാളും… (2)

കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മിന്നുമില്ല
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍. എന്നെക്കാളും(2)..

അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ …(2)

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല…
നിന്നെക്കാണാന്‍ …

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല…
നിന്നെക്കാണാന്‍ …(2)

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ …

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ…
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ…

എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ…
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ…
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ…
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ…
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ…
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ…
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ…
പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ…
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ…
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ…
ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ…
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ…
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ…
പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ…
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ…
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ…
ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ…
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ…
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights