ഫെയ്സ് ബുക്കിലെ വലതുവശം മിക്കപ്പോഴും പലതരത്തിലുള്ള പരസ്യങ്ങള്‍ വന്നു മിന്നിമറയുന്നത് കാണാറില്ലേ. ചിലപ്പോഴെങ്കിലും നിങ്ങളതിനെ എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടാവും. പലപ്പോഴും അത്തരം പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത് നെറ്റില്‍ കറങ്ങിനടന്നിട്ടുമുണ്ടാവും. ഇവിടെ, ഫെയ്സ്ബുക്കിനു വേണ്ടിയുള്ള ചെറിയൊരു എക്സ്റ്റന്‍ഷന്‍ കൊടുത്തിരിക്കുന്നു. കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ അതുപടി ചെയ്താന്‍ അത്തരം പരസ്യങ്ങളെ ഒഴിവാക്കി ഫെയ്സ്ബുക്ക് അപ്ഡേറ്റുകള് കൂടുതല്‍ വീതിയുള്ള പ്രതലത്തില്‍ കാണാവുന്നതാണ്. അതിന്റെ കൂടെ, ഫെയ്സ്ബുക്കിന്റെ കളര്‍ തീമിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഫയര്‍ഫോക്സ് മോസില്ലയില്‍ മാത്രമേ ഇതു വര്‍ക്ക് ചെയ്യുകയുള്ളൂ… മോസില്ലയല്ല ഉപയോഗിക്കുന്നത് എങ്കില്‍ താങ്കള്‍ ഇനി താഴോട്ട് വായിക്കണമെന്നില്ല
🙂
മാറ്റങ്ങള്‍ വരുത്തുന്നതിനു മുമ്പ്, ജാക്സന് ഡവലപ്പ് ചെയ്ത സ്റ്റൈലിഷ് എന്ന മോസില്ല ബ്രൗസര്‍ ആഡോണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇതു വളരെ ലൈറ്റ്-വെയ്റ്റാണ്, അധികം മെമ്മറിയൊന്നും കളയുമെന്ന പേടി വേണ്ട. ഈ ആഡോണ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രത്യേകിച്ച് ഒന്നും കിട്ടില്ല; മറ്റുസൈറ്റുകളെ നമ്മുക്ക് ഇഷ്ടപ്പെട്ട രീതിയില്‍ സ്റ്റൈല്‍ ചെയ്തെടുക്കാനുള്ള ഒരു ഇന്റെര്ഫേസാണ്. അവിടെ, സ്റ്റൈല്‍ ഷീറ്റിനെ കുറിച്ച് അറിയാവുന്നവര്‍ക്ക് മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഈ അഡ്ഓണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍വേണ്ടി ആ സൈറ്റില്‍ കാണുന്ന Add to Firefox എന്ന ബട്ടന് ക്ലിക്ക് ചെയ്താല്‍ മതി. അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്ഷന് കാണും.
സ്റ്റൈലിഷ് എന്ന ആഡോണ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ബ്രൗസര്‍ ഒന്നു ക്ലോസ് ചെയ്തിട്ട് വീണ്ടും ഓപ്പണ്‍ ചെയ്യുക. സ്റ്റൈലിഷ് എന്ന എക്സ്റ്റന്‍ഷന്റെ ഉപയോഗം മുകളില്‍ പറഞ്ഞല്ലോ. ഇതുവെച്ചാണിനി നമ്മുടെ കളികള്‍.
ഇനി Ctrl + Shift + A ഒന്നിച്ചു പ്രസ്സ് ചെയ്യുക. (ആഡോണ് ഇന്‍സ്റ്റാള്‍ ചെയ്തു പരിചയമില്ലാത്തവര്‍ക്ക് അതെവിടെ കിടകുന്നു എന്നു കണ്ടെത്താന്‍ ബുദ്ധിമുട്ടുകാണുമായിരിക്കും. മോസില്ലയുടെ മെനുബാറില്‍ (Alt + T) ടൂള്‍സ് എന്ന മെനു ഐറ്റം ഉണ്ട്. അതില്‍ Add – Ons എന്ന മെനുഐറ്റം ക്ലിക്ക് ചെയ്താലും മതിയാവും)
അപ്പോള്‍ ആഡോണ് വിന്‍ഡോ തുറന്നുവരും.
ആ വിന്‍ഡോയില്‍ തപ്പിനോക്കിയാള് എക്സ്റ്റന്ഷന്സ് (Extensions) എന്നൊരു ടാബ് കാണും. അതു ക്ലിക്ക് ചെയ്യുക. അതില്‍ നിങ്ങള്‍ ഇതുവരെ ഏതെങ്കിലും ബ്രൗസര്‍ എക്സ്റ്റന്ഷന്സ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയൊക്കെ കാണാവുന്നതാണ്. നമ്മള് ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്റ്റൈലിഷ് എന്ന എക്സ്റ്റന്‍ഷനും അവിടെ കാണും!
Options, Disable, Remove എന്നിങ്ങനെ മൂന്നു ബട്ടണുകള്‍ അവിടെ തന്നെ കാണാനാവും. അതില്‍ ഓപ്ഷന്‍സ് എന്ന ബട്ടനിലാണു നമ്മുടെ കളികള്‍!
ഡിസേബിള്‍ എന്ന ബട്ടന് സ്റ്റൈലിഷ് എന്ന എക്സ്റ്റന്‍ഷന്റെ പരിപാടി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിര്ത്തിവെക്കാനുള്ളതാണ്. മുഴുവനായും ഒഴിവാക്കാനുള്ളതാണ് റിമൂവ് ബട്ടന്.
Options എന്ന ബട്ടന് ക്ലിക്ക് ചെയ്യുക. അതു ക്ലിക്ക് ചെയ്യുമ്പോള്‍ വേറൊരു വിന്‍ഡോ തുറന്നുവരും; ഒന്നും കാണില്ല അതില്‍! അതിന്റെ താഴെ, Write New Style എന്ന ഒരു ബട്ടന് കാണാം. അതു ക്ലിക്ക് ചെയ്തിട്ടുവേണം നമുക്ക് പുതിയ സ്റ്റൈല്‍സ് എഴുതാന്‍. ഇപ്പോള്‍ വരുന്ന വിന്‍ഡോ ഒന്നു നോക്കുക. അതില്‍ മൂന്ന് ടെക്സ്റ്റ് ബോക്സുകള്‍ കാണാം. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണുതു പോലെ അതില്‍ ഫില്‍ ചെയ്യുക:
Name: MyFBStyle
Tags: facebokstyle
ഇതിനു താഴെ കാണുന്ന വലിയ ടെക്സ്റ്റ് ബോക്സില്‍
@import url(“https://chayilyam.com/stories/MyWorks/facebookStyles.css”);
ഇതു കോപ്പിയെടുത്തു പേസ്റ്റ് ചെയ്യുക. Name -ഉം Tags – ഉം നിങ്ങള്‍ക്കിഷ്ടമുള്ളതു കൊടുക്കാം. പക്ഷേ, ഈ സി എസ് എസ് കോഡ് ഇതേ പടിതന്നെ കൊടുക്കണം. ഇനി നിങ്ങള്‍ ഫെസ്സ് ബുക്ക് ഒന്ന് ഓപ്പണ്‍ ചെയ്തു നോക്കൂ 🙂
- പരസ്യങ്ങള്‍ ഒക്കെ അപ്രത്യക്ഷമായി
- ഫെയ്സ്ബുക്ക് അപ്ഡേറ്റ്സും നോട്ടിഫിക്കേഷനും വരുന്നഭാഗം കൂടുതല്‍ വീതിയുള്ളതും വൃത്തിയുള്ളതും ആയി
- ലേഔട്ടിലെ കളറുകളൊക്കെ കുറച്ച് മാറി, ബാക്ഗ്രൗണ്ടില്‍ ഗ്രേഡിയന്റ് കളര്‍ വന്നു
- നിങ്ങളുടെ ഫെയ്സ്ബുക്കിനൊരു ക്ലീന്‍ ലുക്ക് കിട്ടുന്നു
ഫെയ്സ് ബുക്ക് ആഡോണ് ഇഷ്ടപ്പെട്ടില്ലെങ്കില്‍
ഇനിയിതു വേണ്ടാ എന്നുണ്ടെങ്കില്‍ കളയാന്‍ വളരെ എളുപ്പമാണ് Ctrl + Shift + A മോസില്ലയുടെ ആഡോണ് വിന്‍ഡോ ഓപ്പണ്‍ ചെയ്യുക. എന്നിട്ട് അതില്‍ നിന്നും സ്റ്റൈലിഷ് എന്ന എക്സ്റ്റന്‍ഷന്‍ കണ്ടെത്തി അതിലെ രണ്ടാമത്തെ ബട്ടണ്‍ ആയ Disable ക്ലിക്ക് ചെയ്താല്‍ മതിയാവും. ഫെയ്സ്ബുക്ക് പഴയപടി ആയിട്ടുണ്ടാവും.
ഇതിനുവേണ്ടി തയ്യാറാക്കിയ CSS കോഡ് ആര്‍ക്കെങ്കിലും വേണമെന്നുണ്ടെങ്കില്‍ ഇവിടെ നിന്നും കോപ്പി ചെയ്തെടുക്കാവുന്നതാണ്…
ഇതു വളരെ എളുപ്പത്തില്‍ ഒരു നോട്ട്പാഡില് ഓപ്പണ്‍ ചെയ്തിട്ട് എഡിറ്റ് ചെയ്യാവുന്നതും ആണ്. സി.എസ്.എസ്. അറിയുന്നവര്‍ മാത്രം ആ പണിക്കു പോയാല്‍ മതിയാവും.
ഇതു ചെയ്തു കഴിഞ്ഞാല്‍ ഫെയ്സ്ബുക്ക് എങ്ങനെയിരിക്കും എന്നു കാണാന്‍ ഈ ലിങ്കു നോക്കുക