Skip to main content

Malayalam Wikipedia Logo

Wikipedia logo മലയാളം വിക്കിപീഡിയ ലോഗോ( Malayalam Wikipedia Logo) സേർച്ച് ചെയ്യുന്നവർക്ക് പതിവായി കിട്ടിക്കൊണ്ടിരിക്കുന്നത് മലയാളം വിക്കിപീഡിയയുടെ പഴയ ലോഗോ ആണെന്നു കാണാൻ കഴിഞ്ഞു. മലയാളം വിക്കിപീഡിയയെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നവർ ഉപയോഗിക്കുന്നതും വാർത്തകൾ കൊടുക്കുന്ന മിക്ക പത്രങ്ങളിൽ വരുന്ന ലോഗോകളും ഇപ്പോഴും പഴയതു തന്നെയാണ്. എന്നാൽ വിക്കിപീഡിയ കോമൺസിൽ മലയാളം വിക്കിപീഡിയയുടെ വിവിധ ഉപയോഗങ്ങൾക്കായുള്ള ലോഗോകൾ ലഭ്യമാണ്. അവയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നതു കാണുക:മലയാളം വിക്കിപീഡിയ ലോഗോ – വിവിധ ആവശ്യങ്ങൾക്കായുള്ളത്

25000 പ്രൗഢലേഖനങ്ങളുടെ കരുത്തുമായി മലയാളം വിക്കിപീഡിയ വൈജ്ഞാനികകേരളത്തിന്റെ മുഖമുദ്രയാവുകയാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം വിക്കീപീഡിയയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.  ഒത്തിരിപ്പേർ മലയാളം വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും  മലയാളം വിക്കീപീഡിയയുടെ എഡിറ്റിംഗ് പ്രക്രിയയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത് നൂറോളം പേരാണ്. ഇനിയും ഭാഷാ സ്നേഹികളായ മലയാളികൾ ഈ രംഗത്തേക്ക് കടന്നു വരുമെന്നും പ്രാദേശികമായ അതിരുകൾ കടന്ന് എല്ലായിടത്തും വിക്കിപീഡിയ സജീവമാവുമെന്നു പ്രതീക്ഷിക്കുന്നു.  ഈ അവസരത്തിൽ വിവിധങ്ങളായ ലോഗോ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കി വിക്കിപീഡിയ അംഗീകരിച്ച സ്ഥിരമായ ഒരു ലോഗോ തന്നെ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

മാതൃകയാവുന്ന മലയാളം വിക്കിപീഡീയ

മലയാളം വിക്കിപീഡിയയും മലയാളം വിക്കിസമൂഹവും മറ്റ് ഇന്ത്യൻ ഭാഷാ വിക്കിസമൂഹങ്ങൾക്ക് മാതൃകയായി തീർന്ന ചില മേഖലകൾ:
  • ഓരോ ലേഖനങ്ങളിലും ഏറ്റവും അധികം മെച്ചപ്പെടുത്തലുകൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
  • പുതിയ എഴുത്തുകാർക്കുവേണ്ടി വിക്കിപഠനശിബിരം, വിക്കിസംഗമങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്ന ഇന്ത്യൻ വിക്കിസമൂഹം
  • സൗജന്യമായി വിക്കിപീഡിയ സി.ഡി, വിക്കിഗ്രന്ഥശാല സി. ഡി തുടങ്ങിയവ നിർമ്മിച്ച് വിതരണം ചെയ്ത ഏക ഇന്ത്യൻ വിക്കി സമൂഹം
  • ഭാഷാതലത്തിൽ സ്വതന്ത്രവും സമ്പൂർണ്ണവുമായി ഒരു വിക്കി കോൺഫറൻസ് നടത്തി വിജയിപ്പിച്ച ഏക ഇന്ത്യൻ വിക്കി സമൂഹം
  • സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, കേരളത്തിലെ വിവിധ സാംസ്കാരിക,സാമൂഹിക സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസവും സഹകരണവും ആർജ്ജിച്ച് ഉല്പാദനപരവും പരസ്പരപ്രായോജികവുമായി പ്രവർത്തിച്ച സന്നദ്ധസംഘം
  • വിക്കിമീഡിയ ഫൗണ്ടേഷന്റെ ഏറ്റവും അധികം ഉപസംഘടനകളിലും ടീമുകളിലും സാന്നിദ്ധ്യമുള്ള ഇന്ത്യൻ വിക്കി സമൂഹം
  • ആദ്യമായി സ്കൂളുകൾ മുഖേന ഇന്ത്യയിൽ വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി തുടങ്ങിയ ഇന്ത്യൻ വിക്കി സമൂഹം
ഇവയ്ക്കെല്ലാം പുറമേ, ഇന്ത്യയിലേയും ആഫ്രിക്ക പോലുള്ള വികസ്വരസമൂഹങ്ങളിലേയും വിക്കിസംരംഭങ്ങൾക്കു മാതൃകയാക്കാവുന്ന നിരവധി പുത്തൻപരീക്ഷണങ്ങൾ ഓരോ നാൾ കഴിയുമ്പോളും മലയാളം വിക്കിസമൂഹം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു.
ഇന്റർനെറ്റിൽ മലയാളം വിക്കിപീഡിയ വായിച്ചു http://ml.wikipedia.org ഈ ലിങ്കിൽ പോവുക. നിങ്ങൾക്കും വിക്കിപീഡിയയിൽ എങ്ങനെ ഭാഗമാവാം എന്നറിയാൻ, സഹായത്തിനു് മലയാളം വിക്കി സമൂഹത്തിന്റെ ഇമെയിൽ വിലാസം കുറിച്ചെടുത്ത് മെയിൽ അയക്കുക: help@mlwiki.in

ഇരുപത്തയ്യായിരത്തിന്റെ നിറവിൽ!!

മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു
മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 ജൂലൈ 23-നാണ് മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പൂർത്തീകരിച്ചത്.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്ന സാങ്കേതികപദവികൾ വഹിക്കുന്നവർ മുതൽ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ള അറിവു് ആർജ്ജിക്കാനും പങ്കുവെക്കാനും തൽപ്പരരായ, അതോടൊപ്പം, മലയാളഭാഷയെ ആത്മാർത്ഥമായും സ്നേഹിക്കുന്ന നിരവധി പേർ കഴിഞ്ഞ പത്തോളം വർഷങ്ങൾ പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അർഹമാക്കിയത്. സാധാരണ വലിപ്പത്തിൽ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കിൽ അര ലക്ഷം താളുകളെങ്കിലും വേണ്ടിവരുന്ന ഈ വിജ്ഞാനസാഗരം പരിപൂർണ്ണമായും സൗജന്യമായി ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണു്.

2002 ഡിസംബർ 21-ന് സജീവമാകാൻ തുടങ്ങിയ മലയാളം വിക്കിപീഡിയ ഈ വർഷം ഡിസംബർ 21-നു പത്ത് വർഷം പൂർത്തിയാക്കുകയാണ്. 10 വർഷത്തിനുള്ളിൽ 25,000 ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ള മലയാളികൾ ഈ സ്വതന്ത്രസംരംഭത്തിൽ പങ്കാളിയാകുകയാണെങ്കിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച ത്വരിതഗതിയിലാവുകയും ഭാവി മലയാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി മലയാളം വിക്കിപീഡിയ മാറുകയും ചെയ്യും.
ഇന്ത്യൻ വിക്കിപീഡിയകളിൽ ഈ കടമ്പ കടക്കുന്ന അഞ്ചാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുൻപേ 25,000 ലേഖനങ്ങൾ എന്ന കടമ്പ കടന്ന ഇന്ത്യൻ ഭാഷകളിലെ മറ്റു് വിക്കിപീഡിയകൾ തെലുങ്ക്‌, ഹിന്ദി, മറാഠി, തമിഴു് എന്നിവയാണ്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ടു് 100 പേർ മാത്രമാണു് മലയാളം വിക്കിപീഡിയയിൽ സജീവമായി തിരുത്തുന്നത്.
മറ്റു ഇന്ത്യൻ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ, ലേഖനങ്ങളുടെ എണ്ണത്തിൽ പിന്നിലാണെന്നു് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും മലയാളം വിക്കിപീഡിയ ലോകശ്രദ്ധയാകർഷിക്കുന്നതു് ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നു് എന്ന നിലയിലാണു്. ലേഖനങ്ങളുടെ ആധികാരികത, ഉൾക്കാമ്പും ഗുണനിലവാരവും തുടങ്ങി പല മാനകങ്ങളിലും ഇതര ഇന്ത്യൻ വിക്കിപീഡിയകളേക്കാൾ മലയാളം വിക്കിപീഡിയ വളരെയേറെ മുന്നിലാണു്.

മലയാള അക്ഷരം – fa | fa കാരം!

അല്പം ചരിത്രം

മലയാള അക്ഷരമാല ഇന്നും സ്ഥിരതയില്ലാതെ അമ്പത്തൊന്നിലും അമ്പത്തിയാറിലും ഒക്കെയായി തത്തിക്കളിക്കുന്നു. ഇതിനെ പറ്റി തോന്ന്യാക്ഷരങ്ങൾ എന്ന പേരിൽ ഒരു രസകരമായ കഥ ഞാൻ ഇവിടെ തന്നെ പോസ്റ്റ് ചെയ്തത് കാണുക. എനിക്കുതോന്നുന്നത് അക്ഷരങ്ങൾ എത്ര കൂടിയാലും അതു നല്ലതുതന്നെ എന്നാണ് എന്റെ പക്ഷം. മലയാള ദ്രാവിഡ ഭാഷാഗോത്രത്തിൽ പെട്ട ഒരു ഭാഷയാണ്. ദ്രാവിഡ ഭാഷയിൽ 12 സ്വരങ്ങളും 18 വ്യജ്ഞനങ്ങളും അടക്കം മുപ്പത് അക്ഷരങ്ങളേ ഉണ്ടായിരുന്നുള്ളൂ.

സ്വരാക്ഷരങ്ങൾ:

വ്യഞ്ജനങ്ങൾ:

എന്നിവയാണവ. എന്നാൽ പിന്നീട് ആര്യന്മാരുടെ വരവോടെ അമിതമായ സംസ്‌കൃതഭാഷാസ്വാധീനം മലയാളത്തിലും സ്വാധീനം ചെലുത്തുകയുണ്ടായി. അതിന്റെ ഫലമായി മലയാളത്തിലേക്ക് പുതിയതായി നാലു സ്വരാക്ഷരങ്ങളും 19 വ്യഞ്ജനാക്ഷരങ്ങളും കൂടി ചേർക്കപ്പെട്ടു. അങ്ങനെ മലയാളത്തിന്റെ അക്ഷരമാല അല്പം കൂടി വിപുലമായി 53 ആയി.
 സംസ്‌കൃതഭാഷയിൽ നിന്നും വന്ന സ്വരങ്ങൾ:

സംസ്‌കൃതഭാഷയിൽ നിന്നും കടംകൊണ്ട വ്യജ്ഞനങ്ങൾ:

ഇതുകൂടാതെ കൂട്ടക്ഷരങ്ങൾക്കും വള്ളിപുള്ളികൾക്കുമൊക്കെയായി 500-ഇൽ അധികം ചിഹ്നങ്ങൾ മലയാളത്തിന്റെ പൂർവദശയിൽ ഉണ്ടായിരുന്നു. ഇവയൊക്കെ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനുമായി ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്ത്വത്തിൽ 1968 ഇൽ ഒരു ലിപി പരിഷ്‌കരണ കമ്മിറ്റി ഉണ്ടാക്കുകയും 1971 ഏപ്രിൽ 15 ആം തീയതി പുതിയ ലിപി നിലവിൽ വരികയും ചെയ്തു. പഴയ പല അക്ഷരങ്ങളേയും അതിൽ ഒഴിവാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ മലയാള അക്ഷരമാല കാണുക.

പഴയലിപികൾ തന്നെ വരട്ടെ!
ഉപയോഗക്കുറവും എണ്ണക്കൂടുതലും ഒക്കെയായിരുന്നു അന്ന് അക്ഷരങ്ങളെ വെട്ടിക്കുറക്കാൻ പ്രധാന കാരമായത് എന്നുകാണാം. ഇന്ന് കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നമുക്ക് എന്തും ഏതും എളുപ്പം ഉണ്ടാക്കിയെടുക്കാം എന്ന നിലവന്നിരിക്കുന്നു. അതിവിപുലമായ നമ്മുടെ അക്ഷരസമ്പത്ത് അതേ പടി കാത്തുസൂക്ഷിക്കുന്നതിൽ ഇനി അത്തരത്തിലുള്ള യാതൊരു പ്രശ്നവും ഇല്ല. ഏതു ചിഹ്നങ്ങളേയും പ്രോഗ്രാമിങിന്റെ സഹായത്തോടെ എളുപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ അക്ഷരങ്ങൾ ഉണ്ടാവുന്നതും പഠിച്ചെടുക്കുന്നതും നമുക്ക് മറ്റേതൊരു ഭാഷയും എളുപ്പം വഴങ്ങുന്നതിനു കാരണമാവും. അതുകൊണ്ട് മലയാളത്തിൽ പണ്ടുണ്ടായിരുന്ന സ്വരിതവും (അക്ഷരത്തിനു മുകളിൽ കുത്തനെയുള്ള വര) അനുദാത്തവും (അക്ഷരങ്ങളുടെ അടിയിൽ വിലങ്ങനെയുള്ള വര) അടക്കം എല്ലാം ഉൾക്കൊള്ളിച്ചുതന്നെ വികസിപ്പിക്കണം.

മലയാളത്തിലെ faകാരം

ഇംഗ്ലീഷിലെ fa യ്‌ക്ക് മലയാളത്തിൽ ഒരു അക്ഷരം നിർബന്ധമായും കൂട്ടിച്ചേർക്കേണ്ടതാണ് എന്നു തോന്നുന്നു. കാരണം ഫലം, ഫലിതം തുടങ്ങിയവയിലെ ഫകാരത്തിന്റെ ഉച്ചാരണം തന്നെ മാറിപ്പോകുന്നതിന് ഒരു പ്രധാനകാരണമായി മാറുകയാണ് ഈ ഇംഗ്ലീഷിലെ faകാരം. fan, father, furniture അടക്കം നിരവധി ഇംഗ്ലീഷ് പദങ്ങൾ ഇപ്പോൾ കണ്ടമാനം മലയാളത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്, അവിടെയൊക്കെ faകാരത്തിനു പകരം വെക്കുന്നത് ഫകാരമാണ്. ശരിക്കും ഫയുടെ ഉച്ചാരണം പ്+ഹ എന്നാണ്. നമ്മുടെ ഫകാരം സ്വത്ത്വമറ്റുപോകാതിരിക്കാൻ faകാരത്തിനായി ഒരു ചിഹ്നം ഉണ്ടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു 🙂
ഒരുകാലത്ത്, fa കാരത്തിനായി ആരെങ്കിലും ശബ്ദമുയർത്തിക്കൂടെന്നില്ല – അപ്പോൾ നിസംശയം ഇതുപയോഗിക്കാൻ ഇടവരട്ടെയെന്നാശിക്കുന്നു.

എങ്ങനെയുണ്ട് fa കാരത്തിന്റെ ഈ പുതിയ സിമ്പൽ. കാണുമ്പോൾ തന്നെ fa എന്ന ശബ്ദം ഉള്ളിൽ വിരിയുന്നില്ലേ!  പകാരത്തിന്റെ ചിഹ്നവും ഭകാരചിഹ്നവും കൂട്ടിക്കലർത്തി ഏവർക്കും പെട്ടന്ന് ഓർത്തിരിക്കാവുന്നതും എഴുതാൻ എളുപ്പമുള്ളതും ആണ് ഈ fa-കാരം.

ഗൂഗിൾ പ്ലസിൽ കൊടുത്തത് കാണുക

എന്തിനു ‘മൈരെ’ ഷേണി ആവണം??

നാലാമിടത്തിലെ വാർത്തയിലേക്ക്…

കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം.

മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്?

അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍.

ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ഒരു മലയാള പദത്തില്‍ അശ്ലീലമുണ്ടെന്ന് പരാതി നല്‍കാന്‍ കന്നടക്കാരനോ തമിഴനോ അവകാശമുണ്ടോ. നമ്മുടെ ‘ഴ’ ഉച്ചരിക്കാന്‍ കഴിയാത്തതിന് ബ്രീട്ടീഷുകാരന്‍ കോഴിക്കോടിനെ കാലിക്കറ്റാക്കിയിരുന്നു. അതിനെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഷാ ഫാഷിസം എന്ന് പറയാം. അതുപോലെ ഒരു ഇന്ത്യക്കാരന്റെ സ്ഥലനാമം തെറിയാണെന്ന് പറഞ്ഞ് മാറ്റാന്‍ നമുക്ക് എന്ത് അവകാശം? മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ഒരു തുളു വാക്കിനെ നാടുകടത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ മേധാവിത്വ മനോഭാവം അല്ലാതെ മറ്റെന്താണിത്.

പഴയ ഒരു ബസ്സിലേക്ക്…

മനോരോഗികൾ ആരൊക്കെ??

ഇതാണു പണ്ഡിതൻ… പണ്ഡിതൻ പ്രതികരിക്കുന്നു:

ഒരുകൂട്ടം ബുജികൾ പണ്ഡിതനെ വിളിച്ച് വരുത്തി അപമാനിക്കുന്ന ഈ ആഭാസത്തിന്റെ അത്ര വരില്ല പണ്ഡിതൻ ചെയ്തു എന്നു പറയുന്ന കുറ്റം. അദ്ദേഹത്തിന്റെ സിനിമയെ വിമർശിക്കാം, കുറ്റങ്ങൾ അല്പം ആക്ഷേപഹാസ്യത്തോടെ വിളിച്ചു പറയുന്നതിലും തെറ്റില്ല; അതേറെ പണ്ഡിതൻ കേട്ടുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, സദസിൽ വിളിച്ചു വരുത്തി ഒരു വ്യക്തിയെ ഇങ്ങനെ പീഡിപ്പിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല. മുഖ്യധാര സിനിമാ സമ്പ്രദായങ്ങളെ കുറിച്ച് അറിവില്ലാത്ത ഒരാൾ തനിക്കാവുന്ന വിധം ഒരു സാഹസത്തിനു മുതിർന്നു എന്നത് ഒരിക്കലും ഒരു കുറ്റമായി കാണാൻ കഴിയില്ല.

ഇവിടെ സിനിമാ പ്രവർത്തകർ തന്നെ ഒത്തുകൂടി സന്തോഷ് പണ്ഡിറ്റിനെതിരെ വാളെടുക്കുമ്പോൾ കാണികൾക്ക് തോന്നുന്നത് കടുത്ത പുച്ഛമാണ്. എന്തധികാരമാണിവർക്ക് പണ്ഡിതനെ വിമർശിക്കാനുള്ളത്…

ഇവിടെ മനോരോഗം പണ്ഡിതനു മാത്രമാണോ!!

ചീമുട്ട എറിഞ്ഞതിൽ കടുത്ത പ്രതിഷേധം!!

പെരുന്തൽമണ്ണയിൽ ഒരു ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്യാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ ജനങ്ങൾ ചീമുട്ട എറിഞ്ഞു കൈകാര്യം ചെയ്തുവത്രേ!
കഷ്ടം!!
ഒരു സാധു മനുഷ്യജീവിക്കു നേരെ എന്തിന്റെ പേരിലാണെങ്കിലും ചീമുട്ട എറിഞ്ഞ മലയാളസംസ്‌ക്കാരത്തിൽ അതിയായി ലജ്ജിക്കുന്നു; കടുത്ത ഭാഷയിൽ പ്രതിഷേധിക്കുന്നു.

ജനങ്ങളെ നാൾക്കുനാൾ കോമാളികളാക്കി പൊറാട്ട് നാടകം നടത്തുന്ന രാഷ്ട്രീയക്കാർക്കു നേരെ ഒന്നു കൈപൊക്കാൻ പോലും ഈ തെണ്ടികൾക്ക് കെൽപ്പില്ലല്ലോ!!

കാക്കനാടന് ബാഷ്‌പാഞ്ജലി

വിക്കിപീഡിയൻ കണ്ണൻന്മാഷെടുത്ത ചിത്രം

പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ ( ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ)  അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ വർഗ്ഗീസ് കാക്കനാടന്റെ മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിൽ. 1955-ൽ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി.

കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽ‌വേയിലും റെയിൽ‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്. രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവർഷം സതേൺ റെയിൽവേയിലും ആറ് വർഷം റെയിൽവേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ ‘ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ‘ എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ൽ വിവാഹിതനായി. ഭാര്യ : അമ്മിണി, മക്കൾ: രാധ, രാജൻ, ഋഷി. 2011 ഒക്‌ടോബർ 19 നു ബുധനാഴ്‌ച രാവിലെ കരൾസംബന്ധിയായ രോഗത്തെ തുടർന്ന് കാക്കനാടൻ അന്തരിച്ചു.

വിക്കിയിലേക്ക്…

ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി

കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

മാന്തളിരധരം, കവിളുകളില്‍
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍
ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍
അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ചുഴി പൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവനനീലിമയോ
പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരി.. നീ സുരസുന്ദരി…
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights