Skip to main content

വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ
വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള  അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. 

അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു. 

ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്.

നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ. ‘നിങ്ങളുടെ പ്രവർത്തനമണ്ഡലവും വിക്കിമീഡിയ സംരംഭങ്ങളും‘ എന്ന വിഷയത്തിൽ ഒരു ചെറിയ പ്രബന്ധം അവതരിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല എന്നു കരുതുന്നു. ഉദാഹരണത്തിന് ഒരു ഡോക്ടർക്ക് ‘ആരോഗ്യസം രക്ഷണത്തിൽ വിക്കിമീഡിയയ്ക്കുള്ള പങ്ക്, വൈദ്യശാസ്ത്ര താളുകൾ വിക്കിപീഡിയയിൽ, വൈദ്യശാസ്ത്ര പ്രൊജെക്ടുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനായി ചെയ്യേണ്ടതെന്തെല്ലാം, ആരോഗ്യമേഖലയിലെ വിദഗ്ദർക്ക് വിക്കിമീഡിയയിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും, വൈദ്യശാസ്ത്ര ലേഖനങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ ടൂളുകൾ എന്നിങ്ങനെ അനവധി വിഷയങ്ങളിൽ പ്രബന്ധവും ചർച്ചയും അവതരിപ്പിക്കാവുന്നതാണ്. ഇനി താങ്കൾ ഒരു നവാഗതനാണെങ്കിൽ ‘വിക്കിമീഡിയ സംരംഭങ്ങൾ: ഒരു നവാഗതന്റെ വീക്ഷണകോണിലൂടെ‘ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമാവാം. സജീവ ഉപയോക്താക്കൾക്ക് തങ്ങൾ പ്രവർത്തിക്കുന്ന വിക്കിപദ്ധതികളെപ്പറ്റി സംസാരിക്കാവുന്നതാണ്. ബ്ലോഗിങ് മേഖലയിലുള്ളവർക്ക് വിക്കിമീഡിയയുടെ പ്രചാരണത്തിന് ബ്ലോഗ് എന്ന മാധ്യമം ഉപയോഗിക്കുന്നതിനെ പറ്റി പ്രബന്ധങ്ങൾ അവതരിപ്പിക്കാവുന്നതാണ്.

ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രമേശ് എൻ ജി, നത ഹുസൈൻ, അനൂപ് നാരായണൻ, വിശ്വപ്രഭ, ശിവഹരി എന്നിവരിൽ ആരെങ്കിലുമായി സംവദിക്കുക. എല്ലാവരും ഉത്സാഹിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏപ്രിലിൽ നടക്കുന്ന ഈ മഹാസംഗമത്തെ വിജയത്തിലേക്ക് നയിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിസംഗമോത്സവം – 2012 ലേക്ക് പ്രബന്ധാവതരണത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 

മലയാളം വിക്കിമീഡിയ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുടേയും മലയാളം വിക്കിമീഡിയയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരുടേയും വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം.  ഇവർക്ക്, പരസ്പരം നേരിൽ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങൾ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവർത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.

വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവർത്തകർ, ഗവേഷകർ, കമ്പ്യൂട്ടർ വിദഗ്ദർ, സ്വതന്ത്ര -സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകൾക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇതൊരവസരമാണ്.

മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളുന്നത് കൊല്ലം നഗരമാണ്. ഏപ്രിൽ 21, 22 (അല്ലെങ്കിൽ ഏപ്രിൽ 27,28)  തീയതികളിൽ 2 ദിവസമായാണു് പരിപാടി നടക്കുന്നത്. തീയതി, പരിപാടി നടക്കുന്ന കൃത്യമായ സ്ഥലം എന്നിവയെകുറിച്ചുള്ള അറിയിപ്പ് അടുത്ത ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ വരുന്നതാണ്)

ഈ പ്രഥമ വിക്കിസംഗമോത്സവം വിവിധ മലയാളം വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാർഷിക വിശകനങ്ങൾ, ചർച്ചകകൾ എന്നിവയ്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങൾ, പാനൽ ചർച്ചകൾ, ക്ലാസ്സുകൾ, ശില്പശാലകൾ, പൊതുചർച്ചകൾ, പ്രഭാഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾക്ക് വേദി ആവുകയാണ്. അതിന്റെ ഭാഗമാകാൻ മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള എല്ലാവരേയും ക്ഷണിക്കുന്നു.

നിങ്ങൾക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അപേക്ഷകൾ സമർപ്പിക്കാം. 
പ്രധാന തിയതികൾ

  • പ്രബന്ധങ്ങൾ സ്വീകരിക്കാൻ തുടങ്ങുന്നത് 21 ഫെബ്രുവരി 2012
  • പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള അവസാനതീയതി 21 മാർച്ച് 2012
  • തിരഞ്ഞെടുത്ത പ്രബന്ധങ്ങളെ പറ്റിയുള്ള അറിയിപ്പ് 31 മാർച്ച് 2012
ഈ വർഷത്തെ വിക്കിസംഗമോത്സവം – 2012 ൽ താഴെപ്പറയുന്ന വിക്കിപീഡിയയുടെ സംരംഭങ്ങളെ വികസനത്തിനു വേണ്ടിയ പ്രധാന പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
  • സമൂഹം ( Community)
  • ടെക്നോളജി (Technology)
  • അറിവ് (Knowledge)
  • പ്രചാരണം ( Outreach)
ഈ പ്രമേയങ്ങൾ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങൾക്കാണ് മുൻഗണന.
വിക്കിസംഗമോത്സവം – 2012 മലയാളം വിക്കി സംബന്ധമായ പദ്ധതികൾക്കുള്ളതായത് കൊണ്ട്, പ്രബന്ധങ്ങളുടെ അവതരണം മലയാളത്തിലാവുന്നതാണ് അഭികാമ്യം. എന്നാൽ പ്രബന്ധാവതാരകൻ മലയാളിയല്ലെങ്കിൽ (അല്ലെങ്കിൽ മലയാളം ശരിയായി അറിയാത്ത ആൾ ആണെങ്കിൽ) ഇംഗ്ലീഷ് ഉപയോഗിക്കാം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെക്കാണുന്ന കണ്ണിയിൽ ഞെക്കുക.

വിക്കിപീഡിയ:വിക്കിസംഗമോത്സവം – 2012/അപേക്ഷകൾ

ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഈ താളിന്റെ സംവാദ താളിൽ ഉന്നയിക്കാവുന്നതാണ്.
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights