Skip to main content

കേരളം കണ്ടു പഠിക്കാൻ ചിലത്…

കഴിഞ്ഞ ആറാം തീയതി (ഒക്ടോബർ 6) ഇവിടെ കർണാടകയിൽ ഹർത്താലായിരുന്നു. പ്രതീക്ഷിച്ച മഴ കിട്ടാതിരുന്ന അവസരത്തിലും, തമിഴ് നാടിന് കാവേരി നദീജലം ഒരു നിശ്ചിത അളവ് കർണാടകം വിട്ടുകൊടുക്കണം എന്ന കേന്ദ്ര നിലപാടിനെതിരെ ആയിരുന്നു ഹർത്താൽ.  ആ കേന്ദ്രനിലപാട് കർണാടകസർക്കാർ തലകുലുക്കി സമ്മതിച്ചതിന്റെ പ്രതിക്ഷേധമായിരുന്നു ആറാം തീയതി ഹർത്താലായി അലയടിച്ചത്. തീരുമാനം മാറ്റിയില്ലെങ്കിൽ ഇതിലും ശക്തമായ സമരമാർങ്ങളിലേക്ക് നീങ്ങുമെന്ന് സമരാനുകൂലികൾ മുന്നറിയിപ്പു നൽകി. അവരുടെ സമരം വിജയിച്ചു എന്ന് ഇപ്പോൾ പറയാം. കർണാടക ഒരു തുള്ളി വെള്ളം പോലും കണക്കിലധികമായി വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഇന്നു തീരുമാനിച്ചിരിക്കുന്നു.

ആഴ്ചകൾ തോറും ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഹർത്താലുകൾ നടത്തി ജനജീവിതം ദുസ്സഹമാക്കാനല്ലാതെ നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു ഹർത്താലെങ്കിലും അവയുടെ ലക്ഷ്യം നേടിയെടുത്തിട്ടുണ്ടോ? വെറുതേ ഒരു വഴിപാടെന്ന പോലെ ഹർത്താലുകൾ നടത്തി അവരുടെ ഉത്തരവാദിത്വത്തിൽ നിന്നും ഓടി ഒളിക്കുകയല്ലേ പ്രതിപക്ഷം ചെയ്യുന്നത്. അവർ കണ്ടു പഠിക്കട്ടെ കർണ്ണാടകത്തിന്റെ ഈ സമരമാർഗം!

ഇവിടെ ഹർത്താലിനായി അവർ തെരഞ്ഞെടുത്ത ദിവസം ശ്രദ്ധിക്കുക. ശനിയാഴ്ച! ഹർത്താൽ വളരെ മുമ്പേ തന്നെ പ്രഖ്യാപിച്ച് എല്ലാവരേയും അറിയിച്ച ശേഷമായിരുന്നു നടത്തിയത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊക്കെ ശനിയാഴ്ച അവധി ദിവസമാണ്. കോടികൾ മറിയുന്ന ഐടി കമ്പനികൾ ഒക്കെ അന്ന് അവധിയിലാണ്. ഹർത്താലിന്റെ തീഷ്ണത ജനങ്ങളിലേക്ക് എത്തിക്കാതെ പരമാവധി ശ്രദ്ധിച്ചാണ് ഇവിടെ ഹർത്താൽ നടത്തിയത്. കേരളത്തിലെ ഹർത്താലുകൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ ജനജീവിതം ദുഃസഹമാക്കണം എന്ന ലക്ഷ്യം. അതു ഭംഗിയായി നിറവേറ്റാൻ ഭരണ-പ്രതിപക്ഷങ്ങൾക്ക് ആവുന്നുമുണ്ട്.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights